sections
MORE

നാടന്‍ കോഴികള്‍ക്ക് വാക്സിന്‍ നല്‍കണോ? കോഴികളിലെ വേനല്‍രോഗങ്ങളെ അറിയാം

HIGHLIGHTS
  • കോഴികളില്‍ വേനല്‍ രോഗങ്ങള്‍ തടയാന്‍ എന്തു ചെയ്യണം?
  • ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ ചികിത്സ ഉറപ്പുവരുത്തണം
poultry-1
SHARE

വേനല്‍ക്കാലത്ത് കോഴികളെ ബാധിക്കുന്ന സാംക്രമികരോഗങ്ങളില്‍ മുഖ്യമാണ് കോഴിവസന്ത/റാണിക്കെറ്റ് രോഗം. ഏവിയന്‍ പാരമിക്സോ വൈറസുകളാണ് രോഗകാരണം.  ദേശാടനപക്ഷികളും, കാട്ടുപക്ഷികളും പുറംനാടുകളില്‍നിന്ന്  കൊണ്ട് വരുന്ന പ്രാവ്, തത്ത അടക്കമുള്ള ഓമനപക്ഷികളുമെല്ലാം വൈറസിന്‍റെ വാഹകരാകാന്‍  സാധ്യതയേറെയാണ്. രോഗവാഹകരും, രോഗബാധിതരുമായ പക്ഷികള്‍ അവയുടെ ഉച്ഛ്വാസവായുവിലൂടെയും, ശരീരസ്രവങ്ങളിലൂടെയും, കാഷ്ഠത്തിലൂടെയും വൈറസിനെ പുറന്തള്ളും. ഇവയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും അവയുടെ കാഷ്ഠം കലര്‍ന്ന് രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, തീറ്റപ്പാത്രം പോലുള്ള ഫാം ഉപകരണങ്ങള്‍, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം വഴി പരോക്ഷമായും വസന്ത രോഗം അതിവേഗത്തില്‍ പടര്‍ന്നുപിടിക്കും. വായുവിലൂടെയും വൈറസ് വ്യാപനം നടക്കും.

വൈറസ് ബാധയേറ്റ് രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ശ്വസനവ്യൂഹത്തെയും ദഹനേന്ദ്രിയവ്യൂഹത്തെയും നാഡികളെയുമെല്ലാം വൈറസ് ആക്രമിക്കും. ചെറിയ പ്രായത്തിലുള്ള കോഴികളിലാണ് രോഗം കൂടുതല്‍ മാരകം. കൂടിന്‍റെ ഒരു മൂലയില്‍ തലതാഴ്ത്തി തൂങ്ങി നില്‍ക്കല്‍, ധാരാളം  വെള്ളം കുടിക്കുമെങ്കിലും തീറ്റയെടുക്കാതിരിക്കല്‍, ശ്വാസമെടുക്കാനുള്ള പ്രയാസം, കൊക്കുകള്‍ പാതി തുറന്നുപിടിച്ചുള്ള ശ്വാസോച്ഛ്വാസം, ദുര്‍ഗന്ധത്തോടുകൂടിയ പച്ചയും വെള്ളയും കലര്‍ന്ന വയറിളക്കം, കഴുത്ത് പിരിച്ചില്‍, ചിറകുകളുടെയും കാലുകളുടെയും  തളര്‍ച്ച, കൊക്കിനും കണ്ണിനും ചുറ്റും വീക്കം തുടങ്ങിയവയാണ്  കോഴിവസന്ത രോഗത്തിന്‍റെ ലക്ഷണങ്ങള്‍. മുട്ടയിടുന്ന കോഴികളില്‍ മുട്ടയുല്‍പ്പാദനം നിലയ്ക്കാനും മുട്ടയുടെ ആകൃതി, പുറന്തോടിന്‍റെ നിറം, കട്ടി എന്നിവ വ്യത്യാസപ്പെടാനും മുട്ടയുടെ മഞ്ഞക്കുരു കലങ്ങിയിരിക്കാനും രോഗം കാരണമാവും. 

കോഴിവസന്തയ്ക്ക് കാരണമാകുന്ന പാരമിക്സോ വൈറസുകളില്‍ തീവ്രത കുറഞ്ഞ തോതില്‍ മാത്രം രോഗമുണ്ടാകുന്നതും അതിതീവ്രമായി  രോഗമുണ്ടാക്കാന്‍ ശേഷിയുള്ളതുമായ വിവിധ തരം വൈറസുകളുണ്ട്. വൈറസുകളുടെ തീവ്രതയനുസരിച്ച് രോഗലക്ഷണങ്ങളും മരണനിരക്കും പകര്‍ച്ചയുമെല്ലാം വ്യത്യാസപ്പെടും. അതിതീവ്രവൈറസുകളാണെങ്കില്‍ രോഗബാധയേറ്റ് 2-3 ദിവസത്തിനകം കോഴികള്‍ മരണപ്പെടും. ചൂടും ഈര്‍പ്പവും ഉള്ള സാഹചര്യങ്ങളില്‍ ദീര്‍ഘനാള്‍ നശിക്കാതെ നിലനില്‍ക്കാനുള്ള കഴിവും വൈറസിനുണ്ട്.

ഓര്‍ണിത്തോസിസും കോഴികളിലെ വസൂരിയും

വേനല്‍ കാലത്ത് കണ്ടുവരുന്ന മറ്റൊരു പ്രധാന വൈറസ് രോഗമാണ് കോഴികളിലെ വസൂരി രോഗം. ഒരുതരം കൊഴുത്ത ദ്രാവകം നിറഞ്ഞു കൊക്കിനു മുകളിലും കണ്ണിനു ചുറ്റും, കാലുകളിലും കാണപ്പെടുന്ന കുമിളകള്‍ പിന്നീട് പൊട്ടി അരിമ്പാറപോലെ ഉറച്ചതായി തീരുന്നതാണ് വസൂരി രോഗം. തൊലിപ്പുറത്തു കാണപ്പെടുന്ന വസൂരി രോഗം  അത്ര മാരകമല്ലെങ്കിലും, ശരീരത്തിന്‍റെ ഉള്ളില്‍ പിടിപെടുന്ന വസൂരിയുടെ രൂപമായ, ഡിഫ്ത്തീരിറ്റിക് ഫോം അതീവ ഗുരുതരമാണ്. രൂക്ഷഗന്ധത്തോടു കൂടിയ വായിലും ദഹനവ്യൂഹത്തിലും രൂപപ്പെടുന്ന കുമിളകള്‍ കാരണം ഭക്ഷണം എടുക്കാന്‍ കഴിയാതെ പെട്ടെന്നുള്ള മരണം സംഭവിക്കുന്നു. 

പച്ച കലര്‍ന്ന വയറിളക്കം, കണ്ണുകളില്‍നിന്നും, മൂക്കില്‍നിന്നും നീരൊലിപ്പ്, പോളവീക്കം ( കണ്‍ജങ്റ്റിവൈറ്റീസ്), ആയാസപ്പെട്ടുള്ള  ശ്വസനം എന്നിവയാണ്  ബാക്ടീരിയകള്‍  കാരണമായുണ്ടാവുന്ന ഓര്‍ണിത്തോസിസ് അഥവാ കണ്ണുചീയല്‍ രോഗത്തിന്‍റെ ലക്ഷണങ്ങള്‍. ഗുരുതരമായ രോഗം ബാധിച്ച പക്ഷികളുടെ കണ്ണ് പഴുത്ത് ചീയുന്നതായും കാണാം. പക്ഷികള്‍ തമ്മിലുള്ള സമ്പര്‍ക്കത്തിലൂടെയും, വായുവിലൂടെയും രോഗം പകരും. 

പ്രധാനമായും 3-6 ആഴ്ച പ്രായമുള്ള കോഴികളെ ബാധിക്കുന്ന സാംക്രമിക വൈറസ് രോഗമാണ് ഗുംബാറോ  അഥവാ ഇന്‍ഫക്ഷ്യസ് ബര്‍സല്‍ രോഗം (ഐബിഡി രോഗം). പ്രധാനമായും ബ്രോയ്‌ലര്‍ കോഴിക്കുഞ്ഞുങ്ങളെയാണ് ഈ രോഗം ബാധിക്കുന്നത്. പക്ഷികള്‍ക്ക് പ്രതിരോധശേഷി നല്‍കുന്ന അവയവങ്ങളെയും, കോശങ്ങളെയും  നശിപ്പിക്കുന്ന ഈ രോഗബാധയേറ്റാല്‍ മറ്റു പാര്‍ശ്വാണുബാധകള്‍ക്കും സാധ്യതയേറെയാണ്. ഗുംബാറോ രോഗം പിടിപെട്ടാല്‍  പക്ഷികളിലെ  മരണ നിരക്ക് 70% വരെയാകും.

രോഗബാധ കണ്ടെത്തിയാല്‍

കോഴിവസന്ത, ഐബിഡി രോഗം, കോഴിവസൂരിയടക്കമുള്ള രോഗങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ ചികിത്സ ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം പടര്‍ന്നുപിടിക്കാന്‍ ഇടയുണ്ട്. രോഗലക്ഷണങ്ങള്‍ കാണിക്കുന്ന കോഴികളെ കൂട്ടത്തില്‍നിന്ന് മാറ്റി പരിചരിക്കണം.  വൈറസ് രോഗങ്ങള്‍ക്കെതിരെ ഫലപ്രദമായ മരുന്നുകള്‍ ഒന്നും തന്നെയില്ല.  ആന്‍റിബയോട്ടിക്ക്  മരുന്നുകള്‍, പക്ഷികളുടെ സ്വാഭാവിക പ്രതിരോധശക്തി  വർധിപ്പിക്കാന്‍ ലിവര്‍ ടോണിക്കുകള്‍, മള്‍ട്ടി വൈറ്റമിന്‍ മരുന്നുകള്‍, മിത്രാണുമിശ്രിതങ്ങളായ പ്രോബയോട്ടിക്കുകള്‍ എന്നിവയും നല്‍കാം. രോഗം കണ്ടെത്തിയ കോഴികളെ പാര്‍പ്പിച്ച കൂട് വീര്യം കൂടിയ അണുനാശിനികള്‍ (ലൈസോള്‍ (1:5000), കോസ്റ്റിക്  സോഡ (2%), പൊട്ടാസ്യം പെര്‍മാംഗനേറ്റ് (1:1000) ) ഉപയോഗിച്ച് കഴുകി വെയിലേല്‍പ്പിക്കണം.

poultry

കോഴികളില്‍ വേനല്‍ രോഗങ്ങള്‍ തടയാന്‍ 

ഗുംബാറോ  രോഗം, വസൂരി രോഗം, കോഴിവസന്തയടക്കമുള്ള  രോഗങ്ങള്‍ക്ക് ഫലപ്രദമായ  പ്രതിരോധകുത്തിവയ്പ്പുകള്‍ ലഭ്യമായതിനാല്‍ കുത്തിവയ്പ്പുകള്‍ മുന്‍കൂട്ടി എടുത്ത് പക്ഷികളെ സുരക്ഷിതമാക്കാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. വിരിഞ്ഞിറങ്ങുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് 4-7 ദിവസം പ്രായമെത്തുമ്പോള്‍ കോഴിവസന്തക്കെതിരായ  എഫ്/ ലസോട്ട വാക്സിന്‍  ഒരു തുള്ളി കണ്ണിലോ മൂക്കിലോ നല്‍കണം. തുടര്‍ന്ന് 21 ദിവസം പ്രായമെത്തുമ്പോള്‍ കേഴിവസന്തയ്ക്കെതിരായ  ബൂസ്റ്റര്‍ വാക്സിന്‍ നല്‍കണം. വാക്സിന്‍ നല്‍കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് കൂട്ടിലെ വെള്ളപ്പാത്രങ്ങള്‍ മാറ്റണം.  ശേഷം അണുനാശിനികളൊന്നും കലരാത്ത കുടിവെള്ളത്തില്‍ വാക്സിന്‍ കലക്കി കൂട്ടില്‍ ഒരുക്കാം. വാക്സിന്‍ കലക്കിയ കുടിവെള്ളത്തില്‍ ഒരു ലിറ്ററിന് 5 ഗ്രാം എന്ന കണക്കില്‍ പാല്‍പ്പൊടി ചേര്‍ക്കുന്നതും ഐസ് കഷ്ണങ്ങള്‍ പൊടിച്ചിടുന്നതും കോഴിവസന്ത വാക്സിന്‍റെ ഫലപ്രാപ്തി കൂട്ടും. രണ്ട് മണിക്കൂറിനുള്ളില്‍ കോഴികള്‍ കുടിച്ച് തീര്‍ക്കുന്ന അളവ് മാത്രം വെള്ളത്തില്‍ വേണം വാക്സിന്‍  കലക്കി കൂട്ടില്‍ ഒരുക്കേണ്ടത്.

മുട്ടക്കോഴികള്‍ക്ക് 56 ദിവസം/8 ആഴ്ച, 16-18 ആഴ്ചപ്രായമെത്തുമ്പോള്‍  കോഴിവസന്ത തടയാനുള്ള പ്രതിരോധകുത്തിവയ്പ് നല്‍കണം. ഇതിന് ആര്‍ഡിവികെ/ ആര്‍. 2. ബി.  എന്ന വാക്സിന്‍ ഉപയോഗിക്കാം. നോര്‍മല്‍ സലൈന്‍ ചേര്‍ത്ത് നേര്‍പ്പിച്ച വാക്സിന്‍ ഓരോ കോഴിക്കും അര മില്ലിലീറ്റര്‍ വീതം സിറിഞ്ച് ഉപയോഗിച്ച് ചിറകിലെ തൊലിക്കടിയില്‍ കുത്തിവച്ചാല്‍ മതി.  രോഗപ്പകര്‍ച്ച കൂടുതലുള്ള സ്ഥലങ്ങളില്‍ ഓരോ ആറ് മാസം കൂടുമ്പോള്‍കുത്തിവയ്പ് ആവര്‍ത്തിക്കാവുന്നതാണ്. ഇതുവരെ പ്രതിരോധ കുത്തിവയ്പ്പെടുക്കാത്ത കോഴികള്‍ക്ക് ഇപ്പോള്‍ വസന്തയ്ക്കെതിരെ  കുത്തിവയ്പ് എടുക്കാം. 

ഐബിഡി രോഗം തടയാന്‍  14 ദിവസം, 28 ദിവസം പ്രായമെത്തുമ്പോള്‍ ഐബിഡിക്കെതിരായ  വാക്സിന്‍ നല്‍കണം. ഐബിഡി വാക്സിനുകള്‍ ക്ലോറിന്‍ അടക്കമുള്ള  അണുനാശിനികള്‍ കലരാത്ത കുടിവെള്ളത്തില്‍ കലര്‍ത്തി നല്‍കാം. പ്രതിരോധമരുന്ന് നല്‍കിയതിനുശേഷം ശരീരസമ്മര്‍ദ്ദം ഉണ്ടാവാനിടയുള്ളതിനാല്‍ കോഴികള്‍ക്ക് ഒരാഴ്ച ധാതുലവണ ജീവക മിശ്രിതങ്ങള്‍ കുടിവെള്ളത്തില്‍ നല്‍കണം. 

വൈറസിനറിയുമോ നാടന്‍ കോഴിയെ?

നാടന്‍ കോഴികള്‍ക്ക് ഈ പ്രതിരോധകുത്തിവയ്പ്പുകള്‍ ഒന്നും ആവശ്യമില്ലെന്ന് കരുതുന്ന കര്‍ഷകര്‍ ചിലരെങ്കിലുമുണ്ട്. സങ്കരയിനം കോഴികളെ അപേക്ഷിച്ച് നാടന്‍ കോഴികള്‍ക്ക് പൊതുവെ രോഗപ്രതിരോധശേഷി അൽപം കൂടുതലുണ്ടെന്നത് വസ്തുതയാണ്. എങ്കിലും അതിതീവ്ര കോഴിവസന്ത  വൈറസുകളെ തടയാന്‍ ഈ സ്വാഭാവികപ്രതിരോധശേഷിക്ക് കഴിയണമെന്നില്ല. നാടനെന്നോ, സങ്കരയിനമെന്നോ പരിഗണിക്കാതെ വൈറസുകള്‍ കോഴികളെയെല്ലാം  ബാധിക്കും. ചികിത്സിക്കും മുന്‍പേ കൂട്ടമായി ചത്തൊടുങ്ങുകയും ചെയ്യും. അതുകൊണ്ടുതന്നെ നാടന്‍ കോഴികള്‍, ഫാന്‍സി/അലങ്കാര കോഴികള്‍, വിനോദത്തിനായി വളര്‍ത്തുന്ന അസീല്‍ അടക്കമുള്ള പോരുകോഴികള്‍ ഉള്‍പ്പെടെ കോഴികള്‍ക്കെല്ലാം വസന്ത രോഗത്തിനെതിരായ  പ്രതിരോധകുത്തിവയ്പ് കൃത്യമായി നല്‍കുന്നതില്‍ ഒട്ടും ഉപേക്ഷ അരുത്. 

വാക്സിന്‍ നല്‍കുമ്പോള്‍

8-10 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് വാക്സിന്‍  സൂക്ഷിക്കാന്‍ ഉചിതമായ താപനില.  വാക്സിനുകള്‍  വാങ്ങുമ്പോഴും, സൂക്ഷിക്കുമ്പോഴും വാക്സിന്‍റെ ഈ ശീതശൃംഖല മുറിയാതെ കരുതേണ്ടത് ഫലപ്രാപ്തിക്ക് പ്രധാനമാണ്. കുത്തിവയ്ക്കുന്നതിനായി വാക്സിന്‍ മരുന്നുകള്‍ തുറന്നു കഴിഞ്ഞാല്‍ പരമാവധി വേഗത്തില്‍  കുത്തിവയ്പ് നടപടികള്‍ പൂര്‍ത്തിയാക്കണം. ആരോഗ്യമുള്ള കോഴികള്‍ക്ക് മാത്രമേ വാക്സിന്‍ നല്‍കാന്‍ പാടുള്ളൂ. മുട്ടക്കോഴികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതിന് ഒരാഴ്ച മുന്‍പ് കോഴികളെ വിരയിളക്കാന്‍ മറക്കരുത്. ഇത് പ്രതിരോധകുത്തിവയ്പ്പിന്‍റെ  ഫലപ്രാപ്തി കൂട്ടും. വേനലില്‍  വാക്സിന്‍ നല്‍കുന്നത് അതിരാവിലെയോ വൈകുന്നേരമോ ആയി ക്രമീകരിക്കണം. ഫാമിലെ കോഴികളില്‍ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ ഫാമിലെ  മറ്റ് കോഴികള്‍ക്ക് തല്‍ക്കാലം വാക്സിന്‍ നല്‍കരുത്.  രോഗാണുസംക്രമണ സമയത്ത്  വാക്സിന്‍ നല്‍കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. 

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA