ADVERTISEMENT

മഹാരാഷ്ട്രയിലെ മറാത്തവാഡ, വിദര്‍ഭ മേഖലകള്‍ തുടര്‍ച്ചയായി നടന്ന കര്‍ഷ ആത്മഹത്യകളാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച പ്രദേശങ്ങളാണ്. പട്ടിണിയും തീരാദുരിതങ്ങളുമായും മല്ലിട്ട്  നിത്യജീവിതം നയിക്കുന്ന ഈ മേഖലയിലെ കര്‍ഷകരുടെ ജീവരക്ഷകര്‍ എന്ന വിശേഷണത്താല്‍ അറിയപ്പെടുന്ന ഒരു വളര്‍ത്തുമൃഗമുണ്ട്, അതാണ് ഒസ്മാനാബാദി ആടുകള്‍. വരള്‍ച്ച ബാധിച്ച്  കൃഷിയിടങ്ങളിലെ വിളവെല്ലാം നശിച്ച്  ഒടുവില്‍  ജീവിക്കാന്‍ മറ്റൊരു വഴിയുമില്ലാതെ  ആത്മഹത്യയില്‍ അഭയം തേടാനൊരുങ്ങിയ  മറാത്തവാഡ, വിദര്‍ഭ മേഖലകളിലെ അനേകം കര്‍ഷകര്‍ക്കാണ് ഒസ്മാനാബാദി ആടുകള്‍  പുതിയൊരു ജീവിതമാർഗവും വരുമാനവുമൊരുക്കി നല്‍കിയത്. ചെറുകിട ആടുസംരംഭങ്ങള്‍ കര്‍ഷകര്‍ക്കിടയില്‍  വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കിയ പദ്ധതികളും ഫലം കണ്ടു. പുതിയൊരു ഉപജീവനമാര്‍ഗമൊരുക്കി നല്‍കി നിരവധി കര്‍ഷകരെ ആത്മഹത്യയില്‍നിന്ന്  പിന്തിരിപ്പിക്കാന്‍ ഒസ്മാനാബാദി ആടുകള്‍ക്ക് സാധിച്ചു എന്നതു കാരണമാണ് ക്ഷാമകാലത്തെ ജീവരക്ഷകരെന്ന വിശേഷണം ഒസ്മാനാബാദിയെ തേടിയെത്തിയത്. 

ഒസ്മാനാബാദി ആടുകളില്‍നിന്നു കര്‍ഷകര്‍ക്ക് അല്‍പം കൂടി മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനായി ഈ ജനുസ് ആടുകള്‍ക്ക് ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ പദ്ധതി (ഭൗമ സൂചിക പദവി) നല്‍കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഈ ആവശ്യവുമായി ഒസ്മാനാബാദ്  ജില്ലാ ഭരണകൂടം ജിഐ രജിസ്ട്രേഷന്‍ ഓഫ് ഇന്ത്യയെ സമീപിച്ചതോടെയാണ് ഒസ്മാനാബാദി ആടുകള്‍ വീണ്ടും വാര്‍ത്തകളിലെ താരമായത്. 

അറിയാം ഒസ്മാനാബാദി ആടിന്‍റെ വിശേങ്ങള്‍ 

മറാത്തവാഡ മേഖലയിലെ ഒസ്മാനാബാദ് ജില്ലയിലെ തുല്‍ജാപുര്‍, ഒമര്‍ഗ, ലോഹാറ തുടങ്ങിയ വിവിധ താലൂക്കുകള്‍ ഉള്‍പ്പെടുന്ന ഭൂമേഖലയില്‍  ഉരുത്തിരിഞ്ഞ  മഹാരാഷ്ട്രയുടെ തനത് ആടുകളാണ് ഒസ്മാനാബാദി ആടുകള്‍. മഹാരാഷ്ട്രയിലെ ഉദ്ഗീര്‍, ലാത്തൂര്‍, അഹമ്മദ് നഗര്‍, സോലാപൂര്‍, പര്‍ബാണി തുടങ്ങിയ ജില്ലകളിലും മറാത്തവാഡ മേഖലയുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണ്ണാടകയിലെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലും ഒസ്മാനാബാദി ആടുകള്‍ എണ്ണത്തിലേറെ കാണപ്പെടുന്നുണ്ട്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്‍റെ തനത് ആട് ജനുസുകളുടെ പട്ടികയില്‍ ആദ്യ ഭാഗത്ത് തന്നെ ഇടംപിടിച്ചവരാണ് ഒസ്മാനാബാദി. ജന്മംകൊണ്ട് മഹാരാഷ്ട്രക്കാരിയാണെങ്കിലും ഇന്ന് കേരളമുള്‍പ്പെടെ ദക്ഷിണേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഒസ്മാനാബാദി ആടുകളെ വളര്‍ത്തി കര്‍ഷകര്‍ വരുമാനമുണ്ടാക്കുന്നുണ്ട്. 

കറുപ്പിന്‍റെ ഏഴഴകാണ് ഒസ്മാനാബാദിക്ക്. വെള്ള, തവിട്ട് നിറങ്ങളിലും, വെള്ള പുള്ളിയോടു കൂടിയുമെല്ലാം അപൂര്‍വമായി കാണപ്പെടാറുണ്ട്. കഴുത്തിലും നെറ്റിയിലും ചെവിയുമെല്ലാം കാണുന്ന ചെറിയ വെള്ളപ്പുള്ളികള്‍ ഒസ്മാനാബാദിയുടെ ഘനശ്യാമവര്‍ണ്ണത്തിനു മാറ്റ് കൂട്ടും. ആദ്യഭാഗം അൽപം നിവര്‍ന്ന് ബാക്കി ഏകദേശം  10-15 സെന്‍റീമീറ്ററോളം താഴേക്ക് തൂങ്ങിയ ചെവികളും, 20 സെന്‍റീമീറ്റര്‍ വരെ നീളത്തില്‍ പിന്നിലേക്ക് പിരിഞ്ഞ് വളര്‍ന്ന കൊമ്പുകളും, നല്ല നീളമുള്ള കൈകാലുകളും ശരീരവുമൊക്കെ കണ്ടാല്‍ ഒസ്മാനാബാദി ആടുകള്‍ നമ്മുടെ മലബാറി ആടുകളുടെ ഉറ്റ കടുംബക്കാരാണെന്ന് ‌സംശയിച്ചുപോകും. 

മലബാറി ആടുകളെ പോലെ തന്നെ പാല്‍, മാംസം, കുഞ്ഞുങ്ങള്‍ തുടങ്ങി ഏതാവശ്യങ്ങള്‍ക്കും ഇണങ്ങുന്നവരാണ് ഒസ്മാനാബാദി ആടുകള്‍.  എങ്കിലും  മാംസോല്‍പാദനത്തിന്‍റെ കാര്യത്തിലാണ് ഏറെ പ്രശസ്തി. നല്ല വളര്‍ച്ചാ നിരക്കും, തുടയിലെയും മറ്റും കൂടിയ മാംസത്തിന്‍റെ തോതുമെല്ലാം ഒസ്മാനാബാദിയെ മികച്ച ഒരു ഇറച്ചി ജനുസാക്കി മാറ്റുന്നു. മറ്റിനം ആടുകളുടെ ഇറച്ചിയുമായി  താരതമ്യപ്പെടുത്തിയാല്‍ സ്വാദിലും, മേന്മയിലും ഒസ്മാനാബാദിയുടെ മാംസം ഒരുപടി മുന്നിലാണെന്നാണ് മാംസാഹാരപ്രിയരുടെ പക്ഷം. ഇന്ത്യയിലെ ആടുകള്‍ക്കിടയില്‍ ഏറ്റവും മൃദുവായ മാംസം ലഭിക്കുന്നത് ഒസ്മാനാബാദിയില്‍നിന്നാണെന്നും ഒരു വാദമുണ്ട്. എന്തിനേറെ, ഒസ്മാനാബാദിയുടെ കറുകറുത്ത തോലിന് പോലും ഉയര്‍ന്ന വിപണിമൂല്യമുണ്ട്. 

osmanabadi-goat-1
ഒസ്മാനാബാദി ആടുകൾ

മാംസോല്‍പ്പാദനത്തില്‍ മാത്രമല്ല ഒസ്മാനാബാദിയുടെ മികവ്, പ്രത്യുല്‍പാദനക്ഷമതയിലും തീറ്റപരിവര്‍ത്തനശേഷിയിലും വളര്‍ച്ചനിരക്കിലും രോഗപ്രതിരോധശേഷിയിലുമെല്ലാം ഈയിനം ആടുകള്‍ മുന്‍നിരയില്‍  തന്നെയുണ്ട്. ഒസ്മാനാബാദി ആടുകളെ 7-8 മാസം പ്രായമെത്തുമ്പോള്‍ ഇണചേര്‍ത്ത് തുടങ്ങാം. ഒറ്റ പ്രസവത്തില്‍ തന്നെ  രണ്ടും മൂന്നും കുഞ്ഞുങ്ങള്‍ സാധാരണം. ഓരോ കുഞ്ഞുങ്ങള്‍ക്കും ശരാശരി 1.8-2.5 കിലോഗ്രാം വരെ ജന്മഭാരമുണ്ടാകും.  രണ്ട് പ്രസവങ്ങള്‍ തമ്മിലുള്ള  ഇടവേള പരമാവധി ഏഴ് മാസം വരെ മാത്രം. പ്രതിദിനം പരമാവധി 1.5-2.5 ലീറ്റര്‍ വരെയാണ് പാലുല്‍പാദനം. പ്രസവം കഴിഞ്ഞ് 4 മാസം വരെ കറവ നടത്താം. ഒരു കറവകാലത്തെ  ആകെ പാലുല്‍പാദനം 150-160 ലീറ്റര്‍ വരെയാണ്. ഉയര്‍ന്ന  ചൂടിലും കൂടിയ തണുപ്പിലും ആര്‍ദ്രതയുലുമെല്ലാം  തളരാതെ പിടിച്ച് നില്‍ക്കാനുള്ള കാലാവസ്ഥ അതിജീവനശേഷിയും ഒസ്മാനാബാദിയ്ക്കുണ്ട്. ഏത് നാട്ടിലും വളര്‍ത്താന്‍ അനുയോജ്യമായ ഇനമാക്കി ഒസ്മാനാബാദിയെ മാറ്റുന്നതും ഈ ഗുണം തന്നെ. 

പ്രത്യേക ആഹാരശീലങ്ങളൊന്നും ഒസ്മാനാബാദിക്കില്ല. പുല്ലും, വൈക്കോലും, ഉണങ്ങിയ ഇലകളും തുടങ്ങിയെല്ലാം ആഹാരമാക്കും.  വെള്ളവും പൊതുവെ കുറച്ചു മതി. അതുകൊണ്ട് പരിപാലനച്ചെലവും കുറവ്. മുതിര്‍ന്ന പെണ്ണാടുകള്‍ക്ക് 32-35 കിലോഗ്രാമും മുട്ടനാടുകള്‍ക്ക് 50-60 കിലോഗ്രാം വരെയും ശരീരതൂക്കമുണ്ടാവും. ചുരുങ്ങിയ പരിപാലനച്ചെലവില്‍, ചെറിയ സമയത്തിനുള്ളില്‍ ലാഭം നേടിത്തരുന്നതിനാല്‍ കര്‍ഷകര്‍ക്ക് ഏറ്റവും അനുയോജ്യമായ ഇനം എന്ന വിശേഷണം ഒസ്മാനാബാദിക്കുണ്ട്. 

ജിഐ പദവി നേടിയാല്‍ എന്താണ് നേട്ടം?

ഒരു പ്രദേശത്ത്  പരമ്പരാഗതമായി  ഉരുത്തിരിഞ്ഞതും ഉല്‍പാദിക്കുന്നതും ഗുണവും മേന്മയുമെല്ലാം ആ നാടിന്‍റെ  പൈതൃകത്തോട് കൂടി മാത്രം ചേര്‍ന്ന് നില്‍ക്കുന്നതുമായ ഉൽപന്നങ്ങള്‍ക്കാണ് ഭൗമ സൂചിക പട്ടം/ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍  ലഭിക്കുക. ജിഐ പദവി ലഭിക്കുന്നതോടെ പ്രസ്തുത ഉൽപന്നത്തിന്‍റെ വിപണനത്തിനും ഉൽപാദനത്തിനുമെല്ലാം ആ നാടിനും ജനതയ്ക്കുമുള്ള അവകാശം നിയമപരമായി അംഗീകരിക്കപ്പെടും. ജിഐ പദവി നേടുക വഴി ഒരു പ്രത്യേക ബ്രാന്‍ഡായി അംഗീകരിക്കപ്പെടുന്നതോടെ ഉൽപന്നത്തിന്‍റെ വിപണിമൂല്യവും കയറ്റുമതി സാധ്യതയും ഉയരുമെന്ന് മാത്രമല്ല ആ നാടിന്‍റെ സാമ്പത്തിക കുതിപ്പിന് പ്രസ്തുത ഉൽപന്നം തുണയാകുകയും ചെയ്യും. 

ഇന്ത്യയില്‍ ഭൗമ സൂചിക പട്ടം (ജിഐ -ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ്) നേടിയ ആദ്യ ജീവിയിനം കരിങ്കോഴി/കടക്നാഥ് കോഴികളാണ്. ഇതുവരെ  ജിഐ നേടിയിട്ടുള്ളവയുടെ പട്ടികയില്‍ ഇടംപിടിച്ച ഏക ജീവിയിനവും കരിങ്കോഴികള്‍ തന്നെ.  ഒസ്മാനാബാദിക്ക്  ജിഐ പദവി ലഭിക്കുകയാണെങ്കില്‍ ഈ അംഗീകാരം നേടുന്ന രണ്ടാമത്തെ ജീവിയിനമായി ഒസ്മാനാബാദി ആടുകള്‍ മാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com