ADVERTISEMENT

പക്ഷിപ്പനി ഭീതി പടര്‍ന്നതോടെ കോഴിയിറച്ചിയുടേയും, മുട്ടയുടേയും വിലയും വിപണിയും ഇടിഞ്ഞെന്നാണ് കോഴിവിപണിയില്‍ നിന്നുമെത്തുന്ന വാര്‍ത്ത. എന്നാല്‍, മതിയായി വേവിച്ച മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതിയൊന്നും വേണ്ട എന്നതാണ് വസ്തുത. കാരണം 70 ഡിഗ്രി സെല്‍ഷ്യസിലോ അതിന് മുകളിലോ ചൂടാക്കുമ്പോള്‍ നിമിഷനേരത്തിനുള്ളില്‍ വൈറസുകള്‍ നശിക്കും. എന്നാല്‍, പച്ചമുട്ടയും, പാതിവെന്ത ഇറച്ചിയും, മുട്ടയും ആഹാരമാക്കുന്നത് ഒഴിവാക്കണം. രോഗബാധയേറ്റ പക്ഷികളെ കൈകാര്യം ചെയ്യുന്നതിലൂടെയും അവയെ അറവ് നടത്തുന്നതിലൂടെയുമാണ് രോഗം മനുഷ്യരിലേക്ക് പടരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് രോഗബാധിതമേഖലകളില്‍ എല്ലാത്തരത്തിലുള്ള പക്ഷിവ്യാപാരവും പക്ഷി മുട്ട-മാംസ വിപണനവും താല്‍ക്കാലികമായി സര്‍ക്കാര്‍ നിരോധിച്ചത്. 

കാക്ക, പരുന്ത്, മൈന, കൊറ്റി തുടങ്ങിയ പ്രകൃതിയില്‍ പറന്നു നടക്കുന്ന പക്ഷികളെ കൊല്ലാതെ രോഗനിയന്ത്രണം പൂര്‍ണമാകുമോ?

മൈന, കാക്ക പരുന്ത്, തുടങ്ങിയ ചുറ്റുവട്ടങ്ങളില്‍ പറന്നുനടക്കുന്ന നാട്ടുപക്ഷികളെയും കാട്ടുപക്ഷികളെയും ദേശാടനപക്ഷികളുടെയുമെല്ലാം പിടികൂടി സുരക്ഷിതമായി കൊന്നൊടുക്കുക എന്നത് പ്രായോഗികമല്ല. പക്ഷേ, ഈ പക്ഷികള്‍ രോഗവാഹകരും രോഗബാധിതരും ആവാന്‍ ഉള്ള സാധ്യതയും ഉണ്ട്. ഈ സാഹചര്യത്തില്‍ രോഗമേഖലയിലെ വളര്‍ത്തുപക്ഷികള്‍ക്ക് പറന്നുനടക്കുന്ന ഈ പക്ഷികളുമായി സമ്പര്‍ക്കമുണ്ടാവാതെ ശ്രദ്ധിക്കുക എന്നത് മാത്രമാണ് സാധ്യമായ പ്രതിരോധമാര്‍ഗം. ഇതിന് ഫലപ്രദമായ ജൈവസുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണം. 

രോഗം കണ്ടെത്തിയതിന് പത്തുകിലോമീറ്റര്‍ ദൂരപരിധിയിലുള്ള പ്രദേശങ്ങളില്‍ കോഴികളെയും, താറാവുകളെയും മറ്റ് വളര്‍ത്തുപക്ഷികളെയും അഴിച്ചുവിട്ട് വളര്‍ത്തുന്നത് തല്‍ക്കാലം ഒഴിവാക്കണം. ദേശാടനകിളികളെയും മറ്റും ആകര്‍ഷിക്കുന്ന തരത്തില്‍ തീറ്റയവശിഷ്ടങ്ങളും, മാലിന്യങ്ങളും ഫാമിന്‍റെ പരിധിയില്‍ നിക്ഷേപിക്കരുത്. ജലപക്ഷികളും, ദേശാടനപക്ഷികളും വന്നിറങ്ങാത്ത രീതിയില്‍ ജലസംഭരണികളും ടാങ്കുകളും നെറ്റ് ഉപയോഗിച്ച് സുരക്ഷിതമായി അടച്ച് സൂക്ഷിക്കണം. ഫാമിലേക്ക് പുതിയ പക്ഷികളെ  കൊണ്ടുവരുമ്പോള്‍ മുഖ്യഷെഡിലെ പക്ഷികള്‍ക്കൊപ്പം ചേര്‍ക്കാതെ ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലും പ്രത്യേകം മാറ്റി പാര്‍പ്പിച്ച് ക്വാറന്‍റൈന്‍ നല്‍കേണ്ടത് ഏറെ പ്രധാനം. 

ഗ്ലൂറ്ററല്‍ഡിഹൈഡ് സംയുക്തങ്ങള്‍ അടങ്ങിയ കോര്‍സൊലിന്‍, ലൈസോള്‍, രണ്ടുശതമാനം വീര്യമുള്ള കോസ്റ്റിക് സോഡാ ലായിനി, പൊട്ടാസ്യം പെര്‍മാംഗനേറ്റ് എന്നിവയെല്ലാം ഫാമില്‍ ഉപയോഗിക്കാവുന്നതും ഇന്‍ഫ്ളുവന്‍സ വൈറസുകളെ നശിപ്പിക്കുന്നതുമായ മികച്ച അണുനാശിനികളാണ്. വീട്ടില്‍ ഉപയോഗിക്കുന്ന ബ്ലീച്ചിംഗ് പൗഡറും (ഹൗസ് ഹോള്‍ഡ് ബ്ലീച്ച്) പക്ഷിപ്പനി വൈറസുകളെ തടയാന്‍ ഉപയോഗിക്കാവുന്ന മികച്ച അണുനാശിനിയാണ്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 50 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ കലക്കി കൂടും പരിസരവും വൃത്തിയാക്കാം. 

രോഗവ്യാപനം നടത്തുന്നതില്‍  മുഖ്യപങ്കുവഹിക്കുന്ന ദേശാടനപക്ഷികളില്‍ ഈ വൈറസ് രോഗമുണ്ടാക്കില്ലേ?

ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളെ ശരീരത്തില്‍ വഹിച്ച് പറക്കുന്ന ദേശാടനപക്ഷികളും, കാട്ടുപക്ഷികളുമെല്ലാം ഏറെയുണ്ട്. വാഹകരായ പക്ഷികളുടെ ശ്വാസനാളത്തിലും അന്നനാളത്തിലുമാണ് വൈറസുകള്‍ വാസമുറപ്പിക്കുക. വൈറസിന്‍റെ വ്യാപനത്തിലും നിലനില്‍പ്പിനും പരിണാമത്തിലും എല്ലാം വലിയ പങ്കുവഹിക്കുന്ന വാഹകരായ ഈ പക്ഷികളില്‍ വൈറസുകള്‍ രോഗമുണ്ടാക്കില്ല. കാരണം ഈ വാഹകപക്ഷികള്‍  നിലനില്‍ക്കേണ്ടത് വൈറസിന്‍റെ നിലനില്‍പ്പിന് അനിവാര്യവുമാണല്ലോ. ഇക്കഴിഞ്ഞ ജനുവരിയില്‍ ഒഡീഷ ഭൂവനേശ്വറില്‍ പക്ഷിപ്പനിയെത്തിയത് ചില്‍ക്ക തടാകം തേടിയെത്തിയ ദേശാടനപക്ഷികള്‍ നിന്നായിരുന്നു. 2014, 2016 വര്‍ഷങ്ങളില്‍ ആലപ്പുഴയില്‍ പക്ഷിപ്പനി പടര്‍ന്നതും ദേശാടനക്കിളികളില്‍നിന്നു തന്നെ. എന്നാല്‍, ശരീര സമ്മര്‍ദ്ദമുണ്ടാകുന്ന സാഹചര്യങ്ങളില്‍ (ഉദാഹരണം വരള്‍ച്ച, തീറ്റ ദൗര്‍ലഭ്യം, മറ്റ് അപകടങ്ങള്‍) ഈ വാഹകപക്ഷികളിലും വൈറസ് രോഗമുണ്ടാകാന്‍ സാധ്യതയുണ്ട്. 

മനുഷ്യരില്‍ രോഗപ്പകര്‍ച്ചയ്ക്ക് സാധ്യത എത്രത്തോളമുണ്ട്?

സാധാരണഗതിയില്‍ പക്ഷികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന രീതിയില്‍ മാത്രം രോഗമുണ്ടാക്കുന്നവയാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളിലേറെയും. എന്നാല്‍, പക്ഷികളില്‍നിന്ന് മനുഷ്യരിലേക്ക് പകരാനും രോഗമുണ്ടാക്കാനുമുള്ള ശേഷിയും വൈറസുകള്‍ക്കുണ്ട്. രോഗബാധയേറ്റ പക്ഷികളുമായും രോഗാണുമലിനമായ സാഹചര്യങ്ങളുമായുമുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും, രോഗബാധയേറ്റ പക്ഷികളുടെ മാംസം, മുട്ട എന്നിവ മതിയായി വേവിക്കാതെ ആഹാരമാക്കുന്നതു വഴിയും രോഗബാധയേറ്റതോ, ചത്തതോ ആയ പക്ഷികളെ  മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ കൈകാര്യം ചെയ്യുന്നതു വഴിയുമെല്ലാം മനുഷ്യരില്‍ രോഗബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. 

H5N1, H7N9,  H7N7,  H9N2 തുടങ്ങിയ  ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളെല്ലാം മനുഷ്യരിലേക്ക് പകരാനും  രോഗമുണ്ടാക്കാനും ശേഷിയുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗബാധയേറ്റതോ ചത്തതോ ആയ പക്ഷികളുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കമുണ്ടായവര്‍, പക്ഷിക്കാഷ്ഠം വളമായി ഉപയോഗിക്കുന്ന കര്‍ഷകര്‍, രോഗബാധ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടവര്‍, രോഗബാധിത മേഖലകളില്‍ താമസിക്കുന്നവര്‍ എന്നിവരെല്ലാം പ്രത്യേകം ജാഗ്രത പുലര്‍ത്തണം. 

എന്നാല്‍, കൊറോണ വൈറസ് പോലെയോ, നിപ്പ പോലെയോ മനുഷ്യരിലേക്ക്  അതിവേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന ജന്തുജന്യരോഗങ്ങളില്‍ ഒന്നല്ല പക്ഷിപ്പനി എന്നത് മറ്റൊരു വസ്തുത. മനുഷ്യരിലേക്കുള്ള  രോഗവ്യാപനവും, മനുഷ്യനില്‍നിന്നും മനുഷ്യനിലേക്കുള്ള രോഗവ്യാപനവും അത്യപൂര്‍വമാണ്. മനുഷ്യരിലേക്കുള്ള പകര്‍ച്ച നിരക്കും വ്യാപന നിരക്കും തുലോം കുറവാണെങ്കിലും രോഗബാധയേറ്റവരില്‍ മരണനിരക്ക് അറുപതു ശതമാനം വരെയാണ്. മനുഷ്യരിലേക്ക് പകര്‍ന്നതായും അറുപത് ശതമാനം വരെ മരണസാധ്യതയുള്ളതായും മുമ്പ് സ്വീകരിച്ചിട്ടുള്ള H5N1 ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളെയാണ് കോഴിക്കോട് ഇപ്പോള്‍  കണ്ടെത്തിയത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. മാത്രമല്ല മനുഷ്യരില്‍  കടന്നുകൂടിയാല്‍ പക്ഷിപ്പനി വൈറസുകള്‍ക്ക് രോഗതീവ്രത ഉയരുന്ന രീതിയിലുള്ള ജനിതപരിവര്‍ത്തനങ്ങള്‍ നടക്കാനുള്ള സാധ്യതയുമുണ്ട്. 

മനുഷ്യരില്‍ രോഗലക്ഷണങ്ങള്‍ എന്തെല്ലാമാണ്? ചികിത്സയുണ്ടോ?

ചുമ, പനി, തലവേദന, ക്ഷീണം, തൊണ്ടവേദന, അടിവയറ്റില്‍ വേദന, കഠിനമായ പേശിവേദന, ഛര്‍ദി, വയറിളക്കം എന്നിവയാണ് മനുഷ്യരില്‍ കാരണം ഉണ്ടാവുന്ന പക്ഷിപ്പനിയുടെ പ്രാരംഭലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനു ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ ശ്വാസതടസമടക്കമുള്ള വൈറല്‍ ന്യൂമോണിയയുടെ ലക്ഷണങ്ങള്‍  രോഗി കാണിച്ചു തുടങ്ങും. പേശി വിറയല്‍ അടക്കമുള്ള നാഡിവ്യൂഹവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ക്കും  സാധ്യതയുണ്ട്. രോഗം ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയേണ്ടതും ചികിത്സ ആരംഭിക്കേണ്ടതും പ്രധാനമാണ്. വൈറസിനെതിരെ പ്രയോഗിക്കാവുന്ന  ഒസെല്‍റ്റാമിവിര്‍ (ടാമി ഫ്ളൂ) എന്ന മരുന്ന് രോഗനിയന്ത്രണത്തിന് ഫലപ്രദമാണ്. പക്ഷികളുമായും അവയുടെ അവശിഷ്ടങ്ങളുമായും സമ്പര്‍ക്കമുണ്ടായവരില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ രോഗപ്രതിരോധത്തിനായും ഈ മരുന്ന് പ്രയോജനപ്പെടുത്താം.

കൊന്നൊടുക്കിയ പക്ഷികള്‍ക്ക് എങ്ങനെ നഷ്ടപരിഹാരം ലഭിക്കും?

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പക്ഷികളെ നശിപ്പിക്കേണ്ടി വരുന്ന കര്‍ഷകര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്ന്  മൃസംരക്ഷണവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം. 2014, 2016 പക്ഷിപ്പനിയെത്തുടര്‍ന്ന് ആലപ്പുഴയിലും സമീപ ജില്ലകളിലും പക്ഷികളെ കൊന്നൊടുക്കിയപ്പോള്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com