sections
MORE

പക്ഷിപ്പനി: രോഗമേഖലയില്‍ വളര്‍ത്തുപക്ഷികളെയെല്ലാം കൊന്നൊടുക്കുന്നതിന്‍റെ കാരണം ഇതാണ്

HIGHLIGHTS
  • വിലകൂടിയ അലങ്കാരപ്പക്ഷികളെയെല്ലാം കൊല്ലാനായി വിട്ടുകൊടുക്കാന്‍ പലരും മടിക്കുന്നു
  • പക്ഷികളില്‍നിന്ന് മനുഷ്യരിലേക്കും പകരാം
avian-flu-1
SHARE

പക്ഷിപ്പനി തടയുന്നതിനായുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ രോഗം കണ്ടെത്തിയ രണ്ടു പ്രദേശങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ദൂരപരിധിയിലുള്ള വളര്‍ത്തുപക്ഷികളെയെല്ലാം കൊന്ന് സുരക്ഷിതമായി സംസ്കരിക്കുന്ന  പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ മുഖ്യമായും നടക്കുന്നത്. മാത്രമല്ല അവയുടെ മുട്ട, തീറ്റ എന്നിവയും തൂവല്‍, ലിറ്റര്‍ തുടങ്ങിയ ജൈവാവശിഷ്ടങ്ങളും ഇതേ രീതിയില്‍ സംസ്കരിക്കും. ഒപ്പം രോഗബാധ കണ്ടെത്തിയതിന് പത്തു കിലോമീറ്റര്‍ പരിധിയില്‍ പ്രത്യേക ജാഗ്രതയും പുലര്‍ത്തുന്നുണ്ട്. ഈ മേഖലയില്‍നിന്നു തുടര്‍ച്ചയായി 2 ആഴ്ചത്തെ ഇടവേളകളില്‍ സാമ്പിളുകള്‍ ശേഖരിച്ചുള്ള പരിശോധനകള്‍ രണ്ടാംഘട്ട പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കും. 

ജനങ്ങളുടെ ഭാഗത്തുനിന്നുള്ള  നിസ്സഹകരണവും പക്ഷികളെ ഒളിപ്പിക്കാനും ചുരുങ്ങിയ വിലയില്‍ വിറ്റൊഴിവാക്കാനും കണ്ണുവെട്ടിച്ച് മറ്റിടങ്ങളിലേക്ക് കടത്താനുമുള്ള ശ്രമങ്ങളുമാണ് പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനത്തിനു നേരിടുന്ന പ്രധാന വെല്ലുവിളികള്‍. വിലകൂടിയ അലങ്കാരപ്പക്ഷികളെയെല്ലാം കൊല്ലാനായി വിട്ടുകൊടുക്കാന്‍ പലരും മടിക്കുന്നു. നവമാധ്യമങ്ങളിലും മറ്റും ഈ നടപടിക്രമങ്ങളില്‍  സംശയമുന്നയിക്കുന്നവരും പ്രതിഷേധിക്കുന്നവരും ഉണ്ട്. ഈ നിസ്സഹകരണവും കാര്യഗൗരവം ഉള്‍ക്കൊള്ളാതെയുള്ള  പ്രവൃത്തികളും രോഗനിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കും എന്ന യാഥാർഥ്യം പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. 

രോഗമേഖലയില്‍ വളര്‍ത്തുപക്ഷികളെ മുഴുവനും കൊന്നൊടുക്കുന്നത് എന്തുകൊണ്ട് ? 

രോഗവാഹകരും രോഗബാധിതരുമായ പക്ഷികള്‍ അവയുടെ മൂക്കില്‍നിന്നും വായില്‍നിന്നുമുള്ള സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസിനെ ധാരാളം പുറന്തള്ളും. ഈ പക്ഷികളുമായും സ്രവങ്ങളും കാഷ്ഠവുമായുമുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും, രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങള്‍, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവയെല്ലാം പരോക്ഷമായും രോഗം അതിവേഗത്തില്‍ പടര്‍ന്നു പിടിക്കും. ചെറിയ ദൂരപരിധിയില്‍ വായുവിലൂടെയും രോഗവ്യാപനം നടക്കും. കുറഞ്ഞതാപനിലയില്‍ ദീര്‍ഘനാള്‍ നാശമൊന്നും കൂടാതെ നിലനില്‍ക്കാനുള്ള കഴിവും പക്ഷിപ്പനി വൈറസുകള്‍ക്കുണ്ട്. കോഴികള്‍, താറവുകള്‍, കാടകള്‍, ടര്‍ക്കികള്‍, വാത്തകള്‍, പ്രാവുകള്‍ തുടങ്ങി ബഡ്ജെറിഗാറുകൾ അടക്കമുള്ള വളര്‍ത്തുപക്ഷികളെയെല്ലാം ഏവിയന്‍ ഇന്‍ഫ്ളുവന്‍സ എ വൈറസുകള്‍ ബാധിക്കും. ഇന്‍ഫ്ളുവന്‍സ് വൈറസ് ഗ്രൂപ്പിലെ H5, H7 ഉപഗണത്തില്‍പ്പെട്ട വൈറസുകളാണ് പക്ഷികളില്‍ ഏറ്റവും മാരകം. വൈറസ് ബാധയേല്‍ക്കുന്ന ചില പക്ഷികള്‍ (കോഴി, കാട, ടര്‍ക്കി ഒഴികെ) രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ വൈറസിന്‍റെ നിത്യവാഹകരായി മാറാനും ഇടയുണ്ടെന്ന് നിരീക്ഷണങ്ങള്‍ ഉണ്ട്. അതോടെ രോഗനിയന്ത്രണം സങ്കീർണമാകും. ഇതും അപകടമാണല്ലോ. 

സാധാരണഗതിയില്‍ പക്ഷികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന രീതിയില്‍ മാത്രം രോഗമുണ്ടാക്കുന്നവയാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളിലേറെയും. എന്നാല്‍, പക്ഷികളില്‍നിന്ന് മനുഷ്യരിലേക്കും മറ്റു സസ്തനിമൃഗങ്ങളിലേക്കും പകരാനും, രോഗമുണ്ടാക്കാനുമുള്ള ശേഷിയും വൈറസുകള്‍ക്കുണ്ട്. മനുഷ്യരില്‍ രോഗബാധയേറ്റാല്‍ അറുപത് ശതമാനം വരെ മരണസാധ്യതയുള്ള H5 N1 ഗണത്തില്‍പ്പെട്ട വൈറസുകളാണ് കോഴിക്കോട് പക്ഷിപ്പനിക്ക് കാരണമായത് എന്നതും സത്വരരോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം പ്രധാനമാണെന്നത് ഓര്‍മ്മപ്പെടുത്തുന്നു.  വളരെ തീവ്രത കൂടിയ ജനിതക മാറ്റങ്ങള്‍ സംഭവിച്ച് പക്ഷിപ്പനി വൈറസുകള്‍ മനുഷ്യരിലേക്കും രോഗബാധയേറ്റവരില്‍നിന്ന് മറ്റുള്ളവരിലേക്കും വളരെ വേഗത്തില്‍ വ്യാപിക്കുന്ന മാരക വൈറസുകളായി രൂപം മാറാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലോകാരോഗ്യസംഘടനയും ലോകമൃഗാരോഗ്യ സംഘടനയും നല്‍കിയിട്ടുണ്ട്. ഈ കാരണങ്ങളാല്‍ രോഗം കണ്ടെത്തിയതിന്  ഒരു കിലോമീറ്റര്‍ പരിധിയില്‍ രോഗസാധ്യതയുള്ളതും രോഗവാഹകരാവാന്‍ ഇടയുള്ളതുമായ മുഴുവന്‍ വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കി സുരക്ഷിതമായി സംസ്കരിക്കുക എന്നത് അതീവ പ്രാധാന്യം അര്‍ഹിക്കുന്നു. 

മാത്രമല്ല, പക്ഷിപ്പനി ഒരു ആഗോള പകര്‍ച്ചവ്യാധിയായതിനാല്‍ ഇത് സംബന്ധിച്ച് കൃത്യമായ നിയന്ത്രണചട്ടങ്ങളും മാർഗരേഖയുമുണ്ട്. രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ പരിധിയിലെ മുഴുവന്‍ പക്ഷികളെയും കൊന്ന് സുരക്ഷിതമായി സംസ്കരിക്കുക എന്നത് രാജ്യാന്തര, ദേശീയ തലങ്ങളില്‍ നിലവിലുള്ള പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോക്കോളിന്‍റെ ഭാഗമാണ് എന്നതും മനസിലാക്കുക. ഈ രോഗനിയന്ത്രണ നടപടികള്‍ സത്വരമായി നടപ്പിലാക്കാന്‍ പ്രാദേശിക ഭരണസംവിധാനങ്ങള്‍ ബാധ്യസ്ഥവുമാണ്. ലോകത്ത് പക്ഷിപ്പനി കണ്ടെത്തിയ പ്രദേശങ്ങളിലെല്ലാം  സ്വീകരിച്ച പ്രധാന പ്രതിരോധനടപടി രോഗസാധ്യതയുള്ള പക്ഷികളെയെല്ലാം കൊന്ന് സംസ്കരിക്കുക എന്നതാണ്. 2014ലും 2016ലും ആലപ്പുഴയില്‍ പക്ഷിപ്പനി പടര്‍ന്നപ്പോള്‍ ഇതുപോലെ ലക്ഷക്കണക്കിന് വളര്‍ത്തുപക്ഷികളെ മുന്‍കരുതല്‍ എന്ന നിലയില്‍ കൊന്നൊടുക്കിയിരുന്നു. അതുവഴി പക്ഷിപ്പനി അന്ന് ചുരുങ്ങിയ പ്രദേശത്തെ വളര്‍ത്തുപക്ഷികളില്‍  മാത്രമായി ഒതുക്കിനിര്‍ത്താന്‍ സഹായിച്ചു. 

പക്ഷികളെ കൊന്നൊടുക്കല്‍ അടക്കമുള്ള  പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആത്യന്തികമായി നമ്മുടെ തന്നെ ആരോഗ്യസുരക്ഷയ്ക്ക് വേണ്ടിയാണെന്ന് തിരിച്ചറിയുക. നിപ്പ പോലൊരു മഹാമാരിയിലേക്ക് നമ്മുടെ നാടിനെ തള്ളിവിടാതിരിക്കാന്‍ പ്രതിഷേധവും നിസ്സഹകരണവും മാറ്റിവെച്ച് പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൂർണമായി സഹകരിക്കുകയും ഭാഗവാക്കാവുകയും ചെയ്യുക എന്നതാണ്  ഈയവസരത്തില്‍ പൊതുസമൂഹം ഏറ്റെടുക്കേണ്ട കടമ. 

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA