sections
MORE

പക്ഷിപ്പനി മേഖലയിൽ ഇനി പക്ഷികളെ വളർത്തണമെങ്കിൽ മൂന്നു മാസം കാത്തിരിക്കണം

HIGHLIGHTS
  • പ്രതിരോധ നടപടികൾ മൂന്ന് മാസം നീളും
  • വേണ്ടത്, പൊതുസമൂഹത്തിന്റെ പിന്തുണ
avian-flu-1
സോറി വേറെ വഴിയില്ല... പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി പരപ്പനങ്ങാടിയിലെ മൂന്നിയൂർ പഞ്ചായത്ത് പ്രദേശത്തെ ചുഴലിയിലെ വീടുകളിൽ നിന്ന് കോഴികളെ പിടികൂടുന്നു.ചിത്രം: മനോരമ
SHARE

പക്ഷിപ്പനി കണ്ടെത്തിയ കോഴിക്കോട്, മലപ്പുറം  ജില്ലകളിലെ രോഗമേഖലകളിൽ മൃഗസംരക്ഷണ വകുപ്പിന്റെയും ജില്ലാഭരണകൂടങ്ങളുടെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണ്. രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റർ പരിധിയിൽ വളർത്തുപക്ഷികളെയെല്ലാം കൊന്നൊടുക്കി സുരക്ഷിതമായി സംസ്കരിക്കൽ (കള്ളിങ്), ആദ്യ ഘട്ടത്തിൽ ഉൾപ്പെടാതെ പോയ പക്ഷികളെ കണ്ടെത്തി കൊന്നൊടുക്കി സംസ്കരിക്കൽ  (മോപ്പിങ്), ഉടമസ്ഥർ ഒളിപ്പിച്ചതും മറ്റിടങ്ങളിലേക്ക് കടത്തിയതുമായ പക്ഷികളെ കണ്ടെത്തി കൊന്നൊടുക്കൽ (കോമ്പിങ്)  തുടങ്ങിയ നടപടികളാണ് ആദ്യഘട്ട പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്നത്. പക്ഷികളുടെ തീറ്റ, തീറ്റപ്പാത്രങ്ങൾ, വെള്ളപ്പാത്രങ്ങൾ, മുട്ട, മുട്ടസൂക്ഷിക്കുന്ന ട്രേകൾ, ലിറ്റർ അവശിഷ്ടങ്ങൾ, പക്ഷികളുടെ മരുന്നുകൾ എന്നിവയെല്ലാം നശിപ്പിച്ച്  സുരക്ഷിതമായി സംസ്കരിക്കും. രോഗത്തിന്റെ  പ്രഭവമേഖലയുടെ ഒരു കിലോമീറ്റർ അകലെയുള്ള അതിർത്തികളിൽനിന്നും നാലു ദിശകളിലുമായി ആരംഭിച്ച് രോഗം കണ്ടെത്തിയ കൃത്യമായ കേന്ദ്രത്തിലേക്ക് എത്തുന്ന രീതിയിലാണ് പക്ഷികളെ കൊന്നൊടുക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നത്.

സംസ്ഥാനത്ത് മുൻപ് 2014 - 2015,  2016-2017 കാലങ്ങളിൽ ആലപ്പുഴയിലും സമീപ ജില്ലകളിലെ ചിലയിടങ്ങളിലും പക്ഷിപ്പനി പടർന്നു പിടിച്ചപ്പോഴും ഈ രീതിയിൽ തന്നെയായിരുന്നു പ്രതിരോധം. പക്ഷിപ്പനിയെത്തുടർന്ന് 2014ൽ കുട്ടനാട്ടിൽ മാത്രം മൂന്നുലക്ഷത്തോളം താറാവുകളെയായിരുന്നു കൊന്നൊടുക്കിയത്. ഇപ്പോൾ കോഴിക്കോട്ടും മലപ്പുറത്തും സ്ഥിരീകരിച്ച എവിയൻ ഇൻഫ്ലുവെൻസ H5N1 വൈറസുകൾ തന്നെയായിരുന്നു അന്ന് കുട്ടനാട്ടിൽ രോഗമുണ്ടാക്കിയത്.  പ്രതിരോധനടപടികളുടെ ഭാഗമായി 2016ൽ ഏകദേശം ഏഴു ലക്ഷത്തോളം താറാവുകളെയായിരുന്നു ആലപ്പുഴയിലും കോട്ടയത്തും കൊന്നൊടുക്കിയത്.  ഇത് കൂടാതെ മറ്റനേകം വളർത്തുപക്ഷികളെയും കൊന്ന് ദഹിപ്പിച്ച് സംസ്കരിച്ചിരുന്നു. H5N1 പോലെ  തന്നെ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള H5N8 എവിയൻ ഇൻഫ്ലുവെൻസ വൈറസുകളായിരുന്നു അന്ന് രണ്ടുജില്ലകളിലും രോഗമുണ്ടാക്കിയത്.   ജാഗ്രതയോടെ അന്ന് നടപ്പിലാക്കിയ ഈ പ്രവർത്തനങ്ങൾ വഴിയാണ് പക്ഷിപ്പനി വൈറസുകളുടെ മറ്റ്‌ മേഖലകളിലേക്കുള്ള വ്യാപനം തടയാൻ കഴിഞ്ഞത്.  മാത്രമല്ല മനുഷ്യരിലേക്കുള്ള പകർച്ചയും തടയാനായി.

അണുനശീകരണപ്രവർത്തനങ്ങൾ ഇങ്ങനെ

പ്രതിരോധപ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിൽ രോഗത്തിന്റെ  പ്രഭവമേഖലയിലെ ഫാമുകളും പരിസരവും ജൈവമാലിന്യങ്ങൾ നീക്കിയ ശേഷം  വൈറസിനെ നശിപ്പിക്കുന്ന വിവിധ തരം അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കും.  ഫോർമാലിൻ ലായിനി (4 %) , സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായിനി (2 %)  എന്നിവയിലേതെങ്കിലും ഉപയോഗിച്ചാണ് ഫാമിന്റെ പരിസരം ശുചീകരിക്കുക. ‌ഷെഡ്ഡുകളുടെ ചുമരും തറയും അടിക്കൂരയുമെല്ലാം ക്വാർട്ടർനറി അമോണിയം അടങ്ങിയ അണുനാശിനികളോ 2 % ഫീനോൾ അടങ്ങിയ അണുനാശിനികളോ കുമ്മായ ലായനിയോ  (3 %) ഉപയോഗിച്ച് അണുവിമുക്തമാക്കും. കുമ്മായം കൊണ്ട് ചുമരും തറയുമെല്ലാം വെള്ളപൂശുകയും ചെയ്യും.  ബ്ലീച്ചിങ് പൗഡറും കുമ്മായവും ചേർത്ത മിശ്രിതം ഷെഡിനുള്ളിലും പരിസരങ്ങളിലും  വിതറും.

ഈ പ്രവർത്തനങ്ങൾക്ക് ശേഷം ഫോർമാലിനും പൊട്ടാസ്യം പെർമാഗനേറ്റും ചേർത്ത മിശ്രിതമുപയോഗിച്ചു ഫ്യൂമിഗേഷനും നടത്തും.  പക്ഷികളുടെ കുടിവെള്ള ടാങ്കുകളിലും. തീറ്റ സൂക്ഷിക്കുന്ന മുറികളുമെല്ലാം ഫ്യൂമിഗേഷൻ നടത്തും. ഫാമിലെ ഉപകരണങ്ങൾ 2 % സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ചാണ് വൈറസ് വിമുക്തമാക്കുക. ഇരുമ്പുകൊണ്ടും മറ്റുമുണ്ടാക്കിയ കൂടുകളും  അഴികളുമെല്ലാം ഫ്ലെയിം ഗൺ ഉപയോഗിച്ച് ചൂടേൽപ്പിച്ചാണ്  അണുനശീകരണം നടത്തുക. ഫാമിന്റെ കവാടത്തിലും  ഷെഡിലേക്കുള്ള പടിവാതിലിലും  കോസ്റ്റിക് സോഡാ ലായനി ( 2 % ) കലക്കി ഫൂട്ട് ബാത്ത് സജ്ജീകരിക്കും. രണ്ടാഴ്ചയിൽ ഏറ്റവും ചുരുങ്ങിയത് ഒരു തവണ എന്ന രീതിയിൽ മൂന്നുമാസത്തോളം ഫാമിന് അകത്തും പുറത്തും    ഫ്യൂമിഗേഷൻ നടത്തും. ഒരു കിലോമീറ്റർ പരിധിയിൽ  ഫാമുകളിൽ മാത്രമല്ല അടുക്കളമുറ്റത്തെ പക്ഷികൂടുകളിലും ഇതേ രീതിയിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടക്കും.  ശുചീകരണ നടപടികൾ പൂർത്തിയായാൽ മൃഗസംരക്ഷണ വകുപ്പ് സാനിറ്റേഷൻ സർട്ടിഫിക്കറ്റ് പുറപ്പെടുവിക്കും.

പ്രതിരോധ നടപടികൾ മൂന്ന് മാസം നീളും

ഈ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച  ശേഷം രോഗ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്ററിനു പുറത്ത് പത്ത് കിലോമീറ്റർ പരിധിയിലുള്ള നിരീക്ഷണ മേഖലയിൽനിന്നും രണ്ടാഴ്ചത്തെ ഇടവേളകളിൽ  തുടർച്ചയായി സാമ്പിളുകൾ ശേഖരിച്ച് പരിശോധനകൾ നടത്തും. വിവിധ വളർത്തുപക്ഷികളിൽനിന്നുള്ള സെറം, കാഷ്ഠം എന്നിവയാണ് പരിശോധനക്ക് വേണ്ടി ശേഖരിക്കുക. ഈ സാമ്പിൾ ശേഖരണവും പരിശോധനയും മൂന്നു മാസം തുടരും.  മൃഗസംരക്ഷണ വകുപ്പധികൃതർ ശേഖരിക്കുന്ന സാമ്പിളുകൾ ഭോപ്പാലിലെ അതിസുരക്ഷാ മൃഗാരോഗ്യ ലബോറട്ടറിയിൽ എത്തിച്ചാണ് പരിശോധിക്കുക. ഇതിന്റെ ഫലങ്ങൾ പൂർണമായും നെഗറ്റീവ് ആയാൽ മാത്രമാണ് പ്രസ്തുത പ്രദേശം പക്ഷിപ്പനി വിമുക്തമെന്ന് പ്രഖ്യാപിക്കുക. ഭോപ്പാലിലെ അതിസുരക്ഷാ ലാബിൽനിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുക. നിരീക്ഷണ മേഖലയിൽ നിന്നും ശേഖരിക്കുന്ന സാമ്പിളുകൾ ഏതെങ്കിലും വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ ആദ്യ ഘട്ടത്തിൽ നടത്തിയ രീതിയിലുള്ള പ്രതിരോധ നടപടികൾ വീണ്ടും ആവശ്യമായി വരും.

ഈ  മൂന്നു മാസത്തെ നിരീക്ഷണകാലയളവിൽ  രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റർ പരിധിയിൽ ഒരു തരത്തിലുള്ള പക്ഷികളെയും വളർത്താനോ വിപണനം ചെയ്യാനോ അനുമതി ലഭിക്കില്ല. പത്ത് കിലോമീറ്റർ വരെയുള്ള നിരീക്ഷണമേഖലയിൽ ഈ കാലയളവിൽ നിലവിലുള്ള പക്ഷികളെ വളർത്താനും വിൽക്കാനും അനുവദിക്കുമെങ്കിലും ഇവിടെനിന്നും പുറത്തേക്ക് പക്ഷികളെ കൊണ്ടുപോവുന്നതിനും ഇവിടേക്ക് പുറത്തുനിന്നും പക്ഷികളെ കൊണ്ടുവരുന്നതിനും നിയന്ത്രണങ്ങൾ ഉണ്ടാവും. നിരീക്ഷണ മേഖലയിൽനിന്നും മുട്ട, തീറ്റ, തീറ്റച്ചാക്കുകൾ, ഫാമിലെ  ഉപകരണങ്ങൾ    കാഷ്ഠം, തൂവൽ, ലിറ്റർ അടക്കമുള്ള ജൈവമാലിന്യങ്ങൾ തുടങ്ങിയവയും പുറത്തേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കണം. മുട്ടയും ഫ്രോസൺ മീറ്റ് ഉൽപ്പന്നങ്ങളും മറ്റും നിരീക്ഷണമേഖലയിലേക്ക് കൊണ്ടുവരുന്നതിന് വിലക്ക്  ഉണ്ടാവില്ല. മൂന്ന് മാസം നീളുന്ന പരിശോധനകൾക്ക് ശേഷം ഫലങ്ങൾ  പൂർണമായും നെഗറ്റീവ് ആണങ്കിൽ രോഗത്തിന്റെ പ്രഭവമേഖലയുടെ ഒരു കിലോമീറ്റർ പരിധിയിൽ പക്ഷികളെ വളർത്താനും വിപണനത്തിനും അനുമതി ലഭിക്കും, നിരീക്ഷണ മേഖലയിലെ നിയന്ത്രണങ്ങൾ നീക്കുകയും ചെയ്യും.

എങ്കിലും രോഗം സ്ഥിരീകരിച്ച ഒരു കിലോമീറ്റർ പരിധിയിലേക്ക് പുതുതായി കൊണ്ടുവരുന്ന പക്ഷികളിൽനിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് വീണ്ടും വൈറസ് പരിശോധനകൾ തുടരും.

വേണ്ടത്, പൊതുസമൂഹത്തിന്റെ പിന്തുണ

ലോക മൃഗാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ പ്രകാരം കേന്ദ്ര സർക്കാർ പുറത്തിറക്കിയ 2015ലെ ദേശീയ പക്ഷിപ്പനി നിയന്ത്രണ മാർഗരേഖ പ്രകാരമാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. മനുഷ്യരിലേക്ക് പകരാനിടയായാൽ ജീവാപയശേഷിയുയർന്ന  ജന്തുജന്യരോഗം കൂടിയായ പക്ഷിപ്പനി തടയേണ്ടത് എത്രത്തോളം പ്രധാനമാണന്നത് രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലെ ഈ ജാഗ്രതയും കണിശതയും ബോധ്യപെടുത്തുന്നുണ്ട്. രോഗനിയന്ത്രണ നടപടികളിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ പിഴച്ചാൽ പക്ഷിപ്പനി സംസ്ഥാനത്തിന്റെ മറ്റു മേഖലകളിലേക്കും പടരുമെന്ന് മാത്രമല്ല നമ്മുടെ പക്ഷിവളർത്തൽ- വിപണനമേഖലയുടെ നട്ടെല്ലൊടിയുകയും ചെയ്യും ഈ വസ്തുതകൾ തിരിച്ചറിഞ്ഞ് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സഹകരണവും പിന്തുണയുമാണ് പൊതുസമൂഹത്തിൽ നിന്നുമുണ്ടാവേണ്ടത്.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA