ADVERTISEMENT

പാടത്തും പറമ്പിലും തൊഴുത്തിലും കെട്ടിയ പശുക്കള്‍ കത്തിയാളുന്ന ചൂടില്‍ ശക്തിയായി കിതയ്ക്കുന്നത് കണ്ടിട്ടില്ലേ? ഉയര്‍ന്ന ചൂടും ഈര്‍പ്പവും മനുഷ്യരിലെന്നപോലെ മൃഗങ്ങളിലും നിര്‍ജലീകരണം, സൂര്യാതപം, സൂര്യാഘാതം എന്നിങ്ങനെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. 

പശുക്കളില്‍ ഉഷ്ണസമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍, പാലുൽപാദനം, സ്വാഭാവിക പ്രതിരോധശേഷി എന്നിവ കുറയുന്നതിനും പ്രത്യുല്‍പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും കാരണമാവും. 

ഉഷ്ണസമ്മര്‍ദ്ദം കന്നുകാലികളില്‍

അണപ്പിലൂടെയും വിയര്‍പ്പിലൂടെയും ശരിയായ  ശരീരതാപനില നിലനിര്‍ത്താനുള്ള പശുക്കളുടെ ശേഷിയെ ഉയര്‍ന്ന അന്തരീക്ഷതാപവും കൂടിയ ആര്‍ദ്രതയും തകരാറിലാക്കും. ശരീരത്തില്‍നിന്നുള്ള താപം പുറന്തള്ളാന്‍ പ്രയാസം നേരിടുന്നതിനൊപ്പം  പാലുൽപാദനം, ദഹനപ്രക്രിയ വഴിയുണ്ടാകുന്ന താപം എന്നിവ കൂടിയാവുന്നതോടെ ശരീരതാപനില താങ്ങാനാവാതെ പശുക്കള്‍ ഉഷ്ണ സമ്മര്‍ദ്ദത്തിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. അന്തരീക്ഷതാപനില 26-28 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുന്നത് സങ്കരയിനം പശുക്കളിലും എരുമകളിലും, 33ന് മുകളിലായാല്‍ നാടന്‍ പശുക്കളിലും ഉഷ്ണസമ്മര്‍ദ്ദത്തിന് കാരണമാവും. നാടന്‍ പശുക്കളെയും ജെഴ്സി പശുക്കളെയും അപേക്ഷിച്ച് കറുപ്പും വെളുപ്പും നിറമാര്‍ന്ന ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ പശുക്കളില്‍ ഉഷ്ണസമ്മര്‍ദ്ദത്തിന് ഉയര്‍ന്ന സാധ്യതയുണ്ട്. 

ഉയര്‍ന്ന ശരീരോഷ്മാവ്, കിതപ്പ്,  തീറ്റയോടുള്ള മടുപ്പ്, പാലുൽപാദനം കുറയല്‍,  വായില്‍നിന്നു നുരയും പതയുമൊലിക്കല്‍, മൂക്കില്നിന്ന് നീരൊലിപ്പ്, നാക്ക് പുറത്തേക്കിട്ട് ചുഴറ്റല്‍, വായ തുറന്നുപിടിച്ചുള്ള ശ്വാസമെടുപ്പ്,  ഉയര്‍ന്ന നിരക്കിലും വേഗത്തിലുമുള്ള ശ്വാസോച്ഛാസം, വിറയല്‍, തറയില്‍ കിടക്കാനുള്ള വിമുഖത, മദി ലക്ഷണങ്ങള്‍ കാണിക്കാതിരിക്കല്‍ എന്നിവയെല്ലാം പശുക്കളിലെ ഉഷ്ണസമ്മര്‍ദ്ദത്തിന്‍റെ ലക്ഷണങ്ങളാണ്. 

ഒരുക്കാം വേനല്‍ സൗഹൃദ തൊഴുത്തുകള്‍

നിര്‍ജലീകരണം തടയാനും, പാലുൽപാദനനഷ്ടം ഒഴിവാക്കാനും പശുക്കള്‍ക്ക് യഥേഷ്ടം തണുത്ത ശുദ്ധജലം ലഭ്യമാക്കണം. സാധാരണനിലയില്‍ 60-70 ലിറ്റര്‍ വെള്ളമാണ് പശുക്കള്‍ക്ക് നിത്യേന ആവശ്യമുള്ളത്. എന്നാല്‍, വേനലില്‍ ഇത് ഇരട്ടിയാകും. കുടിവെള്ളം തീരുന്ന മുറയ്ക്ക് താനേ വന്നു നിറയുന്ന ഓട്ടോമാറ്റിക് വാട്ടര്‍ ബൗള്‍ സംവിധാനം തൊഴുത്തില്‍ സജ്ജമാക്കിയാല്‍ ആവശ്യാനുസരണം എപ്പോഴും  കുടിവെള്ളം ഉറപ്പാക്കാം. തണുത്ത വെള്ളം ഉറപ്പുവരുത്തുന്നതിനായി പശുക്കള്‍ക്കായുള്ള  കുടിവെള്ളം സംഭരിക്കുന്ന ടാങ്കുകളും വിതരണപൈപ്പുകളും നനച്ച ചണച്ചാക്കുകൊണ്ട് മറയ്ക്കാം. 

തറനിരപ്പില്‍നിന്നും മേല്‍ക്കുരയിലേക്ക് 10-12 അടി എങ്കിലും ഉയരം പ്രധാനം. തൊഴുത്തിനുള്ളില്‍ ചൂടിനെ ക്രമീകരിച്ച് നിര്‍ത്താന്‍ ഇരട്ട റൂഫിങ് (ഡബിള്‍ റൂഫിങ്) സംവിധാനം ഏറെ സഹായിക്കും.  ഉഷ്ണസമ്മര്‍ദ്ദം ഒഴിവാക്കാന്‍ തൊഴുത്തില്‍ നല്ല വായുസഞ്ചാരം അനിവാര്യമാണ്.  തൊഴുത്തിന്‍റെ ചുറ്റുവട്ടങ്ങളിലും വശങ്ങളിലുമൊക്കെയുള്ള തടസങ്ങള്‍ നീക്കി സുഗമമായ വായുസഞ്ചാരം ഉറപ്പാക്കണം. വായുസഞ്ചാരം  സുഗമമാക്കാന്‍ ഫാനുകളും ഘടിപ്പിക്കാം.  തൊഴുത്തിന്‍റെ കോണ്‍ക്രീറ്റ് തറ ചൂട് പിടിക്കുന്നതുമൂലം  പശുക്കള്‍ തറയില്‍ കിടക്കാന്‍ മടിക്കും. മാത്രമല്ല ചൂടുപിടിച്ച തറ അകിടിന്‍റെ  ആരോഗ്യത്തെയും ബാധിക്കും. ഇതൊഴിവാക്കാന്‍ വേനല്‍ കനക്കും മുമ്പ് തറയില്‍ റബര്‍ മാറ്റുകള്‍ വാങ്ങി വിരിക്കണം. 

തൊഴുത്തിന്‍റെ മേല്‍ക്കൂര അലൂമിനിയം ഷീറ്റുകൊണ്ടാണെങ്കില്‍ മേല്‍ക്കൂരയ്ക്ക് മുകളില്‍ ചണച്ചാക്കോ പനയോലയോ തെങ്ങോല മടഞ്ഞോ വിരിക്കുന്നതും നനയ്ക്കുന്നതും തൊഴുത്തിലെ ചൂട് കുറയ്ക്കും. കഠിനമായ വെയിലുള്ളപ്പോള്‍ തൊഴുത്തിന്‍റെ വശങ്ങളില്‍ ചണച്ചാക്ക് നനച്ച് തൂക്കിയിടുന്നതും മടഞ്ഞ ഓലകൊണ്ട് തൊഴുത്തിന്‍റെ വശങ്ങള്‍ പകുതി വരെ മറയ്ക്കുന്നതും തൊഴുത്തിലെ താപം കുറയ്ക്കാന്‍ സഹായിക്കും. ഗ്രീന്‍ നെറ്റും ഇതിനായി പ്രയോജനപ്പെടുത്താം. മേല്‍ക്കൂര വെള്ളപൂശുന്നത് തൊഴുത്തിലെ ചൂടുകുറയ്ക്കാനുള്ള മറ്റൊരു മാര്‍ഗമാണ്. ഒപ്പം മേല്‍ക്കൂരയ്ക്ക് കീഴെ ഇരുണ്ടതോ കറുത്തതോ ആയ പെയിന്‍റ് പൂശുകയും ചെയ്യാം. വായുസഞ്ചാരത്തിന് തടസമില്ലാത്ത വിധത്തില്‍ പനയോല, തെങ്ങോല, ഗ്രീന്‍ നെറ്റ് എന്നിവ ഉപയോഗിച്ച് മേല്‍ക്കൂരയ്ക്ക് കീഴെ അടിക്കൂര (സീലിങ്) ഒരുക്കുന്നതും ഉള്ളിലെ താപം കുറയ്ക്കും. 

ദിവസവും രണ്ട് തവണയെങ്കിലും പശുക്കളെ കുളിപ്പിക്കാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. ഇടവേളകളില്‍ സ്പ്രിംഗ്ലര്‍ ഉപയോഗിച്ച പശുക്കളെ നനക്കുന്നത് ഉഷ്ണസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഫലപ്രദമാണ്. ചെറുതുള്ളികളായി  വെള്ളം പശുവിന്‍റെ ശരീരത്തില്‍ വീഴ്ത്തുന്ന  മിസ്റ്റ് സംവിധാനവും ഇതിനായി ഉപയോഗിക്കാം. ഡെയറി ഫാമുകള്‍ക്കായി മിസ്റ്റ് സിസ്റ്റം/ഫോഗറുകള്‍ ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് കൂളിംഗ് സിസ്റ്റവും ഇന്നു ലഭ്യമാണ്. കുളിപ്പിക്കാനും തൊഴുത്ത് വൃത്തിയാക്കാനും പ്രഷര്‍ വാഷറുകള്‍ ഉപയോഗിച്ചാല്‍ വെള്ളത്തിന്‍റെ ഉപയോഗം കുറയ്ക്കാം.

പശുക്കള്‍ക്ക് സ്വയം മേനിയുരുമ്മാന്‍ സഹായിക്കുന്ന സ്വിംഗ് ബ്രഷുകളോ, അല്ലെങ്കില്‍ സാധാരണ ബ്രഷുകളോ ഉപയോഗിച്ച് പശുക്കളുടെ മേനിയില്‍  തിരുമ്മിയാല്‍ അതുവഴി ത്വക്കിലേക്കുള്ള രക്തയോട്ടം കൂട്ടാനും താപസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.  പോത്തുകളും എരുമകളും വെള്ളത്തില്‍ കിടക്കാന്‍ ഇഷ്ടപ്പെടുന്നവരായതിനാല്‍ അവയ്ക്കായി തൊഴുത്തിനോട് ചേര്‍ന്ന് ചെറിയ ജല ടാങ്കുകളും ഒരുക്കണം. 

പശുക്കള്‍ക്ക് സൂര്യാതപം ഏല്‍ക്കുമോ ? 

പശുക്കളെ പകല്‍ സമയങ്ങളില്‍ തുറന്ന പുല്‍മേടുകളില്‍ മേയാന്‍ വിട്ടാല്‍ കഠിനമായ ചൂടില്‍ സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. നിരവധി കന്നുകാലികള്‍ മുന്‍വര്‍ഷം സംസ്ഥാനത്ത് സൂര്യാതപമേറ്റ് മരണപ്പെട്ടിട്ടുണ്ടെന്ന് മൃഗസംരക്ഷണവകുപ്പിന്‍റെ കണക്കുകള്‍ പറയുന്നു. മേയാന്‍ വിട്ട്  വളര്‍ത്തുന്ന പശുക്കള്‍ ആണെങ്കില്‍ മേയല്‍ രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കാം. രാവിലെ 11നും 3നും ഇടയിലുള്ള  സമയങ്ങളില്‍ പശുക്കളെ തുറസായ സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും, പാടങ്ങളില്‍ കെട്ടുന്നതും തീര്‍ച്ചയായും ഒഴിവാക്കണം. ഈ സമയങ്ങളില്‍ തണലിടങ്ങളില്‍ അവയെ പാര്‍പ്പിക്കണം. 

ചൂടുകൂടിയ സമയങ്ങളില്‍ പശുക്കളെ ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് നടത്തിച്ചും വാഹനങ്ങളിലുമൊക്കെയായി  കൊണ്ടുപോകുന്നത് ഒഴിവാക്കണം പശുക്കളുമായുള്ള യാത്രകള്‍ രാവിലെ പത്തിനു  മുമ്പും വൈകിട്ട് മൂന്നിനു ശേഷവുമായി ക്രമീകരിക്കണം. കിതപ്പ്, തളര്‍ന്നു വീഴല്‍, വായില്‍നിന്ന് നുരയും പതയും, പൊള്ളലേറ്റ പാട് തുടങ്ങി സൂര്യാതപത്തിന്‍റെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം ഒപ്പം പശുവിനെ തണലിലേക്ക് മാറ്റി തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുകയും ധാരാളം കുടിവെള്ളം നല്‍കുകയും വേണം. 

വേനല്‍ക്കെടുതികള്‍ക്ക് നഷ്ടപരിഹാരം

ഉഷ്ണതരംഗം, സൂര്യാഘാതം തുടങ്ങിയ വേനല്‍ക്കെടുതികളെ സംസ്ഥാന ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുമുണ്ടാവുന്ന  നാശനഷ്ടങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍നിന്നു നഷ്ടപരിഹാരം ലഭ്യമാവും. സൂര്യാഘാതം ഏറ്റ് മരണപ്പെടുന്ന പശു/എരുമ ഒന്നിന് 30,000 രൂപ എന്ന നിരക്കില്‍ ദുരിതാശ്വാസ സഹായം ലഭിക്കും. കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കാളയടക്കമുള്ള പണി മൃഗങ്ങള്‍ക്ക് 25,000 രൂപയും കോഴിയൊന്നിന് 50 രൂപയുമാണ് നഷ്ടപരിഹാരം. ബന്ധപ്പെട്ട മൃഗാശുപത്രികള്‍ വഴിയാണ് ദുരന്ത നിവാരണ അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 

വെറ്ററിനറി ഡോക്ടര്‍ നല്‍കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും സാക്ഷ്യപത്രവും നിര്‍ബന്ധമാണ്. ഇന്‍ഷ്വര്‍ ചെയ്ത മൃഗങ്ങള്‍ക്ക് ആ വഴിയും നഷ്ടപരിഹാരം ലഭ്യമാവും. എല്ലാ ജില്ലകളിലും ദുരന്ത നിവാരണ അതോറിറ്റിയുടെ സെല്ലുകള്‍ കലക്ടറേറ്റുകളോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അപേക്ഷ ഫോമിനും മറ്റു സഹായങ്ങള്‍ക്കുമായി ഈ ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com