sections
MORE

ഒരു നായ്ക്കുട്ടിയെ അങ്ങനെ വെറുതെ വാങ്ങിയാൽ പോരാ...

dog-2'
ഫോട്ടോ: ഡെന്നി ഡാനിയൽ
SHARE

അവധിക്കാലം നായ്ക്കൾക്കുള്ള  പഠനകാലമാണ്. പലരും പുതുതായി നായ്ക്കുട്ടികളെ വാങ്ങുകയും അവയെ പരിശീലനത്തിന് അയയ്ക്കുകയും ചെയ്യുന്ന  സമയം.  നാട്ടിൻപുറങ്ങളിൽ പോലും  വ്യാപകമാകുന്ന നായ് പരിശീലന– പരിചരണ കേന്ദ്രങ്ങളിൽ  തിരക്കു തുടങ്ങിക്കഴി‍ഞ്ഞു. മുന്തിയയിനം നായ്ക്കളെ ചൊല്ലുവിളി പഠിപ്പിക്കാൻ വിദേശ ശിക്ഷണത്തിന്റെ വരെ  കരുത്തുമായാണു  പരിശീലകർ കാത്തിരിക്കുന്നത്.

മാറുന്ന ശീലങ്ങൾ

വീടും കാറും കഴിഞ്ഞാൽ പലരും  മുൻ, പിൻ നോക്കാതെ പണം വാരിയെറിയുന്നതു  നായ്ക്കൾക്കു വേണ്ടിയാണെന്ന് ഈ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നു. അര ലക്ഷം രൂപ കൊടുത്തു നായയെ വാങ്ങി അതിന്റെ പകുതിയോളം പരിശീലനത്തിനു ചെലവിടാൻ  മടിയില്ലാത്തവർ വർധിച്ചുവരുന്നു. മോഷ്ടാക്കളുടെയും  സാമൂഹിക വിരുദ്ധരുടെയുമെല്ലാം ശല്യം വർധിച്ചതോടെ നായ്ക്കളുടെ  സമയം  ഒന്നുകൂടി തെളിഞ്ഞിരിക്കുകയാണ്.

പരിചരണത്തിനൊപ്പം  പരിശീലനവും

നാടൻ നായ്ക്കൾ  മാറി  മുന്തിയയിനം നായ്ക്കൾ വന്നുതുടങ്ങിയതോടെ നല്ല  പരിചരണം ആവശ്യമായി വന്നു. നല്ല  ഭക്ഷണം കൊടുക്കുന്നതിലും വിലയേറിയ ഷാംപൂ ഉപയോഗിച്ചുള്ള  കുളിപ്പിക്കലിലും  ആദ്യകാലങ്ങളിൽ പരിചരണം ഒതുങ്ങി. എന്നാൽ ഇപ്പോൾ ഇതല്ല ഉടമകളുടെ  സമീപനം. നല്ല ബുദ്ധിശക്തിയുള്ള   നായയെ  വാങ്ങി   മികച്ച  പരിശീലനവും  ലഭ്യമാക്കി സ്വകാര്യ അഭിമാനമായി വളർത്തുന്നതാണ്  ഇപ്പോഴത്തെ  ട്രെൻഡ്. പരിശീലനം കാവൽ ജോലിയുടെ കാര്യക്ഷമത കൂട്ടുന്നതിനു പുറമേ, പരുക്കൻ സ്വഭാവക്കാരായ  നായ്ക്കളെ  കൈകാര്യം  ചെയ്യൽ എളുപ്പമാക്കുമെന്ന തിരിച്ചറിവും  നായ്പ്രേമികൾക്കിടയിൽ വർധിച്ചിരിക്കുകയാണ്.

dog-training
ബൽജിയൻ മലിനോയ്സ് നായ്ക്കളെ പരിശീലിപ്പിക്കുന്ന ആന്റണി സിനോഷ്

പാഠങ്ങൾ പലത്

ഉടമയുടെ  നിർദേശത്തിനനുസരിച്ച്  ഇരിക്കുക, കിടക്കുക, അനങ്ങാതെ നിൽക്കുക, ചങ്ങല വലിച്ച് ഓടാതെ ഒപ്പം  നടക്കുക, നിർദേശപ്രകാരം  കൂട്ടിൽ കയറുക  തുടങ്ങിവയ്ക്കുള്ള  പരിശീലനമാണു ഭൂരിപക്ഷം പേരും ആവശ്യപ്പെടുന്നതെന്നു വർഷങ്ങളായി ഈ രംഗത്തു പ്രവർത്തിക്കുന്ന നായരമ്പലം സ്വദേശി ആന്റണി സിനോഷ് പറയുന്നു. ഇക്കാര്യത്തിലും  ഉടമകളുടെ അഭിരുചികൾ മാറിവരികയാണ്.

മോഷ്ടാക്കളുടെ ശല്യമുള്ള  പ്രദേശങ്ങളിൽ, തന്നെയും   കുടുംബാംഗങ്ങളെയും  അത്തരക്കാരിൽ നിന്നു സംരക്ഷിക്കാനുളള  പ്രത്യേക പരിശീലനം നായ്ക്കൾക്ക് ആവശ്യപ്പെടുന്നവരുണ്ട്. പുരയിടത്തിന്റെ അതിർത്തി കടക്കുന്നവരെ  ആക്രമിക്കുന്ന  ടെറിട്ടോറിയൽ പ്രൊട്ടക്‌ഷൻ പരിശീലനമാണു മറ്റു ചിലർക്കു വേണ്ടത്.  ഏതു രീതിയിലുള്ള  പരിശീലനവും നൽകാൻ കഴിയുന്ന മികച്ച  പരിശീലകർ നാട്ടിൽതന്നെയുണ്ട്. 

വീട്ടിലെത്തുന്ന അതിഥികളെയും മറ്റും അതിശയിപ്പിക്കാൻ തങ്ങളുടെ  നായയെ  ഒരു സവിശേഷ ‘നമ്പർ’ പരിശീലിപ്പിക്കണമെന്ന ഉടമയുടെ  ആവശ്യം സാധിച്ചുകൊടുക്കാനും  പരിശീലകർ തയാർ. ഉദാഹരണത്തിന് ഒരു കളിപ്പാട്ടം ഒന്നു മണപ്പിച്ച ശേഷം  വീട്ടിൽ എവിടെ ഒളിപ്പിച്ചുവച്ചാലും കണ്ടെത്തുന്നതു പോലുള്ള  നുറുങ്ങു വിദ്യകൾ.‌ 

പരിശീലകർക്കും ഡിമാൻഡ്

സംസ്ഥാനത്തു നേരത്തെ  ഏറ്റവുമധികം  വളർത്തു നായ്ക്കൾ  ഉണ്ടായിരുന്നത്  എറണാകുളം, തൃശൂർ ജില്ലകളിലായിരുന്നു. എന്നാൽ ഇപ്പോൾ  മറ്റു പല ജില്ലകളിലും ഇവയുടെ എണ്ണം വർധിക്കുകയാണ്.  ഒപ്പം  നായ്പരിശീലകർക്കും  ഡിമാൻഡ് വർധിച്ചിട്ടുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച്  ഒട്ടേറെ ചെറുപ്പക്കാർ ഈ രംഗത്തേക്കു  കടന്നുവരുന്നു.

നായ്ക്കളെ ഇഷ്ടമുള്ള യുവാക്കളിൽ പലരും നായ് പരിശീലനം പ്രധാന തൊഴിലായി സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. വിദേശത്തു പരിശീലനം  നേടിയവർവരെ കൂട്ടത്തിലുണ്ട്. പരിശീലകർക്കുള്ള    പ്രതിഫലവും   കാലയളവും  നായയുടെ ഇനം, സ്വഭാവം, ബുദ്ധിശക്തി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പരിശീലനം തുടങ്ങാൻ കുറഞ്ഞത് 3 മാസം പ്രായം വേണം.  3 മാസം  വരെ പരിശീലനത്തിന് ആവശ്യമാണ്. 8000 മുതൽ  20,000 രൂപവരെയാണ് ഇതിന്  ഈടാക്കുന്നത്.

പുതിയ താരം ബൽജിയൻ മലിനോയ്സ്

പരിശീലനത്തിനുള്ള താൽപര്യം ഏറിയതോടെ അതിനു  പറ്റിയ ബുദ്ധിശക്തിയുള്ള  നായ്ക്കൾക്കു  ഡിമാൻഡ് വർധിക്കുന്ന  സാഹചര്യവും കേരളത്തിലുണ്ട്.  ഐഎസ്  ഭീകരൻ ബാഗ്ദാദിയെ  പിടികൂടാൻ അമേരിക്കൻ സൈന്യത്തെ സഹായിച്ചതിലൂടെ  ലോകപ്രശസ്തി നേടിയ ഇനമായ  ബൽജിയൻ മലിനോയ്സിന് ഏറ്റവുമധികം ആവശ്യക്കാരുള്ള  സ്ഥലമാണു കേരളം.  

സംസ്ഥാന പൊലീസും  തങ്ങളുടെ ആവശ്യത്തിനായി  അടുത്തിടെ  ഡസൻ കണക്കിനു ബൽജിയൻ നായ്ക്കുട്ടികളെ  വാങ്ങിയിട്ടുണ്ട്. ലോകത്തിലെ  പല  പൊലീസ് സേനകളും  സൈന്യവും  ഉപയോഗിക്കുന്നത് ഈയിനത്തിലെ നായ്ക്കളെയാണ്.  തീവ്രവാദി നേതാവ് ഒസാമ ബിൻലാദനുവേണ്ടി യുഎസ്   കമാൻഡോകൾ നടത്തിയ ഓപ്പറേഷനിൽ പ്രധാന പങ്കു വഹിച്ച ഇവ  അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷാവ്യൂഹത്തിലുമുണ്ട്. 

റോട്ട്‌വീലറാണു  നേരത്തെ ഈ  സ്ഥാനം അലങ്കരിച്ചിരുന്നത്. ആക്രമണ സ്വഭാവത്തിന്റെ പേരിൽ ഇടക്കാലത്തു  ചീത്തപ്പേരു  കേൾപ്പിച്ചെങ്കിലും  കടുത്ത റോട്ട് ആരാധകരായ ഒട്ടേറെ മലയാളികൾ  ഇപ്പോഴുമുണ്ട്.  ബീഗിൾ, ഷിറ്റ്സു തുടങ്ങി വലുപ്പം കുറഞ്ഞ ‘പാവക്കുട്ടി ബ്രീഡു’ കൾക്കും ഡിമാൻഡ്  ഏറെ. അവധിക്കാലത്തു  കുട്ടികൾക്കുവേണ്ടി പലരും വാങ്ങുന്നത് ഇവയെയാണ്.  ബുദ്ധിപരമായ കുറവുകളുള്ള കുട്ടികൾക്ക് അതിനുള്ള  പരിഹാരമായി  നായ്ക്കളുമായുള്ള  സഹവാസം നിർദേശിക്കുന്ന രീതി  വിദേശരാജ്യങ്ങളിൽ നേരത്തെയുണ്ട്. 

ലാബ്രഡോർ, ജർമൻ ഷെപ്പേഡ്  തുടങ്ങിയ പരമ്പരാഗത ഇനങ്ങൾക്കും  ആവശ്യക്കാർ   കുറവില്ല. തമിഴ്നാട്ടിൽനിന്നുള്ള നാടൻ ഇനങ്ങളായ രാജപാളയം, ചിപ്പിപ്പാറ, കോമ്പെ  തുടങ്ങിയവയ്ക്കും ആവശ്യക്കാരുണ്ട്.  പരിശീലനത്തിന്  എളുപ്പം വഴങ്ങാത്ത ഇനങ്ങളെയും    മലയാളി പരിശീലകർ   സമർഥമായി കൈകാര്യം ചെയ്യുമെന്നതിനാൽ  ചെന്നൈ, ബെംഗളൂരു, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നു വരെ ഇവിടേക്കു  നായ്ക്കൾ പരിശീലനത്തിന് എത്തുന്നുണ്ട്.  ഇവിടെനിന്നുള്ള പരിശീലകർ അവിടെയത്തിയും സേവനം  ലഭ്യമാക്കുന്നു.

റെഡിമെയ്ഡ് പട്ടിക്കുട്ടികൾ

തിരക്കു പിടിച്ച ഓട്ടത്തിനിടെ പട്ടിക്കുട്ടിയെ വാങ്ങാനും പരിശീലനത്തിനു കൊണ്ടുപോകാനും  സമയമില്ല.  അതേസമയം നല്ലൊരു നായയെ വളർത്തണമെന്ന ആഗ്രഹവുമുണ്ട്. ഇവർക്കാണു റെഡിമെയ്ഡ്  പപ്പികൾ.  വംശഗുണമുള്ള  നായ്ക്കുട്ടികളെ വാങ്ങി മൂന്നു മാസം പോരഷകാഹാരം നൽകി വളർത്തി, അതിനു ശേഷം  പരിശീലനവും നൽകി വിൽക്കുന്ന  രീതിയാണിത്. ആവശ്യക്കാർ ഏറിയതോടെ പല പരിശീലകരും ഈ രീതി  അനുവർത്തിക്കുന്നുണ്ട്. 

ബോർഡിങ് പരിശീലനം 

പരിശീലനത്തിനു പുറമേ, ഉടമ സ്ഥലത്തില്ലാത്ത വേളകളിൽ  നായ്ക്കളെ താമസിപ്പിച്ചു പരിചരണം നൽകുന്ന ബോർഡിങ് ഇടപാടും പല പരിശീലകരും വരുമാനമാർഗമാക്കുന്നു. ഇതിനുള്ള  ഡിമാൻഡും വർഷം തോറും വർധിക്കുകയാണ്. ചെറിയ നായ്ക്കളാണെങ്കിൽ ബോർഡിങ്ങിനൊപ്പം പരിശീലനവും നൽകുന്ന  രീതിയുമുണ്ട്.

അപൂർവ ഇനങ്ങൾക്കും ആവശ്യക്കാർ

ചില നായ്പ്രേമികൾ ആവശ്യപ്പെടുന്ന ഇനങ്ങളുടെ പേരു കേട്ട് വിൽപനക്കാർ പോലും വായ്പൊളിച്ചു പോകുന്ന സാഹചര്യവുമുണ്ട്. മറ്റാർക്കുമില്ലാത്ത നായ് വേണം തന്റെ വീട്ടുമുറ്റത്തിന്റെ അധിപനെന്നു നിർബന്ധമുള്ളരാണ് ഇക്കൂട്ടർ.  ദക്ഷിണാഫ്രിക്കയിൽ കാണുന്ന കാവൽനായയായ ബോർബോയൽ എന്ന ബ്രീഡ് ഇന്ത്യയിലെത്തിയിട്ട്  കുറച്ചു കാലമായെങ്കിലും ഇപ്പോഴും കേരളത്തിൽ ഒട്ടേറെ ആവശ്യക്കാരുണ്ട്.  ആക്രമണസ്വഭാവമേറിയ സെൻട്രൽ ഏഷ്യൻ ഷെപ്പേഡ്, ടർക്കിഷ് കംഗാൽ എന്നിവയെ അന്വേഷിച്ചെത്തുന്നവരും ഏറെ.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA