ADVERTISEMENT

പശുക്കള്‍ക്ക് സാന്ദ്രീകൃത തീറ്റയും വൈക്കോലും നല്‍കുന്നത് അതിരാവിലെയും വൈകുന്നേരസമയങ്ങളിലും രാത്രിയുമായി ക്രമീകരിക്കണം. ഇത്  പശുക്കള്‍ കൂടുതല്‍ തീറ്റയെടുക്കുന്നതിനും തീറ്റയുടെ ദഹനം കാരണമായുണ്ടാകുന്ന ശരീരതാപം എളുപ്പത്തില്‍ പുറന്തള്ളാനും സഹായിക്കും. മൊത്തം തീറ്റ ഒറ്റസമയത്ത് നല്‍കുന്നതിനു പകരം വിഭജിച്ച് പല തവണകളായി നല്‍കുന്നതാണ് നല്ലത്. 

ജലാംശം അടങ്ങിയ പച്ചപ്പുല്ലും പച്ചിലതീറ്റകളും പകല്‍ ധാരാളം നല്‍കണം. പച്ചപ്പുല്ലിന്‍റെ ലഭ്യതക്കുറവുമൂലം ഉണ്ടാവാനിടയുള്ള ജീവകം എ- യുടെ അപര്യാപ്ത്തത പരിഹരിക്കുന്നതിനായി ജീവകം-എ അടങ്ങിയ മിശ്രിതങ്ങള്‍ പശുക്കള്‍ക്ക് (30 മില്ലിലിറ്റര്‍ വീതം മീനെണ്ണ ഇടവിട്ട ദിവസങ്ങളില്‍)  നല്‍കണം. 

വാഴയുടെ അവശിഷ്ടങ്ങള്‍, കമുകിന്‍ പാള, ഈര്‍ക്കില്‍ മാറ്റിയ പച്ച തെങ്ങോല, പീലിവാക, അഗത്തി, ശീമക്കൊന്ന തുടങ്ങിയ പ്രാദേശികമായി ലഭ്യമായ വൃക്ഷവിളകള്‍, മറ്റു പച്ചിലകള്‍ തുടങ്ങിയ ജലാംശം കൂടിയ വിഭവങ്ങള്‍ തീറ്റയില്‍ ചേര്‍ക്കാം. വീട്ടുവളപ്പില്‍ തന്നെ വളര്‍ത്താവുന്നതും വേനലില്‍ പശുക്കള്‍ക്ക് നല്‍കാവുന്നതുമായ മികച്ച ഒരു പോഷകാഹാരമാണ് അസോളയും മുരിങ്ങയിലയും.

വിപണിയില്‍ ലഭ്യമായ ധാതു ലവണ മിശ്രിതങ്ങള്‍ പ്രതിദിനം 50 ഗ്രാം വരെ ശരീരഭാരമനുസരിച്ചു കിടാരികള്‍ക്കും കറവപ്പശുക്കള്‍ക്കും നിര്‍ബന്ധമായും നല്‍കണം. സമ്പൂര്‍ണ സമ്പന്ന സമീകൃത തീറ്റകള്‍ (ടോട്ടല്‍ മിക്സഡ് റേഷന്‍, ബൈപ്പാസ് പ്രോട്ടീനുകള്‍, ബൈപ്പാസ് ഫാറ്റുകള്‍, വിപണിയി്ല്‍ ലഭ്യമായ മറ്റു എനര്‍ജി സപ്ലിമെന്‍റുകള്‍, മിനറല്‍ ബ്ലോക്കുകള്‍ എന്നിവയും അത്യുൽപാദനശേഷിയുള്ള പശുക്കളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തണം. 

കൂടുതല്‍ ഊര്‍ജലഭ്യതയും, പോഷണവും ഉറപ്പുവരുത്തുന്നതിനായി ബിയര്‍ വെയ്സ്റ്റ്, കപ്പപ്പൊടി, ചോളപ്പൊടി, പുളിങ്കുരുപ്പൊടി, പരുത്തിക്കുരു, കടലപ്പിണ്ണാക്ക്, സോയാബീന്‍ പിണ്ണാക്ക് തുടങ്ങി കൂടുതല്‍ കൊഴുപ്പും, മാംസ്യവും അടങ്ങിയ സാന്ദ്രീകൃതാഹാരങ്ങള്‍ തീറ്റയില്‍ അനുവദനീയമായ അളവില്‍ തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.  തീറ്റക്രമത്തില്‍ പെട്ടെന്ന് മാറ്റം വരുത്തുന്നത്  ഒഴിവാക്കണം. 

ആമാശയത്തില്‍ ഉണ്ടായേക്കാവുന്ന  അസിഡിറ്റി ഒഴിവാക്കാന്‍ സോഡിയം ബൈ കാര്‍ബണേറ്റ് (അപ്പക്കാരം), മഗ്നീഷ്യം ഓക്സൈഡ് എന്നിവയുടെ മിശ്രിതം 3:1 എന്ന അനുപാതത്തില്‍ ഒരു കിലോഗ്രാം  കാലിത്തീറ്റയ്ക്ക് 15 ഗ്രാം നിരക്കില്‍ തീറ്റയില്‍ ചേര്‍ത്ത് നല്‍കാം. ഇത് പരമാവധി 50 മുതല്‍ 60 ഗ്രാം വരെയാവാം.  ആമാശയത്തിലെ അമ്ല, ക്ഷാര നിലയെ തുലനാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്ന റൂമന്‍ ബഫറുകളും ഇതിനായി (ബുഫസോണ്‍, അസിബഫ്, ഹിമാലയന്‍ ബാറ്റിസ്റ്റ് തുടങ്ങിയവ) പ്രയോജനപ്പെടുത്താം.

തീറ്റയുടെ  ദഹനവും പോഷക ആഗിരണവും കാര്യക്ഷമമാക്കുന്നതിനായി യീസ്റ്റ്, ലാക്ടോ ബാസില്ലസ് ബാക്ടീരിയകള്‍ തുടങ്ങിയ മിത്രാണുക്കള്‍ അടങ്ങിയ തീറ്റസഹായികള്‍ പശുക്കള്‍ക്ക് നല്‍കാം. ഫീഡ് അപ്പ് യീസ്റ്റ്, എക്കോറ്റാസ്, പി ബയോട്ടിക്സ് തുടങ്ങിയ പേരുകളില്‍ മിത്രാണുമിശ്രിതങ്ങള്‍ വിപണിയില്‍ സുലഭമാണ്.

കറവപ്പശുക്കളില്‍ പ്രസവത്തെത്തുടര്‍ന്ന് ക്ഷീരസന്നി, കീറ്റോണ്‍ രോഗം തുടങ്ങിയ ഉപാപചയ രോഗങ്ങള്‍ക്കുള്ള സാധ്യത വേനല്‍ക്കാലത്ത് ഉയര്‍ന്നതാണ്. വേനലില്‍ തീറ്റയെടുക്കല്‍ കുറയുന്നത് കാരണമായും, ശരീര സമ്മര്‍ദ്ദം മൂലവും ശരീരത്തില്‍ കാത്സ്യത്തിന്‍റെയും ഗ്ലൂക്കോസിന്‍റെയും  അളവ് കുറയുന്നതാണ് ഈ രോഗങ്ങള്‍ക്കുള്ള കാരണങ്ങള്‍. തീറ്റമടുപ്പ്, പാല്‍ ഉൽപാദനം പെട്ടെന്ന് കുറയല്‍, ശരീര തളര്‍ച്ച തുടങ്ങിയ അസ്വഭാവിക ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വെറ്ററിനറി ഡോക്ടറുടെ സേവനം തേടാന്‍ മറക്കരുത്. പാലുൽപാദനം വേനലില്‍ അൽപം കുറഞ്ഞാലും പശുക്കളുടെ ആരോഗ്യസംരക്ഷണത്തിന് തന്നെയാണ് മുഖ്യ പരിഗണനയെന്ന കാര്യം മറക്കരുത്.

വേനലും പ്രത്യുൽപാദനവും

ഉയര്‍ന്ന താപനില ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നതു കാരണം പശുക്കളുടെ പ്രത്യുൽപാദന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാനിടയുണ്ട്. മദി ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരിക്കല്‍, മദി പ്രകടിപ്പിക്കുമെങ്കിലും ഗര്‍ഭധാരണം നടക്കാതിരിക്കല്‍ തുടങ്ങിയവ ഉഷ്ണസമ്മര്‍ദ്ദം മൂലം സംഭവിക്കാം. പശു മദി ചക്രത്തിലൂടെ  കടന്നുപോകുമെങ്കിലും ഉഷ്ണസമ്മര്‍ദ്ദത്തിന്‍റെ ഫലമായി മദിയുടെ ബാഹ്യലക്ഷണങ്ങള്‍  കാണിക്കാതിരിക്കാനും സാധ്യതയുണ്ട്. 

ശരീര സമ്മര്‍ദ്ദം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിച്ചും ഉയര്‍ന്ന പോഷക സാന്ദ്രതയുള്ള സമീകൃതാഹാരങ്ങള്‍ ഉറപ്പുവരുത്തിയും, വിരമരുന്നുകള്‍ അടക്കമുള്ളവ കൃത്യമായി നല്‍കിയും ഫാമിലെ പശുക്കളുടെ പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട റിക്കാര്‍ഡുകള്‍ കൃത്യമായി  രേഖപ്പെടുത്തി സൂക്ഷിച്ചും ഈ സാഹചര്യങ്ങള്‍ ഒഴിവാക്കാം. കൃത്രിമ ബീജാധാനം തണലുള്ള ഇടങ്ങളില്‍വച്ച് നടത്തണം. കൃത്രിമ ബീജാധാനം നടത്തിയതിനു ശേഷം പശുക്കളെ തണലില്‍ പാര്‍പ്പിക്കുന്നത് ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂട്ടും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com