ADVERTISEMENT

പരിചരിക്കാനും കൈകാര്യം ചെയ്യാനും വലിയ ബുദ്ധിമുട്ടില്ലാത്ത നായ്ക്കൾക്ക് പെറ്റ് വിപണിയിൽ വലിയ സ്ഥാനമുണ്ട്. മാത്രമല്ല, കുറഞ്ഞ തീറ്റ, കുട്ടികളോടുള്ള സമീപനം എന്നിവയും നായപ്രേമികൾ പ്രധാനമായും ശ്രദ്ധിക്കുന്നു. അതുകൊണ്ടുതന്നെ കുഞ്ഞൻ ഇനങ്ങളായ പോമറേനിയൻ, ഡാഷ്ഹണ്ട്, പഗ്, ലാസ‌ ആപ്‌സോ, ബീഗിൾ തുടങ്ങിയവ വിപണിയിലെ താരങ്ങളാണ്. ഇവയിൽത്തന്നെ ഏറ്റവും വില കുറഞ്ഞവ പോമറേനിയനും ഡാഷ്‌ഹണ്ടും ആയിരിക്കും! എന്നാൽ, പോമറേനിയൻ എന്ന പേരിൽ വിൽക്കപ്പെടുന്നത് ശരിക്കും പോമറേനിയനാണോ? 

അത് പോം അല്ല

പോമറേനിയൻ എന്ന പേരിൽ വിൽക്കപ്പെടുന്ന നായ്ക്കളിൽ മിക്കതും പോമറേനിയൻ അല്ല എന്നതാണ് സത്യം. അറിവില്ലായ്മകൊണ്ടോ അല്ലെങ്കിൽ കച്ചവടക്കാരുടെ വാക്കുകൾ കേട്ടോ ആണ് പലരും പോമറേനിയൻ എന്ന് തെറ്റിദ്ധരിക്കപ്പെടുന്നത്. അപ്പോൾ, പോമറേനിയൻ എന്ന പേരിൽ വിൽക്കുന്നത് എന്ത് ഇനമായിരിക്കും? സ്പിറ്റ്സ്. ഈ പേര് സാധാരണക്കാരുടെ ഇടയിൽ അത്ര പ്രചാരത്തിലുള്ളതല്ല. ഇടതൂർന്ന ഡബിൾ കോട്ട് രോമവും ചെറിയ മുഖവും ചുറുചുറുക്കുമെല്ലാം ഒരുപോലെയാണെങ്കിലും സ്പിറ്റ്സിനെയും പോമറേനിയനെയും ഒരേ പേര് വിളിക്കാൻ കഴിയില്ല. ഇടതൂർന്ന് നീളമേറിയ രോമങ്ങളുള്ള നിരവധി ബ്രീഡുകൾ ഉൾപ്പെടുന്ന സ്പിറ്റ്സ് (spitz) വിഭാഗത്തിലെ ഏറ്റവും ചെറിയ ഇനമാണ് പൊമറേനിയൻ അഥവാ പോം. സ്പിറ്റ്സിൽത്തന്നെ ജാപ്പനീസ് സ്പിറ്റ്സ്, ജർമൻ സ്പിറ്റ്സ്, ഇന്ത്യൻ സ്പിറ്റ്സ് എന്നിവയുമുണ്ട്.

spitz-and-pom
സ്പിറ്റ്സ് (ഇടത്ത്), പോമറേനിയൻ (വലത്ത്)

അപ്പോൾപ്പിന്നെ എന്താണ് വ്യത്യാസം?

6-7 ഇഞ്ച് ഉയരവും രണ്ടു കിലോയിൽ താഴെ ഭാരവും വരുന്ന വളരെ ചെറിയ ബ്രീഡാണ് പോമറേനിയൻ. ഓറഞ്ച്, കറുപ്പ്, വെള്ള നിറങ്ങളിലും പല നിറങ്ങൾ കൂടിച്ചേർന്നും കാണപ്പെടുന്നു. പൊമറേനിയനെ മിനിയേചർ പോം, ടോയ് പോം, ടീ കപ്പ് പോം എന്നൊക്കെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കാറുണ്ട്. എന്നാൽ, അങ്ങനെയൊരു ക്ലാസിഫിക്കേഷൻ ഇല്ല. അതേസമയം, സ്പിറ്റ്സിന് 1–1.5 അടി ഉയരവും അതിനൊത്ത തൂക്കവുമുണ്ട്. 

വലുപ്പം കഴിഞ്ഞാൽ രണ്ട് ഇനങ്ങളും തമ്മിലുള്ള വ്യത്യാസം രോമമാണ്. രണ്ടിനത്തിനും ഡബിൾ കോട്ട് രോമമാണുള്ളതെങ്കിലും രോമത്തിന്റെ നീളത്തിലും വിന്യാസാകൃതിയിലും വ്യത്യാസമുണ്ട്. സ്‌പിറ്റ്സുകളുടെ ഉള്ളിലെ രോമം നീളംകുറഞ്ഞതും ഇടതൂർന്നതുമായിരിക്കും. എന്നാൽ, പുറത്തെ രോമം കട്ടിയുള്ളതും നേരെയുള്ളതുമായിരിക്കും. അതേസമയം, പോമറേനിയൻ നായ്ക്കളുടെ രോമം കനം കുറഞ്ഞതും നീളമുള്ളതുമാണ്. അതുകൊണ്ടുന്നെ ഫസ് ബോൾ പോലെയാണ് പോമുകളുടെ രൂപം. 

വാലിനുമുണ്ട് വ്യത്യാസം. സ്പിറ്റ്സ് ഇനം നായ്ക്കളുടെ വാലിന് ഒരു വശത്തേക്ക് അൽപം വളവുണ്ടാകും. പോമറേനിയനുകൾക്കാവട്ടെ വാൽ ശരീരത്തിനു ലംബമായിത്തന്നെയാണുണ്ടാവുക. 

സ്വഭാവത്തിലും വൈരുദ്ധ്യം

സ്പിറ്റ്സിനെ കാവൽ നായ വിഭാഗത്തിലും ഉൾപ്പെടുത്താം. പരിചയമില്ലാത്തവരെ കണ്ടാൽ കുരയ്ക്കാനും ഭയപ്പെടുത്തി നിർത്താനും വേണമെങ്കിൽ കടിക്കാനും സ്പിറ്റ്സിനു കഴിയും. എന്നാൽ, പോമറേനിയൻ പൊതുവെ ശാന്ത സ്വഭാവത്തിനുടമകളാണ്. മനുഷ്യരോട് അടുത്തിടപഴകാൻ താൽപര്യമുള്ള ഇവർ ആരോടും പെട്ടെന്ന് ഇണങ്ങും. അതുകൊണ്ടുതന്നെ ഇൻഡോർ നായ എന്ന രീതിയിൽ വളർത്താൻ മികച്ച ഇനമാണ്.

ബ്രഷിങ് വേണം

നീളമേറിയ രോമങ്ങളുള്ള ഇനങ്ങളായതിനാൽ ദിവസേന ചീകണം. അല്ലാത്തപക്ഷം രോമം കെട്ടുപിണഞ്ഞ് നായ്ക്കളുടെ ഭംഗി നഷ്ടപ്പെടാം. മാത്രമല്ല പൊഴിയുന്ന രോമങ്ങൾ കൃത്യമായി നീക്കം ചെയ്യാനും കഴിയും. 

ഇന്ത്യൻ സ്പിറ്റ്സ്

പൊമറേനിയന്റെ പേരിൽ കേരളത്തിൽ ഏറെ പ്രചാരം നേടിയ ബ്രീഡാണ് ഇന്ത്യൻ സ്പിറ്റ്സ്. കൂടുതലും വെളുത്ത നിറത്തിൽ കാണുന്ന ഇവരെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ ഗ്രേറ്റർ ഇന്ത്യൻ സ്പിറ്റ്സ് എന്നും സ്മോളർ‌/ലെസർ ഇന്ത്യൻ സ്പിറ്റ്സ് എന്നും തരംതിരിച്ചിട്ടുണ്ട്.  വെള്ള കൂടാതെ കറുപ്പ്, ബ്രൗൺ നിറങ്ങളിലും രണ്ടു നിറങ്ങൾ കൂടിച്ചേർന്നും ഇവർ കാണപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com