സത്യത്തിൽ കേരളത്തിൽ ഏതൊക്കെ ഇനം മുയലുകളുണ്ട്? ഇനമറിഞ്ഞ് വളർത്താം

HIGHLIGHTS
  • പ്യുവറും ക്രോസും എങ്ങനെ തിരിച്ചറിയാം?
  • ക്രോസ് ബ്രീഡുകളും ബ്രോയിലർ ഇനത്തിൽപ്പെടുന്നതാണ്
rabbit-1
SHARE

ഒരിടവേളയ്ക്കുശേഷം മുയൽ വളർത്തൽ മേഖല ശക്തിയാർജിച്ചുവരികയാണ്. കോവിഡ്–19 പല സ്ഥലങ്ങളിലെയും മുയൽക്കർഷകർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും മുമ്പത്തേക്കാളേറെ പേർ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട് എന്നത് ശുഭസൂചനയാണ്. എങ്കിലും ഏതൊക്കെ ഇനം മുയലുകളാണ് കേരളത്തിൽ ലഭ്യമായിട്ടുള്ളതെന്ന് പലർക്കും അറിയില്ല. ബ്രോയിലർ മുയൽ എന്നും നാടൻ മുയലെന്നും പറയാതെ മുയലുകളെ ഇനം തിരിച്ച് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. സത്യത്തിൽ ഇപ്പോൾ കേരളത്തിൽ വളർത്തിവരുന്ന വൈറ്റ് ജയന്റ്, ഗ്രേ ജയന്റ്, സോവിയറ്റ് ചിഞ്ചില, ന്യൂസിലൻഡ് വൈറ്റ് എന്നീ ഇനങ്ങളും അവയുടെ ക്രോസ് ബ്രീഡുകളും ബ്രോയിലർ ഇനത്തിൽപ്പെടുന്നതാണ്. അല്ലാതെ ബ്രോയിലർ മുയൽ എന്നൊരു ഇനം ഇല്ല. 

പ്രധാനമായും മുകളിൽപ്പറഞ്ഞ നാലിനം മുയലുകളും അവയുടെ ക്രോസ് ബ്രീഡുകളുമാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ളതെങ്കിലും ഓരോ ഇനത്തിന്റെയും പ്രത്യേകതകൾ മനസിലാക്കുന്നത് നല്ലതാണ്. ഇവ മാത്രമല്ല മറ്റു ചില വിദേശയിനം മുയലുകളും ഇവിടെ പ്രചാരം നേടിയിട്ടുണ്ട്.

1. ന്യൂസിലന്‍ഡ് വൈറ്റ്

1912ല്‍ ന്യൂസിലന്‍ഡില്‍നിന്ന് അമേരിക്കയില്‍ എത്തിച്ച ന്യൂസിലന്‍ഡ് റെഡ് എന്ന ഇനം മുയലിനെ ഫ്‌ളെമിഷ് ജയന്റ്, അമേരിക്കന്‍ വൈറ്റ്, അങ്കോറ ഇനങ്ങളുമായി ക്രോസ് ബ്രീഡ് ചെയ്ത് വികസിപ്പിച്ചു. വെളുത്ത രോമങ്ങള്‍, ചുവന്ന കണ്ണുകള്‍ എന്നിവ പ്രത്യേതകള്‍.

new-zeland-white-and-chinchilla
ന്യൂസിലാൻഡ് വൈറ്റ് റാബിറ്റ്, സോവിയറ്റ് ചിഞ്ചില റാബിറ്റ്

2. സോവിയറ്റ് ചിഞ്ചില

സോവിയറ്റ് യൂണിയനില്‍ ഉത്ഭവം. ചാര നിറം (കറുപ്പും വെളുപ്പും ചേര്‍ന്ന് ഏകദേശം നീല നിറത്തിനു സമം).  കറുത്ത കണ്ണുകള്‍.

3. വൈറ്റ് ജയന്റ്

സോവിയറ്റ് യൂണിയനില്‍ ഉത്ഭവം. വെള്ള നിറം, ചുവന്ന കണ്ണുകള്‍. ന്യൂസിലന്‍ഡ് വൈറ്റിനോട് സാമ്യമുണ്ടെങ്കിലും ന്യൂസിലന്‍ഡ് വൈറ്റിനെ അപേക്ഷിച്ച്  വൈറ്റ് ജയന്റിന് ശരീരവലുപ്പം കൂടുതലും പിന്‍കാലുകള്‍ക്ക് വലുപ്പക്കൂടുതലും ഉണ്ടായിരിക്കും.

white-giant-and-grey-giant
വൈറ്റ് ജയന്റ്, ഗ്രേ ജയന്റ്

4. ഗ്രേ ജയന്റ്

സോവിയറ്റ് യൂണിയന്‍ ഉത്ഭവം. ചാര നിറം.

പ്രധാനമായും ഇറച്ചിക്കും കൗതുകത്തിനും വളർത്തുന്നത് മുകളിൽപ്പറഞ്ഞ നാലിനങ്ങളാണെങ്കിലും മറ്റു ചില ഇനങ്ങളും സമീപകാലത്ത് കൂടുതൽ പ്രചാരത്തിലായിട്ടുണ്ട്.

5. ലോപ്

തലയ്ക്ക് ഇരുവശത്തുകൂടി താഴേക്ക് തൂങ്ങിയ ചെവി. ലോപ്പുകളിൽത്തന്നെ അമേരിക്കൻ ഫസി ലോപ്, കാഷ്മീരി ലോപ്, കനേഡിയൻ പ്ലഷ് ലോപ്, ഡ്വാർഫ് ലോപ്, ഇംഗ്ലീഷ് ലോപ് എന്നിങ്ങനെ ഒട്ടേറെ ഇനങ്ങളുണ്ട്.

lop-english-spot
ലോപ്, ഇംഗ്ലീഷ് സ്പോട്ട്

6. ഇംഗ്ലീഷ് സ്പോട്ട്

വെളുത്ത ശരീരം, മൂക്കിനും കണ്ണുകൾക്കും ചുറ്റും കറുപ്പ് (ബ്രൗൺ നിറത്തിലുമുണ്ട്), കറുപ്പ് അല്ലെങ്കിൽ ബ്രൗൺ നിറത്തിലുള്ള ചെവി, ശരീരത്ത് അങ്ങിങ്ങായി പൊട്ടുകൾ തുടങ്ങിയവയാണ് ഇംഗ്ലീഷ് സ്പോട്ടുകൾക്കുള്ളത്. സെലക്ടീവ് ബ്രീഡിങ്ങ് വഴി 19–ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ഉരുത്തിരിച്ചെടുത്തു. 

7. അംഗോറ

വളർത്തുമുയലുകളിൽ ഏറ്റവും പുരാതനമായ ഇനം. തുർക്കിയിലെ അംഗാറയിൽ ഉത്ഭവം. 1723ൽ ഫ്രാൻസിലെത്തിയതോടെ പ്രശസ്തരായി.  നീളമേറിയ ഇടതൂർന്ന രോമങ്ങളാണ് പ്രധാന പ്രത്യേകത. അംഗോറയിൽത്തന്നെ കുറഞ്ഞത് 11 ഇനങ്ങളുണ്ട്. ഇതിൽ‌‍‌ ഇംഗ്ലീഷ് അംഗോറ, ഫ്രഞ്ച് അംഗോറ, ജയന്റ് അംഗോറ, സാറ്റിൻ അംഗോറ എന്നീ ഇനങ്ങളെ അമേരിക്കൻ റാബിറ്റ് ബ്രീഡേഴ്സ് അസോസിയേഷൻ അംഗീകരിച്ചിട്ടുണ്ട്. ഇവ കൂടാതെ ജർമൻ അംഗോറ, ചൈനീസ് അംഗോറ, ഫിന്നിഷ് അംഗോറ, ജാപ്പനസ് അംഗോറ, കൊറിയൻ അംഗോറ, റഷ്യൻ അംഗോറ, സെന്റ് ലൂസിയൻ അംഗോറ, സ്വിസ് അംഗോറ എന്നീ ഇനങ്ങളുമുണ്ട്.

angora-and-californian
അംഗോറ, കലിഫോർണിയൻ

8. കലിഫോർണിയൻ റാബിറ്റ്

ഇറച്ചിക്കും തുകലിനും വേണ്ടി 1923ൽ അമേരിക്കയിലെ കലിഫോർണിയയിൽ വികസിപ്പിച്ചെടുത്ത ഇനം. മൂന്ന് ഇനം മുയലുകളുടെ സങ്കര ഇനം. വെളുത്ത ശരീരം, കറുത്ത മൂക്കും ചെവികളും കൈകാലുകളും പ്രധാന പ്രത്യേകതകൾ.

നാടനും ബ്രോയിലറും

ബ്രോയിലർ എന്ന വിഭാഗത്തിൽപ്പെടുന്ന മുയലുകളെക്കുറിച്ച് ആദ്യമേ പരാമർശിച്ചിട്ടുണ്ടല്ലോ. ഇനി നാടനെക്കുറിച്ച് പറയാം. ശരാശരി 2 കിലോഗ്രാം തൂക്കം വരുന്ന അധികം വലുപ്പം വയ്ക്കാത്ത മുയലുകളെയാണ് പൊതുവേ നാടൻ എന്ന് പറയുക. എന്നാൽ, വർഷങ്ങളായി നമ്മുടെ നാട്ടിൽ വളർത്തുകയും ഇൻബ്രീഡിങ്ങിന്റെയും പോഷകാഹാരത്തിന്റെയും സംരക്ഷണത്തിന്റെയും കുറവുകൊണ്ട് വംശശുദ്ധി നഷ്ടപ്പെട്ടുപോകുകയും ചെയ്ത മുയലുകളാണ് അവ. ലാഭകരമായ മുയൽവളർത്തലിന് അത്തരം മുയലുകളെ വളർത്താൻ നന്നല്ല. കാരണം, കുറഞ്ഞ കാലംകൊണ്ട് മികച്ച വളർച്ച തരുന്ന തീറ്റപരിവർത്തനശേഷിയുള്ള മുയലുകളാണ് വളർത്താൻ ഉത്തമം. നല്ലയിനം മുയലുകൾ ആറു മാസം കൊണ്ട് 3–4 കിലോഗ്രാം ഭാരമെത്തുമ്പോൾ നാടനെന്ന് വിളിക്കുന്ന മുയലുകൾ രണ്ടു കിലോഗ്രാമിൽ താഴെ മാത്രമേ വളരൂ. 

പ്യുവറും ക്രോസും എങ്ങനെ തിരിച്ചറിയാം?

വംശശുദ്ധിയുള്ള മുയലുകളെയും അവയുടെ സങ്കര ഇനങ്ങളെയും നോട്ടംകൊണ്ടുമാത്രം തിരിച്ചറിയുക പ്രയാസമാണ്. ഉദാഹരണത്തിന്, വൈറ്റ് ജയന്റിനെയും സോവിയറ്റ് ചിഞ്ചിലയെയും തമ്മിൽ ഇണ ചേർത്താൽ രണ്ടിനത്തിന്റെയും നിറങ്ങളിൽ കുഞ്ഞുങ്ങൾ ജനിക്കാം. ഈ കുഞ്ഞുങ്ങളുടെ അടുത്ത തലമുറ ഒരിക്കലും ഒരിനത്തിന്റെ മാത്രം സ്വഭാമായിരിക്കില്ല കാണിക്കുക. അതുകൊണ്ടുതന്നെ, മുയലുകളിൽ നിറം മാത്രം നോക്കി വംശശുദ്ധി ഉറപ്പുവരുത്താൻ കഴിയില്ല. ‌ബ്രീഡറോഡ് ചോദിച്ച് മനസിലാക്കാനും ശ്രദ്ധിക്കണം.

indian-hare
കാട്ടു മുയൽ

ഇതാണ് നാടൻ അഥവാ കാട്ടുമുയല്‍

കാട്ടില്‍ കാണപ്പെടുന്ന കാട്ടുമുയല്‍ അഥവാ ചെവിയന്‍ മുയല്‍ വളര്‍ത്തു മുയലുകളില്‍നിന്നു വിഭിന്നമാണ്. ഇതിനെ വളര്‍ത്താനോ വേട്ടയാടാനോ പാടില്ല. ഇത് വന്യജീവിയായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന ഇനമാണിവ.

ശരീരം മുഴുവന്‍ തവിട്ടു നിറമാണെങ്കിലും പുറം കഴുത്തിലും വാലിനു പുറകിലും കറുത്ത നിറം ഇവയുടെ പ്രത്യേകതയാണ്. അടിഭാഗം വെള്ള നിറവുമായിരിക്കും. പെണ്‍മുയലുകള്‍ക്ക് ആണ്‍മുയലിനെ അപേക്ഷിച്ച് വലുപ്പം കൂടുതലായിരിക്കും.

സാധാരണഗതിയില്‍ പകല്‍ സമയങ്ങളില്‍ ഉറക്കവും രാത്രിയില്‍ ഇരതേടലുമാണ് ഇവരുടെ രീതി. പുല്‍ക്കൂട്ടവും കുറ്റിക്കാടുകളും മാളങ്ങളുമൊക്കെയാണ് വിശ്രമസ്ഥലങ്ങള്‍. വര്‍ഷത്തില്‍ ഒന്ന് എന്ന രീതിയിലാണ് ഇവയുടെ പ്രജനന ചക്രം. പോഷകാഹാരത്തിന്റെ ലഭ്യത പ്രചനനത്തെ ബാധിക്കാറുണ്ട്. പ്രായപൂര്‍ത്തിയായ പെണ്‍മുയലുകളില്‍ 69 ശതനമാനവും എല്ലാ വര്‍ഷവും പ്രസവിക്കാറുണ്ട്. ഒരു പ്രസവത്തില്‍ ഒന്നു മുതല്‍ എട്ടു കുഞ്ഞുങ്ങള്‍ വരെ ഉണ്ടാവും. ശരാശരി 45 ദിവസമാണ് പ്രസവകാലം (വളര്‍ത്തു മുയലുകള്‍ക്ക് 31 ദിവസമാണ്). ഒരു വര്‍ഷംകൊണ്ടാണ് പ്രായപൂര്‍ത്തിയാവുക.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA