sections
MORE

പ്രശ്നം ഗുരുതരം, മൃഗസംരക്ഷണ മേഖല പ്രതിസന്ധിയിൽ, തളരാതെ കർഷകർ

HIGHLIGHTS
  • ഭക്ഷണാവശിഷ്ടത്തിനു‌ പകരം കൈത്തീറ്റ
pig-farm
SHARE

കോവിഡ് 19ഉം പക്ഷിപ്പനിയും കേരളത്തിലെ മൃഗസംരക്ഷണ മേഖലയ്ക്കു നൽകിയിരിക്കുന്ന ആഘാതം ചെറുതൊന്നുമല്ല. കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ കോഴിവില താഴേക്കായിരിരുന്നു. പക്ഷിപ്പനികൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ വില കുത്തനെ ഇടിഞ്ഞു. കൊടുത്ത തീറ്റയുടെ ചെലവ് പോലും കിട്ടാത്ത അവസ്ഥയിലേക്കെത്തിയപ്പോൾ പല പ്രദേശങ്ങളിലെയും കർഷകർക്ക് കോഴികളെ കൊന്നുകളയേണ്ട സ്ഥിതി വന്നു. ചിലരാവട്ടെ കിട്ടിയ വിലയ്ക്കു വിറ്റു.

എന്നാൽ, ആദ്യപ്രശ്നം കോഴിക്കർഷകരെ മാത്രം ബാധിക്കുന്നതായിരുന്നെങ്കിൽ ഇപ്പോൾ പ്രശ്നം കുറേക്കൂടി സങ്കീർണമായി. ജനം പുറത്തിറങ്ങുന്നത് നിർത്തി. പല വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടു. പല ജില്ലകളും കർശന നിയന്ത്രണത്തിലേക്കു കടക്കുന്നു. ഇതൊക്കെ ഏറ്റവുമധികം ബാധിക്കുന്നത് മൃഗപരിപാലന മേഖലയെയാണ്, പ്രത്യേകിച്ച് പന്നിക്കർഷകരെ. ഹോട്ടലുകളിലെ ഭക്ഷണാവശിഷ്ടങ്ങളെ ആശ്രയിച്ചാണ് കേരളത്തിലെ വൻകിട പന്നിഫാമുകൾ പ്രവർത്തിക്കുന്നത്. ഹോട്ടലുകൾ അടച്ചിട്ടതോടെ കഴിഞ്ഞ ആഴ്ച മുതൽ ഭക്ഷണത്തിന് ക്ഷാമമായിത്തുടങ്ങി. സാധാരണ 14 വീപ്പ വരെ മാലിന്യമുണ്ടായിരുന്ന ഹോട്ടലുകളിൽ അത് ഒന്നും രണ്ടും വീപ്പയായി കുറഞ്ഞെന്ന് തൃശൂർ സ്വദേശി സുരേഷും ഭാര്യ സ്മിതയും പറയുന്നു. മാത്രമല്ല പല ഹോട്ടലുകളും അടച്ചതിനാൽ ഹോട്ടൽ മാലിന്യത്തിൽ വളരെ കുറവുണ്ടായി. എങ്കിലും ഞായറാഴ്ച‌ത്തെ ജനതാ കർഫ്യൂ മുൻനിർത്തി നേരത്തെ തന്നെ കോഴിക്കടയിൽനിന്നുള്ള മാലിന്യം സ്റ്റോക്ക് ചെയ്തിരുന്നു. കോഴിവില കുറഞ്ഞത് വിപണിയിൽ വിൽപന ഉയരാൻ കാരണമായിട്ടുണ്ട്. അത് ഒരു പരിധിവരെ ആശ്വാസകരമാണെന്നും ഇരുവരു പറയുന്നു. ഇന്നുമുതൽ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സുരേഷും സ്മിതയും.

ഭക്ഷണാവശിഷ്ടത്തിനു‌ പകരം കൈത്തീറ്റ

സംസ്ഥാനമൊട്ടാകെ ഹോട്ടൽ ഭക്ഷണാവശിഷ്ടത്തിന്റെ ലഭ്യത കുറഞ്ഞപ്പോൾ വൻകിട ഫാം ഉടമകളെല്ലാം മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. ഹോട്ടൽ വേസ്റ്റ് കുറഞ്ഞതോടെ ഇനിയും പ്രശ്നം വഷളാകുമെന്ന് മുന്നിൽക്കണ്ട് പന്നികൾക്ക് പ്രത്യേക ഭക്ഷ്യോൽപന്നങ്ങൾ വാങ്ങി സൂക്ഷിച്ചിട്ടുണ്ടെന്ന് പാലായിലെ സമ്മിശ്ര കർഷകനായ മാത്തുക്കുട്ടി. പന്നിഫാം കൂടാതെ കോഴികളെയും പോത്തുകളെയും മാത്തുക്കുട്ടി വളർത്തുന്നുണ്ട്. പ്രധാനമായും മൊത്തവ്യാപാരത്തിലൂടെയായിരുന്നു കോഴി വിൽപന. എന്നാൽ, കേറ്ററിങ് പരിപാടികളും ഹോസ്റ്റലുകളുമെല്ലാം അടച്ചതിനാൽ കോഴിവിൽപന കുറഞ്ഞു. സ്വന്തമായുള്ള ഔട്ട്‌ലെറ്റിലൂടെയാണ് ഇപ്പോൾ വിൽപന. എങ്കിലും പന്നികൾക്കാവശ്യമായ ഭക്ഷണമാകുന്നില്ല. അതുകൊണ്ട് വിലകുറഞ്ഞ അരി, ചോളത്തവിട്, അരിത്തവിട് പോലുള്ളവ പാകം ചെയ്താണ് ഇപ്പോൾ പന്നികൾക്ക് നൽകുന്നത്. പാകം ചെയ്ത് നൽകേണ്ടി വരുന്നതിനാൽ പന്നികളുടെ ഭക്ഷണ സമയത്തിനും മാറ്റം വന്നതായി മാത്തുക്കുട്ടി പറയുന്നു. ഇതിനൊപ്പം വാഴപ്പിണ്ടിയും നൽകുന്നുണ്ട്.

മാത്തുക്കുട്ടി മാത്രമല്ല കോഴിക്കോട്ടെ വൻകിട ഫാമിനുടമയായ ജിൽസണും ഇപ്പോൾ പന്നികൾക്ക് കൈത്തീറ്റയാണ് നൽകുന്നത്. കപ്പപ്പൊടി, അരിത്തവിട്, ചോളപ്പൊടി, അവൽത്തവിട്, സോയാബീൻ പിണ്ണാക്ക്, ഉപ്പ് എന്നിവ വെള്ളം ചേർത്ത് ഇളക്കിയതിനുശേഷം അതിലേക്ക് വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ചേർത്താണ് ഭക്ഷണം തയാറാക്കുന്നത്. 

കന്നുകാലി, മുയൽ ഫാമുകളിലും പ്രശ്നം വിഭിന്നമല്ല. പലരും മുൻകൂട്ടി തീറ്റ സംഭരിച്ചുവച്ചിട്ടുണ്ട്. എന്തെങ്കിലും സാഹചര്യത്തിൽ ജീവികൾക്ക് ഭക്ഷണം ലഭിക്കാതെ വന്നാൽ എന്തു ചെയ്യും എന്നാണ് കർഷകർ ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ മക്കളേപ്പോലെ സംരക്ഷിക്കുന്ന ജീവികൾക്ക് ഭക്ഷണം ഉറപ്പാക്കാൻ ഓരോ കർഷകനും കഴിയുംവിധം ശ്രമിക്കുകയാണ്.

ജിൽസൺ തന്റെ പന്നികൾക്കുള്ള ഭക്ഷണം തയാറാക്കുന്നതിന്റെ വിഡിയോ കാണാം.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA