ADVERTISEMENT

മുൻപെങ്ങും അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ലോക്ക് ഡൗൺ ജീവിതത്തി ഒന്നാം ദിവസം അരുമപ്പക്ഷികളെ പരിപാലിക്കുന്നവർ ചോദിച്ചു തുടങ്ങിയ ചോദ്യമാണ്  ഈ വരുന്ന മൂന്നാഴ്ച പക്ഷികളുടെ ഭക്ഷണകാര്യം എങ്ങനെ നടത്തിക്കൊണ്ട് പോകും എന്നതാണ്. വിദഗ്ധർക്കു പോലും മുൻ അനുഭവങ്ങൾ മുന്നിലില്ല. മൂന്നാഴ്ചത്തേക്കുള്ള കരുതൽ ശേഖരമൊന്നും വിതയ്ക്കുകയും കൊയ്യുകയും ചെയ്യാത്ത പക്ഷികളുടെ ഉടമകൾക്കുമുണ്ടാവില്ല.

സ്ഥിരമായി നൽകുന്ന തീറ്റ മുടക്കമില്ലാതെ കിട്ടുമെങ്കിൽ അതു നൽകുക. ശുദ്ധജലവും മുടക്കരുത്. പക്ഷികൾക്ക് തീറ്റ വാങ്ങാൻ പോയി ലോക്ക് ഡൗൺ നിയമങ്ങൾ തെറ്റിക്കരുത്. നമുക്കാവശ്യമായ ഭക്ഷണ സാധനങ്ങൾ വാങ്ങുന്ന കടകളിൽ പക്ഷികൾക്ക് നൽകാവുന്ന ധാന്യങ്ങൾ, പയർ വർഗങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവയുണ്ടെങ്കിൽ വാങ്ങുകയാണ് ഉത്തമം.

അരുമപ്പക്ഷികൾക്ക് നൽകുന്ന തിനയുൾപ്പെടെയുള്ള ധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവ തീർന്നു കഴിഞ്ഞിരിക്കും. ഇന്നു മുതൽ  തിന ഉൾപ്പെടെയുള്ള അവശേഷിക്കുന്ന ധാന്യങ്ങൾ പക്ഷികൾക്ക് നൽകുമ്പോൾ ഒരു കാര്യം ഓർക്കുക. ബാക്കി വരുന്ന അവശിഷ്ടങ്ങൾ വെള്ളത്തിലിട്ട് മുളപ്പിച്ച് അടുത്ത ദിവസം നൽകാൻ ശ്രമിക്കുക. മുറ്റത്തും പറമ്പിലുമുള്ള വിഷാംശമില്ലാത്ത പച്ചിലകൾ തീറ്റയായി നൽകേണ്ടി വരും. മുറ്റത്തെ തുളസിയും ചീരയും പനിക്കൂർക്കയുമൊക്കെ വിശിഷ്ട ഭോജ്യങ്ങളാകും. 

ഇരുപത്തിയൊന്നു ദിവസത്തെ അടച്ചുപൂട്ടൽ കാലത്ത് പക്ഷികൾക്ക് പൂർണപോഷണം ഉറപ്പാക്കാൻ വീട്ടിൽ തന്നെ മൃദു തീറ്റ തയാറാക്കി നൽകാം. മൃദു തീറ്റ വീട്ടിൽത്തന്നെ തയാറാക്കാൻ മൂന്ന് ഉദാഹരണങ്ങൾ നൽകുന്നു.

ഒന്ന്

ആവശ്യമായ സാധനങ്ങൾ

  • നന്നായി പുഴുങ്ങിയ കോഴിമുട്ട  - 1
  • റൊട്ടിപ്പൊടി  (Bread crumbs) - 30 ഗ്രാം
  • മള്‍ട്ടി വിറ്റമിന്‍ ഡ്രോപ്‌സ് - 5 തുള്ളി
  • പ്രോബയോട്ടിക് (Bifilac) - 1 Capsule

റൊട്ടിപ്പൊടി ബേക്കറികളിലാണ് ലഭിക്കാന്‍ സാധ്യത. ബേക്കറികൾ തുറന്നിട്ടില്ലെങ്കിൽ  റസ്‌ക്കോ, മൊരിച്ച റൊട്ടിയോ മിക്‌സി മിക്‌സിയില്‍ അടിക്കുക. ആദ്യം പുഴുങ്ങിയ മുട്ടയുടെ തോട് മിക്‌സിയില്‍ അടിച്ച് നല്ലവണ്ണം പൊടിഞ്ഞശേഷം  മുട്ടയും, തുടര്‍ന്ന് റൊട്ടിപ്പൊടിയും ചേര്‍ത്ത് അടിക്കുക. മിനറല്‍ മിശ്രിതവും, ഒരു നുള്ള് പ്രോബയോട്ടിക്കും ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക. നനവുണ്ടെങ്കിലും  കുഴഞ്ഞുപോകാത്ത രീതിയില്‍ തയാറാക്കുക.

മെഡിക്കൽ ഷോപ്പുകൾ തുറക്കുന്നതിനാൽ വിറ്റമിൻ മിശ്രിതവും, പ്രോബയോട്ടിക്കും ലഭിക്കും.

മൃദു തീറ്റയുടെ മറ്റൊരു ഘടന നോക്കാം.

  • റൊട്ടിപ്പൊടി  - 30 ഗ്രാം
  • കോഴിമുട്ട തോടോടെ പുഴുങ്ങിയത് - ഒന്ന്
  • സോയ ഫ്ലേക്ക്‌സ് - 15 ഗ്രാം
  • വെളുത്തുള്ളി അരച്ചത് - ഒരു ടീസ്പൂണ്‍
  • എള്ളെണ്ണ - 2 ml
  • കോഡ് ലിവര്‍ ഓയില്‍ - 2 ml
  • ധാതുലവണ മിശ്രിതം  - ഒരു ഗ്രാം
  • പ്രോബയോട്ടിക് - ഒരു കാപ്‌സ്യൂള്‍

ആദ്യം പുഴുങ്ങിയ മുട്ടയുടെ തോട് മിക്‌സിയില്‍ അടിച്ച് നല്ലവണ്ണം പൊടിഞ്ഞശേഷം  മുട്ടയും, തുടര്‍ന്ന് റൊട്ടിപ്പൊടിയും ചേര്‍ത്ത് അടിക്കുക.  അതില്‍ സോയ ഫ്ലേക്കുകള്‍ ഓരോ സ്പൂണ്‍ ചേര്‍ത്ത് അടിച്ചു മിശ്രിതമാക്കി കളിമണ്‍പാത്രത്തില്‍ വയ്ക്കുക. വെളുത്തുള്ളി അരച്ചത്, ധാതുലവണ മിശ്രിതം, പ്രോബയോട്ടിക് ഗുളിക എന്നിവ മിക്‌സിയിലിട്ട് നന്നായി  അടിക്കണം. പിന്നെ എള്ളെണ്ണയും കോഡ്‌ലിവര്‍ ഓയിലും ചേര്‍ത്ത് വീണ്ടും മിക്‌സിയില്‍ അടിക്കണം. കളിമണ്‍ പാത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഒന്നാമത്തെ മിശ്രിതം കൂടി ചേര്‍ത്ത് മൃദു തീറ്റയാക്കാം.  

മൃദു തീറ്റയുടെ മൂന്നാമത്തെ ഉദാഹരണം നോക്കുക.

  • കോഴിമുട്ട (പുഴുങ്ങി ചുരണ്ടിയത്) - 1
  • റൊട്ടി/റെസ്‌ക് പൊടി  - 2 ടേബിള്‍ സ്പൂണ്‍
  • മള്‍ട്ടി വിറ്റമിന്‍ - 10 തുള്ളി
  • പ്രോബയോട്ടിക് - അല്‍പ്പം
  • മിനറല്‍ മിശ്രിതം - 1 ടീസ്പൂണ്‍ പകുതി 

 കൂടാതെ പുഴുങ്ങിയ കാരറ്റ് അല്ലെങ്കില്‍ മധുരക്കിഴങ്ങ്, ബീറ്റ്‌റൂട്ട് ചിരണ്ടിയത്, ഓട്‌സ്, മുളപ്പിച്ച ധാന്യങ്ങള്‍, അരിഞ്ഞ ഇലവര്‍ഗങ്ങള്‍ ഒപ്പം ചേര്‍ക്കാവുന്നതാണ്. പുഴുങ്ങിയ മുട്ട് തോടു മാറ്റിയ ശേഷം വളരെ ചെറുതായി ചിരണ്ടിയ ശേഷം രണ്ട് ടേബിള്‍സ്പൂണ്‍  റൊട്ടി/റെസ്‌ക് പൊടിയും, 10 തുള്ളി മള്‍ട്ടി വിറ്റമിനും അര സ്പൂണ്‍ മിനറല്‍ മിശ്രിതവും ഒരു നുള്ള് പ്രോബയോട്ടിക്കും ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക. നനവുണ്ടെങ്കിലും  കുഴഞ്ഞുപോകാത്ത രീതിയില്‍ തയാറാക്കുക. ഒപ്പം കാരറ്റോ മധുരക്കിഴങ്ങ് പുഴുങ്ങിയതോ ബീറ്റ്‌റൂട്ട് ചുരണ്ടിയോ ചേര്‍ക്കാം. ഓട്‌സ് ചേര്‍ക്കുന്നത് കൂടുതല്‍ സ്വാദ് നല്‍കും. 

മേൽ പറഞ്ഞ ഘടകങ്ങളിൽ ഒന്നോ രണ്ടോ എണ്ണം ഇല്ലായെന്നത് കാര്യമേക്കണ്ടതില്ല. ഈ 21 ദിവസം ജീവിതം ആരോഗ്യ പൂർവം നിലനിർത്തുകയാവണം ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com