ADVERTISEMENT

വേനൽക്കാലം ക്ഷീരകർഷകരെ സംബന്ധിച്ചിടത്തോളം ദുരിതകാലം ആണെന്നുതന്നെ പറയാം. കാലാവസ്ഥാവ്യതിയാനത്തിന്റെ ഈ കാലഘട്ടത്തിൽ പശുക്കൾക്ക് നേരിടേണ്ടിവരുന്ന താപസമ്മർദ്ദമാണ് ഈ ദുരിതത്തിന്റെ അടിസ്ഥാന കാരണം. മനുഷ്യനടക്കമുള്ള എല്ലാ ഉഷ്ണരക്ത ജീവികളെയും  സംബന്ധിച്ചിടത്തോളം അവയുടെ ശരീരോഷ്‌മാവ്‌ നിലനിർത്തുക എന്നതാണ് പരമപ്രധാനമായ ധർമ്മം. അതിനാൽത്തന്നെ അവയുടെ  ശരീരകോശങ്ങളുടെ  മികച്ച  പ്രവർത്തനം ഉറപ്പുവരുത്താൻ ശരീര താപനില ഒരു നിശ്ചിത പരിധിയിൽ (38.5°C) നിലനിർത്തിയേ മതിയാവൂ. എന്നാൽ, ദിവസേന  0.5°C മുതൽ 1.2°C വരെയുള്ള താളാത്മകമായൊരു  ഏറ്റക്കുറച്ചിൽ  സാധാരണയായി കണ്ടുവരാറുണ്ട്. ശരീരം അതിന്റെ പ്രതിപ്രവർത്തനങ്ങളിലൂടെ ഈ ഊഷ്‌മാവ്‌ നിലനിർത്തിപ്പോന്നാൽ മാത്രമേ അവയുടെ , ഉപാപജയപ്രവർത്തനങ്ങൾ മികച്ച രീതിയിൽ  നടക്കുകയുള്ളു. 

ക്ഷീരകർഷകരുടെ ഇടയിൽ ഇന്ന് വളരെ പ്രചാരത്തിലുള്ള സങ്കരയിനം പശുക്കളെല്ലാംതന്നെ ഹോൾസ്റ്റീൻ ഫ്രീഷ്യൻ, ജേഴ്‌സി, ബ്രൗൺ സ്വിസ് തുടങ്ങിയ വിദേശയിനം പശുക്കളിൽനിന്ന് കൃത്രിമബീജാധാരണം വഴി ഉരുത്തിരിഞ്ഞവയാണ്. അതിനാൽത്തന്നെ അത്യുൽപാദനക്ഷമതയുള്ളവയാണെങ്കിലും, ഉയർന്ന ചൂടും അന്തരീക്ഷ ആർദ്രതയും താങ്ങാനുള്ള ശേഷി തനത് ജനുസുകളെ അപേക്ഷിച്ച് ഇവയ്ക്കു പ്രായേണ കുറവാണ്.

അണപ്പ് സൂചിക

സാധാരണയായി കന്നുകാലികൾ 2 മുതൽ 7 ആഴ്ചകൾക്കുള്ളിൽ ഉയർന്ന താപനിലയുമായി പൊരുത്തപ്പെടും. കന്നുകാലികളിലെ താപസമ്മർദ്ദം വിലയിരുത്തുന്നതിന് താപനിലയും ഈർപ്പവും സംയോജിക്കുന്ന  ഒരു സൂചികയാണ് (Temperature-Humidity Index/ THI) കുറച്ച് വർഷങ്ങളായി ഉപയോഗിച്ചു വരുന്നത്. താപസമ്മർദ്ദത്തിന്റെ ആദ്യ അടയാളം വർധിച്ച ശ്വസനം, തുടർന്ന് വായ തുറന്ന ശ്വസനം (പാന്റിംഗ്) എന്നിവയാണ്. തുടർന്നും ശരീരതാപം നിലനിർത്താനുള്ള മാർഗങ്ങൾ അവലംഭിച്ചില്ലെങ്കിൽ അത് വിറയൽ, ശരീരത്തിന്റെ എകോപനം നഷ്ടപ്പെട്ട അവസ്ഥ എന്നിവയിലേക്ക് നയിക്കും. ഈ അവസ്ഥയിൽ എത്തിയ പശുക്കളെ പിന്നീട് എത്ര പരിശ്രമിച്ചാലും പൂർവസ്ഥിതിയിലെത്തിക്കാൻ സാധിക്കില്ല. ഇവിടെയാണ് അണപ്പ് സൂചികയുടെ ഉപയോഗം ഗുണകരമാകുന്നത്. 

ക്ഷീരകർഷകർക്ക്  താപസമ്മർദ്ദത്തിന്റെ സ്വഭാവ ചിഹ്നങ്ങളെ എളുപ്പത്തിൽ മനസിലാക്കാൻ  അണപ്പ് സൂചിക  ഉപയോഗപ്രദമാണ്. താപസമ്മർദ്ദമുള്ള മൃഗങ്ങളുടെ ശ്വസന നിരക്ക് വിലയിരുത്തി,  സമ്മർദ്ദത്തിന്റെ തോത് നിർണ്ണയിക്കാനും,  ഫലപ്രദമായ വേനൽക്കാല പരിപാലനം ഉറപ്പുവരുത്താനും  അണപ്പ് സൂചിക ഏറെ സഹായകരമാണ്. 

cow-1

സാധാരണഗതിയിൽ, ഓരോ മിനുട്ടിലും പശുക്കൾ എകദേശം 35 തവണയോളം അണയ്ക്കും. 35 മുതൽ 72 തവണ വരെയുള്ള അണപ്പ് പാലുൽപാദനത്തെ ബാധിക്കാതെതന്നെ താപത്തെ നിയന്ത്രിക്കും. എന്നാൽ സൂചികയിലെ 2.5 മുതൽ 4.5 വരെയുള്ള ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയാൽ, അത് പാലുൽപാദനത്തിലെ കുറവ് മുതൽ പശുവിന്റെ മരണത്തിനു വരെ കാരണമായേക്കാം. അതുകൊണ്ടുതന്നെ, വേനൽക്കാലത്തു ദിവസവും രണ്ടു തവണയെങ്കിലും പശുക്കളെ നിരീക്ഷിച്ചു അവയ്ക്ക് താപസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ ഇല്ലെന്നു ഉറപ്പാക്കണം. ചെറിയതോതിലെങ്കിലും അണപ്പുള്ളതായി അനുഭവപ്പെടുകയാണെങ്കിൽ അതിനുള്ള പരിഹാരമാർഗങ്ങൾ ഉടനെ ലഭ്യമാക്കുക.  

നമുക്കും പ്രതിരോധിക്കാം

ഓട്ടോമാറ്റിക് ഡ്രിങ്കിങ് സംവിധാനംവഴി പശുക്കൾക്ക് ആവശ്യമായ അളവിൽ ശുദ്ധജലം (തണുത്തത്) ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഏറ്റവും പ്രധാനം. നല്ല വായുസഞ്ചാരമുള്ള തൊഴുത്തിനുള്ളിൽ, മൃഗങ്ങളുടെ പുറകുവശത്തു  വെള്ളം സ്പ്രേ ചെയ്യുന്നത് കൃത്രിമമായ ബാഷ്പീകരണ പ്രക്രിയയിലൂടെ അവയെ തണുപ്പിക്കയും താപസമ്മർദ്ദത്തെ ചെറുക്കുകയും ചെയ്യും. തൊഴുത്തിന്റെ മേൽക്കൂരയ്ക്ക് മുകളിൽ ഓലയിടുക, മേൽക്കൂര ദിവസവും 5 മുതൽ 6 തവണ സ്പ്രിംഗ്ളറുകൾ ഉപയോഗിച്ചു നനയ്ക്കുക, മുകൾഭാഗം വെള്ളനിറം പൂശുക തുടങ്ങിയവ സൂര്യതാപം തൊഴുത്തിനുള്ളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് കുറയ്ക്കും. അതിരാവിലെയോ വൈകീട്ടോ മാത്രം മേയാൻ വിടുക, മേയുന്നിടത്തു ആവശ്യത്തിന് തണൽ ഉണ്ടെന്നു ഉറപ്പു വരുത്തുക. ഖരാഹാരം കൊടുക്കുന്നതും അന്തരീക്ഷതാപം കുറഞ്ഞിരിക്കുന്ന സമയത്തായാൽ നന്ന്.  ജീവകം എ, ജീവകം സി, ജീവകം ഇ എന്നിവയും സെലീനിയം, ക്രോമിയം, സിങ്ക് തുടങ്ങിയ മൂലകങ്ങളും (മിനറൽ മിശ്രിതം)  ആന്റീഓക്സിഡന്റുകളായി പ്രവർത്തിക്കുമെന്നതിനാൽ, ഇവ കൃത്യമായ അളവിലും ആനുപാതത്തിലും തീറ്റയിൽ ഉൾപ്പെടുത്തുന്നത്  വേനൽചൂട് മൂലമുള്ള സമ്മർദ്ദത്തെ അതിജീവിക്കാൻ സഹായിക്കും.

തൊഴുത്തിന് ചുറ്റുമുള്ള കൃഷി, തൊഴുത്തിനുമുകളിൽ പടർന്നു വിളയുന്ന പച്ചക്കറികളും ഫലങ്ങളും   (ഉദാഹരണം മത്തൻ, പാഷൻ ഫ്രൂട്ട്), തണൽ വൃക്ഷങ്ങളുടെ സാമിപ്യം തുടങ്ങിയ ചിലവുചുരുങ്ങിയ ലളിത മാർഗ്ഗങ്ങൾ  താപസമ്മര്ദം കുറയ്ക്കാൻ  പ്രായോഗികമായി വളരെ ഗുണം ചെയ്യും. 

വേനലിൽ, പശുക്കളിലെ താപസമ്മർദ്ദ ലക്ഷണങ്ങൾ സൂക്ഷിച്ചു നിരീക്ഷിച്ചു, മേൽപ്പറഞ്ഞ കരുതൽ നടപടികൾ അനുവർത്തിച്ചാൽ ഒരു പരിധിവരെ അവയെ രക്ഷിച്ചെടുക്കാൻ നമുക്ക്  കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com