ADVERTISEMENT

കറുപ്പിന് ഏഴഴകെങ്കില്‍ ഇന്ത്യയില്‍ കര്‍ഷകരുടെ മനസില്‍ എരുമയ്ക്ക്  നൂറഴകാണ്. പശുവിനെ  പുണ്യമൃഗമായി കരുതുന്ന ദേശത്ത് ധവളവിപ്ലവം കൊണ്ടുവന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ സ്വന്തമായ എരുമകളാണ്. എരുമപ്പാല്‍ പാല്‍പൊടിയാക്കി സൂക്ഷിക്കാന്‍ സാങ്കേതികവിദ്യ അനുവദിക്കാത്തതിനാല്‍ ഇന്ത്യ ഒരിക്കലും പാല്‍ വിപണിയില്‍ തങ്ങള്‍ക്ക് ഭീഷണിയായില്ലെന്ന് അന്താരാഷ്ട്ര കമ്പനികള്‍ കരുതിയിരുന്നു. എന്നാല്‍, വര്‍ഗീസ് കുര്യനെന്ന ദീര്‍ഘദര്‍ശി, തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെ എരുമപ്പാല്‍ പാല്‍പ്പൊടിയാക്കിയപ്പോള്‍ പിറന്നുവീണത് അമുല്‍ എന്ന ലോകോത്തര ക്ഷീരകര്‍ഷക സഹകരണ പാല്‍ കമ്പനിയും ധവള വിപ്ലവവുമാണ്. എളുപ്പം കേടാകുന്ന പാല്‍ പൊടിയാക്കാനായില്ലെങ്കില്‍ എത്ര പാലുണ്ടായാലും കാര്യമില്ലല്ലോ? പ്രതിവര്‍ഷം 18.7 കോടിയിലധികം ടണ്‍ പാലുല്‍പാദനവുമായി ലോകത്തിന്റെ പാല്‍ക്കുടമായി ഭാരതം മുന്നേറുമ്പോള്‍ അതിന്റെ പകുതിയിലധികം സംഭാവന ചെയ്യുന്നത് എരുമകളാണ്. സങ്കരയിനം പശുക്കള്‍ ക്ഷീരോല്‍പാദനത്തിന്റെ നട്ടെല്ലാകുന്ന കേരളത്തില്‍ എരുമകളുടെ എണ്ണം ക്രമാതീതമായി കുറയുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. കാരണങ്ങളേറെ നിരത്തിയാലും വിലയേറിയ ഈ ജൈവ സമ്പത്ത് കുറയുന്നത് ഉത്കണ്ഠയുണര്‍ത്തുന്നതാണ്.

കണക്കുകള്‍ പറയുന്നത്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ എരുമകളുള്ള രാജ്യമാണ് ഇന്ത്യ. ഏകദേശം പതിനൊന്നു കോടിയോടടുത്ത് എരുമകള്‍ ഇന്ത്യയിലുണ്ട്. പശുക്കളുടെ എണ്ണം 19 കോടിയോളം വരുമെങ്കിലും പാലുല്‍പാദനത്തിന്റെ ഏറിയ പങ്കും എരുമകളില്‍നിന്നാണ്. ഇന്ത്യയിലെ മൊത്തം എരുമകളുടെ എണ്ണം വര്‍ധിക്കുന്നുമുണ്ട്. എന്നാല്‍, കേരളത്തിലെ എരുമകളുടെ എണ്ണത്തില്‍ കുറവാണ് കാണപ്പെടുന്നത്. അവസാനം ലഭ്യമായ കണക്കനുസരിച്ച് എരുമകളുടെ എണ്ണം കേവലം ഒരു ലക്ഷത്തില്‍ താഴെ മാത്രം.

ശാരീരിക സവിശേഷതകള്‍

എരുമകളുടെ ഏറ്റവും വലിയ ശത്രു ചൂടുകാലാവസ്ഥയാണ്. കറുപ്പു നിറവും കട്ടിയുള്ള തൊലിയും വിയര്‍പ്പുഗ്രന്ഥികളുടെ എണ്ണക്കുറവും ശരീര താപനില നിയന്ത്രിക്കാനുള്ള കഴിവുകുറവിനു കാരണമാകുന്നു. വെള്ളക്കെട്ടുള്ള പാടങ്ങള്‍, ചതുപ്പു നിലങ്ങള്‍, കടലോരങ്ങള്‍  ഇവയൊക്കെ എരുമ വളര്‍ത്താന്‍ യോജിച്ച സ്ഥലങ്ങളാകുന്നത് ഇതിനാലാണ്. വെള്ളത്തോടും ജലാശയങ്ങളോടും സ്വതസിദ്ധമായൊരിഷ്ടം ഇവര്‍ക്കുണ്ട്. ചെളിവെള്ളത്തിലുരുളുന്നതും, വെള്ളത്തില്‍ നീന്തിത്തുടിക്കുന്നതും ഏറെയിഷ്ടപ്പെടുന്ന മികച്ച നീന്തല്‍ക്കാരാണ് ഇവര്‍. ശരീരതാപവും ബാഹ്യപരാദങ്ങളേയും നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. ചൂടുകൂടുമ്പോള്‍ വെള്ളവും തണലും തേടി ഇവര്‍ നീങ്ങുന്നു.

ഒരേ സ്ഥലത്തു നിന്ന് പുല്ലു തിന്നുകൊണ്ട് സാവധാനം ആയാസരഹിതമായി സഞ്ചരിക്കുന്ന നാണക്കാരികളും, ശാന്ത സ്വഭാവികളുമാണ് എരുമകള്‍. ആയതിനാല്‍ത്തന്നെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വരെ പരിചരിക്കാന്‍ കഴിയുന്നു. കൂട്ടം കൂടിയാല്‍ നിരനിരയായി നീങ്ങുന്നു.തമ്മില്‍ കലഹിക്കുമെങ്കിലും മനുഷ്യനുമായി വഴക്കിടുന്നത് വിരളം. കൂടുതല്‍ അയവെട്ടുന്ന ഇവ ഇണക്കമുള്ളവയാണ്. യമരാജന്റെ വാഹനം പോത്താണെങ്കിലും ദീര്‍ഘായുസുള്ളവരാണ് എരുമകള്‍. സ്‌നേഹപ്രകടനം നടത്താന്‍ മിടുക്കരായ ഇവര്‍ക്ക് പശുക്കളേക്കാള്‍ വലുപ്പവും ശരീരഭാരവും കൂടുതലാണ്. സ്ത്രീകളും പെണ്‍കുട്ടികളും എരുമകള്‍ക്ക് തീറ്റ നല്‍കുന്നതും, കറവ നടത്തുന്നതും എന്നത് ഉത്തരേന്ത്യയിലെ ഒരു പതിവു ഗ്രാമ കാഴ്ചകളത്രേ.

തീറ്റക്രമം  പ്രത്യേകതകള്‍ 

ഗുണമല്‍പ്പം കുറഞ്ഞ പരുഷാഹാരങ്ങളില്‍ നിലനില്‍ക്കാനും മേന്മയുള്ള പാലും, മാംസവും ഉല്‍പാദിപ്പിക്കാനുമുള്ള കഴിവാണ് എരുമകളുടെ  പ്രത്യേകത. നാരുകള്‍ കൂടിയ ആഹാരം ദഹിപ്പിക്കാനുള്ള കഴിവും കൂടുതലുണ്ട്. ഉമിനീരിന്റെ അളവ്, ആമാശയത്തിന്റെ ആദ്യ അറയായ റൂമന്റെ വലുപ്പം, സൂക്ഷ്മജീവികളുടെ എണ്ണം എന്നിവയും  കൂടുതലാണ്. അതിനാല്‍ പരുഷാഹാരം കൂടുതല്‍ നല്‍കി വിശപ്പടക്കണം. ഓരോ രണ്ടു കിലോ പാലിനും ഒരു കിലോഗ്രാം കാലിത്തീറ്റ നല്‍കണം. ഭക്ഷ്യയോഗ്യമായ കാര്‍ഷികവ്യവസായ അവശിഷ്ടങ്ങള്‍ തീറ്റയായി നല്‍കുമെന്ന പ്രയോജനവുമുണ്ട്. എരുമകളുടെ പാലില്‍ കൂടുതല്‍ കൊഴുപ്പും, ഖരപദാര്‍ഥങ്ങളും ഉള്ളതിനാല്‍ കൂടുതല്‍ തീറ്റ നല്‍കേണ്ടി വരും പശുക്കള്‍ക്ക് നല്‍കാന്‍ കഴിയാത്ത പരുക്കന്‍ തീറ്റകളും ഇവര്‍ ഉപയോഗിക്കുന്നു.

പെരുമയുള്ള ഇനങ്ങള്‍

എരുമകളുടെ ജന്മദേശമായ ഇന്ത്യയില്‍ ഏകദേശം പന്ത്രണ്ടോളം ജനുസ്സുകളുണ്ട്. ഏറ്റവും ഉല്‍പാദനശേഷിയുള്ള ഇനമായ മുറ, ഗുജറാത്തിലെ സുര്‍ത്തി, ജാഫ്രബാഡി, നീലിരവി, ധവള വിപ്ലവത്തിന് വിത്തുകള്‍ പാകിയ മെഹ്‌സാന തുടങ്ങി മികച്ച ജനുസുകളുടെ ജന്മഭൂമിയാണ് ഇന്ത്യ. കൂടാതെ കൃഷിയിടങ്ങളില്‍ ജോലി ചെയ്യാന്‍ ഉപയോഗിക്കപ്പെടുന്ന ഇനങ്ങളുമുണ്ട്. ഇവയൊക്കെ കഠിന പരിതസ്ഥിതികളില്‍ ജോലി ചെയ്യാന്‍ യോജിച്ചവയാണ്. സ്വന്തമായി പാല്‍ ജനുസുകളൊന്നും ഇല്ലാത്ത കേരളത്തില്‍ സുര്‍ത്തി പോത്തുകളെയാണ് പ്രജനനത്തിനുപയോഗിച്ചിരുന്നത്. എന്നാല്‍, അവയുടെ പാലുല്‍പാദനശേഷി കുറവാണെന്നതിനാല്‍ ഇപ്പോള്‍ മുറ ഇനങ്ങളുടെ ബീജമാണ് ഉപയോഗിക്കപ്പെടുന്നത്.

മേന്മയേറിയ പാലും, മാംസവും

എരുമപ്പാലില്‍ പശുവിന്‍പാലിനേക്കാള്‍ കൊഴുപ്പും, ഖരപദാര്‍ഥങ്ങളും കൂടുതലുണ്ട്. മാംസ്യം, കാത്സ്യം  എന്നിവയും അധികമുണ്ട്. അതിനാല്‍ പാലുല്‍പന്ന നിര്‍മ്മാണത്തിനനുയോജ്യം. വിറ്റാമിന്‍ എ, ഇ എന്നിവയുടെ അളവും കൂടുതലാണ്. കൊളസ്‌ട്രോളിന്റെ അളവ് കുറവ്. തൈര്, വെണ്ണ, നെയ്യ്, ചീസ്, പനീര്‍, യോഗര്‍ട്ട്, ഖോവ തുടങ്ങിയ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ എരുമപ്പാല്‍ ഏറെ യോജ്യമാണ.് സംസ്‌കരണ പ്രക്രിയയില്‍  വിറ്റാമിനുകള്‍ ഏറെ നഷ്ടപ്പെടുന്നുമില്ല.  ചായ, കാപ്പി എന്നിവയുണ്ടാക്കാന്‍ മികച്ച ഒരു ഡയറി വൈറ്റ്‌നര്‍ കൂടിയാണ് എരുമപ്പാല്‍. രുചികരവും, മൃദുവും, ഉയര്‍ന്ന മാംസ്യ തോതുമുള്ള പോത്തിറച്ചിയില്‍ കൊഴുപ്പും, കൊളസ്‌ട്രോളും മാട്ടിറച്ചിയേക്കാള്‍ കുറവ്. കട്ടിയുള്ള പേശീതന്തുക്കളാണ് ഇവയുടെ പ്രത്യേകത. ലോക മാംസ്യവിപണിയ്ക്ക്  ഭീഷണിയായ ഭ്രാന്തിപ്പശു രോഗം എരുമയുടെ ഏഴയലത്തുവരില്ല. അതിനാല്‍ വിദേശ വിപണിയിലും സാധ്യതകളുണ്ട്.

പ്രത്യുല്‍പാദനം സങ്കീര്‍ണം

വൈകിയെത്തുന്ന പ്രായപൂര്‍ത്തി കാരണം ആദ്യപ്രസവം 3-4 വര്‍ഷത്തോളമെടുക്കുന്നു. പ്രത്യുല്‍പാദനക്ഷമത കുറവായതിനാല്‍ പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേളയും കൂടുതല്‍. ഇണചേരലും, പ്രസവും കാലാവസ്ഥയാല്‍ സ്വാധീനിക്കപ്പെടുന്നു. വേനല്‍ക്കാലത്തെ ഉയര്‍ന്ന ചൂട് മദിയില്ലായ്മയ്‌ക്കോ, നിശബ്ദ മദിക്കോ കാരണമാകുന്നു. ചൂടുകാലത്ത് പോത്തുകളില്‍ ഇണ ചേരാനുള്ള ആഗ്രഹവും ബീജത്തിന്റെ ഗുണമേന്മയും കുറയുന്നു. മദിലക്ഷണങ്ങള്‍ പലപ്പോഴും വ്യക്തമാകാത്തതിനാല്‍ ശരിയായ സമയത്ത് ബീജാധാനം നടത്താന്‍ കഴിയാതെ വരുന്നു. മദിലക്ഷണങ്ങള്‍ പലപ്പോഴും രാത്രികാലങ്ങളിലാകും കാണിക്കുക. ഗര്‍ഭകാലം 310 ദിവസം. പ്രത്യേക കരച്ചില്‍, വാലിട്ടടിക്കല്‍, പാല്‍ ചുരത്താന്‍ മടി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടേക്കാം. ഈറ്റത്തില്‍നിന്ന് കട്ടിയുള്ള ദ്രാവകം ഒഴുകുന്ന ലക്ഷണം ദുര്‍ബലം. കറവയുള്ള എരുമകളില്‍ പെട്ടെന്ന് ഒരു ദിവസം പാല്‍ കുറയുന്നത് ലക്ഷണമാകാം. കിടാരികള്‍ ലക്ഷണങ്ങളേ കാണിക്കാതെ വന്നേക്കാം. മദിലക്ഷണങ്ങള്‍ കണ്ടാലുടന്‍ കുത്തിവയ്ക്കണം. ബീജാധാനം വഴി ചെന പിടിക്കുന്ന നിരക്കും താരതമ്യേന കുറവാണ്.

 

അവഗണന പേറുന്ന എരുമക്കിടാങ്ങള്‍

കിടാവുകളുടെ ഉയര്‍ന്ന മരണനിരക്കാണ് എരുമവളര്‍ത്തലിലെ വലിയൊരു പ്രശ്‌നം. ഇത് രോഗം മൂലമോ, അനാസ്ഥമൂലമോ ആകാം. ന്യുമോണിയ, വയറിളക്കം, അണുബാധ, വിരബാധ ഇവ പ്രധാന രോഗകാരണങ്ങള്‍. ആവശ്യമായ അളവില്‍ കന്നിപ്പാല്‍ ലഭിക്കാതെ വരുന്നത് രോഗബാധ ക്ഷണിച്ചു വരുത്തുന്നു. കൃത്യമായി വിരമരുന്ന് നല്‍കുകയും ഈര്‍പ്പരഹിതവും ശുചിത്വവുമുള്ള സ്ഥലത്ത് പാര്‍പ്പിക്കുകയും വേണം. പാലിന് വിലയും ആവശ്യകതയും ഏറെയായതിനാല്‍ കുട്ടികള്‍ക്ക് പാല്‍ നല്‍കാത്തത് എരുമകളിലെ ഭാവി തലമുറയെ ഇല്ലാതാക്കുന്നു. 

കേരളത്തിലെ പ്രശ്‌നങ്ങള്‍

കേരളത്തിന് സ്വന്തമായി മേന്മയേറിയ ഇനങ്ങളൊന്നുമില്ല. എരുമകളുടെ എണ്ണവും പാലുല്‍പാദനത്തില്‍ വഹിക്കുന്ന പങ്കും കുറവ്. വയലേലകളില്‍ പണിയെടുക്കുന്ന കുട്ടനാടന്‍ എരുമകള്‍ മാത്രമാണ് നമ്മുടെ സ്വന്തമെന്ന് പറയാവുന്നത്. ഇവയ്ക്ക് ഉല്‍പാദനശേഷി നാമമാത്രമാണ്. ഉല്‍പാദനശേഷി കൂടിയ മുറ ഇനങ്ങളുടെ ബീജം ഉപയോഗിച്ച് ഉല്‍പാദനശേഷി കൂട്ടുന്ന നയമാണ് നമ്മുടേത്. എരുമപ്പാലും ഉല്‍പന്നങ്ങളും അത്രയധികം ഇഷ്ടപ്പെടുന്നവരല്ല മലയാളികള്‍. ക്ഷീരസംഘങ്ങള്‍ എരുമപ്പാല്‍ പശുവിന്റെ പാലിന്റെ വിലയിലാണ് സംഭരിക്കുന്നത്. എരുമകളാകട്ടെ പാലിനേറെയാവശ്യക്കാരുള്ള നഗരങ്ങളെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ കാണപ്പെടുന്നത്. ഹോട്ടലുകളും, ചായക്കടകളുമാണ് എരുമപ്പാലിന്റെ പ്രധാന വിപണി. പരുഷാഹാരങ്ങളുടെ കുറവാണ് മറ്റൊരു പ്രധാന പ്രശ്‌നം. കിടാവിന്റെ സാമീപ്യമില്ലാതെ പാല്‍ചുരത്താന്‍ മടിക്കുന്ന  എരുമകളുടെ മാതൃഗുണവും കറവ ബുദ്ധിമുട്ടുള്ളതാക്കുന്നു. ചൂടിനെ അതിജീവിക്കാനുള്ള ബുദ്ധിമുട്ടും സങ്കീണമായ പ്രത്യുല്‍പാദന പ്രശ്‌നങ്ങളും ചെന പിടിക്കാനുള്ള ബുദ്ധിമുട്ടും, പ്രസവസംബന്ധമായുള്ള പ്രശ്‌നങ്ങളുമൊക്കെ മലയാളിയെ എരുമയില്‍നിന്ന് അകറ്റി നിര്‍ത്തിയിരിക്കുന്നു.

സാധ്യതകള്‍

വെള്ളക്കെട്ടുള്ള പാടങ്ങള്‍, ചതുപ്പ് നിലങ്ങള്‍, കടലോരങ്ങള്‍ ഇവയോട് ചേര്‍ന്ന് എരുമ വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാവുന്നതാണ്. തെങ്ങിന്‍ തോപ്പിലും മറ്റും ഇടവിളയായി തീറ്റപ്പുല്ല് കൃഷി ചെയ്ത് പരുഷാഹാര ലഭ്യത കൂട്ടാം. തീറ്റക്രമം മെച്ചപ്പെടുത്തി വളര്‍ച്ചാ നിരക്കു കൂട്ടിയാല്‍ പ്രായപൂര്‍ത്തി സമയം കൂടും. കുട്ടികളെ തള്ളയില്‍നിന്ന് എത്രയും പെട്ടെന്ന് മാറ്റുന്നത് പ്രത്യുല്‍പാദനക്ഷമത വര്‍ധിപ്പിക്കും. വിരബാധയൊഴിവാക്കി ശാസ്ത്രീയ പരിചരണം നല്‍കിയാല്‍ കിടാവുകള്‍ക്ക് രക്ഷയുണ്ട്. കിടാരികള്‍, ഗര്‍ഭിണികള്‍ എന്നിവയ്ക്ക് മേന്മയുള്ള കാലിത്തീറ്റയും, പരുഷാഹാരവും നല്‍കണം. പ്രസവത്തിന് രണ്ട് മാസം മുമ്പ് കറവ നിര്‍ത്തി വിശ്രമം നല്‍കണം. വേനല്‍ക്കാല പരിചരണം വഴി മദിയില്ലായ്മയും, നിശബ്ദ മദിയും ഒഴിവാക്കാം. മാംസാഹാരപ്രിയരായ മലയാളിക്ക് ആവശ്യമായ പോത്തിറച്ചി ഇന്ന് ലഭ്യമല്ല. വെള്ളവും തീറ്റപ്പുല്ലുമുണ്ടെങ്കില്‍ കുറഞ്ഞ ചെലവില്‍ മേന്മയേറിയ പോത്തിറച്ചി ഉല്‍പാദിപ്പിക്കാം. സങ്കരയിനം പശുക്കള്‍ക്ക് വരുന്ന അകിടുവീക്കം പോലെയുള്ള രോഗങ്ങള്‍ താരതമ്യേന കുറവായതിനാല്‍ ചികിത്സാച്ചെലവും കുറയും. ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ    ഉപയോഗം കുറയുന്നതിനാല്‍ ജൈവ ഉല്‍പന്നമെന്ന ലേബലും ലഭിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com