കൈത്തീറ്റയ്ക്ക് ബുദ്ധിമുട്ടിയാലും മുയലുകള്‍ക്ക് ഇവയൊന്നും കഴിക്കാന്‍ നല്‍കരുത്

HIGHLIGHTS
 • ദീര്‍ഘകാലം ഉള്ളി കഴിച്ചാല്‍ ക്രേമണ മരണത്തിലേക്കെത്തും
 • പെര്‍സിന്‍ എന്ന വിഷസംയുക്തം അവോക്കാഡോയിലുണ്ട്
rabbit
SHARE

അരുമയായും വരുമാനമാര്‍ഗമായും മുയലുകളെ വളര്‍ത്തുന്നര്‍ ഏറെയുണ്ട്. ധാന്യപ്പൊടികളും പിണ്ണാക്കുകളും ചേര്‍ന്ന കൈത്തീറ്റയും പുല്ലും നല്‍കിയാണ്  മുയലുകളെ വളര്‍ത്തുക. എന്നാല്‍, വീട്ടില്‍ ലഭ്യമായിട്ടുള്ള പഴങ്ങളും പച്ചക്കറികളും മുയലുകള്‍ക്കു നല്‍കുന്നവരും കുറവല്ല. കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ കൈത്തീറ്റയ്ക്ക് ബുദ്ധിമുട്ടുന്ന കർഷകർ ഏറെയുണ്ട്. അതുകൊണ്ടുതന്നെ ലഭ്യമായിട്ടുള്ള പഴങ്ങളും പച്ചക്കറികളും നൽകാൻ ശ്രമിക്കരുത്. എല്ലാത്തരം പഴങ്ങളും പച്ചക്കറികളും മുയലുകള്‍ക്കു നല്‍കാമോ? ഇല്ല. ചില പഴങ്ങളും പച്ചക്കറികളും മുയലുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അത്തരം ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നറിയാം.

പച്ചക്കറികള്‍

 • ഉരുളക്കിഴങ്ങ്: വിഷാംശമുള്ള ആല്‍ക്കലോയിഡായ സൊളാനിന്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. പുഴുങ്ങിയാല്‍ ഈ വിഷാംശം പോകും. എങ്കില്‍പ്പോലും ഉരുളക്കിഴങ്ങ് മുയലുകള്‍ക്ക് നല്‍കാന്‍ പാടില്ല. കാരണം, ഉയര്‍ന്ന കാലറിയും അന്നജവും ഉള്ളതിനാല്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. 
 • മധുരക്കിഴങ്ങ്: ഉരുളക്കിഴങ്ങിലേതുപോലെതന്നെ സൊളാനിന്‍ ഇതിലും അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഉയര്‍ന്ന അളവില്‍ പഞ്ചസാരയും മധുരക്കിഴങ്ങിലുണ്ട്. അതിനാല്‍ നല്‍കാത്തതാണ് അഭികാമ്യം. ഇലപ്പടര്‍പ്പ് ഭക്ഷണമായി നല്‍കാം.
 • വെളുത്തുള്ളി: ആന്തരിക പരാദങ്ങള്‍ക്കെതിരേ വളരെ കുറഞ്ഞ അളവില്‍ വെളുത്തുള്ളി പണ്ടു കാലം മുതലേ ഉപയോഗിച്ചിരുന്നു. എന്നാല്‍, ഭക്ഷണം എന്ന രീതിയില്‍ സ്ഥിരമായി നല്‍കാന്‍ പാടില്ല. ഉദരസംബന്ധമായ അസുഖങ്ങള്‍ക്കു കാരണമാകും.
 • ഉള്ളി: മുയലുകളുടെ രക്തത്തിലെ ചുവന്ന രക്താണുക്കള്‍ നശിക്കാന്‍ കാരണമാകും. തന്മൂലം വിളര്‍ച്ചയും ആരോഗ്യക്കുറവും മുയലുകള്‍ക്കുണ്ടാകും. ദീര്‍ഘകാലം ഉള്ളി കഴിച്ചാല്‍ ക്രേമണ മരണത്തിലേക്കെത്തും.
 • മുള്ളങ്കി: ദഹിക്കാന്‍ ബുദ്ധിമുട്ട്. ദഹനപ്രശ്‌നങ്ങളുണ്ടാകും. അതേസമയം, ഇലകള്‍ നല്‍കാം.

പഴങ്ങള്‍

 • വാഴപ്പഴം: പോഷകസമ്പുഷ്ടമായ പഴം, വിറ്റാമിന്‍ ബി1 ന്‌റെ ഉറവിടം. എന്നാല്‍, മുയലുകള്‍ക്ക് അമിതമായി നല്‍കുന്നത് നന്നല്ല. ഉയര്‍ന്ന അളവില്‍ പഞ്ചസാരയുള്ളതിനാലും ദഹനക്കേട് ഉണ്ടാക്കുമെന്നതിനാലുമാണ് ഇത് മുയലുകള്‍ക്ക് നല്‍കാന്‍ പാടില്ലാത്തത്. പഴം അല്‍പം നല്‍കാമെങ്കിലും പച്ചക്കായ ഒരിക്കലും നല്‍കരുത്.
 • ആത്തക്ക: മധുരം കൂടുതലുള്ളതിനാല്‍ മുയലുകള്‍ക്ക് നല്‍കാന്‍ ഉത്തമമല്ല. മാത്രമല്ല മുയലുകളില്‍ പൊണ്ണത്തടിക്കും കാരണമാകും. അല്‍പം കൊടുക്കുന്നതില്‍ തെറ്റില്ലെങ്കിലും നല്‍കാതിരിക്കുന്നതാണ് നല്ലത്.
 • അത്തിപ്പഴം: മുകളില്‍ സൂചിപ്പിച്ചതുപോലെതന്നെ പഞ്ചസാരയുടെ അളവ് കൂടുതല്‍. 
 • അവോക്കാഡോ: പെര്‍സിന്‍ എന്ന വിഷസംയുക്തം അവോക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്. മുയലുകള്‍ക്കും മറ്റ് അരുമകള്‍ക്കും ഇത് വിഷമാണ്. അതുകൊണ്ടുതന്നെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഒരിക്കലും കൊടുക്കരുത്.

കാര്‍ബോഹൈഡ്രേറ്റുകള്‍

അധികമായി കാര്‍ബോഹൈഡ്രേറ്റുകള്‍ ഉള്ളില്‍ച്ചെല്ലുന്നത് മുയലുകള്‍ക്ക് നന്നല്ല. കാരണം, ദഹിക്കാനുള്ള ബുദ്ധിമുട്ട് തന്നെ. ഉയര്‍ന്ന തോതില്‍ കാര്‍ബോഹൈഡ്രേറ്റ് ഉള്ളില്‍ച്ചെന്നാല്‍ പുളിക്കലിനു വിധേയമാകും. ഇത് മുയലുകളുടെ ദഹനവ്യൂഹത്തെ നശിപ്പിക്കും. മാത്രമല്ല വയര്‍വീര്‍പ്പ്, വയര്‍ കമ്പിക്കല്‍ എന്നിവയ്ക്കും കാരണമാകും. ചോറ്, റൊട്ടി, ബിസ്‌ക്കറ്റ്, വാള്‍നട്ട്, പയറുകള്‍, ചോളം, ഓട്‌സ് എന്നിവ വലിയ അളവില്‍ നല്‍കരുത്.

പാലുല്‍പന്നങ്ങളും മറ്റ് ഹാനികരമായ ഭക്ഷണങ്ങളും

പാല്‍, തൈര്, വെണ്ണ എന്നുതുടങ്ങി എല്ലാ പാലുല്‍പന്നങ്ങളും മുയലുകള്‍ക്ക് നന്നല്ല. അതുപോലെതന്നെ നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമുള്ള തീറ്റകളും മുയലുകള്‍ക്ക് നല്‍കരുത്. അതില്‍ മൃഗമാംസ്യം അടങ്ങിയിരിക്കുന്നതിനാല്‍ മുയലുകള്‍ക്ക് ദഹിപ്പിക്കാന്‍ കഴിയില്ല.

മുയലുകളുടെ രോഗലക്ഷണങ്ങള്‍

 • 12 മണിക്കൂറിലേറെ സമയം മുയല്‍ ഭക്ഷണം കഴിക്കാതിരുന്നാല്‍ (പ്രധാനമായും പുല്ല്).
 • 12 മണിക്കൂറിലേറെ സമയം മൂത്രമൊഴിക്കാതെയോ കാഷ്ഠിക്കാതെയോ വന്നാല്‍.
 • വേദന, ഉന്മേഷക്കുറവ്, ക്ഷീണം, കൂനിക്കൂടിയിരിക്കൽ എന്നിവ കണ്ടാല്‍. 
 • അയഞ്ഞ കാഷ്ഠം.
 • ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ വെറ്ററിനറി ഡോക്ടറുടെ സേവനം തേടാന്‍ താമസിക്കരുത്.
MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA