ADVERTISEMENT

അപ്രതീക്ഷിതമായി രാജ്യമൊട്ടാകെയുള്ള  21 ദിവസത്തെ ലോക്ക് ഡൌൺ ചില്ലറ ബുദ്ധിമുട്ടുകളല്ല നമുക്കൊക്കെ സൃഷ്ടിച്ചിരിക്കുന്നത്. ബഹുഭൂരിപക്ഷം ആൾക്കാരും ഭക്ഷണ സാമഗ്രികകൾ സംഭരിക്കാനുള്ള പരക്കം പാച്ചിലിലായിരുന്നപ്പോൾ കർഷകർക്ക് അവരുടെ മിണ്ടാപ്രാണികളെക്കുറിച്ച് കൂടി ആശങ്കപ്പെടേണ്ട സാഹചര്യമാണ്. പലപ്പോഴും ഇത്തരം സാഹചര്യത്തിൽ മനുഷ്യർക്കുള്ള ചരക്കു നീക്കങ്ങൾക്കാവും പ്രഥമ പരിഗണന ലഭിക്കുന്നത്. തൽഫലമായി പക്ഷിമൃഗാദികൾക്കുള്ള സമീകൃത തീറ്റ,  തീറ്റ നിർമാണ സാമഗ്രികകൾ എന്നിവ  ലഭിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യം ഉടലെടുക്കും. ഇത്തരം സാഹചര്യങ്ങളിൽ ഇറച്ചിക്കോഴികൾക്കും മുട്ടക്കോഴികൾക്കും നമ്മുടെ നാട്ടിൽ ലഭിക്കുന്ന വസ്തുക്കൾ കൊണ്ട് തന്നെ  തീറ്റ നിർമിക്കേണ്ടതായി വരും.

സാധാരണയായി  മുട്ടക്കോഴികൾക്ക് ആദ്യ എട്ടാഴ്ച വരെ സ്റ്റാർട്ടർ, മുട്ടയിടുന്നതു വരെ ഗ്രോവർ,  മുട്ടയിടുന്ന ശേഷം മുട്ടക്കോഴി തീറ്റ എന്നതാണ് തീറ്റ ക്രമം. മുട്ടയിടുന്ന ഒരു കോഴിക്ക് ഒരു ദിവസം ശരാശരി 120 ഗ്രാം തീറ്റ ആവശ്യമാണ്. വീട്ടിലെ  മുട്ടക്കോഴികൾക്ക് സമീകൃത തീറ്റ ലഭിക്കാതെ വരുന്ന സാഹചര്യമുണ്ടായാൽ താഴെ പറയുന്ന രീതിയിൽ തീറ്റ നിർമിക്കാം 

  • അരി/ഗോതമ്പ്/ചോറ്: 20% 
  • കടല/തേങ്ങാ/എള്ളിൻ പിണ്ണാക്ക്: 25% 
  • തവിട്: 30% 
  • ഉണക്കക്കപ്പ: 10% 
  • മീൻ വേസ്റ്റ്: 10% 
  • നീറ്റാത്ത കക്ക പൊടിച്ചത്: 5% 

ഇറച്ചിക്കോഴികൾക്ക് ആദ്യ ആഴ്ച പ്രീ സ്റ്റാർട്ടർ, പിന്നീടുള്ള രണ്ടാഴ്ച സ്റ്റാർട്ടർ, ഒടുവിലത്തെ മൂന്നാഴ്ച ഫിനിഷർ തീറ്റയാണ് സാധാരണയായി നൽകി വരുന്നത്. നിലവിൽ ഇവ ലഭ്യമാകാത്ത സാഹചര്യത്തിൽ ചുവടെ പറഞ്ഞ രീതിയിൽ തീറ്റ ഉണ്ടാക്കാൻ ശ്രമിക്കാം 

  • അരി/ഗോതമ്പ്/ചോറ്: 25% 
  • കടല/തേങ്ങാ/എള്ളിൻ പിണ്ണാക്ക്: 30% 
  • തവിട്: 20% 
  • ഉണക്കക്കപ്പ: 15% 
  • മീൻ വേസ്റ്റ്: 10% 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  1. 1 കിലോഗ്രാം തീറ്റ നിർമിക്കുമ്പോൾ  1 ടീ സ്പൂൺ  കറിയുപ്പ് കൂടി ചേർത്ത് മിക്സ്‌ ചെയ്യണം 
  2. നിങ്ങൾ കൊടുത്തു കൊണ്ടിരിക്കുന്ന തീറ്റ തീരാറാകുന്ന മുറയ്ക്ക് തന്നെ പുതുതായി നിർമിച്ച തീറ്റ കൂടി ചേർത്ത് മിക്സ് ചെയ്ത് പതുക്കെ പുതിയ  തീറ്റയിലേക്ക് മാറ്റണം. പൊടുന്നനെ മുഴുവനായും തീറ്റ മാറ്റുന്നത് ഉൽപാദനത്തെ സാരമായി ബാധിക്കാനിടയുണ്ട്.
  3. ധാതു ലവണ മിശ്രിതം ലഭ്യമാണെങ്കിൽ തീറ്റയുടെ 2 ഭാഗം എന്ന അനുപാതത്തിൽ അതുകൂടി  ചേർക്കാം 

ഇറച്ചിക്കോഴി, മുട്ടക്കോഴി എന്നീ വ്യതാസമില്ലാതെ ഏതു തരം കോഴികൾക്കും  അവയുടെ  ശാരീരിക ധർമ്മങ്ങൾ മുന്നോട്ട് കൊണ്ട് പോകാനായി ഒരു മാതൃക തീറ്റ ഘടന ഇപ്രകാരം നിർമിക്കാം  

  • അരി/ഗോതമ്പ്/ചോറ്: 30% 
  • പിണ്ണാക്ക്: 30% 
  • തവിട്: 30% 
  • മീൻ വേസ്റ്റ്: 10% 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  1. ഇത്തരം തീറ്റ നിർമാണം പ്രത്യേക സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാം.
  2. പൂർണതോതിലുള്ള  ഉൽപാദന ക്ഷമത,  തീറ്റ പരിവർത്തന ശേഷി എന്നിവ  ലഭ്യമാകാൻ ഇറച്ചിക്കോഴി,  മുട്ടക്കോഴി എന്നിവയ്ക്ക് അവയുടെ  പ്രായത്തിനനുസരിച്ചുള്ള പ്രത്യേക തീറ്റകൾ തന്നെയാണ് അഭികാമ്യം.
  3. തിരിച്ചു സമീകൃത തീറ്റയിലേക്ക് മാറുമ്പോഴും രണ്ടു മൂന്നു ദിവസമെടുത്ത് പതുക്കെ പഴയ തീറ്റയിലേക്ക് മടങ്ങാനും ശ്രദ്ധിക്കണം..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com