ADVERTISEMENT

ഒരു രാത്രി, ഒരു പ്രദേശം, ഒരു ഡോക്ടർ, 3 പ്രസവ കേസുകൾ, മൂന്നിന്റെയും ഗർഭപാത്രം തള്ളി പുറത്തേക്കു പോരുക... അപൂർവമായി ഉണ്ടായ അനുഭവത്തെക്കുറിച്ച് ആലുവ വാഴക്കുളം ബ്ലോക്കിലെ രാത്രികാല സർജൻ ഡോ. അനുരാജ് പങ്കുവച്ച അനുഭവക്കുറിപ്പ്. 

ഈ സമയത്ത് വെറ്ററിനറി സേവനങ്ങൾ അടിയന്തരഘട്ടസേവനം ആണെങ്കിലും ഒട്ടുമിക്ക പ്രശ്‌നങ്ങൾക്കും ഫോൺ വിളിയിൽ തന്നെ പരിഹാരം ആകുന്ന പ്രശ്നങ്ങൾ ആകും... ആയിരുന്നു... എന്നാൽ, പ്രസവതടസം, ഗർഭപാത്രം ഇറങ്ങിപ്പോക്ക്, ക്ഷീരസന്നി തുടങ്ങിയ അവസ്ഥകളിൽ മറ്റു വഴികൾ ഒന്നുമില്ല. നാം പോയേ മതിയാകൂ... കൊറോണ കാലമാണ്, നമ്മൾ ജീവനോടെ ഇരുന്നാൽ ഈ ദുരന്തം കഴിയുമ്പോൾ ഇനിയും അനേകം ജീവനുകൾ രക്ഷിക്കാം, ഇപ്പോൾ സുരക്ഷ നോക്കി കേസുകൾ ചെയ്യാതെ ഇരിക്കുക, കാരണം മൃഗസംരക്ഷണ മേഖലയിൽ മരുന്നു കൊടുക്കാൻ പോകേണ്ടത് രോഗിയുടെ അടുത്തേക്കാണ് എന്നത് വളരെ വലിയൊരു റിസ്ക് ഫാക്ടർ ആണ് എന്നെല്ലാം ഉള്ളത് ദിവസങ്ങളായി കേട്ടു കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും അടിയന്തര ഘട്ടങ്ങളിൽ പോയേ മതിയാകൂ എന്നതിനാൽ ഇന്ന് വെളുപ്പിനെ ഉണ്ടായ ഒരു അനുഭവം (30/03/2020) കുറിക്കുന്നു.

ഇന്നലത്തെ വൈകുന്നേരം എന്റെ ചികിത്സ കാലഘട്ടത്തിലെ ഒരു പ്രത്യേക ദിനം കൂടി ആയിരുന്നു. വൈകുന്നേരം ഏകദേശം 7 മണിയോടെ ആദ്യത്തെ ഫോൺ കോൾ. എടത്തല പഞ്ചായത്തിന്റെ പരിധിയിൽനിന്ന് ആദ്യത്തെ വിളി വന്നു, പശു പ്രസവം കഴിഞ്ഞു ഗർഭപാത്രം മുഴുവനായി പുറത്തു വന്നിരിക്കുന്നു. പോയേ മതിയാകൂ. ചെന്ന് ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിൽ ഗർഭപാത്രം തിരികെ കയറ്റി തുന്നൽ ഇട്ട് വീട്ടിലെത്തി. അതോടെ സുരാജിന്റെ ദശമൂലം ദാമു പറയും പോലെ ഇനി എന്നെ രണ്ട് ഓലക്കീറോ വെള്ളത്തുണിയോ ഇട്ടു മൂടിയാൽ മതി എന്ന അവസ്ഥയായി. ഇത്തരം കേസ് നേരിട്ടിട്ടുള്ളവർക്കറിയാം അതിന്റെ ബുദ്ധിമുട്ട്. ഇനി ഒരാഴ്ച കേസ് ചെയ്യാൻ വയ്യ. വീട്ടിൽ വന്ന് കുളി കഴിഞ്ഞു വിശ്രമിക്കാൻ നേരം രണ്ടാമത്തെ വിളി വന്നു. മറ്റൊരു കർഷകൻ, പ്രശ്നം അതു തന്നെ. പ്രസവശേഷം ഗർഭപാത്രം പുറത്തേക്ക് തള്ളാൻ ശ്രമിക്കുന്നു ഡോക്ടർ ഒന്നു വരേണ്ടി വരും. എന്നാൽ കുറച്ചു മുൻകരുതൽ മരുന്നുകളിൽ തൽക്കാലത്തേക്ക് പ്രശ്നം തീർന്നു. 

സമാധാനം, ഇനി ഉറങ്ങാമല്ലൊ. അങ്ങിനെ ഉറങ്ങാനുള്ള തയാറെടുപ്പ് നടത്തുമ്പോഴാണ്, ഏകദേശം 2 മണി കഴിഞ്ഞു, നമ്മുടെ കേന്ദ്രകഥാപാത്രം രംഗപ്രവേശം ചെയ്യുന്നത്. മൂന്നാമത്തെ ഗർഭപാത്രം! ഒരു 5 അല്ലെങ്കിൽ 6 പ്രസവം കഴിഞ്ഞ, മുൻപ് കുളമ്പുരോഗവും അകിടുവീക്കവും ഒക്കെ വന്ന് രണ്ടു മുലക്കാമ്പുകൾ നഷ്ടപ്പെട്ട ഈ പശുവിനെ അല്ല തുടക്കത്തിൽ ദുരന്ത പശു എന്നു പറഞ്ഞത്. അതു നിങ്ങൾക്ക് വഴിയേ മനസിലാകും. ഈ പശുവിന് ഒരു പ്രത്യേകതയുണ്ട്. അതിന് അൽപം പിന്നാമ്പുറ കഥ പറയാനുണ്ട്. അതിലേക്ക് പോകാം..

cow-1
ഗർഭപാത്രം പൂർവസ്ഥിതിയിലാക്കിയപ്പോൾ

2 കൊല്ലം മുൻപാണ് അത്‌. കൃത്യമായി പറഞ്ഞാൽ പ്രളയത്തിന്റെ സമയത്ത്. അന്നും രാത്രികാല വെറ്ററിനറി ഡോക്ടർ ആയി വാഴക്കുളം ബ്ലോക്കിൽ സേവനമനുഷ്ഠിക്കുകയാണ്. ആലുവാപ്പുഴ നിലതെറ്റി ഒഴുകുകയാണ്, എന്റെ ബ്ലോക്കിന്റെ ഉയർന്ന ചില പ്രദേശം ഒഴികെ ബാക്കി എല്ലാം മുങ്ങിത്തുടങ്ങി. ഹെലികോപ്റ്റർ തലങ്ങും വിലങ്ങും മുകളിലൂടെ പറക്കുന്നു. ആംബുലൻസ്, പോലീസ്, ഫയർ ഫോഴ്സ്... അങ്ങിനെ ആകെ കോലാഹലങ്ങൾ. വൈകുന്നേരം ആണ്, തുടർച്ചയായി ഫോൺ അടിക്കുന്നു. എടയപ്പുറം എന്ന പുഴയോട് ചേർന്ന സ്ഥലത്തുനിന്നാണ് വിളി. പശു ഗർഭപാത്രം തള്ളി പുറത്തിട്ടിരിക്കുന്നു, ഡോക്ടർ വരണം... വെള്ളം വളരെ വേഗം കേറി തുടങ്ങിയതിനാൽ ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുന്ന ഇടമാണ്... മറ്റൊന്നും ആലോചിച്ചില്ല, വിനു ചേട്ടൻ (അന്നത്തെ അറ്റൻഡർ, അടുത്ത സുഹൃത്തും അയൽവാസിയും ആണ്) കൂടെ വന്നു. ചെറിയ മഴയുണ്ട്, ഇരുട്ടും. ഉടമസ്ഥന്റെ പേര് സത്താർ എന്നോ മറ്റോ ആണ്. താഴെ രണ്ടു വീടിനപ്പുറം വീടിന്റെ താഴെ നില മുങ്ങി തുടങ്ങിയിരിക്കുന്നു... ഗർഭപാത്രം എളുപ്പം അകത്തു കയറ്റി ഇടണം... ഇടുങ്ങിയ തൊഴുത്തിൽ രണ്ടും വട്ടം എനിക്ക് പേശിവലിവ്‌ ഉണ്ടായിട്ടും വിനു ചേട്ടനും ഞാനും കൂടെ എങ്ങിനെയൊക്കെയോ ഗർഭപാത്രം അകത്തിട്ട് സ്റ്റിച്ച് ചെയ്തു. ഇതാണ് അന്ന് നടന്നത്.

ഇനി ഇന്നലെ നടന്നത്... രാത്രി മൂന്നാമത്തെ വിളി വന്ന ശേഷം മനസിലായി, അതേ പശു... അതേ വീട്... അതേ അവസ്ഥ... ദുരന്തകാലത്തിനു മാത്രം വ്യത്യാസം ഉണ്ട്. പ്രളയം മാറി കോറോണയായി. വെള്ളം ആണേൽ വരുന്നത് കാണാം. ഇതിപ്പോ കൊറോണ ഏതു വഴി വരുമെന്ന് ആർക്കറിയാം? കൂടെ ആരെയും കൂട്ടാനും പറ്റില്ല. പാതിരാത്രിയും. ഇന്ന് ചെയ്തില്ലെങ്കിൽ നാളെ പശു കാണില്ല. മാസ്‌കും വച്ച് കാർ എടുത്തു പുറത്തിറങ്ങി, പോണ വഴിക്ക് ഒരു പൂച്ചക്കുഞ്ഞു പോലുമില്ല. ചെന്ന ഉടനെ ഒന്നു രണ്ടു പേരെ സഹായത്തിന് കിട്ടി. 

ആദ്യത്തെ ചവിട്ടും തൊഴിയും അടങ്ങിയ ശേഷം അൽപം പ്രയാസപ്പെട്ട് ഗർഭപാത്രം ശരിയാക്കി തുന്നലും ഇട്ടു കഴിഞ്ഞപ്പോൾ നേരം 4 മണി ആയി. ഇതിനിടെ എല്ലാം കൂടെ ഉള്ളവരോട് കൃത്യമായ അകലം പാലിക്കാനും ശ്രദ്ധിക്കേണ്ടതുണ്ടായി. പേശിവലിവ് വന്ന തോൾ അമർത്തി പിടിച്ചു കാർ ഓടിച്ചു വീട്ടിൽ എത്തി കുളി കഴിഞ്ഞപ്പോൾ പുലർച്ചെ 5 മണി ആയി സമയം. ഒരേ ദിവസം 3 പശുക്കളുടെ ഗർഭപാത്രം തള്ളുക എന്ന അവസ്‌ഥ നേരിടേണ്ടി വന്നിട്ടില്ല ഇതു വരെ. എങ്കിലും ഈ ദുരന്ത സമയത്തു കൃത്യമായി ഗർഭപാത്രം തള്ളി പുറത്തിടുന്ന പശു ഒരു വല്ലാത്ത പശു തന്നെ. പശുവിനെ പറഞ്ഞിട്ടും കാര്യമില്ല ഇതിപ്പോ എല്ലാ കൊല്ലവും ഒന്നോ രണ്ടോ ദുരന്തം വച്ചല്ലേ വരുന്നത്! എന്റെയും ഗര്ഭപാത്രങ്ങളുടെയും തള്ളുകൾ ഇന്നിനി ഒന്നും ശേഷിക്കുന്നില്ല എന്നതിനാൽ ശേഷം ഞാൻ പതുക്കെ ഉറക്കത്തിലേക്കു കടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com