ADVERTISEMENT

ടാറിൽ മുങ്ങിയ നിലയിൽ നായ്ക്കുട്ടികൾ, അവരുടെ സമീപത്ത് നിസഹായയായി അമ്മ. ഇതായിരുന്നു കഴിഞ്ഞ ദിവസം പട്ടിത്താനം സിഐ ദയ ആനിമൽ വെൽഫെയർ ഓർഗനൈസേഷനെ വിളിച്ചറിയിച്ചത്. പകലിലെ ചൂടിൽ ഉരുകിയൊലിച്ച ടാറിൽ നായ്ക്കുട്ടികൾ പെട്ടുപോകുകയായിരുന്നു. കോവിഡ്–19 നിയന്ത്രണങ്ങളായിരുന്നെങ്കിൽ പോലും ഈ കുഞ്ഞു ജീവനുകൾ രക്ഷിക്കാനായി പോലീസും ഡോക്ടറും സംഘടനയും ഒരുമിച്ച് പ്രവർത്തിച്ചു. നായ്ക്കുട്ടികളുടെ രക്ഷാപ്രവർത്തനത്തെക്കുറിച്ച് ദയ ആനിമൽ വെൽഫെയർ ഓർഗനൈസേഷൻ പങ്കുവച്ച കുറിപ്പ് വായിക്കാം. 

പകൽ പോലും പുറത്തിറങ്ങാൻ കർക്കശ നിയന്ത്രണങ്ങളുള്ള ലോക്ക് ദിവസങ്ങളിലെ രാത്രി 9 മണിക്കു പട്ടിമറ്റത്തെ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ വി.ടി. ഷാജന്റെ ഫോൺ കോൾ ഞങ്ങളെ ആകെ കൺഫ്യൂഷനിൽ ആക്കി. വെയിലത്തു വീപ്പയിൽനിന്ന് ഉരുകി ഒലിച്ച ടാറിൽ നാലു നയ്ക്കുട്ടികൾ പെട്ടിരിക്കുന്നു. ഫോണിൽ അവയുടെ കരച്ചിൽ വ്യക്തമായി കേൾക്കാമായിരുന്നു. കേടായ ലോറിയുടെ അടിയിലാണ് കിടക്കുന്നത്, ലോറി മാറ്റാൻ പറ്റില്ല. അവിടുന്ന് എടുക്കാൻ പോലീസുകാർ ശ്രമിച്ചു, സാധിക്കുന്നില്ല.

ടാറിൽ മുങ്ങി ഒരെണ്ണം മരിച്ചു എന്നു തോന്നുന്നു എന്നും പറഞ്ഞ് അവരുടെ ഒരു ഫോട്ടോ കൂടി അയച്ചു തന്നു. പോലീസ് ശ്രമിച്ചിട്ടും സാധിച്ചില്ലെങ്കിൽ എന്ത് ചെയ്യും എന്ന ആശങ്കയിൽ ആയി ഞങ്ങൾ.

ടാറിൽ മുങ്ങിയവരെ എങ്ങനെ വേണം കൈകാര്യം ചെയ്യേണ്ടത് എന്നറിയാൻ അപ്പോൾ തന്നെ ഞങ്ങൾ തൃക്കളത്തൂർ വെറ്ററിനറി സർജൻ ഡോ. ലീന പോളിനെ വിളിച്ചു. ഫോട്ടോയും അയച്ചു കൊടുത്തു. ഞങ്ങളുടെ ആശങ്കയും പങ്കു വച്ചു. ഉടനെ ഡോക്ടറുടെ മറുപടി വന്നു, "നിങ്ങൾക്കാകും പോകൂ." ആ വാക്കുകളിൽ ശക്തി സംഭരിച്ച ഞങ്ങളുടെ റെസ്ക്യൂ സംഘം പോലീസിന്റെ അനുവാദത്തോടെ 20 കിലോമീറ്റർ അകലെയുള്ള പട്ടിമറ്റത്തേക്കു യാത്രയായി.

വാഹനങ്ങളുടെ ശവപ്പറമ്പ് ആയ പ്രദേശത്തു ടെമ്പോ ട്രാക്സ് ലോറിയുടെ കീഴിൽ മുഖം മാത്രം വെളിയിൽ ആയി മൂന്നു നായ്ക്കുട്ടികൾ. അവയുടെ പുറത്തായി ഒരെണ്ണം. കാൽ വച്ചാൽ താന്നു പോകുന്ന അവസ്ഥ. വിഡിയോ എടുത്ത് അയച്ചതോടെ ഞങ്ങളുടെ ജോയിന്റ് സെക്രട്ടറി ശ്യാം മോഹൻ റെസ്ക്യൂ ടീമിനെ വിളിച്ചു. ടാർ ഉള്ള ഭാഗത്ത് ഷീറ്റ് വിരിച്ചു കിടന്നിട്ട് കുഞ്ഞുങ്ങൾ കിടക്കുന്ന ഭാഗം ടാർ മുറിച്ചു മണ്ണോടെ പുറത്തെടുക്കുക. അതായിരുന്നു എൻജിനിയർ കൂടിയായ അദ്ദേഹത്തിന്റെ നിർദ്ദേശം.

അവിടെ കിടന്നിരുന്ന വാഹനത്തിലെ ഷീറ്റുകൾ, കാർബോർഡ് പെട്ടികൾ, ചാക്കുകൾ എല്ലാം വിരിച്ചു, ഗരുഡ യുടെ ഡ്രൈവറും വർക്ക്‌ ഷോപ്പ് മെക്കാനിക്കുമായ മുഹമ്മദ്‌ ഷായും സെക്രട്ടറി രമേഷ് പുളിക്കനും രണ്ടു വശത്തുനിന്നും വാഹനത്തിനടിയിലേക്കു ഇഴഞ്ഞു കയറി.

കത്തിയും, വാക്കത്തിയും ഉപയോഗിച്ച് ഹൽവ മുറിക്കുന്നത് പോലെ (ഒട്ടും എളുപ്പം ആയിരുന്നില്ല ) നയ്ക്കുട്ടികൾ കിടന്ന ഭാഗം മുറിച്ചു. ഒരടി ഘനത്തിൽ മുറിച്ച ഭാഗങ്ങളിൽ കമ്പുകളും പ്ലാസ്റ്റിക് കവറുകളും തിരുകി രണ്ടു മണിക്കൂർ എടുത്തു മണ്ണോടു കൂടി അവരെ വളരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ.

തുടർന്ന് മണ്ണും കട്ടിയിൽ ഉണ്ടായിരുന്ന ടാറും മുറിച്ചുമാറ്റി പാതിരാത്രി രണ്ടു മണിയോടെ ദയയുടെ താൽക്കാലിക ഷെൽറ്ററിൽ എത്തിച്ചു. തിളപ്പിച്ച്‌ ആറ്റിയ പാൽ ഫില്ലറിൽ നൽകി നേരം വെളുക്കാൻ കാത്തിരുന്നു ഞങ്ങൾ.

ഡോ. ലീന പോളിന്റെ ഉപദേശപ്രകാരം കണ്ണും മൂക്കും മുഖവും ഒഴിവാക്കി മണ്ണെണ്ണയിൽ തുടച്ചു ഡീസലിൽ മുക്കി കുതിർത്ത് ഓരോരുത്തരുടെയും ദേഹത്തുനിന്നും ടാർ നീക്കം ചെയ്തു. പിന്നെ പെറ്റ് ഷാംപൂ ഒഴിച്ച വെള്ളത്തിൽ കുളിപ്പിച്ച് തുടച്ചു വൃത്തിയാക്കി.

പൂർണ ആരോഗ്യത്തോടെ ഭക്ഷണം കഴിച്ചു മൂവാറ്റുപുഴയിലെ ദയയുടെ താൽക്കാലിക ഷെൽറ്ററിലാണ് അവർ നാലു പേരും. നാലു ദിവസത്തെ നിരീക്ഷണത്തിനു ശേഷം പോലീസ് സ്റ്റേഷന്റെ കാവലാൾ ആയ അവരുടെ അമ്മയുടെ അടുത്തേക്ക് തിരിച്ചു വിടണം.

മരിച്ചു ജീവിച്ച കുഞ്ഞുങ്ങളെ കാണുമ്പോൾ ഞങ്ങൾ നന്ദി പറയുന്നത് മൂന്നു പേരോടാണ്, ലോക്ക് ഡൗണിലും ഇത് വിളിച്ചു പറയുകയുകയും ഞങ്ങളുടെ യാത്രക്ക് അനുമതി ലഭ്യമാക്കുകയും ചെയ്ത പട്ടിമറ്റം സിഐ വി.ടി. ഷാജൻ, ഞങ്ങളുടെ റെസ്ക്യൂ ടീമിനൊപ്പം രാത്രി ഒരു മണിക്കും ഉണർന്നിരുന് ഫോണിലൂടെ നായ്ക്കുട്ടികളുടെ സുരക്ഷയ്ക്കുള്ള നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്ന ഡോ. ലീന പോൾ, പിന്നെ ഗരുഡ സാരഥിയും മെക്കാനിക്കും ആയ മുഹമ്മദ്‌ ഷാ, അദ്ദേഹത്തിന്റെ വർക്ക് ഷോപ് എക്സ്പീരിയൻസ് ആണ് വാഹനത്തിനടിയിൽനിന്ന് അവരെ പുറത്തെടുക്കാൻ തുണയായത്. ടീം ദയ ഈ റെസ്ക്യൂ ഈ മൂവർക്കുമായി സമർപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com