തെരുവുമൃഗങ്ങൾക്കുവേണ്ടി ഒരു ജില്ലാ കലക്ടർ

HIGHLIGHTS
  • പ്രതിദിനം 15 കിലോഗ്രാം അരിയുടെ ഭക്ഷണം
  • രണ്ടു നേരം ഭക്ഷണ വിതരണം
collector
എറണാകുളം ബോട്ട് ജെട്ടിക്കുസമീപം തെരുവില്‍ അലഞ്ഞു നടന്ന നായയ്ക്ക് ജില്ലാ കലക്ടർ എസ്. സുഹാസ് ഭക്ഷണം നൽകുന്നു
SHARE

കോവിഡ്–19ന്റെ നിയന്ത്രണത്തിൽ പട്ടിണിയിലായവരിൽ തെരുവുമൃഗങ്ങളും ഉൾപ്പെടും. തെരുവുമൃഗങ്ങൾക്ക് ഭക്ഷണമെത്തിക്കുന്ന കാര്യത്തിൽ മാതൃകാ നടപടിയാണ് എറണാകുളം ജില്ലാ ഭരണകൂടം കൈക്കൊണ്ടിട്ടുള്ളത്. ജില്ലാ കലക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണവകുപ്പും സന്നദ്ധസംഘടനകളും പ്രതിദിനം 15 കിലോഗ്രാം അരിയുടെ ഭക്ഷണം തെരുവിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്കായി പാകം ചെയ്യുന്നു. തെരുവുമൃഗങ്ങൾക്കുവേണ്ടി എറണാകുളം ജില്ലയിൽ കൈക്കൊണ്ടിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. കലക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം.

കോവിഡ് കാലത്ത് സഹജീവികളോടും വേണം, കരുതല്‍.

ലോക് ഡൗൺ കാലത്ത് നമ്മൾ മാത്രമല്ല മറ്റ് ജീവജാലങ്ങളും പ്രയാസമനുഭവിക്കുന്നുണ്ട്. ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന ശാസ്താംകോട്ടയിലെ വാനരൻമാരെ കുറിച്ചും പനമ്പട്ട കിട്ടാത്ത ആനകളെ കുറിച്ചും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പരാമർശിച്ചിരുന്നു.

ജില്ലയിലെ തെരുവുകളിലും ഭക്ഷണമില്ലാതെ പട്ടിണിയായ നായകളും പൂച്ചകളുമുണ്ട്. ഇവർക്ക് ഭക്ഷണമെത്തിക്കുന്നതിനുള്ള സംരംഭത്തിന് ഇന്ന് (31–03–2020) തുടക്കം കുറിച്ചു.

ജില്ലാ ഭരണകൂടം, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ വൺനെസ്, ധ്യാൻ ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ പ്രവർത്തകരാണ് ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

വണ്‍നസ് സംഘടനയിലെ 22 വോളന്റിയര്‍മാര്‍ കൊച്ചി നഗരത്തിനകത്തും പുറത്തുമായി 12 വാഹനങ്ങളിലാണ് തെരുവു മൃഗങ്ങള്‍ക്കായി ഭക്ഷണം എത്തിക്കുന്നത്. ഓരോ പ്രദേശത്തും മൃഗങ്ങള്‍ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയാണ് ഇവരുടെ ഭക്ഷണ വിതരണം. കൂടാതെ വോളന്റിയര്‍മാര്‍ അവരുടെ വീടിനു സമീപത്തും ഇത്തരത്തില്‍ തെരുവുമൃഗങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്നുണ്ട്.

രാവിലെ 9 മുതല്‍ 12 വരെയും വൈകീട്ട് അഞ്ച് മുതല്‍ എട്ടു വരെയുമാണ് ഇവര്‍ക്ക് ഭക്ഷണ വിതരണത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ദിവസേന 15 കിലോഗ്രാം അരിയുടെ ഭക്ഷണമാണ് മൃഗങ്ങള്‍ക്കായി ഇവര്‍ തയ്യാറാക്കുന്നത്. ചോറിനു പുറമെ ബിസ്‌ക്കറ്റുകളും മൃഗങ്ങള്‍ക്കുള്ള ആഹാരവും ചേര്‍ത്താണ് വണ്‍നെസിന്റെ ഭക്ഷണ വിതരണം.

നിരവധി പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തെരുവുമൃഗങ്ങള്‍ക്കു നേരെയും കരുണയുടെ കൈകള്‍ നീട്ടുകയാണ് ധ്യാന്‍ ഫൗണ്ടേഷന്‍. തെരുവുകളില്‍ ഭക്ഷണം കിട്ടാതെ അലയുന്ന മൃഗങ്ങള്‍ക്ക് സ്‌നേഹത്തോടെ ഭക്ഷണമെത്തിക്കുക എന്നതിനെ സ്വന്തം ചുമതലായി ഇവര്‍ സ്വീകരിച്ചു കഴിഞ്ഞു. കൂടാതെ രോഗംബാധിച്ച മൃഗങ്ങള്‍ക്കായി ഷെല്‍റ്ററുകളും അവര്‍ നടത്തുന്നുണ്ട്. പ്രതിരോധ കുത്തിവയ്പ്പുകള്‍ ഉള്‍പ്പടെയുള്ളവ എടുത്ത ശേഷം ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ധ്യാന്‍ ഫൗണ്ടേഷന്‍ നല്‍കുന്നുണ്ട്.

മൃഗസംരക്ഷണ വകുപ്പും സന്നദ്ധ സംഘടനകളും ചേര്‍ന്ന് നടത്തുന്ന ഭക്ഷണവിതരണത്തില്‍ ഇന്ന് പങ്കാളിയായി. എറണാകുളം ബോട്ട് ജെട്ടിക്കുസമീപം തെരുവില്‍ അലഞ്ഞു നടന്ന മൃഗങ്ങള്‍ക്കായി ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തു.

തെരുവില്‍ കഴിയുന്ന മൃഗങ്ങളുടെ ഭക്ഷണ സൗകര്യമുള്‍പ്പടെ ഒരുക്കാന്‍ മൃഗ സംരക്ഷണ വകുപ്പും മുന്‍ പന്തിയിലുണ്ട്. അതിനായി ഹെല്‍പ് ലൈന്‍ നമ്പറും അവര്‍ ആരംഭിച്ചു കഴിഞ്ഞു. 9995511742 എന്ന നമ്പറില്‍ തെരുവില്‍ കഴിയുന്ന മൃഗങ്ങളെ സംബന്ധിച്ച വിവരങ്ങളും തെരുവു മൃഗങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്നതില്‍ ഉണ്ടാവുന്ന തടസങ്ങളും വിളിച്ചറിയിക്കാം.

കോവിഡ് കാലത്ത് മനുഷ്യരോടു മാത്രമല്ല സഹജീവികളോടും കരുതല്‍ വേണമെന്ന ഓര്‍മപ്പെടുത്തൽ നമുക്ക് ഏറ്റെടുക്കാം.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA