ADVERTISEMENT

കേരള–തമിഴ്നനാട് സർക്കാരുകൾ നടത്തിയ ചർച്ചയുടെ ഭാഗമായി കേരളത്തിൽനിന്നു പാൽ തമിഴ്നാട്ടിലേക്ക് അയയ്ക്കാൻ ധാരണയായി. കൂടാതെ ആന്ധ്രയിലെ ഗുണ്ടൂരിലേക്കും ഇത്തരത്തിൽ പാലയയ്ക്കാൻ ധാരണയായതായി മിൽമ മലബാർ മേഖലാ യൂണിയൻ പത്രക്കുറിപ്പിൽ അറിയിച്ചു. ഇതോടെ നാളെ (2–4–2020) മുതൽ രാവിലത്തെ മുഴുവൻ പാലും ക്ഷീരസംഘങ്ങളിലൂടെ സംഭരിക്കാനാകും. 

പാൽ വിൽപന വർധിക്കുകയോ കൂടുതൽ പാൽ പൊടിയാക്കാനുള്ള സാധ്യത ഉണ്ടാവുകയോ ചെയ്താൽ മുഴുവൻ പാലും സംഭരിക്കുമെന്ന് മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ.എസ്. മണിയും മാനേജിങ് ഡയറക്ടർ കെ.എം. വിജയകുമാരനും അറിയിച്ചു. 

അതേസമയം, പാൽപ്പൊടി നിർമാണ യൂണിറ്റ് പ്രവർത്തനക്ഷമമായിരുന്നെങ്കിൽ സംഭരണ പ്രശ്നം ഇത്ര രൂക്ഷമാകില്ലായിരുന്നെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ പറഞ്ഞു. അധിക ഉൽപാദനം കൈകാര്യം ചെയ്യുന്ന സംവിധാനത്തിന്റെ പ്രസക്തി തിരിച്ചറിയാൻ ഇപ്പോഴത്തെ പ്രശ്നങ്ങൾ ഇടയാക്കിയിട്ടുണ്ട്. ആലപ്പുഴയിലെ പ്ലാന്റ് വീണ്ടും പ്രവർത്തനക്ഷമമാക്കുക പ്രയാസകരമാന്നെന്നും ഈ സാഹചര്യത്തിൽ വൈകാതെ പുതിയ പാൽപ്പൊടി യൂണിറ്റ് സ്ഥാപിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യം ക്ഷീര വികസന വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പുതിയ പ്ലാന്റിന് 10 കോടി രൂപയോളം മുതൽ മുടക്ക് വേണ്ടി വരും.

ഡോ.  വർഗീസ് കുര്യന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ആനന്ദ് മോഡൽ ക്ഷീര സംഘങ്ങളുടെ അടിസ്ഥാന പ്രമാണമാണ് പ്രതിസന്ധി ഘട്ടങ്ങളിലെ പാൽ സംഭരണം. എന്തെല്ലാം വിപരീത സാഹചര്യമുണ്ടായാലും പാൽ വാങ്ങുമെന്ന ഉറപ്പാണ് ക്ഷീര സംഘങ്ങളെ മറ്റ് പ്രസ്ഥാനങ്ങളിൽനിന്നു വേർതിരിച്ചു നിർത്തുന്നത്. ഇങ്ങനൊരു ഉറപ്പ് നൽകാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വിപണി മിടുക്കും ആർജിക്കേണ്ടത് അവരുടെ ചുമതലയും. ഇതൊക്കെ പ്രായോഗികമായി ഡോ. കുര്യൻ ചെയ്തു കാണിച്ചിട്ടുമുണ്ട്. അധികമായി സംഭരിക്കുന്ന പാൽ അൽപം നഷ്ടം സഹിച്ചു പോലും പാൽപ്പൊടിയാക്കി സൂക്ഷിക്കുകയും ക്ഷാമകാലത്ത് ഉപയോഗപ്പെടുത്തുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ തന്ത്രം.

സംസ്ഥാനത്തെ യൂണിയനുകളുടെ പൊതുസ്വത്തായ ആലപ്പുഴയിലെ പാൽപ്പൊടി ഫാക്ടറി, അതിന്റെ ലക്ഷ്യം മറന്ന് മറ്റാവശ്യങ്ങൾക്ക് വിനിയോഗിച്ചതാണ് പ്രശ്നങ്ങൾ ഇത്രയും രൂക്ഷമാക്കിയത്. യഥാകാലം നവീകരിക്കാനോ അറ്റകുറ്റപ്പണികൾ നടത്താനോ ഫെഡറേഷനു സാധിച്ചില്ല. കേരളത്തിൽ  ആവശ്യത്തിലേറെ പാൽ ഉൽപാദനം ഉണ്ടാവില്ലെന്ന ചിന്തയിൽ കോടികൾ മുടക്കുള്ള പാൽപ്പൊടി യൂണിറ്റിനെ അവഗണിച്ചു. അവിടെ കവർ പാൽ ഉൽപാദനം മാത്രമാക്കി. ഉൽപാദന കമ്മിയുള്ള സംസ്ഥാനത്ത് പാൽപ്പൊടി യൂണിറ്റ് സ്ഥാപിച്ചതിനു പിന്നിലെ ദീർഘവീക്ഷണവും മാനേജ്മെന്റ് മികവും തിരിച്ചറിയപ്പെടാതെ പോയി. ഈ പ്ലാന്റിന്റെ സംരക്ഷണത്തിനായി വിഹിതം നൽകിയ യൂണിയനുകളും ഇക്കാര്യത്തിൽ ഉദാസീനത കാട്ടിയെന്നു പറയാതെ വയ്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com