ADVERTISEMENT

മാനസിക, ശാരീരിക സമ്മര്‍ദ്ദം (stress) എന്ന  ക്ലേശകാലമാണ് മുയൽ വളർത്തലിൽ ഏറെ അപകടകരം. സമ്മര്‍ദ്ദാവസ്ഥയില്‍ രോഗപ്രതിരോധശേഷി കുറയുന്നതിനാല്‍ മുയലുകള്‍ പെട്ടെന്ന് രോഗങ്ങള്‍ക്ക് അടിമപ്പെടാം. മുയല്‍ കര്‍ഷകരുടെ പേടിസ്വപ്നമായ  'പാസ്ചുറല്ലോസിസ്' പോലുള്ള രോഗങ്ങള്‍  ഇത്തരം സമ്മര്‍ദ്ദത്തിന്റെ  ബാക്കിപത്രമാണ്. പലവിധ കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന 'സ്‌ട്രെസ്സ്' മുയലുകളുടെ  ആരോഗ്യസ്ഥിതി, തീറ്റപരിവര്‍ത്തന ശേഷി, പ്രത്യുൽപാദനക്ഷമത എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍  മുയല്‍ വളര്‍ത്തലില്‍ സമ്മര്‍ദ്ദ ലഘൂകരണം ഏറെ പ്രധാനമാണ്.

മുയല്‍ വളര്‍ത്തലില്‍ സമ്മര്‍ദ്ദാവസ്ഥയിലേക്ക് നയിക്കുന്ന സമയങ്ങളും, സാഹചര്യങ്ങളും നിരവധിയാണ്. മറ്റു വളര്‍ത്തു മൃഗങ്ങളെ അപേക്ഷിച്ച് മുയലുകള്‍ വളരെ വേഗം സ്‌ട്രെസ്സിന് അടിമപ്പെടാം. കാലാവസ്ഥാ മാറ്റം, ഉഷ്ണം, യാത്ര, സ്ഥലലഭ്യത കുറഞ്ഞ പാര്‍പ്പിട സൗകര്യം, തള്ളയില്‍നിന്നും  കുഞ്ഞുങ്ങളെ വേര്‍പിരിക്കുന്ന സമയം, തീറ്റയില്‍  പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍, ഭയപ്പെടുത്തുന്ന സാഹചര്യങ്ങള്‍ തുടങ്ങി മുയലുകള്‍ക്ക് ക്ലേശകാലമാകുന്ന സന്ദര്‍ഭങ്ങള്‍ എണ്ണിയാല്‍ തികയില്ല. ഇത്തരം അവസരങ്ങളില്‍  സമ്മര്‍ദ്ദം ലഘൂകരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍  അവലംബിക്കണം. 

ഉയര്‍ന്ന ചൂടും, അന്തരീക്ഷ ആര്‍ദ്രതയുമുള്ള കാലാവസ്ഥയാണ് മുയലുകളുടെ ഒന്നാം നമ്പര്‍ ശത്രു. ഈ സമയത്ത് പ്രസവത്തിന്റെ എണ്ണവും കുഞ്ഞുങ്ങളുടെ എണ്ണവും വളര്‍ച്ചാനിരക്കും ഗണ്യമായി കുറയുന്നു. മഴക്കാലത്ത് രോഗങ്ങള്‍ മൂലമുള്ള മരണനിരക്ക് വര്‍ധിക്കുന്നു. എല്ലാ സമയത്തും ശുദ്ധജല ലഭ്യത ഉറപ്പാക്കുന്ന വിധം നിപ്പിള്‍ ഉപയോഗിച്ച് വെള്ളം നല്‍കുന്ന രീതി ചൂടുകാലത്ത് ഏറെ പ്രയോജനപ്പെടുന്നു. ഷെഡ്ഡിനുള്ളില്‍ ഫാനുകള്‍ നല്‍കുന്നതും പാര്‍പ്പിടത്തിനു ചുറ്റും തണല്‍ നല്‍കുന്നതും ഉഷ്ണസംബന്ധമായ ക്ലേശം കുറയ്ക്കുന്നു. മുയല്‍ത്തീറ്റയോടൊപ്പം അസ്‌കോര്‍ബിക് ആസിഡ്, പ്രോബയോട്ടിക്കുകള്‍ എന്നിവ ചേര്‍ത്തു നല്‍കുന്നത് സമ്മര്‍ദ്ദാവസ്ഥ ലഘൂകരിക്കുന്നു. ശരീരത്തിന് പ്രയോജനകരമായ ലാക്‌ടോബാസില്ലസ് കേസി പോലെയുള്ള  ബാക്ടീരിയ അടങ്ങിയ മിശ്രിതമാണ് പ്രോബയോട്ടിക്കുകള്‍.

ദൂരസ്ഥലങ്ങളില്‍നിന്ന് മുയലുകളെ വാങ്ങിക്കൊണ്ടുവരുന്ന സമയത്തും ഏറെ ശ്രദ്ധ നല്‍കണം. ചൂടു കൂടുതലുള്ള സമയത്ത് യാത്ര ഒഴിവാക്കുക, യാത്രാ സമയത്ത് വെള്ളം ഗ്ലൂക്കോസ് എന്നിവ നല്‍കാം. മുയലുകളെ സൂര്യതാപത്തില്‍നിന്നും പൊടിയില്‍നിന്നും സംരക്ഷിക്കുന്നവിധം മുകള്‍ ഭാഗം കവര്‍ ചെയ്യണം. കൂടുകള്‍ ഒന്നിനു മുകളില്‍ ഒന്നായി വയ്ക്കുമ്പോള്‍ മൂത്രവും, കാഷ്ഠവും താഴെയുള്ളവയുടെ  മുകളില്‍ വീഴാത്തവിധം സൗകര്യങ്ങള്‍ ചെയ്യണം. പുറത്തേക്കു തള്ളിനില്‍ക്കുന്ന വിധത്തില്‍ കൂടുകള്‍ വയ്ക്കരുത്. നിരപ്പില്ലാത്ത വഴികളില്‍ അതിവേഗം വണ്ടിയോടിക്കുന്നത് ഒഴിവാക്കണം. 

മുയലുകള്‍ക്ക് തീറ്റ നല്‍കുന്നത് ചൂടു കുറവുള്ള രാവിലെയോ വൈകുന്നേരമോ ആകണം. മുയല്‍ ഫാമുകളില്‍ സന്ദര്‍ശകരുടെ സാമീപ്യം പരമാവധി കുറയ്ക്കണം. ഭയപ്പെടുത്തുന്ന ശബ്ദങ്ങള്‍ മുയലുകള്‍ക്ക് അപകടകരമാകാം. 

തള്ളയില്‍ നിന്നും കുഞ്ഞുങ്ങളെ പിരിക്കുന്ന സമയമാണ് മുയലുകളില്‍ ഏറെ ക്ലേശകരമായ ഘട്ടം. പ്രസവശേഷം ഒരു മാസം കഴിഞ്ഞതിനു ശേഷമാണ് 'വീനിങ്ങ്' എന്ന് വിളിക്കപ്പെടുന്ന ഈ വേര്‍പിരിയല്‍  നടക്കേണ്ടത്. കുഞ്ഞുങ്ങളെ തള്ളയില്‍നിന്നും മാറ്റുന്നതിനു പകരം തള്ളയെ മറ്റൊരു കൂട്ടിലേക്ക്  മാറ്റാം.  കുഞ്ഞുങ്ങളെ അവർ വളർന്നുവന്ന കൂട്ടിൽനിന്ന് സാവധാനം മാറ്റുന്നതാണ് നല്ല രീതി. വീനിങ്ങിനു മുന്‍പും പിന്‍പും ഗ്ലൂക്കോസ് കലര്‍ത്തിയ വെള്ളം, വിറ്റമിന്‍ മിശ്രിതങ്ങള്‍, പ്രോബയോട്ടിക്കുകള്‍ എന്നിവ നല്‍കുന്നത് നല്ലതാണ്. 

ഒരു വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം  സമ്മര്‍ദ്ദാവസ്ഥയില്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കാവുന്നതാണ്. മുയലുകളില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ശ്രദ്ധയോടെ വേണം. സമ്മര്‍ദ്ദമുണ്ടാകുന്ന സാഹചര്യങ്ങളില്‍ ഗുണകരമായ സൂക്ഷ്മാണുക്കള്‍ അടങ്ങിയ പ്രോബയോട്ടിക്കുകള്‍ വിദഗ്ധ ഉപദേശപ്രകാരം നല്‍കുന്നത് ഏറെ ഫലപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com