ADVERTISEMENT

ഒരു നായ അരുമയും സ്നേഹിതനുമായി വേണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. അല്ലെങ്കിൽത്തന്നെ നിരുപാധികമായ സ്നേഹം കൊതിക്കാത്തവരാരുണ്ട് ലോകത്തിൽ? എന്നാൽ നമ്മളിൽ ചിലരെങ്കിലും വീട്ടിൽ നായ്ക്കളെ വളർത്താതിരിക്കാനുള്ള കാരണം നിങ്ങൾക്കോ വീട്ടിലാർക്കെങ്കിലുമോ നായയോട് അലർജിയുണ്ട് എന്നതിനാലാവാം. മേൽ പറഞ്ഞ പ്രശ്നമുള്ളവർ ഒരു കാര്യം ഓർത്തു നോക്കുക. അലർജിയുണ്ടെന്ന് അറിഞ്ഞ സമയത്ത് നിങ്ങളുടെ വീട്ടിലെ നായ  ആണായിരുന്നോ അതോ പെണ്ണായിരുന്നോ എന്ന്.  ആണായിരുന്നെങ്കിൽ അവയെ വന്ധ്യംകരിച്ചിരുന്നോയെന്നും. ഓർമ്മ കിട്ടിയെങ്കിൽ ഒരു പക്ഷേ നിങ്ങൾ തിരിച്ചറിയും എന്റെ നായ ആണായിരുന്നുവെന്ന്. ഓർക്കുക നായ്ക്കളോടുള്ള അലർജിയിൽ ഏറിയപങ്കും കാരണക്കാരൻ ആൺ നായയാണെന്ന് പഠനങ്ങൾ പറയുന്നു.

മനുഷ്യരിൽ അലർജിക്കു കാരണമാകുന്ന ആറു അലർജനുകളാണ് ശാസ്ത്രലോകം ഇന്നുവരെ നായ്ക്കളിൽനിന്നു കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഒന്നിനോടോ അല്ലെങ്കിൽ കുറച്ചെണ്ണത്തിനോടോ ആവും നിങ്ങൾക്ക് പ്രശ്നം. ഒരോരുത്തർക്കും അവരവരുടേതായ പ്രശ്നക്കാരൻ അല്ലെങ്കിൽ പ്രശ്നക്കാർ. പക്ഷേ, ഒരു കാര്യം ഉറപ്പിക്കാം, ആറിലൊരെണ്ണം ആൺ നായ്ക്കളിൽ മാത്രമുള്ളതാണ്. ആൺ നായയുടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഈ പ്രത്യേക പ്രോട്ടീനാണ് നായ്ക്കളോട് അലർജിയുള്ളവരിൽ 30 ശതമാനത്തിനും പ്രശ്നമുണ്ടാക്കുന്നത്. നിങ്ങൾ ഈ വിഭാഗത്തിലാണ് പെടുന്നതെങ്കിൽ നിങ്ങൾക്കും സന്തോഷമായി ഒരു നായയെ വളർത്താം. ഒരു കണ്ടീഷൻ മാത്രം. വളർത്തുന്നത് പെൺനായയെ അല്ലെങ്കിൽ വന്ധ്യംകരിച്ച ആണിനെ ആവണം.

ആൺ നായ്ക്കളുടെ പ്രോസ്റ്റേറ്റിൽ ഉൽപാദിപ്പിക്കപ്പെടുന്ന അലർജിക്ക് കാരണമാകുന്ന പ്രോട്ടീൻ Can f5 എന്നാണ് വിളിക്കപ്പെടുന്നത്. നായ്ക്കൾ മൂത്രമൊഴിക്കുമ്പോൾ തീരെ ഭാരം കുറഞ്ഞ ഈ പ്രോട്ടീൻ വായുവിൽ വ്യാപിക്കുന്നു. കൂടാതെ നായയുടെ ചർമ്മത്തിലും രോമാവരണത്താലും വീട്ടിലെ ഫർണിച്ചറിലും വസ്ത്രങ്ങളിലുമൊക്കെ ഇവ പറ്റിപ്പിടിക്കുന്നു. അങ്ങനെ ആ പ്രത്യേക പ്രോട്ടീൻ അലർജിയായിട്ടുള്ളവർക്ക് പ്രശ്നമുണ്ടാക്കുന്നു. ഓർത്തു നോക്കുക, നിങ്ങൾ ആൺ നായയുടെ സാമീപ്യത്തിലാണോ തുമ്മുന്നത് അല്ലെങ്കിൽ കൂടുതൽ അലർജി ലക്ഷണങ്ങൾ കാണിക്കന്നതെന്ന്. 

നല്ല രോമാവരണമുള്ള  മൃഗങ്ങൾ അലർജിയുണ്ടാക്കുന്നതായി പലരും പരാതി പറയാറുണ്ട്. എന്നാൽ ഓർക്കുക, അവയുടെ രോമമല്ല ശരിക്കും നിങ്ങൾക്ക് അലർജിയുണ്ടാക്കുന്നത്. പകരം അവയുടെ മൂത്രം, ഉമിനീർ, താരൻ എന്നിവയിലടങ്ങിയിരിക്കുന്ന പ്രത്യേക പ്രോട്ടീനുകൾ വഴിയാണ്. അതിനാൽ നായ്ക്കൾ നിങ്ങൾക്ക് അലർജിയുണ്ടാക്കുന്നെങ്കിൽ, 30 ശതമാനം സാധ്യത അവ ആണായതിനാലാണ്.

മനുഷ്യരക്തത്തിലെ അലർജൻ ടെസ്റ്റിനുള്ള അനുമതി കഴിഞ്ഞ വർഷം അമേരിക്കയിൽ FDA നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com