ADVERTISEMENT

കാലാകാലങ്ങളായി നമ്മുടെ അരുമമൃഗ സങ്കൽപ്പങ്ങളിൽ നിറഞ്ഞുനിന്നിരുന്നത് നായ്ക്കളും പൂച്ചകളും പക്ഷികളും മീനുകളുമൊക്കെയായിരുന്നു. എന്നാൽ, ഇന്നതിനു മാറ്റം വന്നിരിക്കുന്നു എന്നതിന്റെ അടയാളമാണ് വളർത്തുമൃഗ വിപണി അടക്കിവാഴുന്ന  ഇഗ്വാനകൾ, മാർമോസെറ്റ് അഥവാ പോക്കറ്റ് മങ്കി, ഓസ്‌ട്രേലിയൻ ഷുഗർ ഗ്ലൈഡറുകൾ, മഡഗാസ്കർ ഹിസ്സിങ് കോക്‌റോച്ചുകൾ തുടങ്ങിയവ. വിദേശ ഇനങ്ങളായ ഇവയ്ക്ക് വിലയൽപം കൂടുതലാണെങ്കിലും ആരാധകരേറെയാണ്. ന്യൂ ജനറേഷൻ പിള്ളേരുടെ ഇടയിലാണ് കൂടുതൽ സ്വീകാര്യത. കച്ചവടക്കണ്ണോടെ സ്വന്തമാക്കുന്നവരും കുറവല്ല. ഇവരിൽ പ്രധാനികളായ രണ്ടുപേരെ പരിചയപ്പെടാം.

1. ഇഗ്വാന

കേരളത്തിൽ തരംഗമായി മാറിക്കഴിഞ്ഞവരാണ് സെൻട്രൽ/ ദക്ഷിണ അമേരിക്കകാരായ ഇഗ്വാനകൾ. ഉരഗവർഗത്തിലെത്തന്നെ ഏറ്റവും സുന്ദരികളായാണ് ഇവർ അറിയപ്പെടുന്നത്. കാഴ്ചയിൽ ഭീകരന്മാരെപ്പോലെ തോന്നുമെങ്കിലും വളരെ ശാന്തരും നിരുപദ്രവകാരികളുമാണ് ഇക്കൂട്ടർ. പല്ലികളെപോലെതന്നെ വാലാണ് ശത്രുക്കൾക്കെതിരേയുള്ള ഇവരുടെ ആയുദ്ധം. പരിചയമില്ലാത്തവരെ കണ്ടാൽ ഇഗ്വാനകൾ സ്വയരക്ഷയ്ക്കായി അവയുടെ നീണ്ട വാൽ ചുഴറ്റിയടിക്കാൻ ശ്രമിക്കും. 

iguana
ഇഗ്വാനകൾ

നന്നേ ചെറുപ്പത്തിൽത്തന്നെ ഇണക്കിവളർത്തിയില്ലെങ്കിൽ പിന്നീട്  ഇണങ്ങാൻ പ്രയാസമാണ്. ഇണങ്ങിയാലോ, പിന്നെ എന്നും കുറച്ചുനേരം എടുത്ത് ലാളിച്ചില്ലെങ്കിൽ പിണക്കം നടിക്കാനും ഇവർക്കറിയാം. മെക്സിക്കൻ പച്ച, ചുവപ്പ്, മഞ്ഞ, നീല, വെള്ള/ആൽബിനോ എന്നീ നിറങ്ങളിലുള്ളവ വിപണിയിൽ ലഭ്യമാണെങ്കിലും പച്ച ഇഗ്വാനകൾക്കാണ് ആവശ്യക്കാർ ഏറെ. 

ഏറ്റവും കുറഞ്ഞ വില എകദേശം 6000-10000 രൂപയാണെങ്കിലും, പ്രായം, നിറം, വലുപ്പം എന്നിവക്കനുസരിച്ചു വിലയിൽ മാറ്റങ്ങളുണ്ടാകാം. പ്രായപൂർത്തിയാകാറായ ചുവന്ന ഇഗ്വാനയ്ക്ക് എകദേശം 45,000 രൂപയാണ് വില. നീലയാണെങ്കിൽ 75,000 രൂപ, ആൽബിനോയ്ക്ക് ഒരു ലക്ഷത്തിനു മുകളിൽ എന്നിങ്ങനെ പോകുന്നു ഇവരുടെ വില. പച്ച ഇഗ്വാനയ്ക്കാണ് കൂട്ടത്തിൽ കുറഞ്ഞ വില; 25000 - 30000 രൂപ. ഇവയ്ക്ക് കൂടുതൽ ആവശ്യാക്കാരുള്ളതിന്റെ ഒരു കാരണം ഇതുതന്നെ. ഇഷ്ടപ്പെട്ടാൽ മോഹവിലയ്ക്ക് സ്വന്തമാക്കുന്നവരും ഇന്ന് കേരളത്തിൽ കുറവല്ല. 15 മുതൽ 20 വർഷമാണ് ഇവരുടെ ആയുർദൈർഘ്യം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  • ശീതരക്തജീവിയാണെന്നതിനാൽ, അവയുടെ ഉപാപചയപ്രവർത്തനങ്ങളും ദഹനപ്രക്രിയയും സുഗമമായി നടക്കുന്നതിന് ദിവസവും 2 മണിക്കൂറെങ്കിലും സൂര്യതാപമേൽക്കണം. അൾട്രാവയലെറ്റ് അല്ലെങ്കിൽ ഇൻഫ്രാറെഡ് ലൈറ്റുകൾ ഉപയോഗിച്ചും ചൂടു പകരാവുന്നതാണ്.
  • തികഞ്ഞ സസ്യബുക്കുകളായ ഇവരുടെ ഏറ്റവും ഇഷ്ടഭക്ഷണം ചെമ്പരത്തിപ്പൂവാണ്. കുഞ്ഞുങ്ങളായിരിക്കുമ്പോൾ മുരിങ്ങയില, ചെമ്പരത്തിപ്പൂവ്, കടുക് മുളപ്പിച്ചത് എന്നിവയൊക്കെ നൽകാം. മത്തങ്ങ, ക്യാരറ്റ്, കാബേജ്, മല്ലിയില തുടങ്ങിയ പച്ചക്കറികളും, പഴങ്ങളും ഇവരുടെ ഇഷ്ടവിഭവങ്ങൾ തന്നെ. പരിപാലനച്ചെലവ് കുറവാണെന്നതാണ് ഇഗ്വാനകളെ വളർത്തുന്നതിനുള്ള മറ്റൊരാകർഷണം.
  • ഒരു വയസെങ്കിലും ആയാൽ മാത്രമേ ഇവയിലെ ആൺ -പെൺ വ്യത്യാസങ്ങൾ തിരിച്ചറിയാൻ സാധിക്കൂ. 3-3.5 വയസായാൽ പ്രായപൂർത്തിയാകുന്ന ഇവർ, ഇണചേർന്ന് എകദേശം 25 മുതൽ 30 മുട്ടകൾ വരെ ഇടും. മണലിൽ ഇട്ടുവയ്ക്കുന്ന മുട്ടകളെ എടുത്ത് ഇൻക്യൂബേറ്ററിൽ വെച്ച് കൃത്രിമമായി വിരിയിച്ചെടുക്കുകയും ചെയ്യാം. 70 ദിവസമാകുമ്പോൾതൊട്ട് മുട്ടകൾ വിരിഞ്ഞുതുടങ്ങും. ആദ്യമാദ്യം വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളാണത്രെ ആരോഗ്യവാന്മാർ. 90 ദിവസം വരെ എടുത്ത് വിരിയുന്ന കുഞ്ഞുങ്ങളുമുണ്ടാവാം.
  • വളർച്ച മുഴുവനായ ഒരു ഇഗ്വാനക്ക് എകദേശം 6 മുതൽ 8 അടി നീളമുണ്ടാവും. അതിനാൽ കൂട്ടിലാണ് വളർത്താനുദ്ദേശിക്കുന്നതെങ്കിൽ, അതിനു വാല് നീട്ടിവെച്ച്‌ വിശ്രമിക്കാനും നടക്കാനുമുള്ള വലുപ്പം കണക്കാക്കി, കുറഞ്ഞത് 5x3x4 അടിയുള്ള കൂടൊരുക്കാൻ ശ്രദ്ധിക്കുക. കൂട്ടിൽ അരയടിയോളം കനത്തിൽ മണൽ വിരിക്കുന്നത് മുട്ടവിരിയിക്കാൻ അത്യാവശ്യമാണ്. വലിയ വൃക്ഷക്കൊമ്പുകൾ സ്ഥാപിക്കുന്നത് ഇവയുടെ സ്വതസിദ്ധമായ വാസനകൾ പ്രകടിപ്പിക്കാനും സമ്മർദ്ദം കുറക്കാനും നല്ലതാണ്. സ്വതവേ എകാന്തവാസം ഇഷ്ടപ്പെടുന്ന ഇവയെ സ്വന്തം മുറിയിലിട്ട് വളർത്തുന്നവരുമുണ്ട്.

2. ഓസ്‌ട്രേലിയൻ ഷുഗർ ഗ്ലൈഡർ  

sugar-glider
ഷുഗർ ഗ്ലൈഡർ

പേരുപോലെതന്നെ ഓസ്‌ട്രേലിയൻ സ്വദേശികളാണ്, സഞ്ചിമൃഗങ്ങളിൽപ്പെട്ട കറുത്ത വലിയ കണ്ണുകളുള്ള ഈ സുന്ദരകുട്ടന്മാർ. ഒരു കൈപ്പത്തിയോളം മാത്രം വലുപ്പമുള്ള ഇവരും, ഇന്ന് കേരളത്തിലെ ഹൈഫൈ പെറ്റ് ഷോപ്പുകളിളെല്ലാം സ്ഥാനം പിടിച്ച്‌ കഴിഞ്ഞു. 

തേനും, ചെടികളുടെ നീരും ധാരാളം കഴിക്കാൻ ഇഷ്ടപ്പെടുന്നതുകൊണ്ട് തന്നെയാണ് ഷുഗർ ഗ്ലൈഡർ എന്ന പേര് ഇവർക്ക് കിട്ടിയത്. ശരീരത്തിൻറെ ഇരുവശത്തുമായി, ചൂണ്ടാണിവിരലിനേയും കാലിന്റെ കണ്ണിയേയും ബന്ധിപ്പിക്കുന്ന, പാടപോലെയുള്ള ചർമം (പെറ്റാജിയം) ഉള്ളതുകൊണ്ട്, മരത്തിൽനിന്ന് മരത്തിലേക്ക് (എകദേശം 150 അടിയോളം ദൂരം) ചാടാൻ ഇവക്ക് കഴിയും. ഈ കഴിവ്, ശത്രുക്കളിൽനിന്ന് രക്ഷപ്പെടാനും ആഹാരം ശേഖരിക്കാനും ഇവരെ സഹായിക്കുന്നു. എല്ലാ വസ്തുക്കളേയും അവയുടെ ഗന്ധം മനസിലാക്കി തിരിച്ചറിയാൻ ഇവർക്ക് കഴിയും. തവിട്ടും ബ്രൗണും കലർന്ന നിറമാണ് ശരീരത്തിൻറെ മുകൾവശത്തിന്; അടിവശം വെള്ളയും. തലയിൽ കറുത്ത വരകളും കാണാം. തൂവെള്ള നിറമുള്ളവയേയും അപൂർവമായി കാണാൻ സാധിക്കും. കുഞ്ഞുങ്ങൾക്ക് എകദേശം 8,000 മുതൽ 10,000 വരെ രൂപയാണ് വില. ബ്രീഡിങ്ങ്  പെയറാണെങ്കിൽ (സാധാരണയായി ഒരു പ്രസവം കഴിഞ്ഞിറങ്ങിയത്) 25,000 മുതൽ 30,000 വരെ രൂപയാണ് മോഹവില. 12 മുതൽ 15 വർഷമാണ് ഇവരുടെ  ആയുർദൈർഘ്യം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പകൽസമയത്ത് അധികം വെളിച്ചമേൽക്കാത്തതും, ബഹളം കുറഞ്ഞതുമായ സ്ഥലത്തുവേണം ഇവരുടെ കൂട് ക്രമീകരിക്കാൻ. രാത്രിസഞ്ചാരികളായ ഇവർക്ക്, പകൽ സ്വസ്ഥമായി ഉറങ്ങാൻ ഇത് ഉപകരിക്കും.
  • സ്വതവേ കൂട്ടമായി ജീവിക്കുന്ന ഇവരെ, 4 മുതൽ 10 പേരടങ്ങിയ ചെറിയ ഗ്രൂപ്പുകളാക്കി വളർത്താം. പരസ്പരം തൊട്ടും, തലോടിയും, തണുപ്പത്ത് കെട്ടിപിടിച്ചുറങ്ങിയുമൊക്കെ ജീവിതം ആസ്വദിക്കാനാണ് ഇക്കൂട്ടർക്ക് ഇഷ്ടം.
  • തേനും പഴങ്ങളും ഇഷ്ടമാണെങ്കിലും ഇവർ പൂർണമായും സസ്യഭുക്കുകളല്ല, മറിച്ച് മിശ്രഭുക്കുകളാണ്. അതുകൊണ്ടുതന്നെ ഇവരുടെ ആഹാരം ക്രമീകരിക്കുമ്പോൾ 50% പ്രോട്ടീൻ അടങ്ങിയ ഭക്ഷണമായിരിക്കാൻ ശ്രദ്ധിക്കണം. അതിനായി, കാടമുട്ട, പുൽച്ചാടി, ചില പ്രതേകയിനം പുഴുക്കൾ (meal worms), പാറ്റ, ചെറിയ ഇനം ചിലന്തികൾ, വണ്ടുകൾ തുടങ്ങിയവയിൽ ചിലതെങ്കിലും ഇവരുടെ ആഹാരത്തിൽ ഉൾപ്പെടുത്തണം. അല്ലാത്തപക്ഷം വേണ്ടത്ര കാത്സ്യം കിട്ടാതെ വരുന്നതുമൂലം എല്ലുകൾക്കു ബലക്ഷയം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ബാക്കി 50% പഴങ്ങളോ പച്ചക്കറിയോ ആവാം. തേൻ, സെറിലാക്ക് തുടങ്ങിയവയും ഇഷ്ടവിഭവങ്ങൾ തന്നെ.
  • 8 മുതൽ 9 മാസം പ്രായമാകുമ്പോൾ ഇവരെ ഇണചേർക്കാം. 15-17 ദിവസത്തെ ഗർഭകാലം കഴിഞ്ഞാൽ, ഒരു വലിയ കടലമണിയോളം വലുപ്പത്തിലുള്ള (0.2g) ഒന്നോ രണ്ടോ കുഞ്ഞുങ്ങൾ പുറത്തുവരും. സഞ്ചിമൃഗമായതിനാൽ, ആദ്യ 60 ദിവസത്തോളം അമ്മയുടെ സഞ്ചിക്കകത്താണ് കുഞ്ഞുങ്ങളുടെ ജീവിതം. എകദേശം 110 ദിവസം കഴിഞ്ഞാൽ ഇവർ സ്വയം പര്യാപ്‌തത കൈവരിക്കും.
  • ഓടിയും, ചാടിമറിഞ്ഞും കളിക്കാൻ ഇഷ്ടമുള്ളവരാണ് ഷുഗർ ഗ്ലൈഡറുകൾ. അതുകൊണ്ടുതന്നെ കൂടുകൾ വിശാലമാവുന്നത് നന്നായിരിക്കും. കയർ, പലതരം കളിപ്പാട്ടങ്ങൾ, ഒളിച്ചിരിക്കാനുള്ള ഇടങ്ങൾ (മൺകുടങ്ങളോ, ചെറിയ പെട്ടികളോ), തുണികൊണ്ടുള്ള പൗച്ചുകൾ തുടങ്ങിയവ കൂട്ടിൽ സജ്ജീകരിക്കുന്നത് ഇവരെ കൂടുതൽ ഉഷാറാക്കും.
  • ഓർക്കുക, മൃഗങ്ങളാണെങ്കിൽപോലും ഇവരും നമ്മുടെ ലാളനയും, കരുതലോടെയുള്ള തലോടലുകളും ആഗ്രഹിക്കുന്നുണ്ട്. ദിവസവും കുറച്ച് നേരം ഇവർക്കായി മാറ്റിവയ്ക്കുന്നത് അവരുടെയും നമ്മുടെയും മനസിന്റെ പിരിമുറുക്കങ്ങൾ മാറാൻ സഹായകമാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com