തീറ്റയില്ലെങ്കിലും പട്ടിണിക്കിടാൻ പറ്റില്ലല്ലോ, പന്നികൾക്ക് ഇവയൊക്കെ ഭക്ഷണമായി നൽകാം

HIGHLIGHTS
 • 25 ശതമാനം വരെ തീറ്റ കുറയ്ക്കാം
 • പാലൂട്ടുന്ന തള്ളപ്പന്നികൾക്കും പന്നിക്കുഞ്ഞുങ്ങൾക്കും പ്രത്യേക പരിഗണന
pig
SHARE

കോവിഡ് 19 ഒരു മഹാമാരിയായി മാനവരാശിയെ ബാധിച്ചിരിക്കുമ്പോൾ അതിജീവന മാർഗങ്ങളാണ് എല്ലാവിഭാഗം കർഷകരും അന്വേഷിക്കുന്നത്. ഹോട്ടൽ, അടുക്കള, പച്ചക്കറി, ബേക്കറി, ഇറച്ചി - മീന്‍ സംസ്കരണ കേന്ദ്രങ്ങൾ തുടങ്ങിയവയിൽനിന്നും ലഭിക്കുന്ന അവശിഷ്ടങ്ങളും ഉപോൽപന്നങ്ങളുമാണ് പന്നി വളര്‍ത്തലില്‍ ഏർപ്പെട്ടിരിക്കുന്ന ഭൂരിഭാഗം കര്‍ഷകരും തീറ്റയായി നൽകിവരുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് ഇവയുടെ ലഭ്യതക്കുറവ് പന്നിക്കർഷകരെ വലിയ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ഉൽപാദനത്തേക്കാള്‍ പ്രാധാന്യം ജീവന്‍ നിലനിർത്തുന്നതായതിനാല്‍ മുമ്പ് നൽകിയിരുന്നതിന്റെ 25 ശതമാനം വരെ തീറ്റ കുറയ്ക്കാം. കൂടാതെ ലഭ്യമായ ഏതൊരു തീറ്റ പദാർഥവും പൂർണമായും ഉപയോഗിക്കാൻ കർഷകർ പരിശ്രമിക്കണം.

ഈ ലോക്ക് ഡൗണ്‍ കാലത്തും കേരളത്തിൽ പ്രവർത്തിച്ചുവരുന്ന 1300ല്‍പ്പരം കമ്മ്യൂണിറ്റി കിച്ചനുകള്‍, കുടുംബശ്രീ ഹോട്ടലുകൾ ബ്രോയിലര്‍ ചിക്കന്‍ സെന്ററുകള്‍, മത്സ്യ മാർക്കറ്റുകൾ എന്നിവയിൽനിന്നും ലഭിക്കുന്ന അവശിഷ്ടങ്ങൾ പ്രാദേശികാടിസ്ഥാനത്തിൽ ശേഖരിച്ച് കർഷകർക്ക് ഉപയോഗിക്കാവുന്നതാണ്. മണ്ണുത്തി വെറ്ററിനറി കോളേജിലെ അനിമല്‍ നുട്രിഷ്യന്‍ വിഭാഗത്തിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ അടുക്കള വേസ്റ്റില്‍ 20% ഖരാഹാരവും 13 ശതമാനം മാംസ്യവും ഉള്ളതായി മനസിലാക്കിയിട്ടുണ്ട്. ഇതു ബേക്കറി വേസ്റ്റിൽ യഥാക്രമം 66.5%വും 9.5 ശതമാനവുമാണ്. നിലവിലെ സാഹചര്യത്തിൽ ലഭ്യമാകുന്ന ഭക്ഷണാവശിഷ്ടങ്ങൾ താഴെ വിവരിക്കുന്ന അളവിൽ നൽകാം.

താഴെ വിവരിക്കുന്ന രീതിയിൽ കിച്ചൻ വേസ്റ്റ് നൽകാം. 

പ്രായം (അളവ്)

മൂന്നു മുതൽ നാലു മാസം വരെ (ഒന്നു മുതൽ രണ്ട് വരെ കിലോ) 

നാലു മുതൽ അഞ്ച് മാസം (രണ്ട് മുതൽ നാല് വരെ കിലോ) 

ആറു മാസത്തിനു മുകളിൽ (ആവശ്യാനുസരണം) 

ഇത്തരം വസ്തുക്കൾ തീറ്റയായി ഉപയോഗിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം 

 • 1മൂന്നു മാസത്തിനു മുകളിൽ പ്രായമായ പന്നികള്‍ക്കെ ഇവ നല്‍കാവൂ.
 • പഴകിയതും തൂവലുകള്‍ ഉള്ളതുമായ ഭക്ഷണം ഒഴിവാക്കുക.
 • വേവിച്ച ഭക്ഷണം നൽകുന്നതാണ് അഭികാമ്യം.
 • കാത്സ്യം, വിറ്റാമിൻ ഇ എന്നിവ അടങ്ങിയ ധാതുലവണ മിശ്രിതം നൽകുന്നത് നല്ലതാണ്. 
 • ചിക്കന്‍ വേസ്റ്റ് മാത്രമാണ് നൽകുന്നതെങ്കിൽ അരിത്തവിട് നൽകുന്നത് നല്ലതാണ്. 
 • ആവശ്യത്തിന് പുല്ല്, വെള്ളം എന്നിവ നൽകണം.
 • ഷെഡ്‌ വൃത്തിയായി അണുവിമുക്തമായി സൂക്ഷിക്കുക.

പാലൂട്ടുന്ന തള്ളപ്പന്നികൾക്കും പന്നിക്കുഞ്ഞുങ്ങൾക്കും പ്രത്യേക പരിഗണന നൽകേണ്ടതാണ്. മാർക്കറ്റിൽനിന്നു കോഴി തീറ്റകൾ (ബ്രോയിലർ ഫിനിഷർ ലയര്‍ ഫിനിഷർ) മുതലായവ ലഭ്യമാണെങ്കിൽ അവ മേൽപ്പറഞ്ഞ വിഭാഗങ്ങൾക്ക് തീറ്റയായി ഉപയോഗിക്കാം. പാലൂട്ടുന്ന ഒരു പന്നിയുടെ 100 കിലോഗ്രാം ശരീരഭാരത്തിന് 2.5 കിലോഗ്രാം വീതവും, കൂടാതെ ഒരു കുഞ്ഞിന് 200 ഗ്രാം വീതവും എന്ന നിലയിൽ തള്ളപ്പന്നിക്കുതന്നെ തീറ്റ നല്‍കേണ്ടതാണ്. കാലിത്തീറ്റ ഒഴിവാക്കുന്നതാണ് അഭികാമ്യം. മൃഗങ്ങൾക്കുള്ള തീറ്റ സാമഗ്രികൾ അവശ്യ വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാല്‍ കര്‍ഷകര്‍ക്ക് ഒറ്റയ്ക്കോ കൂട്ടായോ തീറ്റ വസ്തുക്കള്‍  സംഭരിക്കാവുന്നതും അടിയന്തിര സാഹചര്യത്തില്‍ ഫാമുകളില്‍ പന്നിത്തീറ്റ ചുവടെ കൊടുത്തിട്ടുള്ള മാതൃകയില്‍ (100 കിലോഗ്രാമിനുള്ളത്) നിർമിക്കാവുന്നതുമാണ്. 

 • ധാന്യങ്ങൾ  (അരി, ഗോതമ്പ്, ചോളം): 30 – 33 kg 
 • പിണ്ണാക്ക് (കടല, എള്ള്, തേങ്ങ): 30 – 33 kg
 • തവിട് (അരി, ഗോതമ്പ്) : 30- 37 kg
 • കറിയുപ്പ് : 1 kg
 • ധാതു ലവണ മിശ്രിതം : 2 kg

ബദല്‍ സാധ്യതകള്‍

കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ പ്രാദേശികമായി ലഭ്യമായിട്ടുള്ള തണ്ണിമത്തന്‍, പൈനാപ്പിള്‍ എന്നിവ ഉപയോഗിച്ചാണ് കൊറോണ കാലത്തെ നേരിടാന്‍ ശ്രമിക്കുന്നത്. നമുക്കും വീട്ടുവളപ്പിൽനിന്ന് പ്രാദേശികമായി ലഭ്യമാകുന്ന ചക്ക, ചക്കക്കുരു, ചക്കമടൽ പൈനാപ്പിള്‍ വേസ്റ്റ് എന്നിവ തീറ്റയായി ഉപയോഗപ്പെടുത്താൻ കഴിയും. കൂടാതെ വാഴത്തട, വാഴക്കന്നുകള്‍ എന്നിവയും പന്നിത്തീറ്റയില്‍ ഉള്‍പ്പെടുത്താം. എന്നാൽ, മേൽപ്പറഞ്ഞവ മാത്രമായി നല്‍കരുത്. 

മത്സ്യമാർക്കറ്റിൽ നിന്ന് ലഭിക്കുന്ന അവശിഷ്ടങ്ങൾ ചെറുകഷണങ്ങളാക്കി നുറുക്കി ഫിഷ്‌ സൈലേജ് നിർമിക്കാം. 

വീട്ടുവളപ്പിലെ പച്ചപുല്ല് 2 മുതൽ 3 kg വീതം തീറ്റയായി നല്‍കാം. പാരമ്പര്യേതര തീറ്റകള്‍ - കപ്പ വേസ്റ്റ് അല്ലെങ്കിൽ ചോള വേസ്റ്റ് (15-20 ശതമാനം), റബര്‍ക്കുരു പിണ്ണാക്ക് (15%), പുളിങ്കുരു (പുഴുങ്ങിയത്) (20 %), തേയില വേസ്റ്റ് (20%) എന്നിവ പന്നികളുടെ തീറ്റവസ്തുക്കളായി ലഭ്യതയ്ക്കനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. 

കൊറോണ കാലത്തെ അതിജീവനത്തിനു ശേഷം ആരോഗ്യസംരക്ഷണത്തിനായി അധിക തീറ്റ  നൽകുന്നതിലൂടെ ശരീരഭാരത്തില്‍ ഉണ്ടായേക്കാവുന്ന കുറവു പരിഹരിക്കാന്‍ സാധിക്കും.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA