കോവിഡ്–19: മനുഷ്യനാണ് മൃഗങ്ങൾക്ക് വില്ലൻ, അകലം പാലിക്കാം മൃഗങ്ങളിൽനിന്നും

HIGHLIGHTS
  • മനുഷ്യരിൽനിന്ന് മൃഗങ്ങളിലേക്ക് കോവിഡ് 19 പകരുന്നു
  • വന്യജീവികൾക്കും ഇനി കടുത്ത സുരക്ഷാസന്നാഹങ്ങൾ
covid-pets
SHARE

മാനവരാശിയെ മുഴുവൻ പ്രതിസന്ധിയിലാക്കി മുന്നേറുകയാണ് നോവൽ കൊറോണ വൈറസ്. ചൈനയിലെ വുഹാനിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ, ഇത് പരത്തുന്നതിൽ മൃഗങ്ങൾക്കുള്ള പങ്ക് ചർച്ചാവിഷയമായിരുന്നു.  വുഹാനിലെ കാട്ടുമൃഗ വിപണിയിൽ വിൽപനയ്ക്ക് കൊണ്ടുവന്ന പങ്കോളിനുകൾ (pangolins) അഥവാ ഈനാമ്പേച്ചികളിൽ ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നീട്, കോവിഡ് 19 ബീറ്റ- കൊറോണ വൈറസുകളിൽ പെട്ടതാണെന്നും, 2002ൽ ചൈനയിൽത്തന്നെ ഉത്ഭവിച്ച മഹാമാരിയായ സാർസ് (SARS) പരത്തിയ കൊറോണ വൈറസുമായി നോവൽ കൊറോണ വൈറസിന് അടുത്ത (96%) ബന്ധമുണ്ടെന്നും ജനിതക പഠനങ്ങൾ തെളിയിച്ചു. അന്ന് സാർസ് പരത്തിയതാകട്ടെ  റൈനോലോപ്പസ്‌ ഗണത്തിൽപ്പെട്ട  വവ്വാലുകളും. അങ്ങനെ വവ്വാലുകളും പ്രതിപ്പട്ടികയിലായി. പക്ഷേ, ഇവയിൽനിന്നാണ്  കോവിഡ് 19 മനുഷ്യരിലേക്ക് പകർന്നത്  എന്നത് നാളിതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ലോക ആരോഗ്യ സംഘടന വ്യക്തമാക്കി കഴിഞ്ഞു. 

എന്നാലിപ്പോൾ, മനുഷ്യനാണ് മൃഗങ്ങൾക്ക് വില്ലനായിരിക്കുന്നത്. മനുഷ്യരിൽനിന്ന് മൃഗങ്ങളിലേക്ക് കോവിഡ് 19 പകരുന്നു എന്ന വാർത്തകളാണ് ഇപ്പോഴുള്ളത്. ബെൽജിയത്തിൽ കോവിഡ് ബാധിച്ചയാളുടെ പൂച്ചയിൽ വൈറസിന്റെ സാന്നിധ്യം ഉള്ളതായി മാർച്ച് അവസാനം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന് ഹോങ്കോങ്ങിൽ 2 നായ്ക്കളിലും വൈറസ്‌ബാധ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ, ചൈനയിലെ മൃഗഡോക്ടർമാർ നടത്തിയ പഠനത്തിൽ, 15 പൂച്ചകളിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നു. വുഹാനിൽനിന്നുള്ള റിപ്പോർട്ടുകളിൽ മനുഷ്യരിൽനിന്നാണ് പകർന്നതെന്ന് സംശയിക്കുന്നതായി  വ്യക്തമാക്കിയിട്ടുണ്ട്. 

ഏറ്റവുമൊടുവിലായി, ന്യൂ യോർക്കിലെ ബ്രോൺസ് മൃഗശാലയിലെ  4 വയസുകാരി നദിയ എന്ന മലയൻ കടുവയിലും. വരണ്ട ചുമ, ശ്വാസതടസം, വിശപ്പിലായ്മ തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്നാണ് കടുവയുടെ രക്തം പരിശോധനക്ക് വിധേയമാക്കിയത്.  അതേ  മൃഗശാലയിലെത്തന്നെ 6 മൃഗങ്ങളിൽക്കൂടെ രോഗലക്ഷണങ്ങൾ കണ്ടെത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചർ (USDA) റിപ്പോർട്ട് ചെയ്തു. ഇവയെ പരിചരിച്ചിരുന്നയാളിൽ നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മനുഷ്യരിലെപ്പോലെത്തന്നെ മൃഗങ്ങൾക്കും സുരക്ഷയൊരുക്കേണ്ട ആവശ്യകതയിലേക്കാണ് ഇവയെല്ലാം വിരൽചൂണ്ടുന്നത്. എന്നാൽ, മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരാത്തിടത്തോളം, ഇവയുടെ നിയന്ത്രണത്തിന് വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ലായെന്നാണ് ലോക ആരോഗ്യ സംഘടനകളുടെ നിലപാട്.

ഉറപ്പാക്കാം അരുമകളുടെ സുരക്ഷ 

  • ഒന്ന് ശ്രദ്ധിച്ചാൽ രോഗപ്പകർച്ച നമുക്ക്  തടയാവുന്നതേയുള്ളു. ആരോഗ്യ സംഘടനകൾ നിർദ്ദേശിക്കുന്ന സാമൂഹിക അകലം മൃഗങ്ങളിൽനിന്നും പാലിക്കാൻ ശ്രദ്ധിക്കുക. തികഞ്ഞ ശുചിത്വവും,  കൃത്യമായ ബയോസെക്യൂരിറ്റി നടപടികളുമാണ് രോഗം തടയാനുള്ള പോംവഴി.
  • മൃഗങ്ങളുമായി ഇടപഴകുന്നതിനു മുമ്പും പിമ്പും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
  • വീട്ടിനകത്ത് മനുഷ്യസമ്പർക്കത്തിൽ വളരുന്നവയെ കൂട്ടിലേക്ക് മാറ്റി പാർപ്പിക്കുക. കൂടുകൾ വൃത്തിയുള്ളതും വായുസഞ്ചാരമുള്ളതുമാണെന്നും ഉറപ്പുവരുത്തുക. 
  • രോഗലക്ഷണങ്ങൾ ഉള്ളവരും, രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരും, കഴിവതും മൃഗങ്ങളുമായി സമ്പർക്കം പുലർത്താതിരിക്കുക. അടുത്ത് പെരുമാറുന്നതും, ലാളിക്കുന്നതും, ഭക്ഷണം പങ്കുവക്കുന്നതും പൂർണമായും ഒഴിവാക്കുക.
  • വളർത്തുമൃഗങ്ങളുടെ മേൽനോട്ടം രോഗലക്ഷണങ്ങൾ ഇല്ലാത്ത, വീട്ടിലെ മറ്റ് അംഗങ്ങൾ ഏറ്റെടുക്കുക. ഇടപഴകുമ്പോൾ മാസ്ക്, ഗ്ലൗസ് തുടങ്ങിയവ ഉപയോഗിക്കാം.
  • ഫാം നടത്തുന്നവർ സന്ദർശകരെ കർശനമായി നിരോധിക്കുക. പുറത്ത് ബോർഡുകൾ സ്ഥാപിക്കാവുന്നതാണ്.
  • മൃഗങ്ങളിലെ രോഗലക്ഷണങ്ങൾ വ്യക്തമല്ലാത്തതുകൊണ്ട്, തുടർച്ചയായ നിരീക്ഷണം ആവശ്യമാണ്.
  • രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെത്തന്നെ സ്ഥലത്തെ വെറ്ററിനറി ഡോക്ടറേയോ, ആരോഗ്യമേഖലയിലെ ബന്ധപ്പെട്ടവരേയോ വിവരമറിയിക്കേണ്ടതാണ്.

വന്യജീവികൾക്കും ഇനി കടുത്ത സുരക്ഷാസന്നാഹങ്ങൾ

മാർജാരവർഗത്തിൽപ്പെട്ട കടുവ, പുലി, സിംഹം തുടങ്ങിയ മൃഗങ്ങളിൽക്കൂടെ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ, ഇവയെ നിരീക്ഷിക്കാൻ സർക്കാരും, സെൻട്രൽ സൂ അഥോറിറ്റിയും (central zoo authority), വൈൽഡ് ലൈഫ് വാർഡന്മാരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡ് 19ന്റെ ലക്ഷണങ്ങളായ ചുമ, മൂക്കൊലിപ്പ്, ശ്വാസതടസം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ നാഷണൽ ടൈഗർ കൺസർവഷൻ അഥോറിറ്റിയെ (NTCA) വിവരമറിയിക്കണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സാംപിളുകൾ ഇന്ത്യൻ കൌൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ (ICAR) അംഗീകാരമുള്ള  ലാബുകളിൽ പരിശോധനക്ക് അയയ്ക്കാം. 

മരണം സംഭവിച്ച മൃഗങ്ങളുടെ പോസ്റ്റ്മോർട്ടം നടത്തുമ്പോഴും, വേണ്ടത്ര സുരക്ഷാസന്നാഹങ്ങൾ ഉപയോഗിക്കണമെന്ന് വെറ്ററിനറി ഡോക്ടർമാരോടും, വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരോടും നിർദ്ദേശിച്ചിട്ടുണ്ട്. മൃഗശാലകളിലും, മനുഷ്യരിൽനിന്ന് കോവിഡ് പകരാതിരിക്കാൻ വേണ്ട മാർഗങ്ങൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടുകഴിഞ്ഞു. സിസിടിവി ഉപയോഗിച്ച് മൃഗങ്ങളിൽ രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് നിരീക്ഷിക്കുക, തൊഴിലാളികൾ മാസ്ക്, സാനിറ്റൈസർ/ സോപ്പ് നിർബന്ധമായും ഉപയോഗിക്കുക, തീറ്റക്കൊടുക്കുമ്പോഴും  മൃഗങ്ങളിൽനിന്ന് ഒരു നിശ്ചിത അകലം പാലിക്കുക, അണുനശീകരിണികൾ ഉപയോഗിച്ച്‌ കൂടുകളും പരിസരവും വൃത്തിയാക്കുക തുടങ്ങിയവ അവലംബിക്കണമെന്നാണ് നിർദ്ദേശം. ലക്ഷണങ്ങൾ കാണിക്കുന്ന മൃഗങ്ങളെ  മാറ്റിപ്പാർപ്പിക്കേണ്ടതാണ്.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA