പശു റബർപാൽ കുടിച്ചു, അതിനു ശേഷം ചാണകമിടുന്നില്ല, വയർ വീർത്തു വരുന്നു

HIGHLIGHTS
  • തൊഴുത്ത് ഓപ്പറേഷൻ തീയേറ്റർ
  • മൊബൈൽ വെളിച്ചത്തിൽ സർജറി
cow-3
SHARE

വ്യത്യസ്തമായ അനുഭവങ്ങളായിരിക്കും ഓരോ വെറ്ററിനറി ഡോക്ടർക്കും പറയാനുള്ളത്. വിവിധ ഇനം പക്ഷിമൃഗാദികളെ കൈകാര്യം ചെയ്യേണ്ടിവരുന്നുണ്ടെങ്കിലും വെറ്ററിനറി ഡോക്ടർമാരെയും കർഷകരെയും കൂട്ടിയിണക്കുന്ന കണ്ണി മിക്കപ്പോഴും പശുവായിരിക്കും. ലോക്ക് ഡൗൺ കാലമാണെങ്കിലും വെറ്ററിനറി ഡോക്ടർമാരും കർമനിരതരാണ്. അടിയന്തിര സാഹചര്യത്തിൽ കർഷകരുടെ അടുത്ത് ഓടിയെത്താൻ അവർ ശ്രമിക്കുന്നു. റബർ പാൽ കുടിച്ച പശുവിന് അടിയന്തിരമായി ഓപ്പറേഷൻ നടത്തേണ്ടി വന്നതിനെക്കുറിച്ച് തിരുവനന്തപുരം ജില്ലയിലെ അമ്പൂരി മൃഗാശുപത്രിയിലെ ഡോക്ടർ ആർ. രഞ്ജിത് പങ്കുവച്ച അനുഭവക്കുറിപ്പ് വായിക്കാം.

ഞായറാഴ്ച ഉച്ചയോടെ ഞാൻ ജോലി ചെയ്യുന്ന അമ്പൂരി മൃഗാശുപത്രിയിലെ ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ അജിത്തിന്റെ ഒരു വിളി വന്നു. രാജൻ ചേട്ടന്റെ കിടാരി തലേ ദിവസം നാല് ഷീറ്റിനുള്ള റബർപാൽ കുടിച്ചിരിക്കുന്നു. അതിനു ശേഷം ചാണകമിടുന്നില്ല, ഒന്നും കഴിക്കുന്നില്ല, വയറൊക്കെ വീർത്തു വരുന്നു, ആകെ അവശത ആണെന്നൊക്കെ രാജൻ ചേട്ടൻ അജിത്തിനോട് സൂചിപ്പിച്ചിട്ടുണ്ട്. വെളിച്ചെണ്ണ കുടിപ്പിച്ചിട്ടുണ്ട്. പിന്നെ ലോക്ക്ഡൗൺ കാരണം ഡോക്ടർ കാണില്ല എന്നൊക്കെ കരുതിയാണ് അത്രേം നേരം അവർ കാത്തിരുന്നത്. ലോക്ക്ഡൗൺ നിർദേശപ്രകാരം അന്ന് അജിത്ത് ആയിരുന്നു ആശുപത്രിയിലെ ഏക ജീവനക്കാരൻ.

വീട്ടിൽനിന്നു നാൽപതു കിലോമീറ്റർ യാത്രയുണ്ട് ആശുപത്രിയിലേക്ക്. പോകാതെ നിവൃത്തിയില്ല. എന്റെ ലീവ് കുളമാക്കിയല്ലോ പശുവേ നീ എന്നോർത്തുകൊണ്ട് അങ്ങോട്ട് പോയി. അമ്പൂരിയിൽ രാജൻ ചേട്ടന്റെ വീട്ടിലെത്തി. പശു അവശതയിലാണ്. സർജറി അല്ലാതെ വേറെ നിവൃത്തിയില്ല. ഓപ്പറേഷൻ തീയേറ്റർ ഒന്നും ഇല്ലാതെ തൊഴുത്തിൽവച്ചു സർജറി ചെയ്യാൻ പറ്റുമെന്ന് പറഞ്ഞപ്പോൾ അവിടുത്തെ ചേച്ചിക്ക് വിശ്വാസം വന്നില്ല എന്നു തോന്നി.

സംഗതി സീരിയസ് ആണ്. നാലു കിലോയോളം പാൽ അകത്താക്കി അവശനിലയിലാണ് സൂസിമോൾ എന്ന് പേരുള്ള അവൾ. ഇന്ന് ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ നാളെ ചിലപ്പോൾ അവൾ മരണപ്പെടും. ഒറ്റയ്ക്ക് ചെയ്യാൻ പറ്റില്ല. ബ്ലോക്കിലെ രാത്രി ചികിത്സാ ചുമതലയുള്ള അഖിൽ ഡോക്ടറോട് പെട്ടെന്നു വരാൻ പറഞ്ഞു. അത്യാവശ്യം മരുന്നുകളുമായിട്ടു അഖിൽ പെട്ടെന്ന് എത്തി.

നിതിൻ നന്ദൻ ഡോക്ടർ, നവാസ് ഡോക്ടർ , ക്രിസ്റ്റീന ഡോക്ടർ എന്നിവരോട് ചോദിച്ച് ഓപ്പറേഷനെപ്പറ്റിയുള്ള സംശയങ്ങൾ തീർത്തു. തൊഴുത്തിനെ പെട്ടെന്ന് തന്നെ ഞങ്ങൾ ഒരു മിനി ഓപ്പറേഷൻ തീയേറ്റർ ആക്കിമാറ്റി. ഉപകരണങ്ങൾ അണുവിമുക്തമാക്കി. സർജറി തുടങ്ങി, പടി പടിയായി അവളുടെ വയർ വരെ ഞങ്ങളുടെ സർജറി കത്തി എത്തി. അപ്പോഴേക്കും സന്ധ്യ ആയി. ശക്തമായ മഴയും പെയ്തിരുന്നു. മഴകാരണം ഇടക്ക് വൈദ്യതി പോയി. എമർജൻസി ലാംപ്, മൊബൈൽ വെട്ടം, മെഴുകുതിരി വെട്ടം എന്നിവ കൊണ്ടു ഓപ്പറേഷൻ തുടർന്നു.

പശുക്കളുടെ ആമാശയം നമ്മുടേതു പോലെലല്ല. മനുഷ്യന് ഒരു അറയുള്ള വയറുള്ളപ്പോൾ പശുക്കൾക്ക് നാല് അറയുണ്ട്. ഈ അറകളിൽ ജീവിക്കുന്ന അണുക്കളുടെ സഹായത്തോടെയാണ് പശുക്കൾ പുല്ല് പോലുള്ള ഭക്ഷണസാധനങ്ങൾ ദഹിപ്പിക്കുന്നത്. നോക്കുമ്പോൾ ആദ്യത്തെ രണ്ട് അറയിലും (Rumen and Reticulam) റബർ പാൽ കലർന്ന ഭക്ഷ്യവസ്തുക്കൾ കിടക്കുന്നു. പാൽ കട്ടിപിടിച്ചതു കൊണ്ട്, അവയൊന്നും ആമാശയത്തിൽനിന്നു പുറന്തള്ളാതെ കിടന്നതുകൊണ്ടാണ് ചാണകമിടാതിരുന്നതും, ഗ്യാസ് കയറി വയറു വീർത്തതുമൊക്കെ.

ഞങ്ങൾ റബർ കലർന്ന പാതി ദഹിച്ച ആഹാരങ്ങൾ അവളുടെ വയറ്റിൽനിന്നു നീക്കം ചെയ്യാൻ തുടങ്ങി. വാരി വാരി നാലു ബക്കറ്റ് നിറഞ്ഞു. ഇടയ്ക്ക് സംശയം തോന്നിയപ്പോഴൊക്കെ നിതിനെ വിളിച്ചു. നീക്കം ചെയ്യാൻ പറ്റുന്ന പരമാവധി പുറത്തു കളഞ്ഞു. അതുകഴിഞ്ഞു നേരത്തെ കീറിയ ഓരോ ഭാഗങ്ങൾ തുന്നിച്ചേർത്തു സർജറി അവസാനിപ്പിച്ചു. മറ്റു രണ്ട് അറകളുടെ അവസ്ഥ കൃത്യമായി അറിയില്ലായിരുന്നു. എന്നാലും ശുഭാപ്തി വിശ്വാസത്തോടെ സൂസിമോൾക്ക് ബാക്കി മരുന്നുകൾ കൊടുത്തു ഞങ്ങൾ പിരിഞ്ഞപ്പോൾ രാത്രി ഒമ്പത് മണി കഴിഞ്ഞിരുന്നു.

cow-1
സർജറിക്കുശേഷം സുഖംപ്രാപിച്ച പശു

ഇന്നലെ ഇൻജക്‌ഷൻ കൊടുക്കാനുള്ള ഏർപാടു ചേർത്തിരുന്നു. ഇന്ന് മൂന്നാം ദിവസമായിരുന്നു. അവിടെ എത്തിയപ്പോൾ സൂസിമോൾ പുല്ലു തിന്നുന്നു. ഇന്നലെ തന്നെ അവൾ ചാണകമിട്ടു തുടങ്ങിയെന്ന് രാജൻചേട്ടൻ പറഞ്ഞു. ഇന്നത്തെ ഇഞ്ചക്‌ഷൻ കൊടുത്തത്തിനൊപ്പം ഇനി റബർ പാൽ കുടിക്കരുത് മോളെ എന്നൊരു ഫ്രീ ഉപദേശവും അവൾക്ക് കൊടുത്തിട്ട് വല്ലാത്ത സന്തോഷത്തോടെ ഇന്നത്തെ ജോലി തീർത്തു വീട്ടിൽ വന്നു.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA