ADVERTISEMENT

പുതുതായി വാങ്ങിയ പശുക്കളെയോ ആട്ടിൻകുട്ടികളെയോ നമ്മൾ എവിടെയാണ് കെട്ടുന്നത്? നിലവിലുള്ള തൊഴുത്തിന്റെ ഒരറ്റത്ത് സ്ഥലമുണ്ടാക്കി അവിടെ കെട്ടുകയല്ലേ പതിവ്? ആറ്റുനോറ്റിരുന്ന് വാങ്ങിയ നായ്ക്കുട്ടിയെ പുറത്തെ കൂട്ടിലിടാൻ നമ്മൾ സമ്മതിക്കുമോ? ഇല്ല. അവയെ വീടിനകത്താണു സൂക്ഷിക്കാറ്. എന്നാൽ, ഈ സമ്പ്രദായം ശരിയാണോ? നമുക്കു നോക്കാം.

അടുത്തിടെയായി നമ്മൾ ഏറ്റവുമധികം കേൾക്കുന്ന രണ്ടു വാക്കുകളാണ് ക്വാറന്റീനും ഐസോലേഷനും. കോവിഡ്-19 ആഗോള വ്യാപകമാകുന്ന പശ്ചാത്തലത്തിലാകാം പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടുള്ള ഈ രണ്ടു വാക്കുകളും കൂടുതൽ ഉപയോഗിക്കേണ്ടി വരുന്നത്.

മറ്റു മൃഗങ്ങളിലേക്ക് രോഗപ്പകർച്ച തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി ഇറക്കുമതി ചെയ്യുന്ന എല്ലാ പക്ഷിമൃഗാദികളെയും താൽക്കാലികമായി മറ്റുള്ളവയിൽനിന്ന് അകറ്റി പാർപ്പിക്കുന്ന ജൈവ രോഗപ്രതിരോധ രീതിയാണ് ക്വാറന്റീൻ (Quarantine)/രോഗ നിരോധിത കാലം/നിരീക്ഷണ കാലം എന്നു പറയുന്നത്. ഇത് രോഗ പ്രതിരോധത്തിനും, ഉരുക്കൾ പുതിയ കാലാവസ്ഥയുമായും തീറ്റയുമായും പൊരുത്തപ്പെടുന്നതിനും സഹായിക്കും.

രോഗലക്ഷണങ്ങൾ കാണിക്കാത്ത ആരോഗ്യമുള്ള മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കുമ്പോൾ അതിനെ ക്വാറന്റീൻ എന്നു പറയുന്നു. എന്നാൽ, മാറ്റിപ്പാർപ്പിക്കുന്നത് രോഗലക്ഷണങ്ങൾ കാണിക്കുന്ന മൃഗങ്ങളെയാകുമ്പോൾ അതിനെയാണ് ഐസൊലേഷൻ എന്നു പറയുന്നത്.

ലളിതമായ ഒരു ഉദാഹരണം പറഞ്ഞാൽ മനുഷ്യരുടെ രക്തദാനം ചെയ്തു കഴിഞ്ഞാൽ അത് ഉപയോഗിക്കുന്നതിനു മുമ്പ് പരിശോധനയ്ക്കായി അയയ്ക്കാറുണ്ട്. മനുഷ്യരുടെ ചികിത്സയ്ക്ക് ഉപയോഗയോഗ്യമാണെന്നുള്ള സാക്ഷ്യപത്രം ലഭിക്കുന്നതു വരെ രക്തം സൂക്ഷിച്ചു വയ്ക്കുന്നു. ഇങ്ങനെ സൂക്ഷിച്ചുവയ്ക്കുന്ന കാലയളവിനെ രക്തത്തിന്റെ ക്വാറന്റീൻ കാലം എന്നാണ് പറയുന്നത്.

എന്നാൽ, മൃഗങ്ങളുടെ കാര്യത്തിൽ ഇത് മറ്റു രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നവയെയും നമ്മുടെ രാജ്യത്തിനകത്തുനിന്നു തന്നെ പല സ്ഥലങ്ങളിൽനിന്നും പുതുയതായി കൊണ്ടുവരുന്ന മൃഗങ്ങളെയും മറ്റുള്ളവയിൽനിന്ന് മാറ്റി പാർപ്പിക്കുകയാണ് ചെയ്യുന്നത്. ഇപ്രകാരം കൊണ്ടുവരുന്ന മൃഗങ്ങൾ രോഗബാധ നിലനിൽക്കുന്ന സ്ഥലത്തുനിന്നോ ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നോ ആണെങ്കിലും ക്വാറന്റെൻ ചെയ്യേണ്ടതാണ്.

ക്വാറന്റീൻ ചരിത്രം

ക്വാറന്റീൻ എന്ന ആശയത്തിന് വിശുദ്ധ ബൈബിളിലെ പഴയനിയമ ഗ്രന്ഥത്തോളം പഴക്കമുണ്ട്. പഴയ നിയമത്തിലെ ലേവ്യരുടെ പുസ്തകത്തിൽ മോശ വഴി, ഇസ്രായേൽ ജനത്തിന് ദൈവം നൽകുന്ന നിയമങ്ങളിൽ രോഗബാധിതരായ ആളുകളെ രോഗവ്യാപനം തടയുന്നതിനായി മറ്റുള്ളവരിൽനിന്നു മാറ്റി പാർപ്പിക്കണം എന്ന് നിഷ്ക്കർഷിക്കുന്നുണ്ട്.

ക്വാറന്റീൻ എന്ന വാക്ക് ഉത്ഭവിച്ചത് '40 ദിവസം' എന്ന അർഥമുള്ള ക്വാറന്റൊ ജിയോണി (Quarenta giorni) എന്ന ഇറ്റാലിയൻ വാക്കിൽനിന്നാണ്.

പതിനാലാം നൂറ്റാണ്ടിൽ പ്ലേഗ് രോഗബാധ തടയുന്നതിനായി കപ്പലുകൾ തുറമുഖത്തേക്ക് അടുപ്പിക്കുന്നതിനു മുമ്പ് , തീരത്തുനിന്ന് അകലെയായി നങ്കൂരമിട്ട് 40 ദിവസം കഴിഞ്ഞതിനുശേഷം മാത്രം കരയ്ക്ക് അടുപ്പിക്കുന്ന പതിവുണ്ടായിരുന്നു. അതുകൊണ്ട് ക്വാറന്റീൻ, കപ്പൽ വിലക്ക് എന്നുകൂടി അറിയപ്പെടുന്നു.

1348-1359 വരെയുള്ള കാലഘട്ടത്തിൽ ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന പ്ലേഗ് ബാധിച്ച് യൂറോപ്പിലെ 30% ആളുകളും ഭൂമുഖത്തുനിന്ന് തുടച്ചു നീക്കപ്പെടുകയുണ്ടായി. 1377ൽ 30 ദിവസത്തെ (ട്രെൻറ്റെൻ) രോഗ നിരോധിത കാലമാണ് ഏർപ്പെടുത്തിയിരുന്നത്.

ഇറക്കുമതി ചെയ്യുന്ന മൃഗങ്ങളുടെ ക്വാറന്റീൻ എങ്ങനെ?

ഇന്ത്യയിൽ പ്രവർത്തിക്കുന്ന ആനിമൽ ക്വാറന്റീൻ സർട്ടിഫിക്കേഷൻ സർവീസസ് ( AQCS) ആണ് അന്യരാജ്യങ്ങളിൽനിന്നു കൊണ്ടുവരുന്ന മൃഗങ്ങളെ ക്വാറന്റീൻ ചെയ്യുന്ന ഉത്തരവാദിത്വം നിർവഹിക്കുന്നത്. ഗുരുതരമായ ജന്തുരോഗങ്ങളും ജന്തുജന്യ രോഗങ്ങളും രാജ്യത്തേക്ക് കടന്നുവരുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യം.

എവിടെയാണ് ക്വാറന്റീൻ സ്റ്റേഷൻസ് സ്ഥിതി ചെയ്യുന്നത്?

എയർപോർട്ടിലും സീപോർട്ടിലും കരമാർഗങ്ങളിലും മൃഗങ്ങളെ ക്വാറന്റീൻ ചെയ്യുന്നതിനായി 'ക്വാറന്റീൻ സ്റ്റേഷൻ' സ്ഥാപിച്ചിട്ടുണ്ട്. 1969ൽ ഡൽഹിയിലാണ് ഇന്ത്യയിൽ ആദ്യത്തെ ക്വാറന്റീൻ സ്റ്റേഷൻ രൂപീകൃതമായത്. പിന്നീട് 1974ൽ ചെന്നൈയിലും, 1975ൽ കൊൽക്കത്തയിലും, പിന്നീട് മുംബൈ, ഹൈദ്രാബാദ്, ബാംഗളൂരു എന്നിവിടങ്ങളിലും എന്നിങ്ങനെ ക്വാറന്റീൻ സ്റ്റേഷനുകൾ സ്ഥാപിക്കപ്പെ‌ട്ടു. 30 ദിവസമാണ് ഇവിടെ ക്വാറന്റീൻ ചെയ്യുന്നത്.

കേരളത്തിൽ 1967ൽ നിലവിൽ വന്ന പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് ആനിമൽ ഡിസീസ് ആക്റ്റ് (ഭേദഗതി 2004) അനുസരിച്ചാണ് സംസ്ഥാനത്തെ ജന്തുരോഗനിയന്ത്രണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

എത്രനാൾ ക്വാറന്റെൻ ചെയ്യണം?

സാധാരണയായി 3 - 4 ആഴ്ച സമയമാണ് രോഗനിരോധിത കാലം എന്നു പറയുന്നത്. ഓരോ രോഗങ്ങളുടെയും ഇൻകുബേഷൻ പീരീഡ് അഥവാ അടയിരിപ്പ് കാലം (രോഗാണു ശരീരത്തിൽ പ്രവേശിച്ചതിനു ശേഷം രോഗലക്ഷണങ്ങൾ പ്രകടമാകുന്നതു വരെയുള്ള കാലഘട്ടം) അനുസരിച്ചു രോഗനിരോധിത കാലവും വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ, പേ വിഷബാധ പോലുള്ള ജന്തുജന്യ രോഗങ്ങളുടെ കാര്യത്തിൽ അത് ആറു മാസത്തിനു മേൽ ഉയരാറുണ്ട്.

ക്വാറന്റീൻ കാലത്ത് ക്ഷീരകർഷകർ ചെയ്യേണ്ടത്

  • പുതുതായി കൊണ്ടുവന്നവയെ പരിചരിക്കുന്നതിനു പ്രത്യേകമായി ഒരാളെ ഏർപ്പാടാക്കുകയാണ് ചെയ്യേണ്ടത്. അല്ലാത്തപക്ഷം ഫാമിലെ പശുക്കളുടെ പരിചരണത്തിനു ശേഷം മാത്രം പുതിയവയെ ശ്രദ്ധിച്ചാൽ മതി.
  • രോഗ നിരോധിത കാലത്തുള്ള മൃഗങ്ങളെ സന്ദർശിക്കുന്നതിന് ഡോക്ടർമാർ, കറവക്കാർ, അവയെ പരിപാലിക്കുന്നവർ തുടങ്ങിയവരെ മാത്രം അനുവദിക്കുക.
  • കന്നുകാലികളെ മേയാൻ വിടുന്ന പുൽമേടുകൾക്കു ചുറ്റും ഇരട്ട വേലി (double fencing) കെട്ടുന്നത് മറ്റു മൃഗങ്ങളിൽനിന്നുള്ള സമ്പർക്കം തടയാൻ സഹായിക്കും.
  • ക്വാറന്റീൻ സമയത്ത് ഉരുക്കളുടെ ചാണകം പരിശോധിച്ച് വിരയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത് ഉചിതമായ വിരമരുന്ന് നൽകണം. സാധാരണയായി ക്വാറന്റീൻ തുടങ്ങി 23-24 ദിവസമാകുമ്പോഴാണ് വിരമരുന്ന് നൽകുന്നത്.
  • കുളമ്പുരോഗം, ഹെമറാജിക് സെപ്റ്റിസീമിയ (കുരലടപ്പൻ) തുടങ്ങിയ കന്നുകാലി രോഗങ്ങൾക്ക് എതിരായ പ്രതിരോധകുത്തിവയ്പ് നൽകേണ്ടത് ഇപ്പോഴാണ്.
  • മറ്റു പശുക്കളുടെ കറവയ്ക്കു ശേഷം മാത്രം പുതിയ പശുവിനെ കറക്കുക.
  • പുതിയ ഉരുക്കളുടെ വരവിനു മുമ്പായി അവയെ പാർപ്പിക്കുന്ന സ്ഥലം അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കണം.
  • രോഗം നിരോധന കാലത്ത് ബാക്ടീരിയ, വൈറസ്, പ്രോട്ടോസോവ തുടങ്ങിയവ മൂലമുള്ള രോഗങ്ങൾ നിർണയിക്കുന്നതിനുള്ള പരിശോധന നടത്തണം.
  • സബ് ക്ലിനിക്കൽ (subclinical mastitis) അകിടുവീക്കം അറിയുന്നതിന് കാലിഫോർണിയ അകിടുവീക്കനിർണയ പരിശോധനയ്ക്ക് പാൽ വിധേയമാക്കി, ഫലം പോസിറ്റീവ് ആണെങ്കിൽ അവയെ ചികിത്സിച്ച് ഭേദമാക്കിയതിനുശേഷം മാത്രം മറ്റുള്ളവയുമായി ചേർക്കുവാൻ അനുവദിക്കുക.

ഈ കാലഘട്ടത്തിൽ ആരോഗ്യം വീണ്ടെടുക്കുന്നതിനും രോഗപ്രതിരോധശേഷി വീണ്ടെടുക്കുന്നതിനുമായുള്ള ദേഹരക്ഷാ കാലം കൂടിയാണ് കന്നുകാലികൾക്ക്. ശാരീരികക്ഷീണവും യാത്രാസമ്മര്‍ദ്ദവും കുറയ്ക്കുന്നതിനായി കറവയിലുള്ള പശുക്കള്‍ക്ക് കാത്സ്യം, ജീവക ധാതുമിശ്രിതങ്ങളും, പ്രോബയോട്ടിക്കുകളും നിര്‍ബന്ധമായും ക്വാറന്റീന്‍ കാലത്ത് നല്‍കണം.

ബ്രൂസല്ല രോഗം, ഐബിആർ ( Infectious Bovine Rhinotracheitis) ക്ഷയം, ജോൺസ് അസുഖം എന്നിങ്ങനെയുള്ള രോഗങ്ങൾ പുതിയതായി വാങ്ങിയ ഉരുവിനെ ബാധിച്ചിട്ടുണ്ടോ എന്നറിയാൻ ഉരുക്കളെ സ്ക്രീനിംഗ് പരിശോധനയ്ക്കു വിധേയമാക്കണം. മേൽസൂചിപ്പിച്ച അണുബാധയുള്ള ഉരുക്കളെ ഒഴിവാക്കേണ്ടതാണ് എന്തെന്നാൽ, ചികിത്സിച്ചാൽ പോലും സുഖം പ്രാപിക്കാൻ ദുഷ്ക്കരമായതും സമ്പർക്കം വഴി ആരോഗ്യമുള്ള മറ്റുള്ളവയിലേക്കും മനുഷ്യരിലേക്കും പകരാനുള്ള സാദ്ധ്യതയും കണക്കിലെടുത്ത് ഒഴിവാക്കൽ രീതി അവലംബിക്കുന്നതാണ് നല്ലത്.

ഇനി ക്യാറന്റൈൻ ചെയ്യുമ്പോൾ ഏർപ്പെടുത്തേണ്ട സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

  • രോഗബാധിത കാലത്തിൽ കഴിയുന്ന പക്ഷി മൃഗാദികളെ പ്രത്യേകം കൂട്ടിൽ അഥവാ തൊഴുത്തിൽ പാർപ്പിക്കണം.
  • തൊട്ടടുത്ത മുറിയിൽ ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ടാകണം. മരുന്നുകൾ സൂക്ഷിക്കുകയും വേണം.
  • പ്രത്യേകമായുള്ള വ്യക്തിഗത സുരക്ഷാ സംവിധാനം ഏർപ്പെടുത്തണം.
  • ഉരുക്കളുടെ മാലിന്യങ്ങളും വിസർജ്യങ്ങളുമെല്ലാം സുരക്ഷിതമായി സംസ്ക്കരിക്കണം.
  • 25-26 ദിവസമാകുമ്പോൾ ബാഹ്യ പരാദങ്ങൾക്കെതിരായ മരുന്നുകൾ നൽകുകയോ, ദേഹത്ത് തളിക്കുകയോ ചെയ്യണം.
  • നായ്ക്കളുടെ കാര്യത്തിൽ സാധാരണയായി ചെയ്യേണ്ടത് പേവിഷബാധ, കനൈൻ ഇൻഫ്ലുവൻസ, കനൈൻ സിസ്റ്റംബർ, കെന്നൽ കഫ്, ജിയാർഡിയാ, പാർവോ വൈറസ് രോഗം, എലിപ്പനി തുടങ്ങിയ അസുഖങ്ങൾക്കാണ് ക്വാറന്റീൻ സമയത്ത് പരിശോധന നടത്തേണ്ടത്.
  • നായ്ക്കളെ പുരയിടത്തിൽ തന്നെ പ്രത്യേകമായുള്ള തയാറാക്കിയിട്ടുള്ള സ്ഥലത്ത് സൂക്ഷിക്കണം, അവയെ പുറത്തു വിടരുത്. മറ്റു മൃഗങ്ങളുമായി ഇടപെടുന്നതിന് അനുവദിക്കരുത്.
  • പ്രതിരോധ കുത്തിവയ്പ്പുകൾക്ക് വിധേയമാക്കണം.
  • ക്വാറന്റീൻ കാലത്തിനു ശേഷം ആരോഗ്യത്തോടെയുള്ളവയെ മറ്റുള്ളവയുടെ കൂടെ കൂട്ടാം. അല്ലാത്ത പക്ഷം അവയെ ഒഴിവാക്കേണ്ടതാണ്.

മൃഗങ്ങളുടെ ക്ഷേമത്തിനും പൊതുജനാരോഗ്യ സംരക്ഷണത്തിനും ക്വാറന്റീൻ അത്യന്താപേക്ഷിതമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com