ഒരു സ്ട്രോയും പശുക്കളുടെ ഗർഭവും, നല്ല കന്നുക്കുട്ടികളെ ലഭിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?

HIGHLIGHTS
  • സ്‌ട്രോകളിലാണ് ശുക്ലം സൂക്ഷിച്ചുവയ്ക്കാറുള്ളത്
  • സ്‌ട്രോയിൽനിന്ന് എന്തെല്ലാം അറിയാം?
cow-2
SHARE

ക്ഷീരകർഷകർക്കിടയിലെ പ്രധാന സംശയങ്ങളാണല്ലോ കുത്തിവെപ്പിന് ഉപയോഗിക്കുന്ന ബീജം മികച്ചതാണോ, അവ ഏതിനത്തിൽ പെട്ടതാണ്, ഏത് ഇനമാണ് മികച്ചത് എന്നൊക്കെ.  കൃത്രിമ ബീജാധാനത്തിനുപയോഗിക്കുന്ന ബീജ മാത്രാ സ്‌ട്രോ ശ്രദ്ധാപൂർവം വായിച്ചു നോക്കിയാൽത്തന്നെ ഇവയിൽ പലതിനുമുള്ള  ഉത്തരങ്ങൾ നമുക്ക് ലഭിക്കുമെന്നതാണ് വാസ്തവം.

ദേശീയ കന്നുകാലി പ്രജനന പദ്ധതി പ്രകാരം പശുക്കൾക്ക് കൃത്രിമ ബീജാധാനം മാത്രമേ നമ്മുടെ നാട്ടിൽ പാടുള്ളു എന്നറിയാമല്ലോ. നമ്മുടെ നാട്ടിലെ  കാളയുടെ ഒരു മില്ലി ശുക്ലത്തിൽ തന്നെ ആയിരത്തഞ്ഞൂറ് മില്യൺ ബീജങ്ങൾ വരെയുണ്ടാവാം. എന്നാൽ, സങ്കലനത്തിനായി നമുക്ക് ഒരു ബീജം മാത്രമേ ആവശ്യമുള്ളൂ. അതുകൊണ്ടുതന്നെ അവ ശാസ്ത്രീയമായി നേർപ്പിച്ച ശേഷമാണ് നാം കാണുന്ന സ്‌ട്രോയിൽ നിറയ്ക്കുന്നത്. ഒരു സ്‌ട്രോയിൽ ഇരുപത് മില്യൺ ബീജം വേണമെന്നാണ് കണക്ക്. എങ്ങനെയാണ് ഈ സ്‌ട്രോകൾ ബീജാധാനത്തിനായി എത്തുന്നതെന്ന് നമുക്ക് നോക്കാം.

വിത്തുകാളയെ തിരഞ്ഞെടുക്കൽ

ജനിതക പഠനങ്ങളിലൂടെ ഗുണനിലവാരവും മികച്ച വർഗഗുണങ്ങളുമുള്ള കാളകളെയാണ് ബീജം ശേഖരിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ബുൾ സ്റ്റേഷനുകളിൽ ഉപയോഗിക്കുന്നത്. വർഷങ്ങളോളം ഇവയുടെ ബീജം പല ഭാഗങ്ങളിലും കൃത്രിമ ബീജാധാനത്തിനായി ഉപയോഗിക്കുമെന്നാൽ തന്നെ എന്തെങ്കിലും ന്യൂനതകളോ അസുഖങ്ങളോ ഉള്ള കാളകളെ ഒരിക്കലും ബീജ ശേഖരണത്തിനായി ഉപയോഗിക്കാറില്ല. പ്രോജനി ടെസ്റ്റിങ്, ബുൾ മദർ പെർഫോമൻസ് മുതലായ മാനദണ്ഡങ്ങൾ ബീജത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്താൻ ഉപയോഗിക്കുന്നു. അതോടൊപ്പം തന്നെ ബ്രൂസെല്ലോസിസ്, ബോവൈൻ ട്യൂബർകുലോസിസ് പോലെ ബീജത്തിലൂടെ പകരാവുന്ന രോഗങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തി പ്രതിരോധകുത്തിവയ്പ്പുകൾ കൂടി നൽകിയ ശേഷമാണ് കാളകളെ തിരഞ്ഞെടുക്കുന്നത്.

ബീജ ശേഖരണം

കൃത്രിമ യോനീനാളം സൃഷ്ടിച്ചാണ് ബീജം ശേഖരിക്കാറുള്ളത്. തിരഞ്ഞെടുക്കപ്പെട്ട മികച്ച കാളകളിൽനിന്ന് കൃത്യമായ ഇടവേളകളിൽ ബീജശേഖരണം നടത്തും. യോനീനാളത്തിന് സമാനമായ ഊഷ്മാവും മർദ്ദവും കൃത്രിമമായി നൽകിയാണ് സ്ഖലനം നടത്തിക്കുക. ശേഷം ശുക്ലം നേർപ്പിച്ചു സംഭരിച്ചുവയ്ക്കും.

ശുക്ലം നേർപ്പിക്കൽ

ബുൾ സ്റ്റേഷനുകളിലെ ശുക്ലം അതേപോലെ കൃത്രിമ ബീജാധാനത്തിനായി സാധാരണ ഗതിയിൽ ഉപയോഗിക്കാറില്ല. ശേഖരിച്ച ശേഷം അവയുടെ ഗുണഗണങ്ങൾ വിശകലനം ചെയ്യുന്നതിനായി മോട്ടിലിറ്റി, മാസ് ആക്ടിവിറ്റി മുതലായ വിവിധ പരിശോധനകൾക്ക് വിധേയമാക്കും. ഏറ്റവും മികച്ചത് എന്ന് ഉറപ്പുള്ളവ മാത്രമേ നേർപ്പിച്ചു ശുക്ല എക്‌സ്റ്റൻടെർ ഉപയോഗിച്ച് സ്‌ട്രോയിൽ നിറയ്ക്കൂ. ഇവയാണ് വിവിധ മൃഗാശുപത്രികളിലേക്ക് അയയ്ക്കുന്നത്.

cow-1
വിത്തുകാളയുടെ ബീജം നിറച്ച സ്ട്രോ

ബീജം പായ്ക്കിങ്‌

സ്‌ട്രോകളിലാണ് ശുക്ലം സൂക്ഷിച്ചുവയ്ക്കാറുള്ളത്. ഫ്രഞ്ച് സ്‌ട്രോ, ജർമൻ സ്‌ട്രോ എന്നീ രണ്ടു തരം പ്ലാസ്റ്റിക് സ്‌ട്രോകളാണ് നിലവിൽ ഉപയോഗിക്കുന്നത്. നേർപ്പിച്ച ശുക്ലം 0.25 മില്ലി, 0.5 മില്ലി എന്നീ അളവുകളിലാണ് സ്‌ട്രോകളിൽ വരുന്നത്. ഒരു കുത്തിവയ്പ്പിന് ഒരു സ്‌ട്രോ മാത്രമേ ആവശ്യമുള്ളൂ.

സ്‌ട്രോയിൽനിന്ന് എന്തെല്ലാം അറിയാം?

ബീജമാത്രകൾ നിറച്ച സ്‌ട്രോകൾ വ്യത്യസ്ത നിറങ്ങളിലാണ് വരുന്നതെന്ന കാര്യം ചിലരെങ്കിലും ശ്രദ്ധിച്ചിരിക്കും. ചില മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവ തയാറാക്കുന്നത്. ഉദാഹരണത്തിന് ഹോൾസ്റ്റയ്ൻ വിഭാഗത്തിന് പിങ്ക് അല്ലെങ്കിൽ റോസ്, ജേഴ്സിക്ക് മഞ്ഞ, നാടൻ ഇനങ്ങൾക്ക് ഓറഞ്ച് എന്ന രീതിയിലാണ് സ്‌ട്രോകളുടെ കളർ കോഡ്. സങ്കരയിനം പശുക്കളുടെ സ്‌ട്രോയുടെ നിറവും വ്യത്യസ്തമാണ്. നിറം കൂടാതെ തന്നെ വിത്തു കാളയുടെ നമ്പർ, ഇനം, ബീജം ശേഖരിച്ച തീയതി, ബാച്ച് നമ്പർ, സ്‌ട്രോ പായ്ക്ക് ചെയ്യുന്ന സംഘടനയുടെ വിവരങ്ങൾ എന്നിവയും സ്‌ട്രോയിൽ ലഭ്യമാണ്.

ഓരോ ജനുസിനും ഓരോ ഇംഗ്ലീഷ് കോഡാണ് സ്‌ട്രോയിൽ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ജേഴ്സിക്ക് JY, ഹോൾസ്റ്റയ്ൻ സങ്കരയിനത്തിന് CB HF എന്നിങ്ങനെ. ഇവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ദേശീയ ക്ഷീര വികസന ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

ശുക്ല സംഭരണം

സാധാരണയായി ശീതീകരിച്ചാണ് ശുക്ലം സംഭരിച്ചുവയ്ക്കാറുള്ളത്. ഡ്രൈ ഐസ്, ഹീലിയം മുതലായവ ഉപയോഗിക്കാറുണ്ടെങ്കിലും ദ്രാവക രൂപത്തിലുള്ള നൈട്രജനാണ് ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ശുക്ലം നിറച്ച സ്‌ട്രോകൾ ദ്രവ നൈട്രജനിൽ മുക്കിവയ്ക്കുന്നു. കൃത്യമായ ഇടവേളകളിൽ നൈട്രജൻ നിറയ്ക്കുന്ന പക്ഷം വർഷങ്ങളോളം അവ ഭദ്രമായി സൂക്ഷിക്കാം.

cow-3
ബീജം സൂക്ഷിക്കാൻ ദ്രവനൈട്രജൻ

ബീജവിതരണം

കേരളത്തിൽ കേരള കന്നുകാലി വികസന ബോർഡാണ് സർക്കാർ മൃഗാശുപത്രികളിലേക്കുള്ള ബീജം വിതരണം ചെയ്യുന്നത്. ഇതു കൂടാതെ സ്വകാര്യ കമ്പനികളുടെയും മികച്ച ബീജം ഇന്ന് ലഭ്യമാണ്. മാട്ടുപ്പെട്ടി, ധോണി തുടങ്ങിയ സ്ഥലങ്ങളിലെ ബോർഡിന്റെ ബുൾ സ്റ്റേഷനുകളിൽനിന്നാണ്  കേരളത്തിലെ ബീജാധാനത്തിനുള്ള സ്‌ട്രോകൾ വരുന്നത്.

കൃത്രിമ ബീജാധാനം നടത്തും മുമ്പേ

എല്ലാ ഇനങ്ങൾക്കും  അവയുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിങ്ങളുടെ പശുവിന്റെ ഇനവും ആരോഗ്യവും നിങ്ങളുടെ ആവശ്യകതയും  ഒരു വെറ്ററിനറി ഡോക്ടറുമായി ചർച്ച ചെയ്ത ശേഷം ഏതിനമാണ് നിങ്ങളുടെ പശുവിനു യോജിച്ചതെന്നു തീരുമാനിച്ചു കൃത്രിമ ബീജാധാനം നടത്തുന്നതാണ് ഉത്തമം. അല്ലാത്ത പക്ഷം പ്രസവ സംബന്ധിയായ ബുദ്ധിമുട്ടുകളും മറ്റു പ്രശ്നങ്ങളും  ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ബീജത്തിന്റെ ഗുണനിലവാരം കൂടാതെ കൃത്രിമബീജാധാനം ചെയ്യുന്ന സമയം, രീതി എന്നിവ കൂടി ശ്രദ്ധിച്ചാൽ മാത്രമേ നമുക്ക് മികച്ച കന്നുകുട്ടികളെ ലഭിക്കൂ.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA