നായ്ക്കളിലെ പാര്‍വോരോഗം- മുൻകരുതലെടുക്കാം

HIGHLIGHTS
  • പ്രതിരോധ കുത്തിവയ്പ്പ് ആവശ്യം
  • വൈറസിനെതിരെ ഫലപ്രദമായ മരുന്നുകള്‍ ലഭ്യമല്ല
dog
SHARE

നായ്ക്കളെ വളർത്തുന്നവർക്കിടയിൽ പാർവോ രോഗത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമായിരിക്കും. പാർവോ രോഗം ബാധിച്ച് അകാലത്തിൽ അരുമകളെ നഷ്ടപ്പെട്ടവരുണ്ടാവാം. ദിവസങ്ങളോളം ചികിത്സ നൽകി തങ്ങളുടെ ഓമനകളെ പാർവോയുടെ പിടിയിൽനിന്ന് രക്ഷപ്പെടുത്തിയ അനുഭവങ്ങളായിരിക്കും മറ്റ് ചിലർക്ക് പങ്കുവയ്ക്കാനുണ്ടാവുക.

പാര്‍വോ അഥവാ വൈറല്‍ ഹെമറേജിക് എന്‍ററൈറ്റിസ് എന്നറിയപ്പെടുന്ന ഈ സാംക്രമികരോഗത്തിന് കാരണം കനൈന്‍ പാര്‍വോ വൈറസുകളാണ്. വൈറസുകള്‍ക്കിടയിലെ തന്നെ ഇത്തിരിക്കുഞ്ഞന്മാരാണെങ്കിലും വേനല്‍ ചൂടിനെയും തണുപ്പിനെയും അണുനാശിനികളെയുമെല്ലാം അതിജീവിച്ച് ദീര്‍ഘകാലം മണ്ണില്‍ സുഖസുഷുപ്തിയില്‍ കഴിയാന്‍ ശേഷിയുള്ളവരാണ് കനൈന്‍ പാര്‍വോ വൈറസുകള്‍. അന്തരീക്ഷ ഈര്‍പ്പം ഉയരുകയും താപനില കുറയുകയും ചെയ്യുന്ന അനുകൂലസാഹചര്യങ്ങളില്‍ പാര്‍വോ വൈറസ് രോഗാണുക്കള്‍ സജീവമായി രോഗമുണ്ടാക്കും. 

വേനൽ മാറി മഴയെത്തുന്ന ഇടക്കാലത്ത് രോഗനിരക്ക് പൊതുവെ ഉയരുമെങ്കിലും ഏത് കാലാവസ്ഥയിലും രോഗം പടര്‍ത്താന്‍ ശേഷിയുള്ളവരാണ് കനൈന്‍ പാര്‍വോ വൈറസുകള്‍.

വൈറസിനെതിരായ ഫലപ്രദമായ മരുന്നുകള്‍ ലഭ്യമല്ലാത്തതും, വേഗത്തില്‍ പടര്‍ന്നുപിടിക്കാനുള്ള വൈറസിന്‍റെ ശേഷിയും രോഗനിയന്ത്രണം ശ്രമകരമാക്കും. രോഗലക്ഷണങ്ങള്‍ അതിതീവ്രമായി പ്രകടിപ്പിക്കുന്നതിനാല്‍ പാര്‍വോരോഗത്തിനെതിരായ ചികിത്സയും പരിചരണവുമെല്ലാം നീണ്ടുനില്‍ക്കുന്നതും, ചെലവേറിയതുമാണ്. പാര്‍വോ വൈറസില്‍നിന്നു നമ്മുടെ അരുമകളെ കരുതാന്‍ ചില മുന്‍കരുതലുകള്‍ വേണ്ടതുണ്ട്. 

പാര്‍വോ രോഗം പടരുന്നതെങ്ങനെ?

പാര്‍വോരോഗം ബാധിച്ച നായ്ക്കള്‍ 4-5 ദിവസത്തിനകം അവയുടെ വിസര്‍ജ്യത്തിലൂടെ വൈറസുകളെ ധാരാളമായി പുറന്തള്ളും. ഇങ്ങനെ പുറത്തുവരുന്ന വൈറസുകള്‍ക്ക് എല്ലാ പ്രതികൂലസാഹചര്യങ്ങളെയും സമർഥമായി തരണം ചെയ്ത് ദീര്‍ഘനാള്‍ പരിസരങ്ങളില്‍ നിലനില്‍ക്കുള്ള വിരുതുണ്ട്. രോഗബാധയേറ്റ നായ്ക്കളുമായോ, അവയുടെ വിസര്‍ജ്യം കലര്‍ന്ന് രോഗാണുക്കളാല്‍ മലിനമായ പരിസരങ്ങളുമായുള്ള നേരിട്ടോ അല്ലാതേയോ ഉള്ള സമ്പര്‍ക്കത്തിലൂടെയോ മറ്റു നായ്ക്കളിലേക്ക് രോഗം പകരും. 

രോഗബാധയേറ്റ നായ്ക്കള്‍, അവയുടെ വിസര്‍ജ്യം എന്നിവയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട വ്യക്തികള്‍, അവരുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം രോഗാണുസംക്രമണത്തിന് വഴിയൊരുക്കും. രോഗാണുമലിനമായ തീറ്റ, ജലം, നായ്ക്കളുടെ കളിപ്പാട്ടങ്ങള്‍, കഴുത്തിലണിയുന്ന ബെല്‍റ്റുകള്‍, ലീഷുകള്‍, കോളറുകള്‍, തീറ്റപ്പാത്രങ്ങള്‍, ഗ്രൂമിങ് ബ്രഷുകള്‍, ആശുപത്രി സാഹചര്യങ്ങള്‍ തുടങ്ങിയവയെല്ലാം രോഗാണുസംക്രമണത്തിന്‍റെ സ്രോതസുകളാണ്. 

കണ്‍മുന്നിൽപ്പെടുന്നതെന്തും രുചിച്ച് നോക്കാനും, മണത്തുനോക്കാനുമുള്ള നായ്ക്കളുടെ പ്രവണത രോഗപ്പകര്‍ച്ച എളുപ്പമാകും. വിസര്‍ജ്യത്തില്‍ വന്നിരിക്കുന്ന ഈച്ചകള്‍ക്കും രോഗം പരത്താന്‍ ശേഷിയുണ്ട്. രോഗവാഹകരാകാനിടയുള്ള തെരുവ് നായ്ക്കളുമായുള്ള സമ്പര്‍ക്കവും രോഗാണുസംക്രമണത്തിന് വഴിയൊരുക്കും. 

ആറാഴ്ച മുതല്‍ ആറു മാസംവരെ പ്രായമുള്ള നായ്ക്കുട്ടികളാണ് പാര്‍വോ രോഗാണുവിന്‍റെ പ്രധാന ഇരകള്‍. എങ്കിലും പ്രതിരോധശേഷി കുറഞ്ഞ ഏതു പ്രായത്തിലുള്ള നായ്ക്കളെയും ബാധിക്കാനുള്ള ശേഷി ഈ വൈറസിനുണ്ട്. റോട്ട്‌വീലര്‍, പിറ്റ്ബുള്‍, ലാബ്രഡോര്‍ റിട്രീവര്‍, ഡോബര്‍മാന്‍, ജര്‍മന്‍ ഷെപ്പേര്‍ഡ് തുടങ്ങിയ ഇനങ്ങള്‍ക്ക് പാര്‍വോ പിടിപെടാനുള്ള സാധ്യത പൊതുവെ ഉയര്‍ന്നതാണ്.

പൂച്ചകളെയും പാര്‍വോരോഗം ബാധിക്കുമെങ്കിലും നായ്ക്കളില്‍ രോഗമുണ്ടാക്കുന്ന വൈറസുകളല്ല പൂച്ചകളില്‍ രോഗമുണ്ടാക്കുന്നത്. പാര്‍വോ രോഗം പൂച്ചകളില്‍ ഫെലൈന്‍ പാന്‍ലൂക്കോപീനിയ എന്നാണ് അറിയപ്പെടുന്നത്. നായ്ക്കളില്‍നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളില്‍ ഒന്നല്ല പാര്‍വോരോഗം എന്നതും പ്രത്യേകം ഓര്‍ക്കണം. 

പാര്‍വോ രോഗം എങ്ങനെ തിരിച്ചറിയാം?

വൈറസുകള്‍ ശരീരത്തിലെത്തി ഒരാഴ്ചക്കകം നായ്ക്കൾ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും. വിശപ്പില്ലായ്മ, പനി, ക്ഷീണം, ശരീരതളര്‍ച്ചയും വയറിലെ വേദനയും കാരണം സദാസമയം തണുപ്പുള്ള തറയില്‍ കിടയ്ക്കല്‍ എന്നിവയെല്ലാമാണ് പ്രാരംഭലക്ഷണങ്ങള്‍. കുടല്‍ഭിത്തിയിലെ കോശങ്ങളെ നശിപ്പിച്ച് പെരുകുന്ന വൈറസുകള്‍ ദഹനേന്ദ്രിയവ്യൂഹത്തില്‍ രക്തസ്രാവത്തിന് വഴിയൊരുക്കും. തുടര്‍ച്ചയായ ഛര്‍ദ്ദി, വയറിളക്കം, ദഹിച്ച രക്തം കലര്‍ന്ന് കറുത്ത നിറത്തിൽ ദുര്‍ഗന്ധത്തോട് കൂടിയ മലം തുടങ്ങിയ ലക്ഷണങ്ങള്‍ തുടര്‍ന്ന് ഒന്നുരണ്ട് ദിവസത്തിനകം പ്രകടമാവും. തീരെ ചെറിയ നായ്ക്കുട്ടികളില്‍ പാര്‍വോ രോഗാണു ആദ്യഘട്ടത്തില്‍ തന്നെ ഹൃദയകോശങ്ങളെ അതിഗുരുതരമായി ബാധിക്കുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പു തന്നെ മരണം സംഭവിക്കാം. 

അരുമകള്‍ക്ക് പാര്‍വോ രോഗബാധയേറ്റാല്‍ വേണ്ടത്

രോഗംബാധിച്ച നായ്ക്കളെ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് പരിചരിക്കണം. പാര്‍വോ വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന കൃത്യമായ മരുന്നുകള്‍ ലഭ്യമല്ല. മറിച്ച് രോഗലക്ഷണങ്ങള്‍ക്കെതിരെയും പാര്‍ശ്വാണുബാധകള്‍ തടയാനുമാണ് ചികിത്സ. 

തുടര്‍ച്ചയായ ഛര്‍ദ്ദിയും വയറിളക്കവും കുടലിലെ രക്തസ്രാവവും നിർജലീകരണത്തിനും ശരീരത്തില്‍നിന്നു ഗ്ലൂക്കോസ്, പ്രോട്ടീന്‍, ഇലക്ട്രോലൈറ്റുകള്‍ എന്നിവ നഷ്ടപ്പെടുന്നതിനും കാരണമാവും. നിർജലീകരണവും പോഷകങ്ങളുടെ നഷ്ടവും പരിഹരിക്കുന്നതിനായി കൃത്യമായ ഇടവേളകളില്‍ ഫ്ലൂയിഡ് തെറാപ്പി, പാര്‍ശ്വാണുബാധകള്‍ തടയാന്‍ ആന്‍റിബയോട്ടിക് കുത്തിവയ്പ്പുകള്‍, വൈറസുകള്‍ കേടുപാടുകള്‍ തീര്‍ത്ത ദഹനവ്യൂഹത്തെ സംരക്ഷിക്കുന്നതിനായും, ഛര്‍ദ്ദിയും വയറിളക്കവും തടയുന്നതിനായുള്ള അനുബന്ധ മരുന്നുകളും ഉള്‍പ്പെടെ ഒരാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ചികിത്സ തന്നെ വൈറസുകളെ കീഴടക്കാന്‍ വേണ്ടിവരും. രോഗം ബാധിച്ച നായ്ക്കള്‍ക്ക് ഖരാഹാരങ്ങള്‍ നല്‍കുന്നത് പൂർണമായും ഒഴിവാക്കണം. തണുപ്പിച്ച പാല്‍, ഇളനീര്‍ വെള്ളം, ഒആര്‍എസ് ലായനി, തേന്‍ എന്നിവയൊക്കെ അൽപാൽപം ആഹാരമായി നല്‍കാം.

രോഗാരംഭത്തില്‍ തന്നെ ചികിത്സ ഉറപ്പുവരുത്താത്ത പക്ഷം നിര്‍ജലീകരണവും, പാര്‍ശ്വാണുബാധകളും ചെറുകുടലിലെ രക്തസ്രാവവും മൂര്‍ച്ഛിച്ച് നായ്ക്കള്‍ രണ്ടുമൂന്ന് ദിവസത്തിനകം മരണപ്പെടും. രോഗാരംഭത്തില്‍ തന്നെ വിദഗ്ധചികിത്സ ഉറപ്പുവരുത്തിയാല്‍ രക്ഷപ്പെടാനുള്ള സാധ്യത 90 ശതമാനത്തിന് മുകളിലാണ്. അതിനാൽ മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ലോക് ഡൗൺ കാലമാണങ്കിൽ പോലും ഉടൻ ചികിത്സ ഉറപ്പാക്കാൻ മറക്കരുത്. രോഗത്തെ അതിജീവിക്കാനുള്ള ശേഷി ചികിത്സക്കൊപ്പം തന്നെ നായ്ക്കളുടെ പ്രായത്തെയും ആരോഗ്യത്തെയും പ്രതിരോധശേഷിയെയും ആശ്രയിച്ചിരിക്കും. 

രോഗത്തെ തുടര്‍ന്ന് പ്രതിരോധശേഷി കുറയുന്നതിനാല്‍ രോഗബാധയില്‍നിന്ന് രക്ഷപ്പെട്ട നായ്ക്കള്‍ക്ക് ഒരു മാസത്തോളം പ്രത്യേക ശ്രദ്ധയും പരിചരണവും നല്‍കണം. ഘട്ടം ഘട്ടമായി മാത്രമേ ഖരാഹാരങ്ങള്‍ തീറ്റയില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ. പ്രതിരോധശേഷി ഉയര്‍ത്താന്‍ സഹായിക്കുന്ന കരള്‍ ഉത്തേജക-സംരക്ഷണ മരുന്നുകള്‍ നല്‍കണം.

പാര്‍വോയില്‍നിന്ന് മുക്തി നേടിയ നായ്ക്കള്‍ തുടര്‍ന്ന് രണ്ടാഴ്ചയോളം വിസര്‍ജ്യത്തിലൂടെ വൈറസിനെ പുറന്തള്ളാനിടയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധ വേണം. കൂടും പരിസരവും, ഭക്ഷണപാത്രങ്ങളുമെല്ലാം ബ്ലീച്ചിംങ്ങ് പൗഡര്‍ ലായനി (2 - 5 ശതമാനം) ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. നായ്ക്കളെ വളര്‍ത്തുന്ന അയല്‍വാസികളോട് രോഗത്തെ കുറിച്ചും മുന്‍കരുതലുകളെ കുറിച്ചും ധരിപ്പിക്കണം. ഒരു തവണ രോഗബാധയില്‍നിന്ന് രക്ഷപ്പെട്ട നായ്ക്കള്‍ പാര്‍വോയ്ക്കെതിരെ നീണ്ടുനില്‍ക്കുന്ന പ്രതിരോധശേഷി പുലര്‍ത്തുമെങ്കിലും വീണ്ടും രോഗബാധയടക്കമുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. 

പാര്‍വോ രോഗം തടയാൻ

അരുമ നായ്ക്കള്‍ക്ക് മരണദൂതുമായെത്തുന്ന പാര്‍വോ വൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗം കൃത്യമായ പ്രതിരോധകുത്തിവയ്പ്പ് തന്നെയാണ്. പാര്‍വോ വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന നിരവധി വാക്സിനുകള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. ഇതിലേറെ വാക്സിനുകളും പാര്‍വോ വൈറസിനൊപ്പം കനൈന്‍ ഡിസ്റ്റംപര്‍, എലിപ്പനി, കരള്‍ വീക്കം (ഹെപ്പറ്റൈറ്റിസ്) തുടങ്ങി നായ്ക്കളെ ബാധിക്കുന്ന ആറോളം പ്രധാന സാംക്രമികരോഗങ്ങളെ കൂടി പ്രതിരോധിക്കാന്‍ തക്ക ശേഷി നല്‍കുന്ന ഘടകങ്ങള്‍ തുടങ്ങിയ ബഹുഘടക (മള്‍ട്ടി കംപോണന്‍റ്) കുത്തിവയ്പ്പുകളാണ്. 

പ്രതിരോധ കുത്തിവയ്പ്പുകള്‍ കൃത്യമായി എടുത്ത നായ്ക്കളില്‍നിന്നും മുലപ്പാലിലൂടെ ആദ്യ ആറാഴ്ചവരെ പ്രതിരോധ ഘടകങ്ങള്‍ അഥവാ ആന്‍റിബോഡികള്‍ കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാവും. തുടര്‍ന്ന് നായ്ക്കുഞ്ഞിന് 6-8 ആഴ്ച (45 ദിവസം) പ്രായമെത്തുമ്പോള്‍ പാര്‍വോ രോഗമുള്‍പ്പെടെയുള്ള സാംക്രമികരോഗങ്ങള്‍ക്കെതിരായ ആദ്യ കുത്തിവയ്പ്പ് നല്‍കണം. തുടര്‍ന്ന് 9-12 ആഴ്ച പ്രായമെത്തുമ്പോള്‍ ആദ്യത്തേതിന്‍റെ ബൂസ്റ്റര്‍ കുത്തിവയ്പ്പ് നല്‍കാം. പിന്നീട് 12-16 ആഴ്ച (മൂന്നാം മാസം) പ്രായമെത്തുമ്പോള്‍ മള്‍ട്ടി കംപോണന്‍റ് വാക്സിനിന്‍റെ ഒരു കുത്തിവയ്പ്പുകൂടി നല്‍കിയാല്‍ പാര്‍വോയടക്കമുള്ള സാംക്രമികവ്യാധികളില്‍നിന്ന് നമ്മുടെ അരുമകളെ പൂര്‍ണ്ണമായും സുരക്ഷിതമാക്കാം. പിന്നീട് ബൂസ്റ്റർ കുത്തിവയ്പ് ഒരു വര്‍ഷത്തിന് ശേഷം നല്‍കിയാല്‍ മതിയാവും.

പ്രതിരോധ കുത്തിവയ്പ്പുകള്‍ പൂർണമാകുന്നത് വരെ നായ്ക്കുഞ്ഞുങ്ങളെ പൊതു കെന്നലുകളിലും ഡേ കെയര്‍ ഹോമുകളിലും പാര്‍പ്പിക്കുന്നതും, മറ്റ് നായ്ക്കള്‍ക്കൊപ്പം ട്രെയിനിംഗിന് വിടുന്നതും ഒഴിവാക്കുന്നതാണ് ഉചിതം. 

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA