ADVERTISEMENT

തെരുവിൽ അലയുന്ന നായ്ക്കളെ സംരക്ഷിക്കുന്ന ഒരുപാട് സന്നദ്ധസംഘടനകളും വ്യക്തികളുമുണ്ട്. പരിക്കേറ്റ നായ്ക്കൾക്ക് ചികിത്സ നൽകാൻ തയാറാകുന്ന ഇത്തരം സുമനസുകളുടെ കരുതലും സ്നേഹവും വിസ്മരിക്കാൻ കഴിയില്ല. അത്തരത്തിലൊരു മൃഗസ്നേഹിയായ വീട്ടമ്മയെക്കുറിച്ച് തിരുവനന്തപുരം സ്വദേശിയായ രശ്‌മി മോഹൻ പങ്കുവച്ച കുറിപ്പ് വായിക്കാം.

ഒരു മൃഗസ്നേഹിയായ എനിക്ക് കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലേക്ക് വന്നതിനു ശേഷം എന്റെ റെസ്ക്യൂ, അഡോപ്ഷൻ എല്ലാത്തിനും പരിധി വന്നു. ഒരു കൂടിനകത്ത് അകപ്പെട്ട അവസ്ഥ. മുന്നേ ഏതു പാതിരാത്രി വേണേലും റെസ്ക്യൂനു പോകും ഞാൻ. ഇപ്പോൾ എനിക്ക് അതിനു പറ്റില്ല. എങ്കിലും ഒളിച്ചും മറഞ്ഞും ഓക്കെ ഞാൻ എന്റെ മൃഗസ്നേഹം കൊണ്ടുപോകുന്നു. ചിലരൊക്കെ പറയും എനിക്ക് പട്ടിപ്രേമം മൂത്തു ഭ്രാന്തായെന്ന്.

അങ്ങനെയിരിക്കെ ഞാൻ ആഷാ ഷെറിൻ എന്ന ചേച്ചിയെ പരിചയപ്പെട്ടു. അപ്പോൾ എനിക്ക് മനസിലായി ഞാൻ ഒന്നും അല്ലാന്ന്. എനിക്ക് ഈ ലോക്ക് ഡൗൺ സമയത്തുപോലും ഭക്ഷണവിതരണത്തിന് പരിധിയുണ്ടായിരുനു. ആ സമയത്ത് രാത്രി 9 മണിയെന്നോ ഒന്നും ഇല്ലാതെ തന്റെ മകളുമായി ഭക്ഷണവിതരണത്തിന് ഇറങ്ങിയ ഒരു അമ്മ അല്ലെങ്കിൽ കനിവ് വറ്റാത്ത ഒരു മൃഗസ്നേഹി, അതാണ് ആഷാ ഷെറിൻ. അങ്ങിനെ ഇരിക്കെ എനിക്ക് ചേച്ചിയെ കൂടുതൽ അടുത്തറിയണമെന്നു തോന്നി. ഞാൻ ചേച്ചിയുടെ വീട്ടിലേക്കു പോയി. കണ്ടപ്പോൾ പാവം തോന്നി കണ്ണ് വയ്യാത്തവരും കാലില്ലാത്തവരും അങ്ങിനെ കുറെ മൃഗങ്ങൾ. ചേച്ചിയും മക്കളും കഞ്ഞിയും പയറും കഴിക്കും നായ്ക്കൾക്ക് ചിക്കൻ ബിരിയാണി. അങ്ങനെ ഞാൻ ചേച്ചിയുടെ വീടൊക്കെ കണ്ട് തിരികെ പോയി.

പിന്നെയും എന്തെകിലും ആവശ്യമുണ്ടെങ്കിൽ ചേച്ചിയെ വിളിക്കും. അങ്ങനെയിരിക്കെ 2 ദിവസം മുന്നേ എനിക്ക് ഒരു ഫോൺകോൾ വന്നു. ഒരു നായ്ക്കുട്ടി വയ്യാതെ കിടക്കുന്നു. ഭക്ഷണമൊന്നും കഴിക്കുന്നില്ല. എനിക്ക് പോകാൻ പറ്റാത്ത സാഹചര്യമായതിനാൽ ഞാനുടനെ ചേച്ചിയെ വിളിച്ചു. ചേച്ചി അവിടേക്കു മകളുമായി എത്തി, അതിനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡ്രിപ്പ് ഇട്ടു. പിറ്റേ ദിവസം ഞാൻ ചേച്ചിയെ വിളിച്ചു അപ്പോൾ അതിനു വയ്യ എന്നു പറഞ്ഞു. രാത്രി 11 മണിക്ക് എന്നെ വിളിക്കുന്നു ചേച്ചി അതിന്റ കണ്ടിഷൻ മോശമാണ് ഹോസ്പിറ്റലിൽ കൊണ്ടുപോണം കുടപ്പനക്കുന്നിൽ ആരുണ്ട് എന്നു ചോദിച്ചു. ഞാൻ ഉടനെ ഡോക്‌ടറെ വിളിച്ചു, ചേച്ചി കൊണ്ടുപോയ്ക്കൊള്ളാം എന്നു പറഞ്ഞു. 12.30ന് മിസ്‍ഡ് കോൾ കണ്ടാണ് ഞാൻ വിളിച്ചത്. പോകും വഴി മഴപെയ്തു പോകാൻ പറ്റിയില്ല. ഇപ്പോൾ ഡോഗിന് ഫിറ്റ്സ് പോലെ വരുന്നുവെന്ന്. വീണ്ടും ഹോസ്പിറ്റലിൽ പോകുവാണെന്നു പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.

stray-dog-care-1
ആഷാ ഷെറിന്റെ വീട്ടിലെ നായ്ക്കൾ. ഇപ്പോൾ ചികിത്സയിലുള്ള നായ്ക്കുട്ടി (വലത്ത്)

എന്റെ മനസിൽ പേ ആണോ എന്ന് സംശയം. പിറ്റേ ദിവസം വിളിച്ചപ്പോൾ ഡോക്ടറും അതുതന്നെ പറഞ്ഞു. ഉച്ചയ്ക്ക് കൊണ്ടുചെല്ലാൻ പറഞ്ഞെന്ന്. പാവം പിന്നെയും 10 കിലോമീറ്റർ ദൂരമുള്ള സ്ഥലത്തേക്ക് നായ്ക്കുട്ടിയെ കൊണ്ടുപോണം. നിരീക്ഷണത്തിന് നമുക്ക് ഷെൽറ്ററിൽ ഏൽപ്പിക്കാമെന്ന് ഞാൻ ചേച്ചിയോടു പറഞ്ഞു. പക്ഷേ, അവരുടെ മനസ് അനുവദിച്ചില്ല. അവർ അതിനെയും കൊണ്ട് ആശുപത്രിയിൽ പോയി, ഒരു ഭയവും ഇല്ലാതെ. എന്തുവന്നാലും ഇനി ഒരിടത്തേക്കും ഇവനെ വിടില്ല ഞാൻ തന്നെ നോക്കിക്കോളാം എന്ന ദൃഢനിശ്ചത്തോടെ. ഈ ഞാനാണെങ്കിലും പേടിച്ചേനെ, പക്ഷേ അവർ ഇപ്പോൾ പോലും ഒരു കുഞ്ഞിനെ പോലെ നോക്കുന്നു. അതിന്റെ മലമൂത്രം കോരിക്കളയുന്നു, ഭക്ഷണം കൊടുക്കുന്നു, എന്നും ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നു. ഇപ്പോൾ അവനു നല്ല മാറ്റമുണ്ട്. അവരുടെ കൈപ്പുണ്യം കൊണ്ടും പ്രാർഥന കൊണ്ടുമാകാം ഈ മാറ്റം. 

ഡോക്ടർമാർ പേയുടെ സാധ്യത പറഞ്ഞിട്ടുപോലും ആ വീട്ടിലെ കുഞ്ഞുങ്ങൾ ഉൾപ്പടെ, ആ  അമ്മച്ചി ഉൾപ്പടെ ആരും മാറി നിൽക്കാതെ അതിനു സംരക്ഷണം കൊടുത്തു. അവരുടെ ഈ സ്നേഹത്തിനും ആത്മധൈര്യത്തിനും മുന്നിൽ ഞാൻ പ്രണമിക്കുന്നു. ഞാൻ പലരെയും കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര കറകളഞ്ഞ മൃഗസ്നേഹിയെ ആദ്യമായിട്ടാണ് കാണുന്നത്. നിങ്ങളെപ്പോലെയുള്ളവരാണ് ഞങ്ങൾക് മാതൃക. ഏതു കമ്മ്യൂണിറ്റി എന്നോ റിലീജിയൻ എന്നോ ഒരു വ്യത്യാസം കാണാതെ തെരുവിൽ കിടക്കുന്നവർക്കു വേണ്ടി ജീവിക്കുന്ന യഥാർഥ ദൈവം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com