ADVERTISEMENT

അന്തരീക്ഷത്തില്‍നിന്ന് നൈട്രജന്‍ സ്വാംശീകരിച്ച് ഗുണമേന്മയേറെയുള്ള പ്രോട്ടീന്‍ തന്മാത്രകളാക്കി മാറ്റാന്‍ ശേഷിയുള്ള വിശേഷ പായലുകളെ ഇലകളില്‍ ഒളിപ്പിച്ച പ്രകൃതിയുടെ പ്രോട്ടീന്‍ മാന്ത്രികനാണ് അസോളയെന്ന ചെറു ശുദ്ധജല സസ്യം. അവിലുപായല്‍ എന്ന് പൊതുവെ അറിയപ്പെടുന്ന ഈ സസ്യം അന്തരീക്ഷ നൈട്രജന്‍ സ്ഥിരീകരണത്തിന് സഹായിക്കുന്ന അനാബിനയെന്ന നീലഹരിതപായലുമായി കൂട്ടുചേര്‍ന്നാണ് വളരുന്നത്. പ്രകൃതിയുടെ പ്രോട്ടീന്‍ ടാബ്ലെറ്റ് എന്ന് ഓമനപ്പേരുള്ള അസോളയില്‍ 25-30% ജൈവലഭ്യത ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കോപ്പര്‍, സെലിനീയം, ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം അടക്കമുള്ള സവിശേഷ മൂലകങ്ങളുടെ കലവറ കൂടിയായതിനാല്‍ പ്രകൃതിയുടെ ധാതുമൂലക കാപ്സ്യൂൾ എന്ന വിശേഷണവും അസോളയ്ക്ക് സ്വന്തമാണ്. സ്പൈറുലീനയെന്ന വിപണി മൂല്യമേയുള്ള കടല്‍പായലിനോട് പോഷകഗുണത്തില്‍ സാമ്യമുള്ളതിനാല്‍ പാവപ്പെട്ടവന്‍റെ സ്പൈറുലീനയെന്ന വിശേഷണവും അസോളയ്ക്കുണ്ട്.

വേനലില്‍ കാലികള്‍ക്ക് അസോളയുടെ തണല്‍ 

പശുക്കളടക്കമുള്ള വളര്‍ത്തുമൃഗങ്ങളുടെ ദൈനംദിന തീറ്റകള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്ന വേനലാണിത്. പോഷകന്യൂനത നേരിടാനിടയുള്ള പ്രതികൂല സാഹചര്യങ്ങളില്‍ അസോളയെ ഫലപ്രദമായ ഒരു കാലിത്തീറ്റ വിളയായി പ്രയോജപ്പെടുത്താന്‍ സാധിക്കും. 

തൊഴുത്തിന് ചുറ്റും പച്ചയുടെ കുളിര്‍കാഴ്ചയൊരുക്കി നിരന്നിരിക്കുന്ന അസോളത്തടങ്ങള്‍ ക്ഷീരസംരഭത്തിനൊരു മികച്ച മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല. സാന്ദ്രീകൃതാഹാരത്തിന്‍റെ അളവ് കുറയ്ക്കാനും, പച്ചപ്പുല്ലിന്‍റെ ലഭ്യതക്കുറവ് മൂലമുണ്ടാകാനിടയുള്ള പോഷകങ്ങളുടെ അപര്യാപ്തത പരിഹരിക്കാനും അസോള കൊടുക്കുന്നതു വഴി സാധിക്കും. അസോള സ്ഥിരമായി നല്‍കിയാല്‍ തീറ്റച്ചെലവ് കുറയ്ക്കാം എന്നു മാത്രമല്ല 10-15% പാലുൽപാദനം വർധിക്കുമെന്നും പാലിലെ കൊഴുപ്പ്, കൊഴുപ്പിതര പദാര്‍ഥങ്ങളുടെ കാര്യത്തിലും ഗണ്യമായ ഉയര്‍ച്ചയുണ്ടാവുമെന്നും വിവിധ പഠനങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ട്. പശുക്കൾക്ക് മാത്രമല്ല ആട്, മുയൽ, കോഴി, ഓമനപ്പക്ഷികൾ തുടങ്ങിയ വളർത്തുജീവികൾക്കും അസോള ഒരു ഉത്തമ തീറ്റവിളയാണ്.

അറിയാം അസോളയുടെ പോഷക മികവ് 

അസോളയില്‍ മൊത്തം ശുഷ്കാഹാരത്തിന്‍റെ (ഡ്രൈ മാറ്റര്‍) 25 മുതല്‍ 35% അളവില്‍ മാംസ്യമുണ്ട്. ദഹനത്തെ തടസപ്പെടുത്തുന്ന ലിഗ്നിന്‍ ഘടകം അസോളയില്‍ തെല്ലും അടങ്ങിയിട്ടില്ലാത്തതിനാല്‍ മാംസ്യമടക്കമുള്ള ഘടകങ്ങളുടെ ദഹനവും ആഗിരണവും കാര്യക്ഷമമായി നടക്കും. മികച്ച സങ്കരയിനം പുല്ലിനമായ ഹൈബ്രിഡ് നേപ്പിയറില്‍ ഉള്ളതിനേക്കാള്‍ 6 ഇരട്ടി ദഹനമാംസ്യം അസോളയില്‍ ഉണ്ട്. ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, കൊബാള്‍ട്ട്, കോപ്പര്‍, മാംഗനീസ്, സള്‍ഫര്‍, സെലീനിയം തുടങ്ങിയ സൂക്ഷ്മവും സ്ഥൂലവുമായ സവിശേഷ ധാതുക്കള്‍, ജീവകം എ, ബി 12 അടങ്ങിയ ജീവകങ്ങള്‍ എന്നിവയെല്ലാം അടങ്ങിയ ഒരു സമീകൃത പോഷകം കൂടിയാണ് അസോള. അപൂര്‍വ അമിനോ ആസിഡുകള്‍, പ്രൊബയോട്ടിക്/ മിത്രാണുഗുണമുള്ള ഘടകങ്ങള്‍, വിവിധ ബയോപോളിമെറുകള്‍ ബയോകരോട്ടിനുകള്‍, ശരീരത്തിന്‍റെ പ്രതിരോധബലം വർധിപ്പിക്കാന്‍ സഹായിക്കുന്ന ആന്‍റിഓക്സിഡന്‍റുകള്‍ (നിരോക്സീകാരികള്‍) എന്നിവയെല്ലാം അസോളയില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. 

അസോളകൃഷി - തടം ഒരുക്കുന്നത് എങ്ങനെ? 

കര്‍ഷകര്‍ക്ക് വലിയതോതിലുള്ള സജ്ജീകരണങ്ങളോ വൈദഗ്ധ്യമോ ഇല്ലാതെ തന്നെ അസോള വളര്‍ത്തി എളുപ്പത്തില്‍ വിളവെടുക്കാന്‍ കഴിയും. സൂര്യപ്രകാശമേല്‍ക്കുമെങ്കിലും തീവ്രമായ ചൂടേല്‍ക്കാത്ത ഇടങ്ങളില്‍ നിരപ്പായ പ്രതലത്തില്‍ വേണം അസോളയുടെ തടം ഒരുക്കേണ്ടത്. വൃക്ഷത്തണലുകള്‍ അസോള തടമൊരുക്കാന്‍ ഏറ്റവും പറ്റിയ സ്ഥലമാണ്. ശേഷം 2.5 മീറ്റര്‍ നീളത്തിലും 1.5 മീറ്റര്‍ വീതിയിലും ഒരു അടി ആഴത്തിലും കുഴിയെടുത്ത് ചുളുവില്ലാതെ പഴയ പ്ലാസ്റ്റിക് ചാക്കുകളോ ഷീറ്റുകളോ മണ്‍തറയില്‍ വിരിയ്ക്കണം. തടത്തില്‍ 3 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയും 150-200 ഗേജ് കട്ടിയുമുള്ള സില്‍പോളിന്‍ ഷീറ്റ് വിരിക്കുന്നതാണ് അടുത്തഘട്ടം. സില്‍പോളിന്‍ ഷീറ്റിന് ചുറ്റും ഇഷ്ടികകൊണ്ട് ഭാരം വയ്ക്കണം. കോണ്‍ക്രീറ്റ് കൊണ്ടും ചുറ്റും ഇഷ്ടികകള്‍ ചരിച്ച് വെച്ചും വേണമെങ്കില്‍ തടമൊരുക്കാം.

കോണ്‍ക്രീറ്റ് തടങ്ങള്‍ (2:1:0.5 മീറ്റര്‍) തയാറാക്കുകയാണെങ്കില്‍ ജലം നിറയ്ക്കാനും ജലം ഒഴുക്കിക്കളയുന്നതിനുമുള്ള സംവിധാനങ്ങള്‍ കൂടിയൊരുക്കണം. പോളിത്തീന്‍ ഷീറ്റില്‍ നിർമിച്ച കൊണ്ടുനടക്കാവുന്നതും മടക്കി സൂക്ഷിക്കാവുന്നതുമായ റെഡിമെയ്ഡ് അസോളത്തടങ്ങളും ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. തണല്ലുള്ള ഇടങ്ങളില്‍ 10 സെന്‍റീമീറ്റര്‍ പൊക്കത്തില്‍ ഇഷ്ടിക ദീര്‍ഘചതുരാകൃതിയില്‍ നിരത്തി (2.5 മീറ്റര്‍ : 1.5 മീറ്റര്‍) സില്‍പോളിന്‍ വിരിച്ച് അസോള തടം മട്ടുപ്പാവിലും ഒരുക്കാം.

ശേഷം 20 കിലോഗ്രാം മണ്ണ്-മണല്‍ മിശ്രിതം തടത്തില്‍ ഒരേ കനത്തില്‍ നിറയ്ക്കണം. പിന്നീട് 5 കിലോഗ്രാം ഉണങ്ങിയ ചാണകം, 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി 40 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റും 20 ഗ്രാം പൊട്ടാഷ് വളവും ചേര്‍ത്ത് തടത്തില്‍ നിറയ്ക്കണം. ടാങ്കില്‍ വീണ്ടും വെള്ളം നിറച്ച് മണ്‍നിരപ്പില്‍നിന്നും പത്ത് സെന്‍റീമീറ്റര്‍ ഉയരത്തില്‍ ജലവിതാനം ഉറപ്പുവരുത്തണം. ഇത്രയും ക്രമീകരിച്ചതിന്‍റെ പിറ്റെ ദിവസം ഒരു കിലോഗ്രാം അസോള ഈ തടത്തില്‍ വിതറാം. 10-14 ദിവസത്തിനകം തടമാകെ പച്ചപ്പരവതാനി വിരിച്ച് അസോള വിളവെടുപ്പിന് പാകമാകും. ഒരു ചതുരശ്രമീറ്ററില്‍നിന്ന് 500-750 ഗ്രാം അസോള ദിനേന ഒരു അരിപ്പ ഉപയോഗിച്ച് കോരിയെടുക്കാം. 

കൃഷിതടത്തില്‍നിന്നു വിളവെടുക്കുന്ന അസോള നന്നായി കഴുകി വേണം പശുക്കള്‍ക്ക് നല്‍കാന്‍. പ്രതിദിനം സാന്ദ്രീകൃത തീറ്റയോടൊപ്പം 1:1 എന്ന അനുപാതത്തില്‍ അസോള നല്‍കാം. പശുക്കള്‍ക്ക് ശരീര സംരക്ഷണ റേഷനായി ഒരു കിലോഗ്രാമും ഓരോ നാലു ലീറ്റര്‍ പാലിനും ഉൽപാദന റേഷനായി ഒരു കിലോഗ്രാമും ഉള്‍പ്പെടെ പരമാവധി 5 മുതല്‍ 6 കിലോഗ്രാം വരെ അസോള പ്രതിദിനം നല്‍കാം. 

അസോളയിലെ ഉയര്‍ന്ന ജലാംശം ചിലപ്പോള്‍ വയറിളക്കത്തിന് കാരണമാവുന്നതിനാല്‍ അല്‍പ്പസമയം വെയിലില്‍ ഉണക്കി നല്‍കുന്നത് ഉചിതമാണ്. ആദ്യഘട്ടത്തില്‍ 100-200 ഗ്രാം അളവില്‍ മാത്രം നല്‍കി ക്രമേണ അളവ് കൂട്ടി പശുക്കളെ അസോള തീറ്റയെ പരിചയപ്പെടുത്തിയതിന് ശേഷം മാത്രമെ പൂർണ അളവില്‍ നല്‍കാന്‍ പാടുള്ളൂ. ഒറ്റത്തവണയില്‍ 2 കിലോഗ്രാമില്‍ അധികം അസോള നല്‍കാതിരിക്കാനും ശ്രദ്ധ വേണം. നൽകാൻ ഉദ്ദേശിക്കുന്ന ആകെ അളവ് അസോള തവണകളായി വേണം നല്‍കേണ്ടത്. 

അസോളയുടെ നല്ലയിനം വിത്തുകള്‍ ബ്ലോക്ക് തല ക്ഷീരവികസന ഓഫീസുകള്‍ വഴിയും കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ വഴിയും സര്‍ക്കാര്‍ സർവകലാശാല ഫാമുകളില്‍നിന്നും കര്‍ഷകര്‍ക്ക് ലഭ്യമാവും. മികച്ച അസോള ശേഖരമുള്ള കൃഷിക്കാരില്‍നിന്നും ശേഖരിക്കാവുന്നതുമാണ്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം 

  • അസോളയുടെ മികച്ച വളര്‍ച്ചയ്ക്ക് സൂര്യപ്രകാശം അത്യാവശ്യമാണ്. എന്നാല്‍, തീവ്രമായ സൂര്യതാപം വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. മിതമായ തോതില്‍ മാത്രം ചൂടേല്‍ക്കുന്ന സ്ഥലങ്ങളിലാണ് അസോളയുടെ തടം ഒരുക്കേണ്ടത്. അസോളയ്ക്ക് ഏറ്റവും അനുകൂലമായ താപനില 20-25 ഡിഗ്രി സെല്‍ഷ്യസ് ആണ്.
  • അസോള കൃഷിയ്ക്ക് എപ്പോഴും വെള്ളം ആവശ്യമായതിനാല്‍ ജലസ്രോതസുകളുടെ അടുത്ത് ടാങ്ക് നിർമിക്കുന്നതാണ് ഉത്തമം. ജലനിരപ്പ് താഴുന്നതിനനുസരിച്ച് ജലം ടാങ്കില്‍ നിറയ്ക്കാന്‍ മറക്കരുത്. ടാങ്കിലെ ജലവിതാനം 10 സെന്റി മീറ്ററില്‍ കുറയാതിരിക്കാന്‍ ശ്രദ്ധിക്കണം. മൂന്നു മാസം പിന്നിടുമ്പോള്‍ വെള്ളം പൂർണമായും മാറ്റണം, ആറു മാസത്തില്‍ മണ്ണും പൂര്‍ണമായി മാറ്റണം. ഈ മണ്ണ് എൻപികെ വളങ്ങളോട് കിടപിടിക്കുന്ന മികച്ച വളമാണെന്ന കാര്യം വിസ്മരിക്കരുത്. 
  • ചതുരശ്രമീറ്ററിന് 15 ഗ്രാം രാജ്ഫോസ്, ഒരു കിലോഗ്രാം ചാണകം എന്ന കണക്കില്‍ ഓരോ പത്തു ദിവസം കൂടുംതോറും വെള്ളത്തില്‍ കലക്കി അസോളത്തടത്തില്‍ ഒഴിക്കാന്‍ മറക്കരുത്. അസോളയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചത്തോത് നിലനിര്‍ത്താന്‍ ഈ വളപ്രയോഗം അനിവാര്യമാണ്. ഒപ്പം ദിനംപ്രതി ഒരു ചതുരശ്രമീറ്ററില്‍നിന്ന് 500-750 ഗ്രാം അസോള ഒരു അരിപ്പ ഉപയോഗിച്ച് കോരിമാറ്റണം. 
  • അമിത ചൂട് തടയാന്‍ തെങ്ങോലകൊണ്ടോ, പനയോലകൊണ്ടോ താൽക്കാലിക മേലാപ്പുകള്‍ അസോളത്തടത്തിന് മുകളില്‍ പണികഴിപ്പിക്കാം.
  • അസോളത്തടത്തില്‍ ഒച്ചുശല്യം നിയന്ത്രിക്കാന്‍ ഒരു ചതുരശ്രമീറ്ററില്‍ 500 ഗ്രാം വീതം ഉപ്പ് വിതറിയാല്‍ മതിയാവും.

പൈനാപ്പിള്‍ അവശിഷ്ടങ്ങള്‍കൊണ്ട് സൈലേജ് 

പൈനാപ്പിളിന്റെ വിളവെടുപ്പ് കാലമായതിനാൽ പല പ്രദേശങ്ങളിലും പൈനാപ്പിൾ അവശിഷ്ടങ്ങൾ ധാരാളമുണ്ട്. ഇത് കന്നുകാലികൾക്ക് തീറ്റയായി നേരിട്ടോ വെയിലത്ത് വാട്ടിയോ നൽകാം . 

അന്നജത്തിന്‍റെ അളവുയര്‍ന്ന തീറ്റയായതിനാൽ പശുക്കളിൽ ഉണ്ടാവാനിടയുള്ള അമിത ആമാശയ അമ്ലത്വം (അസിഡിറ്റി) ഒഴിവാക്കുന്നതിനായി പൈനാപ്പിൾ അവശിഷ്ടങ്ങൾ നൽകുന്നതിനൊപ്പം 50 ഗ്രാം വീതം സോഡിയം ബൈ കാര്‍ബണേറ്റ് (അപ്പക്കാരം) നല്‍കുന്നത് അഭികാമ്യമാണ്.

മിച്ചമുള്ള പൈനാപ്പിൾ അവശിഷ്ടങ്ങൾ ഉപയോഗിച്ച് സൈലേജ് തയാറാക്കുകയും ചെയ്യാം. ഇലക്കൂമ്പ്, ചെത്തിയെടുത്ത പെനാപ്പിളിന്റെ പുറംതൊലി തുടങ്ങിയ ശിഷ്ടഘടകങ്ങൾ 1-2 ഇഞ്ച് നീളത്തിൽ വെട്ടിയരിഞ്ഞ് ഒരു പ്ലാസ്റ്റിക് വീപ്പയിലോ പ്ലാസ്റ്റിക് ചാക്കിലോ നിറച്ച് വായു കടക്കാത്ത രീതിയിൽ സീൽ ചെയ്യണം. പൈനാപ്പിൾ അവശിഷ്ടങ്ങളിൽ 70 ശതമാനം വരെ ഈർപ്പം അടങ്ങിയിട്ടുള്ളതിനാൽ വെയിലത്ത് അൽപസമയം വാട്ടി ഈർപ്പത്തിന്റെ അളവു കുറച്ചതിനുശേഷം സൈലേജ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നതാണ് ഉചിതം. ഇലക്കൂമ്പും പെനാപ്പിളിന്റെ പുറംതൊലിയും 4 :1 എന്ന അനുപാതത്തിൽ വേണം ഓരോ വീപ്പയിലും നിറയ്ക്കേണ്ടത്.

വായുവിമുക്തമായ അവസ്ഥയിൽ ജീവിക്കുന്ന സൂക്ഷ്മാണുക്കളുടെ പ്രവർത്തനംകൊണ്ട് പൈനാപ്പിൾ അവിശിഷ്ടങ്ങളിൽ അടങ്ങിയ അന്നജം ലാക്റ്റിക് അമ്ലമായി മാറ്റപ്പെടും. ഈ അമ്ലത്തിന്റെ സാന്നിധ്യമുള്ളതിനാൽ തീറ്റ അഴുകി കേടാവില്ലന്നു മാത്രമല്ല പശുക്കൾക്ക് രുചികരമായ തീറ്റയായി മാറുകയും ചെയ്യും. വായുകടക്കാതെ സൂക്ഷിച്ചാൽ ഇരുപതു ദിവസം കൊണ്ട് പശുവിന് നൽകാവുന്ന നല്ല സൈലേജ് തയാറാക്കാം. പെനാപ്പിൾ സൈലേജിൽ 7-8 ശതമാനം മാംസ്യവും, 70 ശതമാനം ഊര്‍ജവും അടങ്ങിയിട്ടുണ്ട്. ഒപ്പം കാത്സ്യം 0.7 ശതമാനത്തോളവും 0.4 ശതമാനം ഫോസ്ഫറസും പൈനാപ്പിൾ സൈലേജിൽ അടങ്ങിയിട്ടുണ്ട്. നേരിട്ടോ തീറ്റപുല്ല്, വൈക്കോല്‍ എന്നിവയുടെ കൂടെയൊ കലര്‍ത്തിയോ സൈലേജ് നല്‍കാം. സൈലേജ് ഒറ്റയടിക്ക് തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനക്കേട് ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഘട്ടംഘട്ടമായി മാത്രം തീറ്റയില്‍ ഉള്‍പ്പെടുത്തി പശുക്കളെ ശീലിപ്പിച്ചെടുക്കണം. ദിവസവും ആവശ്യമായ സൈലേജ് എടുത്തതിനുശേഷം ബാക്കി വരുന്നത് വായു കടക്കാതെ മൂടി സൂക്ഷിക്കണം. വായു കടക്കാത്ത വിധത്തിൽ സൈലേജ് തീറ്റ എട്ടു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com