മുട്ടക്കോഴികളുടെ ഉൽപാദനം കുറയാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

HIGHLIGHTS
 • ബ്രൂഡിങ്ങിന് 24 മണിക്കൂറും ബൾബ് ഇട്ടുകൊടുക്കേണ്ടതില്ല
 • തീറ്റ അതിരാവിലെയും വൈകുന്നേരവുമായി നൽകുക
egg-laying
SHARE

കോവിഡ്‌-19 മഹാമാരിയും, പക്ഷിപ്പനിയും മൂലം വിപണിയിലുണ്ടായ മാന്ദ്യവും ലോക്ക് ഡൗണ്‍ കാലത്ത് അനുഭവപ്പെട്ട തീറ്റ ദൗര്‍ലഭ്യവും കേരളത്തിലെ കോഴിവളര്‍ത്തല്‍ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.  ഇതില്‍നിന്ന് കരകയറാന്‍ ബുദ്ധിമുട്ടുന്ന കോഴിക്കര്‍ഷകരെ ആശങ്കയിലാഴ്ത്തിക്കൊണ്ട് സംസ്ഥാനത്ത് വേനല്‍ച്ചൂട്‌ വർധിക്കുകയാണ്. താപസമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ഉൽപാദനക്കുറവും, ഉയര്‍ന്ന മരണനിരക്കുമൊക്കെ ഇക്കാലത്ത് ലാഭകരമായ മുട്ടക്കോഴി വളർത്തലിനെ ദോഷകരമായി ബാധിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ മുട്ടകോഴികളുടെ പരിചരണത്തിൽ കർഷകർ സ്വീകരിക്കേണ്ട ശാസ്ത്രീയ പരിപാലന രീതികള്‍ ചുവടെ ചേര്‍ക്കുന്നു .

കോഴിക്കുഞ്ഞുങ്ങളുടെ പരിപാലനം 

 • വേനൽക്കാലമായതിനാൽ ആദ്യ ആഴ്ചയില്‍ ബ്രൂഡിങ്ങിനായി 24 മണിക്കൂറും ബൾബ് ഇട്ടുകൊടുക്കേണ്ടതില്ല. 
 • രാത്രിയിലും അതിരാവിലെയും മാത്രം ബൾബ് ഇട്ടുകൊടുക്കുക. 
 • എട്ട് ആഴ്ച്ച വരെയുള്ള കോഴിക്കുഞ്ഞുങ്ങള്‍ക്ക് 700 ചതുരശ്ര സെന്റിമീറ്റര്‍ വിസ്തീര്‍ണം വീതവും, 8-16 ആഴ്ച്ച വരെ 800-1700 ച.സെ.മീ. വീതവും, 16 ആഴ്ച മുതല്‍ 2 ചതുരശ്ര അടി വീതവും സ്ഥലലഭ്യത ഉറപ്പാക്കണം   
 • ഏഴാം ദിവസം ലസോട്ട, പതിനാലാം ദിവസം ഐബിഡി, ഇരുപത്തി ഒന്നാം ദിവസം ലസോട്ട, ഇരുപത്തിയെട്ടാം ദിവസം ഐബിഡി എന്നീ വാക്സിനുകള്‍ ഒരു തുള്ളി വീതം കണ്ണിലോ മൂക്കിലോ അല്ലെങ്കില്‍ കുടിവെള്ളത്തിലോ നല്‍കുക. 
 • കുടിവെള്ളത്തില്‍ വാക്സിന്‍ നല്‍കുമ്പോള്‍ അണുനാശിനി ചേര്‍ക്കാത്ത ശുദ്ധമായ വെള്ളത്തില്‍ ഒരു ലിറ്ററിന്  5 ഗ്രാം പാല്‍പ്പൊടി എന്ന അനുപാതത്തില്‍ ചേര്‍ത്ത് നല്‍കുക.
 • വാക്സിന്‍ വെള്ളത്തില്‍ നല്‍കുന്നതിനു മുന്‍പ്  2 മണിക്കൂര്‍ നേരത്തേക്ക്  കുടിവെള്ളം നല്‍കാതിരിക്കുക.
 • എട്ടാമത്തെ ആഴ്ചയും പതിനാറാമത്തെ ആഴ്ചയും ആര്‍2ബി വാക്സിന്‍ നല്‍കേണ്ടതാണ്.
 • വാക്സിന്‍ നല്‍കുന്നത് എപ്പോഴും ചൂട് കുറവുള്ള സമയത്തായിരിക്കണം (രാവിലെ 8നു മുമ്പോ അല്ലെങ്കില്‍ വൈകുന്നേരം 4നു ശേഷമോ)
 • കോഴിക്കുഞ്ഞുങ്ങള്‍ക്ക് സമീകൃതാഹാരമായ ചിക്ക് സ്റ്റാര്‍ട്ടര്‍ തീറ്റ തന്നെ ലഭ്യമാക്കാന്‍ പരമാവധി ശ്രമിക്കുക. 
 • സമീകൃതാഹാരമായ ചിക്ക് സ്റ്റാര്‍ട്ടര്‍ ലഭ്യമലെങ്കില്‍ മാത്രം അരി / ഗോതമ്പ് നുറുക്കിയതും തവിടും പിണ്ണാക്കും (കപ്പലണ്ടി/ എള്ളിന്‍/ കൊപ്ര)  ചേര്‍ത്ത് നല്‍കുക.
 • 50 കോഴിക്കുഞ്ഞുങ്ങള്‍ക്ക് ഒരു തീറ്റപ്പാത്രവും (രണ്ടര കിലോഗ്രാം തീറ്റ കൊള്ളുന്ന ട്യൂബുലാര്‍ ഫീഡര്‍), രണ്ടര ലിറ്റര്‍ കൊള്ളുന്ന ഒരു വെള്ളപ്പാത്രവും നിര്‍ബന്ധമായും ലഭ്യമാക്കണം .
 • കോക്സീഡിയോസിസ് രോഗം തടയുന്നതിനും, അമോണിയ വിഷബാധ തടയുന്നതിനും ലിറ്ററിൽ (മരപ്പൊടി / ചിന്തേര് വിരിപ്പിൽ) ആഴ്ചയിലൊരിക്കൽ കുമ്മായം ചേർത്തിളക്കുക.

മുട്ടക്കോഴികളുടെ പരിചരണം 

 • താപ സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ (അമിതമായ കിതപ്പ്, തണുത്ത പ്രതലങ്ങളിൽ കിടക്കൽ, ചിറകുകൾ ഇടയ്ക്കിടയ്ക്ക് വിടർത്തുക) കാണിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
 • താപ സമ്മർദ്ദം കുറയ്ക്കുന്നതിനായി മുട്ടക്കോഴികള്‍ക്ക് തീറ്റ അതിരാവിലെയും വൈകുന്നേരവുമായി നൽകുക.
 • മുട്ടക്കോഴികള്‍ക്ക് പ്രതിദിനം 110–120 ഗ്രാം കോഴിത്തീറ്റ ആവശ്യമാണ്‌. 
 • കോഴിത്തീറ്റയുടെ അഭാവത്തിൽ മുട്ടക്കോഴികള്‍ക്ക് ധാന്യങ്ങളും, ആഹാര അവശിഷ്ടങ്ങളും നൽകുന്ന സാഹചര്യത്തിൽ ചോറ് പരമാവധി ഒഴിവാക്കണം.
 • ദിവസം മുഴുവൻ കൂട്ടിൽ ശുദ്ധജലം ഉറപ്പാക്കുക.
 • ചൂട് കൂടുതലാണെങ്കിൽ പകൽ സമയത്ത് തണുത്ത വെള്ളമോ ഐസ് ചേർത്ത വെള്ളമോ നൽകാം. 
 • വെള്ളത്തില്‍ ഇലക്ട്രോലൈറ്റ് മിശ്രിതങ്ങള്‍ (1-2 ഗ്രാം / ലീറ്റര്‍), തീറ്റയില്‍ അപ്പക്കാരം (0.5 %), വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഇ മിശ്രിതങ്ങള്‍ എന്നിവ ചേര്‍ത്ത് നല്‍കുന്നത് താപസമ്മർദ്ദം കുറയ്ക്കുന്നതിന് ഗുണകരമാണ് 
 • കൊത്തുകൂടുന്നത് ഒഴിവാക്കാൻ പുല്ല്, ചീരയില, മുരിങ്ങയില എന്നിവ കൂട്ടിൽ കെട്ടിയിടുക.    
 • കാലിനു തളർച്ചയും, തോൽമുട്ടയും ഉണ്ടാകാതിരിക്കാൻ ആഹാരത്തിൽ മുട്ടത്തോടോ പച്ചക്കക്കയോ 2-2.5 ഗ്രാം അധികമായി നൽകുക.
 • കോഴിക്കൂട് തണലിൽ വരുന്ന വിധത്തിൽ ക്രമീകരിക്കുകയും, ചൂട് കൂടുതലുള്ള സമയത്ത് കോഴികളെ അഴിച്ചുവിടാതിരിക്കുകയും വേണം.
 • കൂടിന്റെ മേൽക്കൂരയിൽ തണുത്ത ചാക്ക് വിരിച്ചിടുന്നത് ചൂട് കുറയ്ക്കും. 
 • നെറ്റിന്റെ സുഷിരങ്ങൾ പൊടിയും തൂവലും മൂലം അടഞ്ഞുപോകാതിരിക്കാൻ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക.
 • വെള്ളം ശേഖരിക്കുന്ന ടാങ്കുകളും, പാത്രങ്ങളും അമിതമായി ചൂടാകാതെ ശ്രദ്ധിക്കണം. 
MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA