ADVERTISEMENT

ക്ഷീരസംരംഭങ്ങളിൽനിന്നുള്ള പ്രഥമവും പ്രധാനവും ആയ ഉൽപന്നവും വരുമാനസ്രോതസും ഏതാണെന്ന് ചോദിച്ചാൽ പാൽ എന്നായിരിക്കും എല്ലാവരുടെയും മറുപടി. ക്ഷീരസംരംഭം സുസ്ഥിരവളർച്ച കൈവരിക്കുന്നതിനും സാമ്പത്തികമായി വിജയിക്കുന്നതിനും ഫാമിൽ ജനിച്ചുണ്ടാകുന്ന കിടാക്കൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന വസ്തുത ക്ഷീരസംരഭകർ തിരിച്ചറിയണം. ഫാമിൽ ഉണ്ടാവുന്ന പശുകിടാക്കളിൽനിന്നും ഏറ്റവും മികച്ചവയെ തിരഞ്ഞെടുത്ത് ശാസ്ത്രീയ പരിപാലനം നൽകി വളർത്തിയാൽ രണ്ടര വർഷത്തിനുള്ളിൽ അവയെ തിരിമുറിയാതെ നറുംപാല്‍ ചുരത്തുന്ന കാമധേനുക്കളാക്കി മാറ്റാം.

കിടാക്കളെ തിരഞ്ഞെടുത്ത് വളർത്തേണ്ടതെങ്ങനെ?

കിടാവിന്റെ വളർച്ചയുടെയും ശരീര തൂക്കത്തിന്റെയും തള്ളപ്പശുവിന്റെ പാലുൽപാദനശേഷിയുടെയും അടിസ്ഥാനത്തിലാണ് നല്ല കിടാക്കളുടെ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. നല്ല വളർച്ചാ ശേഷിയുള്ള കിടാക്കളുടെ ശരീരതൂക്കം മൂന്നു മാസത്തിനുള്ളിൽ ജനിക്കുമ്പോഴുള്ള ശരീരതൂക്കത്തിന്റെ ഇരട്ടിയാകും. ആറു മാസം പ്രായമെത്തുമ്പോൾ വീണ്ടും ഇരട്ടിക്കും. ഈ ഘടകങ്ങൾ പരിഗണിച്ച് കിടാക്കളെ തിരഞ്ഞെടുത്ത് സമീകൃതാഹാരം നൽകി വളർത്തിയാൽ 15-18 മാസത്തിനുള്ളിൽ കിടാരികൾ പ്രായപൂർത്തിയും പ്രത്യുൽപാദനശേഷിയും കൈവരിക്കും. 

അന്യസംസ്ഥാനങ്ങളിൽനിന്നും മറ്റും പുതിയ പശുക്കളെ വാങ്ങി ക്ഷീരസംരഭം വിപുലീകരിക്കുന്നതിനേക്കാൾ ഉത്തമവും സാമ്പത്തികനേട്ടവും നമ്മുടെ ഫാമിലെ പശുകിടാക്കളെ തന്നെ നല്ല പശുക്കളാക്കി മാറ്റുന്നതാണ് എന്ന വസ്തുത ക്ഷീരസംരഭകർ മനസിലാക്കണം. നല്ല കിടാരികൾക്ക് ആവശ്യക്കാർ ഏറെയുള്ളതിനാൽ കിടാരികളെ വളർത്താനായി മികച്ച വിലയിൽ വിൽക്കുകയും ചെയ്യാം. മാത്രമല്ല, ഫാമിലുണ്ടാകുന്ന കാളകുട്ടികളെ കുറഞ്ഞ ചെലവിലുള്ള തീറ്റ നൽകി വളർത്തിയാൽ രണ്ടര വയസിനുള്ളിൽ മാംസവിപണിയിലെത്തിച്ച് അധിക വരുമാനം നേടുകയും ചെയ്യാം. ഫാമിനോട് അനുബന്ധമായി നടത്തുന്ന ഇത്തരം കാളക്കുട്ടി പരിപാലന യൂണിറ്റുകൾക്ക് സംസ്ഥാനത്തിന്റെ വർധിച്ച മാംസാവശ്യകതയുമായി ബന്ധപ്പെടുത്തി പരിശോധിച്ചാൽ വലിയ വിപണിയും വരുമാന സാധ്യതകളുമുണ്ട്. 

ഈ കാരണങ്ങൾകൊണ്ടെല്ലാം തന്നെ ഫാമിലെ പ്രഥമവും പ്രധാനവുമായ ഉൽപന്നവും വരുമാന സ്രോതസും പാൽ മാത്രമല്ല അവിടെ ജനിക്കുന്ന കിടാക്കളും കൂടിയാണ് .

പശുക്കളുടെ ഗര്‍ഭകാല പരിചരണം

ആരോഗ്യമുള്ള തള്ളപ്പശുക്കളില്‍നിന്നു മാത്രമേ ആരോഗ്യമുള്ള കിടാക്കള്‍ ജനിക്കൂ. അതുകൊണ്ടുതന്നെ കറവപ്പശുക്കളുടെ ഗര്‍ഭകാല പരിചരണം അതിപ്രധാനമാണ്. ആകെ ഗര്‍ഭകാലത്തിന്‍റെ അവസാനത്തെ മൂന്ന് മാസങ്ങളിലാണ് കിടാക്കളുടെ വളര്‍ച്ചയും വികാസവും ഏറ്റവും കൂടുതല്‍ നടക്കുന്നത്. ജീവകങ്ങള്‍, ധാതുലവണങ്ങള്‍ തുടങ്ങിയ പോഷകങ്ങള്‍ ശരീരത്തില്‍ കുറവുള്ള പശുക്കള്‍ക്ക് ജനിക്കുന്ന കിടാക്കളും സ്വതവേ ദുര്‍ബലരായിരിക്കും. ഗര്‍ഭാശയത്തില്‍വച്ചു തന്നെ മരണം സംഭവിച്ച കിടാക്കളെ പ്രസവിക്കുന്നതിനും ഇടയുണ്ട്. അതിനാല്‍ പ്രസവം പ്രതീക്ഷിക്കുന്നതിന്‍റെ അവസാനത്തെ മൂന്ന് മാസങ്ങളില്‍ ഗര്‍ഭിണി പശുക്കള്‍ക്ക് സമീകൃതാഹാരവും ശരീരതൂക്കത്തിന്റെ പത്തു ശതമാനം എങ്കിലും തീറ്റപ്പുല്ലും (ഉദാഹരണത്തിന് 300 കിലോഗ്രാം ശരീര തൂക്കം കണക്കാക്കുന്ന പശുവിന് 25-30 കിലോഗ്രാം തീറ്റപ്പുല്ല്) ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത് ആരോഗ്യമുള്ള കിടാക്കളെയും പ്രസവാനന്തരമുള്ള ഉയര്‍ന്ന പാലുൽപാദനക്ഷമതയേയും ഉറപ്പാക്കാന്‍ കര്‍ഷകരെ സഹായിക്കും. 

പത്തു ലീറ്റര്‍ വരെ പാല്‍ ലഭിക്കുന്ന പശുക്കള്‍ക്ക് ശരീരസംരക്ഷണത്തിനായി നൽകുന്ന തീറ്റയ്ക്ക് പുറമേ ഗര്‍ഭകാലത്തിന്‍റെ ഏഴാം മാസം മുതല്‍ ഒരു കിലോയും അതിന് മുകളില്‍ ഉൽപാദനമുള്ളവയ്ക്ക് ഒന്നരക്കിലോയും സാന്ദ്രീകൃത തീറ്റ പ്രതിദിനം അധികമായി നല്‍കണം. ഗർഭകാലത്ത് ശാസ്ത്രീയമായി അളവില്‍ ധാതു–ജീവക മിശ്രിതങ്ങള്‍ തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത് കിടാവിന്‍റെയും തള്ളപ്പശുവിന്‍റെയും ആരോഗ്യത്തെ തുണയ്ക്കും.

എന്നാൽ, വറ്റുകാലത്ത് കാത്സ്യം അടങ്ങിയ ധാതുമിശ്രിതങ്ങൾ പശുക്കൾക്ക് നൽകുന്നത് ഒഴിവാക്കണം. മറുപിള്ള പുറന്തള്ളാനുള്ള പ്രയാസം, വിഷമ പ്രസവം, ക്ഷീരസന്നി, ആരോഗ്യം കുറഞ്ഞ കിടാക്കളുടെ ജനനം, പ്രസവം വൈകല്‍ തുടങ്ങിയ സാഹചര്യങ്ങള്‍ ഒഴിവാക്കാനും ഗര്‍ഭകാലത്ത് പശുക്കള്‍ക്ക് സമീകൃത പോഷകാഹാരം നല്‍കുന്നത് വഴി സാധിക്കും. 

പ്രസവത്തിനായി സൗകര്യങ്ങളൊരുക്കാം

ഗര്‍ഭിണി പശുക്കള്‍ക്ക് സുഖപ്രസവം ഉറപ്പാക്കുന്നതിനായി പ്രത്യേക പ്രസവ മുറികള്‍ ഒരുക്കി നല്‍കേണ്ടതുണ്ട്. പ്രസവം പ്രതീക്ഷിക്കുന്നതിന്‍റെ ഒരു മാസം മുമ്പുതന്നെ ഗര്‍ഭിണിപ്പശുക്കളെ ഈ പ്രസവ മുറികളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാം. ഡയറി ഫാമുകളാണെങ്കില്‍ ശാരീരിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവാനിടയുള്ള സാഹചര്യങ്ങളെയെല്ലാം ഒഴിവാക്കുന്നതിന് സഹായിക്കുന്ന രീതിയിലാണ് പ്രസവമുറികള്‍ സംവിധാനം ചെയ്യേണ്ടത്. ഇങ്ങനെ പ്രത്യേകം പ്രസവമുറികള്‍ ഒരുക്കിയുള്ള പരിപാലനം കിടാക്കളിലെ വയറിളക്ക രോഗങ്ങളെയും ശ്വാസകോശ പ്രശ്നങ്ങളും തടയാന്‍ വലിയ തോതില്‍ സഹായിക്കും. പൂര്‍ണ സമയം ശുദ്ധമായ കുടിവെള്ളം പ്രസവമുറിയില്‍ ഉറപ്പാക്കണം. തറയില്‍ വൈക്കോല്‍ വിരിപ്പുകള്‍ ഒരുക്കി തറ ഉണക്കി വൃത്തിയായി സൂക്ഷിക്കണം. 

കിടാക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കാൻ 

ഡെയറി ഫാമുകളില്‍ കന്നുകുട്ടികളുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അവയുടെ അകാലത്തിലുള്ള മരണം. കിടാക്കളില്‍ അകാല മരണത്തിനുള്ള സാധ്യത ഏറ്റവും കൂടുതല്‍ ആദ്യത്തെ മൂന്നാഴ്ചകളിലാണ്. നല്ല കിടാക്കള്‍ അകാലത്തില്‍ നഷ്ടമാകുന്നത് വഴി ജനിതകഗുണമുള്ള പശുക്കിടാക്കളെയും മികച്ച കാളക്കുട്ടികളെയും നമുക്ക് നഷ്ടമായിത്തീരുന്നു. ഇത് വരുത്തിവയ്ക്കുന്ന സാമ്പത്തികനഷ്ടവും ഏറെ. നാളെയുടെ ക്ഷീരധാതാക്കളായി കന്നുകുട്ടികളുടെ ശാസ്ത്രീയപരിപാലനം അതീവ പ്രാധാന്യമര്‍ഹിക്കുന്നു. 

കന്നുകുട്ടികളിലെ അകാലമരണത്തിന്‍റെ കാരണങ്ങള്‍

സാംക്രമിക രോഗാണുക്കള്‍ കാരണമോ അല്ലാതെയോ പരിപാലനത്തിന്‍റെ പിഴവുകള്‍ കാരണമോ മറ്റ് കാരണങ്ങള്‍ മൂലമോ കന്നുകുട്ടികളില്‍ മരണം സംഭവിക്കാം. റോട്ടാ, പോലുള്ള വൈറസുകള്‍, ഇ കോളി, സാല്‍മൊണെല്ല, പാസ്ചുറെല്ല തുടങ്ങിയ ബാക്ടീരിയകള്‍ ക്രിപ്റ്റോസ്പോറിഡിയം, കൊക്സിഡിയ തുടങ്ങിയ ആന്തര പരാദങ്ങള്‍ തുടങ്ങിയവയെല്ലാം കന്നുകുട്ടികളുടെ ജീവനെടുക്കുന്ന സാംക്രമിക രോഗകാരികളാണ്. ഈ രോഗകാരികള്‍ കാരണമുണ്ടാവുന്ന വയറിളക്കവും, ശ്വാസകോശാണുബാധയുമാണ് കന്നുകുട്ടി മരണത്തിന്‍റെ മുഖ്യ കാരണം.

പ്രസവവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍, പ്രസവാനന്തരം മതിയായ പാല്‍ ഉൽപാദനക്കുറവ്, മതിയായ അളവില്‍ കന്നിപ്പാല്‍ നല്‍കാതിരിക്കല്‍, കിടാക്കളുടെ ജനനഭാരക്കുറവ് എന്നിവയെല്ലാം കന്നുകുട്ടികളുടെ മരണത്തിനിടയാക്കുന്ന പരിപാലനമായി ബന്ധപ്പെട്ട പോരായ്മകളാണ്. പരിപാലനവുമായി ബന്ധപ്പെട്ട ഈ പ്രശ്നങ്ങള്‍ കിടാക്കളുടെ ശരീര സമ്മര്‍ദ്ദം ഉയരുന്നതിനും, സ്വാഭാവിക ശരീര പ്രതിരോധ ശേഷി കുറയുന്നതിനും, വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറയുന്നതിനും ഇടയാക്കും. 

cow-calf-2

കിടാക്കളെ പാര്‍പ്പിച്ച മുറികളില്‍ മതിയായ വായുസഞ്ചാരത്തിന്‍റെ അഭാവം, സ്ഥലപരിമിതിയും കിടാക്കളെ തിങ്ങിപ്പാര്‍പ്പിക്കലും, കൃത്യമായി ശുചീകരണം നടത്തുന്നതില്‍ വരുത്തുന്ന വീഴ്ചയുമെല്ലാം കന്നുകുട്ടികളില്‍ ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ക്ക് സാധ്യത കൂടും. ഇതും ഉയര്‍ന്ന കന്നുകുട്ടി മരണ നിരക്കിന് പിന്നീട് കാരണമാകും. മാത്രമല്ല തൊഴുത്തിലെ ചെറിയ മുറികളില്‍ തിങ്ങിപ്പാര്‍പ്പിക്കുന്ന കിടാക്കളില്‍ സന്ധിവീക്കം, എല്ലുകള്‍ക്ക് ഒടിവും ചതവുകളും, പൊക്കിള്‍ വീക്കം എന്നിവയ്ക്കും സാധ്യത കൂടുതലാണ്. പൊക്കിള്‍വീക്കവും, പഴുപ്പും സന്ധിവീക്കവും ബാധിച്ച കിടാക്കള്‍ രക്ഷപ്പെടാനുള്ള സാധ്യത തീരെ കുറവാണ്.

മരണനിരക്ക് നിയന്ത്രിക്കാനുള്ള മാർഗങ്ങള്‍

പ്രസവ സമയത്ത് പശുക്കളെ നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. പ്രസവതടസമടക്കമുള്ള പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വിദഗ്ധ വെറ്ററിനറി സേവനം തേടേണ്ടതാണ്. പശുക്കളുടെ പ്രസവസമയത്തെ സൂക്ഷ്മ നിരീക്ഷണത്തിന്‍റെയും പരിചരണത്തിന്‍റെയും അഭാവം കന്നുകുട്ടികളുടെ മരണത്തിന് ഇടവരുത്താം.

കന്നുകുട്ടികളുടെ ജനിച്ച ഉടനെയുള്ള ഊർജസ്വലതയും ആരോഗ്യസ്ഥിതിയും വിലയിരുത്തേണ്ടത് ഏറെ പ്രധാനമാണ്. 

തടസമില്ലാത്ത ശ്വാസോച്ഛ്വാസം

കിടാവിന്‍റെ ആദ്യത്തെ കാഷ്ടമായ മെക്കോണിയത്തിന്‍റെ നിറത്തിലുള്ള വ്യത്യാസങ്ങള്‍, ബാഹ്യ ഉത്തേജകങ്ങളോടുള്ള കിടാവിന്‍റെ പ്രതികരണം, കണ്ണിന്‍റെ ചലനങ്ങള്‍, പേശികളുടെ സങ്കോച വികാസങ്ങള്‍, നടക്കാനും, എഴുന്നേറ്റു നില്‍ക്കാനുമുള്ള ശേഷി, അകിടില്‍നിന്നു കന്നിപ്പാല്‍ നുണയാനുള്ള ശേഷി എന്നിവയെല്ലാം ജനിച്ചയുടനെ പരിശോധിച്ച് വിലയിരുത്തണം. 

ഊർജസ്വലതയും ആരോഗ്യക്ഷമതയും കുറഞ്ഞ കിടാക്കള്‍ തള്ളപ്പശുവില്‍നിന്ന് കന്നിപ്പാല്‍ ആവശ്യമായ അളവില്‍ കുടിക്കാനുള്ള സാധ്യത കുറവാണ്. കിടാക്കളുടെ ആരോഗ്യ സംരക്ഷണത്തിന് അതിപ്രധാനമായ കന്നിപ്പാല്‍ മതിയായ അളവില്‍ കുടിക്കുന്നതില്‍ കുറവു വന്നാല്‍ അത് കിടാക്കളുടെ മരണനിരക്കുയര്‍ത്തും. കൃത്രിമ ശ്വാസം നല്‍കല്‍, കൃത്രിമ ചൂട് നല്‍കല്‍, പൊക്കിള്‍കൊടി പരിപാലനം, ഫീഡറുകള്‍ ഉപയോഗിച്ച് കന്നിപ്പാല്‍ കിടാക്കളെ കുടിപ്പിക്കല്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ കന്നുകുട്ടികളുടെ ആരോഗ്യ ശേഷി വീണ്ടെടുക്കാവുന്നതാണ്. 

cow-calf-3

പ്രസവം കഴിഞ്ഞാല്‍ ഉടന്‍ കിടാക്കളുടെ ആരോഗ്യം ഉറപ്പാക്കുന്നതിലായിരിക്കണം പരമാവധി ശ്രദ്ധ. മുഖത്തും നാസാരന്ധ്രങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്ന കൊഴുത്ത സ്രവം തുടച്ചു വൃത്തിയാക്കി കിടാവിന്‍റെ ശ്വസനം സുഖകരമാക്കണം. കിടാവിനെ നക്കി തുടക്കുന്നതിനായി തള്ളപ്പശുവിനെ അനുവദിക്കണം. ഇത് കിടാവിന്‍റെ ശരീരം കൂടുതല്‍ വൃത്തിയാവുന്നതിനും, ഉണങ്ങുന്നതിനും രക്തചംക്രമണവും ത്വരിതപ്പെടുത്തുന്നതിനും സഹായകമാവും. ഒപ്പം അമ്മപ്പശുവിന്‍റെ മാതൃഗുണവും സ്വഭാവവും മെച്ചപ്പെടുത്തുന്നതിനും സഹായകമാവും. 

നാഭീപഴുപ്പ്  രോഗവും   സന്ധിവീക്കവും കന്നുകുട്ടികളുടെ അകാലമരണത്തിന്‍റെ കാരണങ്ങളില്‍ പ്രധാനമാണ്. പൊക്കിൾക്കൊടി വഴിയാണ് രോഗകാരിയായ ബാക്ടീരികൾ പ്രധാനമായും കിടാക്കളിൽ എത്തുന്നത്. ഇത് തടയുന്നതിനായി ജനിച്ചയുടന്‍ പൊക്കിള്‍കൊടി പൊക്കിളിന് ഒരിഞ്ച് താഴെ വൃത്തിയുള്ള ഒരു നൂല് ഉപയോഗിച്ച് കെട്ടിയതിന് ശേഷം ബാക്കി ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് മാറ്റണം. മുറിവ് ഉണങ്ങുന്നത് വരെ ദിവസവും മൂന്നോ നാലോ തവണ പൊക്കിൾക്കൊടി ടിഞ്ചർ അയഡിന്‍ ലായനിയില്‍ മുക്കണം. കിടാക്കളെ പാര്‍പ്പിച്ച തൊഴുത്തില്‍ പരമാവധി ശുചിത്വം ഉറപ്പാക്കണം. ശാസ്ത്രീയ പരിപാലനം ഉറപ്പാക്കിയും മതിയായ കന്നിപ്പാല്‍ കിടാവിന് നല്‍കുകയും ചെയ്താല്‍ നാഭിപഴുപ്പ് രോഗം ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും.

കന്നുകുട്ടികളുടെ രോഗപ്രതിരോധശേഷിയെ സ്വാധീനിക്കുന്ന പ്രധാന ഘടകം കന്നിപ്പാല്‍ വഴി തള്ളയില്‍ നിന്ന് ലഭ്യമാവുന്ന പ്രതിരോധ ഘടകങ്ങളാണ്. ജനിച്ചയുടന്‍ കന്നിപ്പാല്‍ നല്‍കാന്‍ കഴിയാതെ പോയാല്‍ മരണനിരക്കും രോഗനിരക്കും ഉയരാന്‍ സാധ്യതയേറെയാണ്. കന്നിപ്പാല്‍ വഴി കിടാവിന്‍റെ ശരീരത്തിലെത്തുന്ന പ്രതിരോധ ഘടകങ്ങളുടെ ആഗിരണം കന്നിപ്പാല്‍ കിടാവ് കുടിക്കുന്ന സമയത്തെ ആശ്രയിച്ചിരിക്കുന്നു. ജനിച്ച് ആറു മണിക്കൂര്‍ സമയം പിന്നിടുമ്പോള്‍ കന്നിപ്പാലില്‍നിന്നു പ്രതിരോധ ഘടകങ്ങളായ ആന്‍റിബോഡികള്‍ നേരിട്ട് ആഗിരണം ചെയ്യാനുള്ള കിടാവിന്‍റെ ദഹനവ്യൂഹത്തിന്‍റെ ശേഷി നേരത്തെയുള്ളതിന്‍റെ മൂന്നിലൊന്നായി കുറയും. അതിനാല്‍ ജനിച്ച് ആദ്യ മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ ശരീരഭാരത്തിന്‍റെ 10% എന്ന കണക്കില്‍ കന്നിപ്പാല്‍ കിടാവിന് ഉറപ്പാക്കാന്‍ പരമാവധി ശ്രമിക്കണം. ഉദാഹരണത്തിന് മുപ്പത് കിലോ ശരീരതൂക്കവുമായി ജനിക്കുന്ന കിടാവിന് മൂന്ന് ലീറ്റർ കന്നിപ്പാൽ എങ്കിലും ആദ്യ 2-3 മണിക്കൂറിനുള്ളിൽ നൽകണം. ആദ്യഘഡു കന്നിപ്പാൽ പ്രസവിച്ചതിന് അര മണിക്കുറിനുള്ളിൽ തന്നെ നൽകണം. 

അമ്മപ്പശുവിൽനിന്ന് കന്നിപ്പാൽ കുടിക്കാൻ കിടാക്കളെ പരമാവധി പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. അല്ലെങ്കിൽ ആവശ്യമായ കന്നിപ്പാൽ കറന്നെടുത്ത് ഒരു മിൽക്ക് ഫീഡിംഗ് ബോട്ടിലിൽ നിറച്ച് കിടാക്കൾക്ക് നൽകാം. കിടാവ് കന്നിപ്പാൽ നുണയുന്നതിനു മുൻപായി പശുവിന്റെ അകിടുകൾ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ഓരോ കാമ്പിലും കെട്ടിനിൽക്കുന്ന പാലിൽനിന്ന് അൽപം കറന്ന് ഒഴിവാക്കുകയും ചെയ്യണം. 

കന്നിപ്പാൽ രോഗപ്രതിരോധ ഘടകങ്ങൾ കിടാവിന് ഉറപ്പ് വരുത്തുന്നതിനൊപ്പം കിടാവിന്‍റെ ആദ്യത്തെ കാഷ്ടമായ മെക്കോണിയം ശരീരത്തിൽനിന്ന് പുറന്തള്ളാനും സഹായിക്കും. മാത്രമല്ല കിടാവ് കന്നിപ്പാൽ നുണയുന്നത് അമ്മപശുവിന്റെ ഗർഭപാത്രത്തിൽനിന്ന് മറുപിള്ള പുറന്തള്ളാനുള്ള ശാരീരികപ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ചെയ്യും. തുടര്‍ന്നുള്ള 4-5 ദിവസങ്ങളിലും ശരീരതൂക്കത്തിന്റെ 10 % എന്ന നിരക്കില്‍ പാല്‍ കിടാക്കള്‍ക്ക് വിവിധ തവണകളായി നല്‍കണം. 

കിടാക്കളെ മിടുക്കികളാക്കാൻ

മൂന്ന് മാസം വരെ പാൽ തന്നെയാണ് കിടാക്കളുടെ പ്രധാന ആഹാരം. ആദ്യത്തെ മാസം ശരീരതൂക്കത്തിന്റെ 1/10 ഭാഗവും രണ്ടാമത്തെ മാസം 1/15 ഭാഗവും, മൂന്നാമത്തെ മാസം 1/20 ഭാഗവും പാൽ നൽകണം. മാംസൃത്തിന്റെ അളവുയർന്ന സാന്ദീകൃതാഹാരമായ കാഫ് സ്റ്റാർട്ടർ തീറ്റയും, അരിഞ്ഞ തീറ്റപുല്ലും കുറഞ്ഞ അളവിൽ രണ്ടാഴ്ച പ്രായമായത് മുതൽ കിടാക്കൾക്ക് നൽകണം. നാലാം ആഴ്ച മുതൽ 50-100 ഗ്രാം അളവിൽ കാഫ് സ്റ്റാർട്ടർ നൽകാം. ഓരോ രണ്ടാഴ്ച കൂടും തോറും സാന്ദ്രീകൃതാഹാരത്തിന്റെ അളവ് നൂറ് മുതൽ നൂറ്റിയൻപത് ഗ്രാം വരെ വർധിപ്പിച്ച് ആറാം മാസത്തോട് കൂടി ഒന്നരക്കിലോ ഗ്രാം വരെ കാഫ് സ്റ്റാർട്ടർ നൽകാം. ഘട്ടംഘട്ടമായി തന്നെ വർധിപ്പിച്ച് ആറു മാസമെത്തുമ്പോൾ തീറ്റപ്പുല്ല് 5-6 കിലോഗ്രാം വരെ നൽകാം. പശുക്കളുടെ കാലിതീറ്റ കിടാക്കൾക്ക് നൽകരുത്. മിത്രാണുക്കളുടെ സാന്നിധ്യം കിടാവിന്റെ ആമാശയത്തിൽ ഉറപ്പാക്കുന്നതിനായി അയവെട്ടി വരുന്ന അരഞ്ഞ തീറ്റ പശുക്കളുടെ വായിൽ നിന്നുമെടുത്ത് വെള്ളത്തിൽ കലക്കി കിടാക്കൾക്ക് നൽകാം.

cow-calf-1

ധാതുജീവകങ്ങളുടെ അപര്യാപ്ത പലരീതിയിലുള്ള ശാരീരിക പ്രശ്നങ്ങൾക്കും ശരീരതളർച്ചയ്ക്കും വളർച്ചാ മുരടിപ്പിനും കിടാക്കളിൽ കാരണമാവാറുണ്ട്. ഇതൊഴിവാക്കാൻ പ്രസവിച്ച് ഒരാഴ്ച പ്രായമായത് മുതൽ വിറ്റാമിൻ എ, ഡി, ഇ തുടങ്ങിയ ജീവകങ്ങളും സെലീനീയം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുലവണങ്ങളും അടങ്ങിയ മിശ്രിതങ്ങൾ കിടാക്കൾക്ക് നൽകണം. അമിനോവെറ്റ്, ഇന്റാവിറ്റ എൻഎച്ച്, ലാവിറ്റോൺ എച്ച്. , വിമറാൾ, ഫിൽ ഒ വിറ്റ്, സിങ്കോവിറ്റ് , ന്യൂട്രിസെൽ തുടങ്ങിയ ബ്രാൻഡ് നാമങ്ങളിൽ ഇത്തരം മിശ്രിതങ്ങൾ വിപണിയിലുണ്ട്. മീനെണ്ണയും കിടാക്കൾക്ക് നൽകാവുന്ന മികച്ച ഒരു പോഷക മിശ്രിതമാണ്.

പത്ത് ദിവസം പ്രായമെത്തുമ്പോൾ ടോക്സോകാര എന്നയിനം ഉരുളൻ വിരകളെ തടയാനുള്ള മരുന്ന് കിടാക്കൾക്ക് നൽകണം. ഈ വിരകൾക്കെതിരെ ഏറ്റവും ഫലപ്രദമായ പെറാന്റൽ പാമോയേറ്റ് , പെപ്പറസീൻ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ മരുന്നുകളാണ് (ഉദാഹരണം- ടീവേം, പെപ്പറസീൻ ഹെക്സാ ഹൈഡ്രേറ്റ്, നിമോസിഡ് ) കിടാക്കൾക്ക് പത്താം ദിവസം നൽകേണ്ടത്. മൂന്ന് മാസം പ്രായം എത്തുന്നത് വരെ എല്ലാ മാസവും വിരമരുന്ന് മുടക്കമില്ലാതെ നൽകണം. 

ബബീസിയ രോഗം, അനാപ്ലാസ്മ രോഗം തുടങ്ങിയ രക്തപരാദരോഗങ്ങൾ ഇന്ന് പശുക്കിടാക്കളിലും വ്യാപകമായി കണ്ടുവരുന്നുണ്ട്. രക്തക്കുറവ്/ അനീമിയ, ശരീര തളർച്ച, ഉന്മേഷമില്ലായ്മ, ശരീരം തളർന്ന് കുഴഞ്ഞ് വീഴൽ എന്നിവയെല്ലാമാണ് ഇത്തരം രക്താണു രോഗങ്ങളുടെ ലക്ഷണങ്ങൾ. കിടാക്കളിൽ വിളർച്ചയോ മറ്റേതങ്കിലും ലക്ഷണങ്ങളോ ശ്രദ്ധയിൽ പെട്ടാൽ അത് അവഗണിക്കാതെ ഉടൻ ചികിത്സ തേടാൻ കർഷകർ ശ്രദ്ധ പുലർത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com