ADVERTISEMENT

കോവിഡ് 19 മൂലം കടുത്ത പ്രതിസന്ധിയിലായ നമ്മുടെ കാർഷിക വിപണിയെ കരകയറ്റാൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ച ഒരു മാർഗമാണ്, ലോക്ക് ഡൗണിനുശേഷം ഓരോ വീട്ടിലും 5 മുട്ടക്കോഴികളെ വളർത്താമെന്നത്.  മുട്ട ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാം എന്നതിനുപരി, ഭക്ഷ്യക്ഷാമത്തെയും അതിനോടനുബന്ധിച്ച് വരുന്ന വിലക്കയറ്റത്തെയും നേരിടാനുള്ളൊരു പോംവഴിയായിട്ടുകൂടെ ഇതിനെ നമുക്ക് കാണാം. കാരണം, മുട്ട എന്നത് പോഷകങ്ങളുടെ കലവറയാണ്. വിറ്റാമിൻ എ, ഡി, ഇ, കെ, ബി എന്നിവയ്ക്കു പുറമേ, ഫോസ്‌ഫറസ്, കാത്സ്യം, സെലീനിയം, സിങ്ക് തുടങ്ങിയ ധാതുക്കളും മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ, അവശ്യ അമിനോ ആസിഡുകളാലും സമൃദ്ധമായ മുട്ട, ‘കംപ്ലീറ്റ് പ്രോട്ടീൻ’ എന്നാണ് അറിയപ്പെടുന്നത്.

ഇന്ത്യയിലെ മൊത്തം ഉൽപാദനത്തിന്റെ വെറും 5 ശതമാനത്തിൽ താഴെയാണ്, കേരളത്തിന്റെ ഇപ്പോഴത്തെ മുട്ട ഉൽപാദനം. ആളോഹരി ലഭ്യതയാണെങ്കിൽ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് നിർദ്ദേശിക്കുന്ന, വർഷത്തിൽ 180 മുട്ട എന്നതിനേക്കാൾ വളരെ കുറവും. അതുകൊണ്ടുതന്നെ, വരും നാളുകളിൽ പോഷകസമ്പുഷ്ടമായ മുട്ട വീട്ടിൽത്തന്നെ ഉൽപ്പാദിപ്പിച്ച്, കുടുംബാംഗങ്ങളുടെ ആരോഗ്യം നമുക്കും പരിരക്ഷിക്കാം.

കേരളത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന മുട്ടയുടെ ബഹുഭൂരിപക്ഷവും ചെറുകിട കർഷകരിൽനിന്ന് സമാഹരിക്കുന്നതാണെന്നാണ് ലഭ്യമായ ഡാറ്റകൾ സൂചിപ്പിക്കുന്നത്.  വളർത്താൻ തിരഞ്ഞെടുക്കുന്ന ജനുസുകളുടെ കുറഞ്ഞ ഉൽപ്പാദനക്ഷമതയും, തീറ്റയുടേയും, കൂടുകളുടേയും അശാസ്ത്രീയതയും കൂടിച്ചേർന്ന് ഈ മേഖലയുടെ വളർച്ചയ്ക്ക് വിലങ്ങുതടിയായി വർത്തിക്കുന്നു. മുട്ടക്കോഴികളുടെ ഉയർന്ന ഉൽപ്പാദനത്തിന് തീറ്റ പോലെത്തന്നെ പ്രധാനമാണ് അവയുടെ കൂടും, കൂട്ടിലെ അന്തരീക്ഷവും. ശാസ്ത്രീയമായി നിർമിച്ച കൂടുകൾ, തീറ്റയുടേയും, വെള്ളത്തിന്റേയും അളവ് ക്രമീകരിച്ച്, കോഴികളുടെ ഉയർന്ന ഉൽപാദനക്ഷമത ഉറപ്പുവരുത്തുമെന്ന് മാത്രമല്ല, വേനൽക്കാലത്ത് താപസമ്മർദ്ദം മൂലമുള്ള മരണ നിരക്ക് കുറയ്ക്കാനും സഹായിക്കും. 

ഒരുക്കാം സ്മാർട്ട് കോഴിക്കൂടുകൾ 

വലിയ മുതൽ മുടക്കില്ലാതെത്തന്നെ, വീട്ടുമുറ്റത്തെ കോഴിവളർത്തലിന് അനുയോജ്യമായ ഒരു സ്മാർട്ട് കോഴിക്കൂട് എങ്ങിനെ ക്രമീകരിക്കാമെന്നുള്ളതാണ് താഴെ പറയുന്നത്. 

  • നേരിട്ട് വെയിലും, മഴയും കൊള്ളാത്തയിടങ്ങളിൽ വേണം കൂടുകൾ സ്ഥാപിക്കാൻ. മേൽക്കൂരയില്ലാത്ത കമ്പിക്കൂടുകളാണെങ്കിൽ, മരത്തണലിലോ, വീടിനോട് ചേർന്ന വരാന്തകളിലോ വച്ചാൽ ചൂട് നിയന്ത്രിക്കാം. മഴക്കാലത്ത് ഷീറ്റിട്ട് മറയ്ക്കാം.
  • വളർച്ചയെത്തിയ ഓരോ കോഴിക്കും 1 ചതുരശ്രയടി സ്ഥലം എന്ന കണക്കിൽ വേണം കൂടു നിർമിക്കാൻ. പരമ്പരാഗത രീതിയിലുള്ള കൂടുകളോ, റിവേഴ്‌സ് കൂടുകളോ (reverse cages) തിരഞ്ഞെടുക്കാം.
  • സാധാരണ കൂടുകളുടെ മുൻവശത്തിന് എകദേശം 15  ഇഞ്ച് നീളവും, 18 ഇഞ്ച് ഉയരവും വേണം. അടിവശത്തിന്, 1/6 എന്ന നിരക്കിൽ ഒരു ചെറിയ ചരിവ് കൊടുക്കാനായി പിൻഭാഗത്തെ ഉയരം 15 ഇഞ്ച് ആയി കുറയ്ക്കുക. ഇനി അടിവശം മുൻവശത്തേക്ക് കുറച്ച് നീട്ടി (എകദേശം 1 അടി), വളച്ചെടുത്താൽ എഗ്ഗ് ട്രേ ആയി. കൂട് തുറക്കാതെത്തന്നെ, സൗകര്യപ്രദമായി മുട്ടകൾ ശേഖരിക്കാൻ ഇതു സഹായിക്കും. കോഴികൾ ചവിട്ടിയും, കൊത്തിയും മുട്ടകൾ പൊട്ടുന്നതും, കാഷ്ടം പറ്റിപ്പിടിക്കുന്നതും  ഒഴിവാക്കുകയും ചെയ്യാം.  
  • കൂടിന്റെ മുൻവശത്തെ നീളം, സാധാരണയിൽനിന്ന് കൂട്ടി (18 ഇഞ്ച്) നിർമിക്കുന്ന കൂടുകളാണ് റിവേഴ്‌സ് കൂടുകൾ. 4 കോഴികൾക്കും ഒരേ സമയം ഫീഡറിൽനിന്ന് തീറ്റയെടുക്കാം എന്നതാണ് ഇവയുടെ പ്രതേകത. 
  • കൂടിന് മുന്നിലായി 5 ഇഞ്ചിന്റെ പിവിസി പൈപ്പുകൾ നെടുകേ മുറിച്ച്, രണ്ട് അറ്റവും അടച്ച് വെച്ചാൽ ഫീഡറായി. ഓരോ കോഴിക്കും 10 സെന്റിമീറ്ററോളം സ്ഥലം ലഭ്യമാകുന്ന രീതിയിൽ വേണം ഫീഡറിന്റെ നീളം തീരുമാനിക്കാൻ.
  • ബക്കറ്റ് ഉപയോഗിച്ച് ഓട്ടോമാറ്റിക്ക് ഡ്രിങ്കറുകൾ: സമ്മർദ്ദമകറ്റാൻ ഏറ്റവും ആവശ്യം ശുദ്ധജല ലഭ്യതയാണ്. 100 കോഴികൾക്ക് എകദേശം 45 ലീറ്റർ വെള്ളമാണ് പ്രതിദിനം കുടിക്കാൻ ആവശ്യമായി വരിക. വളർത്തുന്ന കോഴികളുടെ എണ്ണത്തിനനുസരിച്ച്, വെള്ളത്തിന്റെ ആവശ്യകത കണക്കാക്കി,  മൂടിയോടുകൂടിയ ഒരു ബക്കറ്റോ, പാത്രമോ സംഘടിപ്പിക്കലാണ് അടുത്തതായി വേണ്ടത്. ഇത്, കൂടിന്റെ മുകൾവശത്തായി സ്ഥാപിച്ച്, ബെൻഡ്, ടി പൈപ്പുകൾ ഉപയോഗിച്ച് യോജിപ്പിച്ച് കോഴികൾക്ക് എത്താവുന്ന ഉയരത്തിൽ മേൽക്കൂരയിൽ പിടിപ്പിക്കുക. ഇതിൽ നിപ്പിൾ ഡ്രിങ്കറുകൾ ഘടിപ്പിച്ചാൽ നല്ലൊരു ഓട്ടോമാറ്റിക് ഡ്രിങ്കർ റെഡി ആയി. അതാത് ദിവസത്തേക്കുള്ള വെള്ളം ബക്കറ്റിൽ നിറച്ചിട്ടാൽ സമാധാനമായി ജോലിക്കോ, യാത്രകൾക്കോ പോകാമെന്നു മാത്രമല്ല, വെള്ളം തട്ടിമറിഞ്ഞു പോകുന്നതും, തീറ്റ, കാഷ്ടം തുടങ്ങിയവ വീണുള്ള മലിനീകരണവും ഒഴിവാക്കാം.
  • കാക്കകളും, മറ്റു കിളികളും വന്ന് മുട്ടപ്പൊട്ടിക്കുന്നതും, തീറ്റ തിന്നുകഴിക്കുന്നതുമാണ് മറ്റൊരു പ്രശ്‌നം. അതിനും പരിഹാരമുണ്ട്. കൂടിനു മുൻവശത്തായി, മുകൾഭാഗം മുതൽ അടിഭാഗം വരെ നീളുന്നൊരു ഗ്രിൽ പിടിപ്പിക്കുക. തീറ്റയിട്ടുകഴിഞ്ഞാൽ ഈ ഗ്രിൽ താഴ്ത്തിയിട്ടാൽ പിന്നെ കോഴികൾക്ക് മാത്രമേ അതിൽനിന്ന് തിന്നാൻ സാധിക്കൂ. മുട്ട ഉരുണ്ടുവന്ന് നിൽക്കുന്ന എഗ് ട്രേയും മൂടാൻമാത്രമുള്ള നീളം വേണം ഗ്രില്ലിന്.
  • കൂട്, സ്റ്റാൻഡുകൾ ഉപയോഗിച്ച് ഉയരത്തിൽ സ്ഥാപിച്ചാൽ വൃത്തിയാക്കാൻ  എളുപ്പമായിരിക്കും. തന്നെയുമല്ല, പട്ടികൾക്കും മറ്റു ശത്രുക്കൾക്കും എളുപ്പത്തിൽ പിടികൂടാനും സാധിക്കുകയില്ല. വായുസഞ്ചാരം ഉറപ്പുവരുത്താനും ഉയർന്ന കൂടുകളാണ് നല്ലത്.
  • കൂടിനടിയിൽ പേപ്പറോ, പ്ലാസ്റ്റിക് ഷീറ്റോ വിരിച്ച്, അതാത് ദിവസത്തെ കാഷ്ടം നീക്കം ചെയ്‌ത്, കാർഷികാവശ്യങ്ങൾക്കുള്ള ഓർഗാനിക് വളമായി ഉപയോഗിക്കാം. അമോണിയയുടെ അളവ് കൂടി കോഴികൾക്ക് സമ്മർദ്ദം ഉണ്ടാകാതിരിക്കാനും, ഈച്ച, ദുർഗന്ധം എന്നിവ അകറ്റാനും ഇത് അത്യാവശ്യമാണ് .

മേൽപ്പറഞ്ഞ സംവിധാനങ്ങൾ എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് മണ്ണുത്തി വെറ്ററിനറി സർവകലാശാലയുടെ കീഴിലുള്ള ഇക്കോ-ഫാമിൽ നിർമിച്ച്, വിൽപ്പനയ്ക്കായി തയാറാക്കിയിട്ടുള്ള സ്മാർട്ട് കോഴിക്കൂടുകളുടെ മോഡൽ അടങ്ങിയ വിഡിയോ ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.                                                                         

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com