ADVERTISEMENT

പാവപ്പെട്ടവന്റെ പശുവാണല്ലോ ആട്. അടു വളർത്തി നല്ല രീതിയിൽ വരുമാനമുണ്ടാക്കുന്ന കർഷകർ കേരളത്തിലുണ്ട്. അത്തരത്തിൽ ആടുകളെ വർഷങ്ങളായി വളർത്തി വിൽപന നടത്തുന്നതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് തൊടുപുഴ സ്വദേശി ബിബിൻ ബാബു. അദ്ദേഹത്തിന്റെ വീട്ടിലെ ലളിതമായ ആടു പരിപാലനരീതികളെക്കുറിച്ചറിയാം.

ഞാൻ ബിബിൻ, ആടു വളർത്തലിൽ ഒരു കൈ നോക്കിയതാണ്. പക്ഷേ, കൈ പൊള്ളിയില്ല. നല്ല ലാഭം ആയിരുന്നു. ഞാൻ വളർത്തിത്തുടങ്ങി എന്നതിനേക്കാൾ എനിക്കോർമ്മ ഉള്ളപ്പോൾ മുതൽ ആടുകൾ വീട്ടിൽ ഉണ്ട്. ആട്ടിൻപാൽ മാത്രമാണ് കുടിച്ചിട്ടുള്ളത്.

ഞങ്ങൾ വളർത്തിയത് മലബാറി ആടുകൾ ആയിരുന്നു. വീട്ടിൽ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം 2008ൽ 2 തള്ളയാടിനെയും 3 മാസം പ്രായമുള്ള 3 പെൺകുട്ടികളെയും കൂടി 6,750 രൂപയ്ക്കാണ് വാങ്ങിയത്. അതിനു ശേഷം ഇതുവരെ ആടിനെ വാങ്ങിക്കേണ്ടിവന്നിട്ടില്ല (ഇണചേർക്കാനുള്ള മുട്ടൻ വാങ്ങിച്ചിട്ടുണ്ട്).

അന്നു മുതൽ ഇങ്ങോട്ട് ഏകദേശം 4-5 ലക്ഷം രൂപയുടെ ആടുകളെ കൊടുത്തിട്ടുണ്ട്. ഞാൻ ആടുകളെ കൊടുക്കുന്നത് പ്രസവിച്ച് 2 കുഞ്ഞുങ്ങളോടു കൂടിയാണ്. 11,000-13,000 രൂപ വിലയ്ക്ക് (1-1.5 ലിറ്റർ പാൽ കിട്ടുന്നവയാണ് ഓരോന്നും) ആണ് കൊടുക്കുന്നത്. കൂടുതലും പെട്ടക്കുട്ടികൾ(female) ആണ് ഉണ്ടാകാറ്. മുട്ടൻ (male) ആണെങ്കിലും വലുതാക്കി മാത്രമേ കൊടുക്കാറുള്ളു. പക്ഷേ അവയെ ഇണചേർക്കാൻ ഉപയോഗിക്കാറില്ല (ഇൻബ്രീഡിങ് ഒഴിവാക്കാൻ). അവർക്കും 7,000-9,000 രൂപ വില കിട്ടാറുണ്ട്.

തീറ്റക്രമം

ആടിന് കൈത്തീറ്റ ആയിട്ട് ഗോതമ്പുതവിടും കടലപ്പിണ്ണാക്ക്/തേങ്ങാപ്പിണ്ണാക്കും മാത്രമാണ് നൽകുന്നത്. അതും വെള്ളം കുടിക്കാൻ മാത്രമുള്ള അളവിൽ. പിന്നെ അടുത്തുള്ള വീടുകളിൽനിന്ന് കഞ്ഞിവെള്ളവും കഞ്ഞിയും മറ്റും എടുക്കും. ആവശ്യത്തിന് പച്ചപ്പുല്ല് നൽകും. അഴിച്ചുകെട്ടി തീറ്റാൻ സൗകര്യം ഉണ്ട്. കൂടാതെ കൂട്ടിൽ തീറ്റ നൽകാൻ പാകത്തിനുള്ള പുൽക്കൂട് ഉണ്ടാക്കിയിട്ടുണ്ട്. പ്രസവിക്കുന്ന ആടുകൾക്ക് ആരോഗ്യക്കുറവ് തോന്നിയാൽ വിറ്റാമിൻ സിറപ്പും കാത്സ്യം പൗഡറും നൽകാറുണ്ട്. പാൽ കുറവുള്ള ആടുകൾക്ക് പാലുൽപാദനത്തിനുള്ള പൗഡറും നൽകാറുണ്ട്. ഇതൊക്കെ അത്ര അത്യാവശ്യമുള്ള സാഹചര്യത്തിൽ മാത്രം മതി.

പുല്ലിനൊപ്പം വേനൽക്കാലത്തു ചക്കയും ചക്കക്കുരുവും പുഴുങ്ങി കരിന്തൊലി കളഞ്ഞു നൽകാറുണ്ട്. പുല്ലുകൂടാതെ പച്ചിലത്തീറ്റയായി പ്ലാവില, കൊക്കോ ഇല, വാഴയില, ശീമക്കൊന്നയില, മുരിക്കില എന്നിവയും കൊടുക്കാറുണ്ട്. ശീമക്കൊന്ന, മുരിക്കില എന്നിവ വളരെ കുറച്ചു മാത്രം കൊടുത്തു ശീലിപ്പിക്കണം.

ഇണചേർക്കൽ

9 മാസം പ്രായമായ പെട്ടക്കുട്ടിയെ ഇണചേർക്കാമെങ്കിലും ഒരു വയസിനു ശേഷമുള്ള ക്രോസിങ് ആണ് ആടിന്റേയും കുട്ടിയുടെയും ആരോഗ്യത്തിനും വളർച്ചയ്ക്കും കൂടിയ അളവിൽ പാലുൽപാദനത്തിനും നല്ലത്. ആടിന്റെ ഗർഭകാലം 144-150 ദിവസമാണ്. ഒരു വയസിനു മുകളിൽ പ്രായമുള്ള മുട്ടനാടിനെയാണ് ഇണചേർക്കാൻ ഉപയോഗിക്കേണ്ടത്. പെട്ടയും മുട്ടനും തമ്മിൽ യാതൊരുവിധ രക്തബന്ധവും പാടില്ല. അത് അടുത്ത തലമുറയുടെ വളർച്ചയെയും ആരോഗ്യത്തെയും ബാധിക്കും. കുട്ടികൾക്ക് അംഗവൈകല്യമോ  മരണമോ സംഭവിക്കാൻ കാരണമാകും. ഒരു പ്രസവം കഴിഞ്ഞ് 3.5-5 മാസത്തിനുള്ളിൽ ആടിനെ വീണ്ടും ഇണചേർക്കാം.

രോഗം - മരുന്നുകൾ

  • ആട്ടിൻകുട്ടി ഉണ്ടായി അരമണിക്കൂറിനുള്ളിൽ തന്നെ കന്നിപ്പാൽ കുടിപ്പിക്കണം. കുട്ടി കുടിച്ചതിന്റെ ബാക്കി 4-5 മണിക്കൂറിനുള്ളിൽ കറന്നു കളയണം.
  • ആട്ടിൻകുട്ടി ഉണ്ടായി 10-20 ദിവസത്തിനുള്ളിൽ വിരമരുന്നു നൽകണം.
  • വയറിളക്കത്തിന് കട്ടൽചായയിൽ നാരങ്ങ പിഴിഞ്ഞ് നൽകാം, ജാതിക്ക അരച്ച് നൽകാം.
  • ദഹനക്കുറവിനു ഹൈപ്പോ, HB plus powder (മെഡിക്കൽ സ്റ്റോറിൽ കിട്ടും ) നൽകാം.
  • കട്ട് പിടിക്കുന്നതിനു (കപ്പയില, റബർ ഇല, പരിചയം ഇല്ലാത്ത ആടുകൾ മുരിക്കില, ചീമക്കൊന്നയില എന്നിവ കൂടുതൽ കഴിച്ചാൽ വയർ കമ്പിച്ചു വീർത്തു വരുന്ന അവസ്ഥ, മരണം സംഭവിക്കാവുന്ന സാഹചര്യം) ഏറ്റവും നല്ല മരുന്ന് ഹൈപ്പോ ആണ്. ചൂടുവെള്ളത്തിൽ 5-6 തരി കലക്കി നൽകിയാൽ മതി. അതില്ലെങ്കിൽ 50 ഗ്രാം വെളിച്ചെണ്ണ നൽകാം.
  • അകിടുവീക്കം വന്നാൽ കാണുമ്പോൾ തന്നെ നല്ല തണുത്ത വെള്ളം ചെറിയ കപ്പിൽ കോരി അകിട് തണുക്കാൻ പാകത്തിന് അടിച്ചു കൊടുക്കുക. അതോടൊപ്പം കണ്ണൻചിരട്ട കത്തിച്ച് ആ കരി ഉപ്പുനീരിൽ അരച്ച് പുരട്ടാം. ആര്യവേപ്പില പച്ചമഞ്ഞളും കൂട്ടി അരച്ചിടാം.
  • മാസത്തിൽ ഒരു പ്രാവശ്യം വെയിൽ ഉള്ളപ്പോൾ കുളിപ്പിക്കാം. ബാഹ്യപരാദങ്ങളുടെ ശല്യം കുറയും.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • ചക്കയും ചക്കക്കുരുവും കഞ്ഞിയും നൽകുന്നത് ആട് നന്നാകുന്നതിനും പാൽ കൂടുന്നതിനും നല്ലതാണ്. പക്ഷേ, വളരെ കുറച്ചു മാത്രം കൊടുത്തു ശീലിപ്പിക്കണം.
  • പ്ലാവില, കൊന്നയില, മുരിക്കില പോലുള്ള ഇലവർഗങ്ങളാണ് ആട് നന്നാവാൻ പുല്ലിനേക്കാൾ നല്ലത്.
  • നാടൻ കോഴിമുട്ട നൽകുന്നത് പെട്ടയാടുകൾക്കു മദിലക്ഷണം ഉണ്ടാകാനും മുട്ടൻ ആടുകൾ വേഗം വളരാനും നല്ലതാണ്.
  • ഇണ ചേർക്കാൻ ഉപയോഗിക്കുന്ന മുട്ടന് കോഴിമുട്ട നൽകുന്നത് ഷീണിക്കാതിരിക്കാൻ സഹായിക്കും.
  • അടുത്ത പ്രദേശത്തു മുട്ടൻ ഇല്ലെങ്കിൽ ഒരു മുട്ടനെ വളർത്തുന്നത് കൂട്ടിലുള്ള ആടുകൾ വേഗം മദിലക്ഷണം കാണിക്കുന്നതിനു സഹായിക്കും. കൂടാതെ ഇണചേർക്കുന്നതുവഴി ചെറിയ വരുമാനവും ലഭിക്കും (250-300 ആണ് ഫീസ്).
  • ആടുകളെ വിൽക്കുമ്പോൾ ഒന്നുകിൽ 6 മാസം പ്രായത്തിലോ അതിൽ താഴെയോ വിൽക്കുക. അല്ലെങ്കിൽ പ്രസവിച്ച് 2കുട്ടികളോട് കൂടി വിൽക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com