ADVERTISEMENT

വാക്സിനും വാക്സിനേഷനും പലപ്പോഴും ചർച്ചയാവാറുണ്ട്. മനുഷ്യനും മൃഗങ്ങൾക്കും പക്ഷികൾക്കും ഒരുപോലെ പലതരം വാക്സിനുകളും ഉപയോഗിക്കാറുണ്ട്. എന്താണ് വാക്സിൻ? എന്താണ് ഇതിന്റെ പ്രവർത്തനം? പല അബദ്ധ ആശയങ്ങളും പ്രചരിക്കുന്ന സാഹചര്യത്തിൽ വാക്സിനുകളെക്കുറിച്ചുള്ള പ്രാഥമിക അറിവ് അനിവാര്യമാണ്.

ഏതെങ്കിലും രോഗത്തിനു കാരണമാകുന്ന അണുവിനെ (ബാക്ടീരിയയോ വൈറസോ ആകാം) ശരീരത്തിൽ കുത്തിവയ്ക്കുന്നു. ഈ അണുവിനെ നശിപ്പിക്കാൻ ശരീരം ആന്റി ബോഡി രൂപപ്പെടുത്തുന്നു. അങ്ങനെ ഈ ആന്റിബോഡി ശരീരത്തിൽ പ്രവേശിച്ച അണുവിനെ (ആന്റിജൻ) നശിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ ആന്റിജനെ നശിപ്പിക്കാൻ ശരീരം രൂപപ്പെടുത്തിയ ആന്റിബോഡി നിശ്ചിത കാലംവരെ ആ ശരീരത്തിൽ നിലനിൽക്കും. ആ ഒരു കാലയളവിൽ ഏത് അണുവിനെതിരെയാണോ കുത്തിവയ്പ്പ് നടത്തിയത് ആ അണു മൂലമുള്ള രോഗങ്ങൾ കുത്തിവയ്പ്പ് സ്വീകരിച്ച വ്യക്തിക്കോ ജീവികൾക്കോ വരില്ല. ഇതാണ് വാക്സിനേഷന്റെ അടിസ്ഥാന തത്വം.

വൈറസ് മൂലമുള്ള രോഗങ്ങൾ പിടിപെട്ടാൽ ചികിത്സ ദുഷ്കരമാണ്. അതുകൊണ്ടുതന്നെ പ്രതിരോധ മരുന്നു നൽകുക എന്നതാണ് ഏക പോംവഴി. ബാക്ടീരിയൽ രോഗങ്ങൾക്കു മാത്രമാണ് അന്റിബയോട്ടിക് മരുന്നുകൾ നൽകുക. ഇത് വൈറൽ രോഗങ്ങൾക്ക് ഫലപ്രദമല്ല.

മുട്ടക്കോഴികളെ വളർത്താൻ തുടങ്ങുമ്പോൾ വിശ്വാസയോഗ്യമായ ഹാച്ചറികളിൽനിന്നോ നഴ്സറികളിൽനിന്നോ എല്ലാ വാക്സിനേഷനുകളും കഴിഞ്ഞ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തിയാൽ മരണനിരക്ക് നല്ലൊരു ശതമാനം വരെ കുറയ്ക്കാനാകും.

കോഴികൾക്ക് എപ്പോഴൊക്കെ വാക്സിൻ നൽകണം?

  • ജനിച്ച് 5–7 ദിവസം പ്രായമുള്ളപ്പോൾ കോഴിവസന്തയ്ക്കെതിരേയുള്ള വാക്സിൻ. കണ്ണിലോ മൂക്കിലോ ഒരു തുള്ളി. ആർഡിഎഫ് അല്ലെങ്കിൽ ലസോട്ട വാക്സിൻ.
  • രണ്ടാം ആഴ്ച. ഐബിഡി രോഗത്തിനെതിരേയുള്ള വാക്സിൻ. കുടിവെള്ളത്തിൽ.‌
  • മൂന്നാം ആഴ്ച കോഴിവസന്തയ്ക്കെതിരേ ബൂസ്റ്റർ ഡോസ്. കുടിവെള്ളത്തിൽ. 
  • നാലാം ആഴ്ച ഐബിഡിയുടെ ബൂസ്റ്റർ. കുടിവെള്ളത്തിൽ. 

ഈ നാലു വാക്സിനുകളും എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. വൻകിട ഫാമുകൾ നടത്തുന്നവർ ചുവടെയുള്ള വാക്സിനുകൾക്കൂടി നൽകണം.

  • ആറാം ആഴ്ചയിൽ കോഴി വസൂരിയുടെ വാക്സിൻ.
  • ഏഴാം ആഴ്ചയിൽ വിരയിളക്കണം.
  • എട്ടാം ആഴ്ച (10 ആഴ്ച വരെ പ്രായമാകാം. അല്ലെങ്കിൽ കോഴിക്ക് അരോ കിലോഗ്രാം ഭാരം). R2B അല്ലെങ്കിൽ RDVK വാക്സിൻ ചിറകിനടിയിൽ കുത്തിവയ്ക്കണം. കോഴിവസന്തയ്ക്കെതിരേയുള്ള വാക്സിനാണിത്. ലസോട്ട നൽകിയിട്ടുള്ള കോഴികൾക്കു മാത്രമേ ഈ വാക്സിൻ നൽകാൻ പാടുള്ളൂ.
  • 15 ആഴ്ച പ്രായത്തിൽ വീണ്ടും വിരയിളക്കുക.
  • 16 ആഴ്ച പ്രായത്തിൽ കോഴിവസന്തയുടെ ബൂസ്റ്റർ കുത്തിവയ്പ്പ് നൽകണം. 0.5ml ചിറകിനടിയിൽ. മറ്റു രോഗങ്ങളൊന്നും ഇല്ല എന്നുറപ്പാക്കിയതിനുശേഷം മാത്രമേ കോഴിവസന്തയ്ക്കെതിരേയുള്ള രണ്ടു കുത്തിവയ്പ്പുകളും നൽകാൻ പാടുള്ളൂ.

കുടിവെള്ളത്തിൽ വാക്സിൻ ചേർത്താൽ രണ്ടു മണിക്കൂറിനുള്ളിൽ കോഴികൾ കുടിച്ചുവെന്ന് ഉറപ്പാക്കണം. അതിരാവിലെയോ വൈകുന്നേരമോ മാത്രം വാക്സിൻ നൽകുക. കൂടാതെ, ക്ലോറിൻ പോലുള്ള അണുനാശിനികൾ കലരാത്ത ശുദ്ധജലവുമായിരിക്കണം. ഒരു ലീറ്റർ വെള്ളത്തിന് 5 ഗ്രാം എന്ന തോതിൽ പാൽപ്പൊടി കൂടി ചേർത്താൽ വാക്സിന്റെ സ്ഥിരതയ്ക്ക് നല്ലതാണ്.

രാവിലെ വാക്സിൻ കൊടുക്കുന്നതെങ്കിൽ തലേദിവസം രാത്രിതന്നെ കൂട്ടിലെ ഡ്രിങ്കറുകൾ മാറ്റിവയ്ക്കണം. അങ്ങനെ ചെയ്യുമ്പോൾ കോഴികൾ വെള്ളം കുടിക്കാൻ ഉത്സാഹിക്കും. രണ്ടു മണിക്കൂറുകൊണ്ട് കുടിച്ചു തീരുന്ന അളവിലുള്ള വെള്ളം മാത്രം നൽകിയാൽ മതി. 

രണ്ടാാഴ്ച പ്രായത്തിൽ നൽകുന്ന ഐബിഡി വാക്സിൻ എങ്ങനെ തയാറാക്കാമെന്ന് കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാലയിലെ പൗൾട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ഹരികൃഷ്ണൻ പരിചയപ്പെടുത്തുന്നു. വിഡിയോ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com