ADVERTISEMENT

മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങളെ തൃപ്തിപ്പെടുത്തുന്ന രൂപവും സ്വാഭാവഗുണങ്ങളുമുള്ള നായ ബ്രീഡുകളെ സൃഷ്ടിച്ചെടുക്കാനായി അതീതീവ്ര രീതിയിലുള്ള പ്രജനനരീതിയാണ് കഴിഞ്ഞ ഒന്നര നൂറ്റാണ്ടിൽ നാം അനുവർത്തിച്ചത്. തൽഫലമായി വ്യത്യസ്തമായ നാനൂറോളം നായ ജനുസുകള്‍ (breeds) ലോകത്തുണ്ടായി. ശരീര ഘടനയിലും പാരമ്പര്യഗുണത്തിലുമുള്ള സവിശേഷതകള്‍മൂലം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള  സാധ്യത ചില ജനുസുകള്‍ക്ക്  കൂടുതലാണ്. അതിനാല്‍ നമ്മുടെ നായയുടെ പ്രത്യേകതകളും പാരമ്പര്യ രോഗസാധ്യതകളും മനസിലാക്കിയുള്ള പരിപാലനം അരുമയ്ക്കു നല്‍കാന്‍ പ്രത്യേകം ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാം.

കൂടൊരുക്കുമ്പോൾ

കൂടൊരുക്കേണ്ടത് ഇനത്തിനു ചേര്‍ന്ന വിധത്തിലായിരിക്കണം. കൂടിയ ചൂടും തണുപ്പും താങ്ങാനുള്ള കഴിവ് ചില ഇനങ്ങള്‍ക്കു കുറവായിരിക്കും. നായ്ക്കള്‍ക്കു പൊതുവെ ചൂട് താങ്ങാനുള്ള കഴിവ് കുറവാണ്. വിയര്‍പ്പുഗ്രന്ഥി ഇല്ലാത്തതാണ് കാരണം. ശ്വസനനിരക്ക് കൂട്ടിയും നാവ് പുറത്തേക്കിട്ട് അണച്ചുമൊക്കെയാണ് ഇവ ഉയര്‍ന്ന ചൂടിനെ ചെറുക്കുന്നത്. ചര്‍മത്തിനടിയിലെ കൊഴുപ്പിന്റെ പാളിക്കു കട്ടി കൂടുതലുള്ള  ചില ജനുസുകള്‍ക്ക്  (ഉദാ: ബുള്‍ഡോഗ്, പഗ്) ചൂടുകാലം ഏറെ ദുഷ്‌കരമാണ്. ഇവയ്ക്ക് അത്യുഷ്ണത്താല്‍ മരണം വരെ സംഭവിക്കാം. 

ഇവയുടെ കൂട്ടില്‍ ചൂട് കുറയ്ക്കാനുള്ള എസി, കൂളര്‍, ഫാന്‍ തുടങ്ങിയ സൗകര്യങ്ങളൊരുക്കണം. ധാരാളം ശുദ്ധജലം കുടിക്കാന്‍ നല്‍കണം. വേനലില്‍ വെള്ളം തളിച്ചോ, നനച്ച തുണി ഇട്ടോ ആശ്വാസം നല്‍കാം. തടിയന്മാര്‍ക്ക് ചൂട് അസഹ്യമായതിനാല്‍ പൊണ്ണത്തടി വരാതെ ആഹാരവും, വ്യായാമവും ക്രമീകരിക്കണം. 

dog-1

അർബുദത്തെ സൂക്ഷിക്കുക

മനുഷ്യരിലെന്നപോലെ വളര്‍ത്തു നായ്ക്കളില്‍ അര്‍ബുദരോഗബാധ കൂടുന്നതായി കാണുന്നുണ്ട്.  നായ്ക്കളില്‍ രോഗം മൂലമുള്ള മരണത്തിന്റെ 27 ശതമാനത്തിലും കാരണം അര്‍ബുദമാണെന്ന് ചില പഠനങ്ങള്‍ പറയുന്നു. റോട്ട് വെയ്‌ലര്‍, ജര്‍മന്‍ ഷെപ്പേര്‍ഡ്, ഗ്രേറ്റ് ഡെയ്ന്‍, ലാബ്രഡോര്‍, ബോക്‌സര്‍, ഗോള്‍ഡന്‍ റിട്രീവര്‍ ഇനങ്ങള്‍ക്ക് ട്യൂമര്‍ സാധ്യത കൂടുതലാണ്.  ഇവയ്ക്ക് ശാരീരിക, ബൗദ്ധിക, മാനസിക വ്യായാമം ഏറെ ആവശ്യമുണ്ട്. സമീകൃതാഹാരവും ഉറപ്പാക്കണം. വിശപ്പില്ലായ്മ, ശരീരഭാരം കുറയല്‍, മുഴകള്‍ എന്നിവയ്ക്കും സാധ്യത കൂടും.  ഇത് പാരമ്പര്യ പ്രശ്‌നമായി  കണക്കാക്കുന്നതിനാല്‍ ഇവയുടെ  കുട്ടികളെ വാങ്ങുമ്പോള്‍ പാരമ്പര്യഗുണവും നോക്കണം. 

കൃത്യമായ വ്യായാമം

ഊർജസ്വലരായ പല ഇനങ്ങള്‍ക്കും കൃത്യമായ വ്യായാമം കൂടിയേ തീരൂ. എന്നാല്‍, വയറു നിറച്ച് ആഹാരം കഴിച്ചയുടനെ ഓടാനും ചാടാനും വിട്ടാല്‍ ആമാശയ ഭാഗങ്ങള്‍ ചുറ്റിപ്പിടിക്കുകയും വായു നിറഞ്ഞ് പിരിഞ്ഞ് ഈ ഭാഗം നശിക്കുകയും ചെയ്യുന്നു. ഇതിനു സര്‍ജറി മാത്രമാണ് ചികിത്സ അതിനാല്‍ അല്‍സേഷ്യന്‍, ലാബ്രഡോര്‍ ജനുസുകള്‍ക്ക് ഭക്ഷണശേഷം ഉടന്‍ വ്യായാമം അനുവദിക്കരുത്.  

സമീകൃതാഹാരം

വളരുന്ന പ്രായത്തില്‍ എല്ലിന്റെ വളര്‍ച്ചയ്ക്ക് ഏറെ ആവശ്യമായ കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ സി എന്നിവയുടെ അളവും അനുപാതവും കൃത്യമായില്ലെങ്കില്‍ അതിവേഗം വളരുന്ന ജനുസുകളുടെ എല്ലുകള്‍ക്കു പ്രശ്‌നങ്ങളുണ്ടാകും. വളര്‍ച്ചയ്ക്കനുസരിച്ച് മേല്‍പറഞ്ഞ പോഷകങ്ങള്‍ കിട്ടിയില്ലെങ്കില്‍  എല്ലുകള്‍ക്ക് ഒടിവും പൊട്ടലുമാകും ഫലം. എന്നാല്‍, മേല്‍പറഞ്ഞ പോഷകങ്ങള്‍ അമിതമായാല്‍ എല്ലിന്റെ വളര്‍ച്ച, ശരീരവളര്‍ച്ചയെ  മറികടന്ന്  വൈകല്യങ്ങള്‍ക്കു കാരണമാകും.

dog

ലാബ്രഡോര്‍, അല്‍സേഷന്‍, റോട്ട് വെയ്‌ലര്‍ തുടങ്ങിയ ഇനങ്ങള്‍ക്ക് ഇടുപ്പുസന്ധിയുടെ സ്ഥാനംതെറ്റല്‍ (Hipdiplasia) സാധാരണമാണ്. സമീകൃതാഹാരവും പരിപാലനവും ലഭിക്കാതായാല്‍  പ്രശ്‌നം രൂക്ഷമാകും. ശരീരഭാരം മുഴുവന്‍ പിന്‍കാലുകളില്‍  താങ്ങുന്ന ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനങ്ങളില്‍ ഇടുപ്പ് പെട്ടെന്ന് സ്ഥാനം തെറ്റുന്നു. ഗര്‍ഭാവസ്ഥയിലും വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്കും വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ വിറ്റാമിന്‍, ധാതുമിശ്രിതങ്ങള്‍ നല്‍കാവൂ. ഇവയുടെ അളവ് സമീകൃതമാകാന്‍ വേണ്ടിയാണ് ഈ കരുതല്‍. 

നട്ടെല്ലിനും കരുതൽ

ഡാഷ്ഹണ്ട്, ബീഗിള്‍ തുടങ്ങിയ ഇനങ്ങള്‍ക്ക് നട്ടെല്ലിന്റെ പ്രശ്‌നങ്ങളാണ് കൂടുതല്‍. ഡിസ്‌കിന്റെ സ്ഥാനം തെറ്റലും മറ്റും ഇവയെ അലട്ടാറുണ്ട്. അതിനാല്‍ അമിത ഭാരവും, ഉയരത്തില്‍നിന്നുള്ള ചാട്ടവും മറ്റും ഇത്തരം ബ്രീഡുകളില്‍ നിയന്ത്രിക്കണം. ഷിവാവ, ലാസാപ്‌സോ തുടങ്ങിയവയില്‍  കാല്‍മുട്ടിന്റെ ചിരട്ടയ്ക്കു പ്രശ്‌നങ്ങള്‍ കാണാറുണ്ട്.  

കേശാദിപാദം ശ്രദ്ധ

കണ്ണ്, ചെവി, പല്ല് എന്നിവയുടെ പരിപാലനം ചില ജനുസുകളില്‍ ഏറെ ശ്രദ്ധിക്കണം. തൂങ്ങി നില്‍ക്കുന്ന നീണ്ട ചെവികളുള്ള ബ്ലഡ് ഹൗണ്ട്, ലാബ്രഡോര്‍, ബാസറ്റ് ഹൗണ്ട് തുടങ്ങിയ ഇനങ്ങളില്‍ ഹെമറ്റോമ രോഗത്തിന് സാധ്യത ഏറെയാണ്. ചെവി കുടയുമ്പോള്‍ തൂങ്ങിക്കിടക്കുന്ന ഭാഗം തലയിലടിച്ച് രക്തക്കുഴലുകള്‍ പൊട്ടി ചെവിയുടെ തൂങ്ങലില്‍ രക്തം നിറയുന്ന അവസ്ഥയാണിത്. പൊങ്ങിനില്‍ക്കുന്ന ചെവിയുള്ള ഇനങ്ങളില്‍ പൊടിയും രോഗാണുക്കളും എളുപ്പത്തില്‍ പ്രവേശിച്ച് രോഗമുണ്ടാക്കാം. കൃത്യമായ ഇടവേളകളില്‍ കാതുകള്‍ പരിശോധിച്ച്, വൃത്തിയാക്കി അധിക രോമം മുറിച്ചു കളയണം. 

dog-care

ഡാല്‍മേഷന്‍ നായ്ക്കളില്‍ കാണുന്ന പാരമ്പര്യ പ്രശ്‌നമാണ് ബധിരത.  അതിനാല്‍ ഇവയെ വാങ്ങുമ്പോള്‍ ശ്രവണ പരിശോധന  നടത്തണം. ബാസറ്റ് ഹൗണ്ട്, ബീഗിള്‍, കോക്കര്‍ സ്പാനിയേല്‍ തുടങ്ങിയ ഇനങ്ങള്‍ക്ക്  ഗ്ലൂക്കോമയും, ലാബ്രഡോര്‍ ഇനത്തിന് തിമിരബാധയും കൂടുതലായി  കാണാം. പോമറേനിയന്‍ പോലുള്ള ഇനങ്ങള്‍ക്ക് കണ്ണില്‍നിന്നു സ്രവങ്ങള്‍ ഒലിച്ച് കണ്ണിനടിയില്‍ കറുത്ത ചാലുകള്‍ ഉണ്ടായി അണുബാധ വരാറുണ്ട്. ഈ ഭാഗം ഒരു ശതമാനം വീര്യമുള്ള ബോറിക് ആസിഡ് ലായനികൊണ്ടു തുടച്ച് വൃത്തിയാക്കാം. ഷിവാവ എന്ന ചെറുനായയ്ക്ക് ദന്തരോഗങ്ങള്‍ കൂടും. 

മേനിയഴക് കാക്കാൻ

സുന്ദരമായ രോമക്കുപ്പായമാണ് പല ജനുസുകളുടെയും അഴക്. എന്നാല്‍, രോമാവരണത്തിനുള്ളില്‍ പൊടിയും അഴുക്കും ബാഹ്യപരാദങ്ങളും താമസമാക്കി ചർമരോഗങ്ങള്‍ക്ക് വഴിവയ്ക്കാം. രോമാവരണം കാരണം പല ചെറിയ മുറിവുകളും കാണാതെ പോകുകയും അവിടെ ഈച്ച മുട്ടയിട്ട് വലിയ വ്രണങ്ങളാകുകയും ചെയ്യാം. ചില ഇനങ്ങളില്‍ താരന്റെ ശല്യമുണ്ടാകും. ബുള്‍ഡോഗ് പോലുള്ള ഇനങ്ങളുടെ ചര്‍മത്തില്‍ മണ്ഡരിബാധ കൂടുതലാകാം. കോക്കര്‍ സ്പാനിയേലിന് അലര്‍ജിക്കു സാധ്യതയേറും. കൃത്യമായി ബ്രഷ് ചെയ്ത മുടി ചീകി അമിത രോമങ്ങള്‍ മുറിച്ചു മാറ്റി പരിപാലിക്കണം.  

ഹൃദയത്തിനും കരുതൽ

ബോക്‌സര്‍, ഡോബര്‍മാന്‍, ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനങ്ങള്‍ക്ക് ഹൃദ്രോഗസാധ്യതയേറും. ലാബ്രഡോര്‍, പഗ്, ബീഗിള്‍, ബ്ലഡ് ഹൗണ്ട്, ബുള്‍ഡോഗ് എന്നിവയ്ക്കു പൊണ്ണത്തടിയുണ്ടാകാം. അതിനാല്‍ വ്യായാമം  അത്യാവശ്യം.

ഉപാപചയ പ്രശ്നങ്ങൾ

ഡാല്‍മേഷന്റെ കരളിന് യൂറിക് ആസിഡ് വിഘടിപ്പിക്കാനുള്ള കഴിവ് കുറവായതിനാല്‍ അമിത മാംസ്യം അടങ്ങിയ ആഹാരം ചര്‍മരോഗത്തിനും വൃക്കയില്‍ കല്ലിനും കാരണമാകും. 

സിസേറിയൻ മാത്രം

ഇംഗ്ലീഷ് ബുള്‍ഡോഗ്‌പോലെ തല വലുപ്പമുള്ള ഇനങ്ങള്‍ക്ക് പ്രസവം മിക്കവാറും സിസേറിയനായിരിക്കും. ശാസ്ത്രീയ പരിപാലനത്തിനൊപ്പം കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധനയും നടത്തിയാല്‍ നായ്ക്കള്‍ ഏറെക്കാലം ആരോഗ്യത്തോടെ നമുക്കൊപ്പം ഉണ്ടാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com