sections
MORE

നായ്ക്കളെ ഫുൾ ലോക്‌ഡൗൺ ആക്കരുതേ, വേണം കളികളും വ്യായാമവും

HIGHLIGHTS
  • വ്യായാമത്തിന് പലതുണ്ട് ഗുണങ്ങൾ
  • ഏതുതരം വ്യായാമം? എത്ര സമയം?
dog-with-kids
SHARE

ലോക്‌ഡൗണിൽ പൂർണമായും വീട്ടിൽ പെട്ടുപോയവരോട് ബന്ധനത്തിന്റെ ബന്ധനത്തേക്കുറിച്ച് ഇനിയൊരിക്കലും കവിത പാടി പറഞ്ഞു കൊടുക്കേണ്ടി വരില്ല. എങ്കിലും പറയട്ടെ, കാഞ്ചന കൂട്ടിലാണെങ്കിലും നിത്യബന്ധനം നായ്ക്കളുടെ  ശാരീരിക മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നായ്ക്കളെ മുഴുവന്‍ സമയം കൂട്ടിലടച്ചിടുന്നത് ക്രൂരവുമാണ്. അതിനാല്‍ നായ്ക്കള്‍ക്ക് കൃത്യമായ വ്യായാമം ഏറെ ആവശ്യമാണ്.  

വ്യായാമത്തിന് പലതുണ്ട് ഗുണങ്ങൾ

നായ്ക്കളുടെ ശാരീരിക മാനസിക സൗഖ്യത്തിനു മാത്രമല്ല സ്വഭാവരൂപവല്‍കരണത്തിലും സാമൂഹ്യബന്ധങ്ങളിലും ശരിയായ രൂപ ദിശാബോധം നല്‍കാന്‍ വ്യായാമത്തിന് കഴിയുന്നു.  ശ്വാനപ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന നായ്ക്കള്‍ക്ക് ഏറെ അത്യാവശ്യമാണിത്. ജനുസിനൊത്ത ശരീരഭംഗി നിലനിര്‍ത്താന്‍ കൃത്യമായ വ്യായാമം സഹായിക്കുന്നു. ഹൃദയത്തിന്റെയും ശ്വസനവ്യൂഹത്തിന്റെയും പ്രവര്‍ത്തനവും ശരീരത്തിലെ രക്തയോട്ടവും, ഓക്‌സിജന്റെ ലഭ്യതയുമൊക്കെ കൂട്ടാന്‍ വ്യായാമം സഹായിക്കുന്നു. 

എല്ലുകളുടെയും മാംസപേശികളുടെയും വളര്‍ച്ചയും കരുത്തും ഉറപ്പാക്കുന്നു. കൃത്യമായ വ്യായാമില്ലാത്ത നായ്ക്കളില്‍ പൊണ്ണത്തടിയും ഹൃദ്രോഗവും കൂടുതല്‍ കാണപ്പെടുന്നു.  അസ്ഥിസംബന്ധമായ  അസുഖങ്ങളും കൂടുതലായിരിക്കും. കൃത്യമായ വ്യായാമം നായ്ക്കളുടെ മനസിന് സന്തോഷം നല്‍കുന്നു, ബുദ്ധിപരമായ വളര്‍ച്ചയെ സഹായിക്കുന്നു. സ്വാതന്ത്ര്യവും, വ്യായാമവും ഉല്ലാസവുമില്ലാതെ വളരുന്ന നായ്ക്കളില്‍ സ്വഭാവ വ്യതിയാനങ്ങള്‍ നശീകരണ പ്രവണത, ബോറടി, ദഹനമില്ലായ്മ, അനാവശ്യമായ കുര, മനുഷ്യരുടെ ദേഹത്ത് ചാടിക്കയറാന്‍ ഉത്കണ്ഠ, അനുസരണക്കേട്, ദഹനമില്ലായ്മ തുടങ്ങിയ നിരവധി സ്വഭാവ വൈകല്യങ്ങള്‍ കൂടുതലായി കണ്ടു വരുന്നു. കൃത്യവും ശാസ്ത്രീയവുമായ വ്യായാമം ലഭിക്കുന്ന നായ്ക്കള്‍ കൂടുതല്‍ ധൈര്യവും ആത്മവിശ്വാസവുമുള്ളവരായിരിക്കും. ഉത്കണ്ഠ കളഞ്ഞ് ആവശ്യത്തിന് ഉറക്കമുള്ളവരായിരിക്കും.  ഇവര്‍ നല്ല പെരുമാറ്റത്തില്‍  ഉടമയുടെ മനം കവരുന്നു.  ശരീരഭാരം കൃത്യമായി സൂക്ഷിക്കാന്‍ കഴിയുകയും കൂടുതല്‍ അച്ചടക്കമുള്ളവരായി മാറുകയും ചെയ്യുന്നു. എല്ലാറ്റിനുമുപരിയായി നായ്ക്കളെ കൃത്യമായി  വ്യായാമം ചെയ്യിക്കുന്ന ഉടമകള്‍ക്കും മേല്‍ പറഞ്ഞ ഗുണങ്ങളുടെ ഒരു പങ്ക് ലഭിക്കുന്നു.  

dog

ഏതുതരം വ്യായാമം? എത്ര സമയം?

വ്യായാമം ഏതു തരത്തില്‍ എത്ര സമയം  വേണമെന്നത് നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.  നായയുടെ ജനുസ്, ഉടമയുടെ സമയലഭ്യത, നായയുടെ ഇഷ്ടവും അനിഷ്ടവും, പ്രായം, ഭക്ഷണത്തിന്റെ അളവ്, ആരോഗ്യം, ഉടമയുടെ  ജീവിത സാഹചര്യങ്ങള്‍, ഗര്‍ഭാവസ്ഥപോലുള്ള ശാരീരികാവസ്ഥകള്‍ എന്നിവയൊക്കെ കണക്കിലെടുക്കണം. ചെറിയ ഇനം  നായ ജനുസുകള്‍ക്ക് കുറച്ച് സമയം വ്യായാമം മതിയാകുമ്പോള്‍  കൂടുതല്‍ ഊർജസ്വലരായ വേട്ടപ്പട്ടിയിനത്തില്‍പ്പെട്ട ജനുസുകള്‍ക്കും  മറ്റും നല്ല രീതിയില്‍ വ്യായാമം വേണം. എങ്കിലും ഡോക്ടറുടെ  ഉപദേശപ്രകാരം അല്‍പസമയമെങ്കിലും  കൂടിനു വെളിയിലിറക്കാവുന്നതാണ്.

ചില ജനുസുകള്‍ക്ക്  നടത്തമായിരിക്കും പ്രിയം. ഉടമയോടൊപ്പമുള്ള നടത്തം  അവര്‍ ഏറെ ഇഷ്ടപ്പെടും. ചിലര്‍ ഓടുന്നതും, മറ്റു ചിലര്‍ കളിക്കുന്നതും ഇഷ്ടപ്പെടും. ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, കോളി, ലാബ്രഡോര്‍ തുടങ്ങിയ ഊർജസ്വലരായ  ജനുസുകള്‍ക്ക് വ്യായാമം കൂടുതല്‍ വേണം.  ഷിവാവ പോലുള്ള ചെറു നായ്ക്കള്‍ക്ക് കുറച്ച്  വ്യായാമം മതി.  ഊണും, ഉറക്കവും, കളിയുമായി  സമയം കഴിക്കുന്ന നായ്ക്കുട്ടികള്‍ക്ക് പ്രത്യേക വ്യായാമം വേണമെന്നില്ല.  ഇവ സ്വയം വ്യായാമം ചെയ്തുകൊള്ളും.  Come, Sit, Stay തുടങ്ങിയ  അനുസരണയുടെ  ബാലപാഠങ്ങള്‍ പഠിപ്പിക്കുന്നതിലൂടെയും ഇവയ്ക്ക് വ്യായാമം ലഭിക്കുന്നു.

വലുപ്പമേറിയ ജനുസുകള്‍ക്ക് ആറു മാസം പ്രായത്തിനുശേഷം ചിട്ടയായ വ്യായാമം നല്‍കണം. ഗര്‍ഭിണികള്‍, പ്രസവിച്ചു കിടക്കുന്നവര്‍ എന്നിവരെ ഒഴിവാക്കാം. കൂടുതല്‍ ഊർജസ്വലരായ പൊണ്ണത്തടിയുള്ള നായ്ക്കള്‍ക്ക് അധികവ്യായാമം വേണം. സാധാരണഗതിയില്‍ ഒരു നായയ്ക്ക് ആഴ്ചയില്‍ നാലു ദിവസമെങ്കിലും അര മണിക്കൂര്‍ വീതം വ്യായാമം നല്‍കണം.  ഇത് തുടര്‍ച്ചയായ പതിനഞ്ചു മിനിറ്റിന്റെ രണ്ടു ഘടകങ്ങളായും നല്‍കാം.  ആരോഗ്യം, വയസ്, ജനുസ്, ശരീരഭാരം എന്നിവ അനുസരിച്ച് ഇത് 30 മിനിട്ട് മൂതല്‍ രണ്ടു മണിക്കൂര്‍വരെയാകാം (രാവിലെയും വൈകുന്നേരവും കൂടി).

പ്രതിരോധ കുത്തിവയ്പുകളെല്ലാം നല്‍കിയ നായ്ക്കളെ  4 മാസം പ്രായം കഴിയുന്നതോടെ നടക്കാനും മറ്റും പുറത്തിറക്കിത്തുടങ്ങാം. കോവിഡ് ലോക്ക് ഡൗൺ നിബന്ധനകൾ പാലിക്കണമെന്നു മാത്രം. പെട്ടെന്നൊരു ദിവസം അധിക വ്യായാമം ചെയ്തു തുടങ്ങരുത്.  ദിവസവും കുറച്ചുനേരം ചെറുതായി  വ്യായാമം  നല്‍കി ക്രമമായി സമയം കൂട്ടിക്കൊണ്ടു വരിക. 

പരന്ന മൂക്കുള്ള ബുള്‍ഡോഗ്, ബോക്‌സര്‍, പഗ്  തുടങ്ങിയവയെ  അധികമായി വ്യായാമം ചെയ്യിച്ചാല്‍  ശ്വാസതടസം ഉണ്ടാകും. വേനല്‍ക്കാലത്ത് ഇത് പ്രത്യേകം ശ്രദ്ധിക്കണം. പ്രഭാത സവാരി വെയിലുറയ്ക്കുന്നതിനു മുന്‍പാക്കാം.  നടത്താനായി പുറത്തുകൊണ്ടു പോകുമ്പോള്‍ ലീഷ് ഉപയോഗിക്കണം. 

വ്യായാമത്തിന് തൊട്ടു മുമ്പോ പിമ്പോ ഭക്ഷണം നല്‍കരുത്. എന്നാല്‍, ശുദ്ധജലം  നല്‍കണം. വലിയ  ഇനം നായക്കള്‍ക്ക് മുട്ടുകള്‍ക്കും, എല്ലുകള്‍ക്കും ക്ഷതമുണ്ടാകുന്ന വിധം അധിക വ്യായാമം നല്‍കരുത്. പ്രായമായവയ്ക്ക് വ്യായാമം അധികമാകേണ്ട. 

ദിവസേനയുള്ള നടപ്പ് മുതല്‍ ഏറ്റവും പുതിയ രീതിയില്‍ പണമുള്ളവര്‍ക്ക് ട്രെഡ് മില്ലും ജോഗിങ്ങ് മെഷീനും  ഉപയോഗിച്ചുള്ള  വ്യായാമങ്ങള്‍ വരെ നായ്ക്കള്‍ക്ക് നല്‍കാം. 

dog-1

വ്യായാമം വീട്ടുവളപ്പിൽ

വീട്ടുവളപ്പില്‍ നല്ലപോലെ ഓടാനും, ഉടമയോടൊത്ത്  കളിക്കാനും, എറിഞ്ഞ പന്ത് തിരികെയെടുത്ത് കൊണ്ട് വരുന്നതും, നീന്തലുമൊക്കെ വ്യായാമത്തിനുള്ള പല രീതികളാണ്. നായ്ക്കള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന വ്യായാമം നടത്തം തന്നെയാണ്. തുടലും, കോളറുമാണ് ആവശ്യമായ സാമഗ്രികള്‍. നടപ്പിനുശേഷം അല്‍പ്പം കളികളാകാം. ഉടമയോടൊത്തുള്ള കളികള്‍ നായ്ക്കള്‍ക്ക് ഏറെയിഷ്ടമാണെന്ന് മാത്രമല്ല, ഇത്തരം അവസരങ്ങള്‍ അവരെ ഏറെ തമ്മിലടിപ്പിക്കുന്നു. ദൂരത്തേക്ക് എറിയുന്ന പന്ത്, നമ്മുടെ നിര്‍ദ്ദേശമനുസരിച്ച് കടിച്ചെടുത്തു കൊണ്ടുവരുന്ന 'Fetch the ball' കളി ഏറെ വ്യായാമം നല്‍കുന്നു. ഈ കളി നായ്ക്കുഞ്ഞുങ്ങളെ  ചെറുപ്പത്തിലേ പഠിപ്പിച്ചെടുക്കാവുന്നതാണ്.  

ചെറിയ ഇനങ്ങളെ വീടിന്റെ പരിസരത്ത് നടത്താവുന്നതാണ്. ഒരു വയസിന് ശേഷം ചെറിയ തടസങ്ങളുടെയോ, നീട്ടിപ്പിടിച്ച വടിയുടേയോ മുകളിലൂടെ ഹര്‍ഡില്‍സ്  ചാടിക്കുന്നത് വ്യായാമമാണ്. പിറകിലത്തെ കാലുകള്‍ക്ക്  മസില്‍ വയ്ക്കാന്‍ ചവിട്ടുപടികളില്‍ കയറ്റിയിറക്കാവുന്നതാണ്. പഠിപ്പിക്കാതെ തന്നെ നായ്ക്കള്‍ നീന്തുമെങ്കിലും ആദ്യമായി വെള്ളത്തിലിറക്കുമ്പോള്‍ ശ്രദ്ധിക്കണം. ചെവിയില്‍ വെള്ളം കയറാതെ ശ്രദ്ധിക്കുക. കരയില്‍ കയറിയ ഉടന്‍ ചെവി പഞ്ഞികൊണ്ട് വൃത്തിയാക്കുക.

ഓട്ടവും നടത്തവും പുറത്തേക്കുള്ള കാഴ്ചകളുടെ വാതിലാണ്. നായ്ക്കള്‍ക്ക് മുന്നില്‍  തുറക്കുന്നത്. പുതിയ പുതിയ കാഴ്ചകളും ഗന്ധങ്ങളും പുതിയ മനുഷ്യരും മറ്റു മൃഗങ്ങളെയുമൊക്കെ അവര്‍ കണ്ടുമുട്ടുന്നു. കേവലം വ്യായാമമെന്നതിനുപരി ഇത് നായയുടെ ഉടമയോടുള്ള  ബന്ധത്തിലും സാമൂഹിക ബന്ധങ്ങളിലും പെരുമാറ്റത്തിലുമൊക്കെ ഏറെ ഗുണകരമായ മാറ്റം വരുത്തുകയും ചെയ്യുന്നു. ഒപ്പം നായയുടേയും, ഉടമയുടേയും ആയുസ് കൂട്ടാനും ഒരുതരത്തില്‍ പറഞ്ഞാല്‍ വ്യായാമം ദിനചര്യയാകുമ്പോള്‍ കഴിഞ്ഞേക്കാം. 

English Summary: Importance of Regular Exercise for Your Dogs

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA