ADVERTISEMENT

പഠനത്തോടൊപ്പം സ്വയം തൊഴിൽ ചെയ്യുന്ന ഒട്ടേറെ യുവാക്കൾ നമുക്കു ചുറ്റുമുണ്ട്. കാർഷികമേഖലയിൽനിന്നു വരുമാനം നേടി പഠിക്കുന്നവരും ഒരുപാടുണ്ട്. അത്തരത്തിൽ പഠനത്തോടൊപ്പം പശുവിനെ വളർത്തുന്ന വ്യക്തിയാണ് മലപ്പുറം അരീക്കോട് സ്വദേശി കെ.വി. ബിജീഷ്. ഒരു പശുവിനെ ലാഭകരമായി എങ്ങനെ വളർത്താം, എത്ര രൂപ വരുമാനം ലഭിക്കും എന്ന് അജീഷ് പറയുന്നു.

പഠനത്തോടൊപ്പം ചെറിയ രീതിയിൽ ചെലവിനുള്ള പോക്കറ്റ് മണി ഒപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിൽ ആയിരുന്ന കാലം. കോളജ് കഴിഞ്ഞു വന്ന് വൈകുന്നേരങ്ങളിൽ ഏട്ടന്റെ ആയുർവേദ ക്ലിനിക്കിൽ നിൽക്കാറായിരുന്നു പതിവ്. ബിസിനസ് മോശമായ സമയങ്ങളിൽ ഏട്ടനെ ബുദ്ധിമുട്ടിക്കാതെ ചില്ലറ ഉണ്ടാക്കാൻ മറ്റു വഴികൾ നോക്കി നടക്കുകയായിരുന്നു. അപ്പോഴാണ് അമ്മയുടെ വിലപ്പെട്ട ഉപദേശം കിട്ടുന്നത്. ഒരു പശുവിനെ വാങ്ങാം. മറ്റൊരാളുടേം കീഴിൽ അല്ലാതെ, വീട്ടിൽ ഉണ്ടാവുന്ന സമയത്ത് തന്നെ ചെയ്യാൻ പറ്റുന്ന പണി. രാവിലെ കോളേജിൽ പോകുന്നതിനു മുന്നേ പശുവിനെ കറന്ന് ഒരു കെട്ട് പുല്ല് ചെത്തിക്കൊടുത്താൽ മതി. കുളിപ്പിക്കലും പുല്ലും വെള്ളവും കൊടുക്കലും അമ്മ നോക്കിക്കോളും. വൈകുന്നേരത്തെ കറവ അച്ഛനും. 

അപ്പോൾ ആ കാര്യമൊക്കെ തീരുമാനം ആയി. ഇനി പശുവിനെ വാങ്ങാനുള്ള പൈസ ഒപ്പിച്ചാൽ മതി. കഴുത്തിൽ കിടന്നിരുന്ന മാല ഊരിത്തന്ന് അതിനും അമ്മ പരിഹാരം കണ്ടു. ചെറുപ്പം മുതലേ വീട്ടിൽ പശു ഉണ്ടായിരുന്നതിനാൽ ഈ പണികളൊന്നും പുതിയതായിരുന്നില്ല. കോളജ് ഇല്ലാത്ത ദിവസങ്ങളിൽ കുളിപ്പിക്കലും കറവയും തൊഴുത്തു വൃത്തിയാക്കലും ഒക്കെ ഒറ്റയ്ക്ക് ആയിരുന്നു. എങ്കിലും, പുല്ലു ചെത്താൻ അമ്മ മുന്നിൽ ഇറങ്ങും. ആദ്യം വാങ്ങിയ പശുവിനെ കറവക്കാലം കഴിഞ്ഞ് കൊടുത്തു. അതിനു ശേഷം 6 മാസം മുന്നേ ആണ് ഇവളെ വാങ്ങുന്നത്.

cow-1

പശു വളർത്തൽ ലാഭകരമോ എന്ന ചർച്ച പലപ്പോഴും ഉയരുന്നുണ്ട്. ഈ വിഷയത്തിൽ എന്റെ അനുഭവം പങ്കുവക്കണം എന്ന് കരുതിയിരുന്നില്ല. ഇപ്പോൾ ഉണ്ടായിരുന്ന പശുവിനെ (മുകളിലെ ചിത്രത്തിലുള്ളത് ) കഴിഞ്ഞ ദിവസം വിറ്റു. എന്നാൽ പിന്നെ ഇതുവരെയുള്ള പാലിന്റെ കണക്കൊന്ന് കൂട്ടിക്കളയാമെന്ന് വച്ചു. പശുവളർത്തൽ ലാഭകരമാണോ എന്ന് നോക്കാലോ.

പ്രസവിച്ച് 18 ദിവസം കഴിഞ്ഞാണ് ഇവളെ വാങ്ങുന്നത്. ശരാശരി 15 ലീറ്റർ പാൽ കിട്ടാറുണ്ടായിരുന്നു. 3 മാസത്തോളം അങ്ങനെ കിട്ടി. പിന്നീടങ്ങോട്ട് 13-12ഉം ഇപ്പോൾ 10-11ഉം പാൽ കിട്ടാറുണ്ട്. ലോക് ഡൗൺ തുടങ്ങുന്നതിനു മുമ്പു വരെ ദിവസവും 7 ലീറ്റർ പാൽ 50 രൂപ നിരക്കിൽ അച്ഛന്റെ കൂൾബാറിലേക്ക് കൊടുക്കും. ബാക്കി സഹകരണസംഘത്തിലേക്കും. പാലിന്റെ കൊഴുപ്പിന് അനുസരിച്ച് 36-40 വരെ വില കിട്ടാറുണ്ട്. 6 മാസം സൊസൈറ്റിയിലും കടയിലേക്കുമായി 2000 ലീറ്ററോളം പാൽ അളന്നിട്ടുണ്ട്. വീട്ടിലെ ആവശ്യത്തിന് എടുക്കുന്നതും അടുത്ത വീടുകളിൽ ചില്ലറ കൊടുക്കുന്നതും ഇതിനു പുറമേ ആണ്. ചില്ലറ കൊടുക്കുന്നത് എന്നും ഇല്ലാത്തതും സ്ഥിരമായി കൊടുക്കുന്നതു വളരെ കുറച്ചും ആയതിനാൽ കണക്കിൽ പെടുത്തുന്നില്ല.

ഏറ്റവും കുറഞ്ഞ വിലയായ 35 രൂപ വച്ച് കൂട്ടിയാൽ പോലും ആറു മാസത്തെ കറവയിൽനിന്ന് 70,000 രൂപ കിട്ടിയിട്ടുണ്ട്. (2000×35=70,000)

വീട്ടിലെ ആവശ്യം കഴിഞ്ഞ് 100 പാട്ട ചാണകം 50 രൂപ നിരക്കിൽ വിറ്റിട്ടുണ്ട്. കുറച്ച് ചാണകപ്പൊടി ബാക്കിയും ഉണ്ട്. (100×50=5000)

മൊത്തം വരവ് =75,000 രൂപ

ഇതുവരെ വാങ്ങിയ കേരളാഫീഡ്സ് കാലിത്തീറ്റയുടെയും ചോളപ്പൊടി, തവിട്, പിണ്ണാക്ക്, കാത്സ്യപ്പൊടി അടക്കം 6 മാസത്തെ ചെലവ് 20,000 രൂപയോളം വരും. 1000 രൂപയുടെ വൈക്കോൽ വാങ്ങി.

പശുവിനെ കുത്തിവച്ചതും, ഒരു തവണ ഡോക്ടറെ കൊണ്ടുവന്നതും അടക്കം ചെലവ് 1000 രൂപ.

51,000 രൂപയ്ക്ക് വാങ്ങിയ പശുവിനെ ആറു മാസത്തെ കറവ എടുത്ത് കുട്ടി അടക്കം വിറ്റപ്പോൾ കിട്ടിയത് 42,000 രൂപയാണ്. (9000 രൂപ കുറവ്)

ചെലവ് + വിറ്റപ്പോൾ കുറഞ്ഞ തുക = 31000

ലാഭം = 75000 - 31000 = 44000 രൂപ.

6 മാസത്തെ ലാഭം 44,000 രൂപ

ഏറ്റവും കുറഞ്ഞ വില വച്ചാണ് കണക്കു കൂട്ടിയത്. അച്ഛന് കൊടുത്തതും അടുത്ത വീട്ടിൽ കൊടുത്തതും എല്ലാം 50 രൂപ നിരക്കിലാണ്. 

അല്പം അധ്വാനിക്കാം എന്നുണ്ടെങ്കിൽ പശു വളർത്തൽ ലാഭകരം തന്നെയാണ് എന്നാണ് എന്റെ അനുഭവം. കറവ എടുത്ത ശേഷം വിൽക്കുന്നതാണ് സ്ഥിരവരുമാനം ആഗ്രഹിക്കുന്നവർക്ക് നല്ലത്. പിന്നെ ഒരു പശു വീട്ടിൽ ഉണ്ടാവുമ്പോൾ വീട്ടിൽനിന്നും മാറി നിൽക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയെ വേണ്ട എന്നു കൂടി ഓർമപ്പെടുത്തുന്നു.

രണ്ടു ദിവസത്തിനുള്ളിൽ അടുത്ത പശുവിനെ കൊണ്ടുവരണം. നാളെ മുതൽ പശുവിനെ അന്വേഷിച്ച്‌ നടത്തം തുടങ്ങണം.

English Summary: How to make better Profit from a Cow, Dairy Farming, cow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com