sections
MORE

കോഴിക്കർഷകരെ പ്രതിസന്ധിയിലാക്കുന്ന വസൂരി രോഗം എങ്ങനെ നിയന്ത്രിക്കാം?

HIGHLIGHTS
  • പോക്സ് വൈറസ് ആണ് രോഗാണു
  • ആന്റിബയോട്ടിക് ചികിത്സ അനിവാര്യം
pox
SHARE

കോഴി വളർത്തുന്നവർ സാധാരണ അഭിമുകീകരിക്കുന്ന ഒരു പ്രശ്നമാണ് കോഴികളുടെ മുഖത്തും കാലിലുമൊക്കെ കുരുക്കൾ വന്നു പൊങ്ങുന്ന  കോഴി വസൂരി അഥവാ ഫൗൾ പോക്സ് എന്ന രോഗം. ആരംഭ ഘട്ടത്തിൽ വലിയ പ്രശ്നമുള്ള രോഗമല്ലെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പടരുകയും, തീവ്രത കൂടിയ ഇനം രോഗങ്ങളിൽ  ഈ കുരുക്കൾ പൊട്ടി ഒലിച്ച്  മറ്റ് അണുബാധകൾ മൂലം കോഴികൾ ചാവാനും ഇടയുണ്ട്. 

പോക്സ് വൈറസ് ആണ് രോഗാണു. ചെറിയ തോതിൽ കുരുക്കൾ വരുമ്പോൾ തന്നെ ലക്ഷണം കാണിക്കുന്ന കോഴികളെ മാറ്റിയിട്ട് ചികിത്സ നൽകിയാൽ രോഗവ്യാപനം നിയന്ത്രിക്കാം. മഞ്ഞൾപ്പൊടി വേപ്പെണ്ണയിൽ കുഴച്ചു പുരട്ടുന്നത് കുരുക്കൾ ചൊട്ടിപ്പോകാൻ വളരെയധികം സഹായിക്കാറുണ്ട്. വലിയ തോതിൽ കുരുക്കൾ വരുന്ന പക്ഷം മെഡിക്കൽ സ്റ്റോറുകളിൽനിന്നു ലഭിക്കുന്ന ബോറിക് ആസിഡ് പൊടി വാങ്ങി വെളിച്ചെണ്ണയിൽ കുഴച്ചു പുരട്ടുന്നത് കുരുക്കൾ കൊഴിഞ്ഞു പോകാൻ സഹായിക്കും. കൊതുകുകൾ ഈ രോഗം ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് അതിവേഗം പടർത്തും. അതിനാൽ കോഴിക്കൂടുകളിൽ കൊതുക് ശല്യം നിയന്ത്രിക്കേണ്ടത്  രോഗം പടരാതിരിക്കാൻ അത്യാവശ്യമാണ്.

സാധാരണ ഗതിയിൽ തൂവലുകളില്ലാത്ത ഭാഗത്തായി വരുന്ന കുരുക്കൾ (cutaneous form of pox)മേൽ പറഞ്ഞ ചികിത്സാ രീതികളോട് അതിവേഗം പ്രതികരിക്കുന്നതാണ്. എന്നാൽ, വായ്ക്കുള്ളിലും മറ്റും പുണ്ണ് വരുന്ന രോഗാവസ്ഥയുമുണ്ട് (diphtheritic form of pox). ഇത് കുറേക്കൂടി ഭീകരമാണ്. പലപ്പോഴും തീറ്റ തിന്നാൻ പറ്റാതെയും വെള്ളം കുടിക്കാൻ പറ്റാതെയും മരണകാരണമായിത്തീരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഒരു വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരമുള്ള ആന്റിബയോട്ടിക് ചികിത്സ അത്യാവശ്യമായി വരും. കൂടാതെ കണ്ണുകളിൽ കുരുക്കൾ വന്ന് പൊട്ടി കണ്ണ് ചീയുന്ന അസുഖവും ചിലപ്പോൾ കണ്ടേക്കാം (occular form of pox). ഇവിടെയും കണ്ണിൽ ഇറ്റിക്കുന്ന മരുന്നുകൾ ഉൾപ്പടെയുള്ള ആന്റിബയോട്ടിക് ചികിത്സ അനിവാര്യമാണ്. തുടക്കത്തിൽ ചെറുതെന്നു തോന്നി നമ്മൾ അവഗണിക്കുന്ന ഈ രോഗം ചിലപ്പോൾ ഇതുപോലെ പല രൂപത്തിൽവന്ന് കൈവിട്ടുപോകുന്ന അവസ്ഥയുമുണ്ട്. 

വലിയ ഫാമുകളിൽ ഫൗൾ പോക്സിനെതിരെയുള്ള വാക്സിനുകൾ ആറാഴ്ച പ്രായത്തിൽ  നൽകാറുണ്ട്. പലപ്പോഴും ആയിരം എണ്ണത്തിൽ കുറഞ്ഞുള്ള വാക്‌സിൻ ഡോസ്  ലഭ്യമല്ലാത്ത സാഹചര്യത്തിൽ ചെറുകിട കർഷകരെ സംബന്ധിച്ചിടത്തോളം വാക്‌സിൻ നൽകി ഈ രോഗം ചെറുക്കുക  എന്നത് നിലവിൽ അപ്രായോഗികമാണ്. അതിനാൽ തുടക്കത്തിൽ തന്നെ രോഗം കണ്ടറിഞ്ഞുള്ള പ്രതിരോധ പ്രവർത്തനങ്ങൾ, കർശന ജൈവസുരക്ഷാമാർഗങ്ങൾ,  കൊതുക് നിവാരണം എന്നിവ വഴി രോഗത്തെ പടിക്കു പുറത്ത് നിർത്തുകയാണ് അഭികാമ്യം.

ഫൗൾ പോക്സ് പ്രതിരോധവുമായുള്ള വീഡിയോ ഇവിടെ കാണാം.

English summary: Fowlpox Disease in Poultry, Fowl Pox

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA