sections
MORE

വരുമാനം കൊണ്ടുവരും കാളക്കിടാക്കൾ, ആദായത്തിനായിതാ ഒരു സംരംഭം

HIGHLIGHTS
  • കാളക്കുട്ടികളുടെ പരിപാലനത്തിൽ ശ്രദ്ധ വേണം
  • വില കൂടിയ കാലിത്തീറ്റ കാളക്കിടാങ്ങൾക്ക് വേണ്ട
male-calf
SHARE

ഒരു ക്ഷീരസംരംഭത്തിൽനിന്നു സാധാരണഗതിയിൽ ഒരു വർഷം പ്രസവിച്ചുണ്ടാകുന്ന കിടാക്കളിൽ പകുതിയോളം കാളക്കുട്ടികളായിരിക്കും. ഫാമിലുണ്ടാവുന്ന പശുക്കിടാക്കളെ പൊന്നുപോലെ പരിപാലിക്കുമ്പോൾ കാളക്കുട്ടികൾക്ക് ആവശ്യമായ പരിചരണം നൽകാതെ, എന്തിനു മതിയായ അളവിൽ പാലുപോലും നൽകാതെ അവഗണിക്കുന്നതാണ് പലരുടെയും രീതി. അതുകൊണ്ടുതന്നെ മൂന്നു മാസത്തിൽ താഴെയുള്ള പ്രായത്തിൽ പശുക്കിടാക്കളെ അപേക്ഷിച്ച് കാളക്കിടാക്കളിൽ മരണനിരക്കും ഉയർന്നതാണ്. ചില കർഷകരാവട്ടെ ചെറിയ പ്രായത്തിൽ തന്നെ കാളക്കുട്ടികളെ വിറ്റൊഴിവാക്കും. 

എന്നാൽ, നാം തീരെ അവഗണിക്കുന്ന ഈ കാളക്കിടാങ്ങൾ ക്ഷീരസംരഭത്തിന് ഒരു മുതൽക്കൂട്ടും അധിക ആദായസ്രോതസുമാണന്ന് സംരംഭകർ തിരിച്ചറിയേണ്ടതുണ്ട്. നല്ല പരിചരണവും സമീകൃതാഹാരവും നൽകി വളർത്തിയാൽ ഒന്ന്- ഒന്നര വയസ് പ്രായമെത്തുമ്പോൾ ഹോൾസ്റ്റീൻ ഫ്രീഷ്യൻ, ജേഴ്സി, സങ്കരയിനത്തിൽപ്പെട്ട കാളക്കുട്ടികൾ ശരാശരി 200 - 250 കിലോഗ്രാം ശരീരതൂക്കമെത്തും. മികച്ച ശരീരതൂക്കം കൈവരിക്കുമ്പോൾ ഇവയെ മാംസവിപണിയിലെത്തിച്ച് സംരംഭകന് അധിക ആദായം നേടാം.

കാളക്കുട്ടി പരിപാലന യൂണിറ്റുകളുടെ സാധ്യതകൾ 

ജനസംഖ്യയുടെ വലിയൊരു ശതമാനം മാംസാഹാരപ്രിയരായ നമ്മുടെ സംസ്ഥാനത്ത് മാംസാവശ്യത്തിനുള്ള ഉരുക്കളിൽ ഏറിയ പങ്കുമെത്തുന്നത് അയൽ സംസ്ഥാനങ്ങളിൽനിന്നാണ്. സംസ്ഥാനത്ത് ഒരു വർഷം കശാപ്പു ചെയ്യുന്ന അറവുമൃഗങ്ങളുടെ അറുപതു ശതമാനവും എത്തുന്നത് അന്യസംസ്ഥാനങ്ങളിൽനിന്നാണെന്നാണ് ആസൂത്രണ കമ്മീഷന്റെ കണക്ക്. സംസ്ഥാനത്തിന്റെ വർധിച്ച മാംസാവശ്യകതയും കുറഞ്ഞ ആഭ്യന്തര മാംസോൽപാദനവുമായി ബന്ധപ്പെടുത്തി പരിശോധിക്കുമ്പോൾ ഫാമിനോട് അനുബന്ധമായി നടത്തുന്ന ഇത്തരം കാളക്കുട്ടി പരിപാലന യൂണിറ്റുകൾക്ക് വലിയ വിപണിയും വരുമാന സാധ്യതകളുമുണ്ട്. 

മാംസോൽപാദനമേഖലയിൽ സ്വയം തൊഴിൽ കണ്ടെത്താൻ ആഗ്രഹമുള്ളവർക്ക് ക്ഷീരകർഷകരിൽനിന്ന് മൂന്നു മാസം പ്രായമെത്തിയ കാളക്കുട്ടികളെ വാങ്ങി വളർത്തി ഇത്തരം കാളക്കുട്ടി പരിപാലന യൂണിറ്റുകൾ വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കാം. മാംസത്തിനായുള്ള പോത്ത് വളർത്തൽ സംരംഭത്തിനൊപ്പം സംയോജിപ്പിച്ച് ചെയ്യാവുന്ന ഒരു സംരംഭം കൂടിയാണ് കാളക്കുട്ടി വളർത്തൽ. കാളക്കുട്ടി പരിപാലന യൂണിറ്റുകൾ ( Male calf fattening unit) പ്രോത്സാഹിപ്പിക്കുന്നതിനായി മൃഗവിഭവ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 200 ലക്ഷം രൂപയാണ് ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ നീക്കിവച്ചിട്ടുള്ളത്. മാംസോൽപാദനത്തിൽ സ്വയംപര്യാപ്തത എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം .

കാളക്കുട്ടികളുടെ പരിപാലനത്തിൽ ശ്രദ്ധിക്കാൻ 

ജനിച്ചയുടൻ പശുക്കിടാക്കൾക്ക് നൽകുന്ന അതേ രീതിയിലുള്ള ശാസ്ത്രീയ പരിപാലനം കാളക്കിടാങ്ങൾക്കും നൽകണം. ശരീരത്തിലെ സ്രവങ്ങൾ തുടച്ച് വൃത്തിയാക്കൽ, ശ്വസനം സുഖമമാണന്ന് ഉറപ്പാക്കൽ, പൊക്കിൾക്കൊടി പരിപാലനം, ആദ്യ രണ്ടു മണിക്കൂറിനുള്ളിൽ ജനന തൂക്കത്തിന്റെ പത്തു ശതമാനം എന്ന അളവിൽ കന്നിപ്പാൽ കുടിപ്പിക്കൽ എന്നിവയെല്ലാം കാളക്കുട്ടികളുടെയും പ്രസവാനന്തര പരിപാലനത്തിൽ ഉൾപ്പെടുന്നു. കാളകിടാവിന്റെ ജനനതൂക്കം നിർണയിച്ച് ഒരു റെക്കോർഡിൽ എഴുതി സൂക്ഷിക്കണം. സാധ്യമെങ്കിൽ ഓരോ രണ്ടാഴ്ച കൂടും തോറും കിടാവിന്റെ തൂക്കം കണക്കാക്കണം. 

കാളക്കിടാവിന്റെ വളർച്ചയുടെ നിരക്ക് അറിയാനും ഇതിന്റെ അടിസ്ഥാനത്തിൽ മികച്ച കിടാക്കളെ തിരഞ്ഞെടുത്ത് വളർത്താനും തൂക്കം നിർണയിക്കുന്നത് സഹായിക്കും. നല്ല വളർച്ചാ ശേഷിയുള്ള കിടാക്കളുടെ ശരീരതൂക്കം മൂന്ന് മാസത്തിനുള്ളിൽ ജനിക്കുമ്പോഴുള്ള ശരീരതൂക്കത്തിന്റെ ഇരട്ടിയാവും. ആറു മാസം പ്രായമെത്തുമ്പോൾ വീണ്ടും ഇരട്ടിക്കും. വളർച്ചാനിരക്ക് പരിഗണിച്ച് മികച്ച കാളക്കിടാക്കളെ തിരഞ്ഞെടുത്ത് മാംസോൽപാദനത്തിനായി വളർത്താം. വളർച്ചാനിരക്ക് കുറഞ്ഞവയെ മൂന്നാം മാസം തന്നെ വിറ്റൊഴിവാക്കാം. മൂന്നു മാസം പ്രായമെത്തിയാൽ പശുക്കിടാക്കളെയും കാളക്കിടാക്കളെയും പ്രത്യേകം മാറ്റി പാർപ്പിക്കണം.

male-calf-1

മൂന്നു മാസം വരെ പാൽ തന്നെയാണ് കാളക്കിടാക്കളുടെയും പ്രധാന ആഹാരം. വീനിങ്‌ രീതിയില്‍ കിടാവിന് പാല്‍ പ്രത്യേകം കറന്നുകൊടുത്ത് വളര്‍ത്തുകയാണെങ്കില്‍ ആദ്യ ആറാഴ്ച പ്രായം വരെ കിടാവിന്റെ തൂക്കത്തിന്റെ 1/10 എന്ന അളവിൽ പാൽ ദിവസവും നൽകണം. ഒറ്റയടിക്ക് നൽകാതെ രണ്ടോ മൂന്നോ തവണകളായി വേണം പാൽ നൽകേണ്ടത്. അതായത്‌, ഏകദേശം 40 കിലോഗ്രാം തൂക്കമുള്ള ഒരു കിടാവിന് 4 കിലോഗ്രാം പാല്‍ ദിവസവും തവണകളായി നൽകണം. ശരീരതൂക്കത്തിന്റെ 1/15 എന്ന അളവിൽ പാൽ കിടാവിന് ഏഴ്- എട്ട് ആഴ്ച പ്രായമെത്തുമ്പോഴും 1/20 എന്ന അളവിൽ പാൽ ഒൻപത്- പന്ത്രണ്ട് ആഴ്ച പ്രായമെത്തുമ്പോഴും നൽകണം. 

ഒരു ദിവസം നൽകേണ്ട ആകെ പാൽ രണ്ടു തവണകളായി കൊടുത്ത് വളര്‍ത്തുന്ന കിടാക്കളെക്കാള്‍ വളർച്ചയുള്ളവയായിരിക്കും അതേ അളവ് പാല്‍ മൂന്നോ നാലോ തവണകളായി കൊടുത്ത് വളര്‍ത്തുന്ന കിടാക്കള്‍. കറന്നെടുത്ത പാൽ കിടാക്കൾക്ക് കൃത്യമായ അളവിൽ നൽകുന്നതിനായി കാഫ് ഫീഡിംഗ് ബക്കറ്റുകളോ ബോട്ടിലുകളോ ഉപയോഗിക്കാം. തണുത്ത പാലാണെങ്കിൽ ഇളം ചൂടിൽ വേണം കിടാക്കൾക്ക് നൽകേണ്ടത്. കിടാവിന് പാലിനു പകരം വിപണിയിൽ ലഭ്യമായതോ സ്വയം തയാറാക്കിയതോ ആയ പാൽപ്പൊടി അടങ്ങിയ മിൽക്ക് റീപ്ലേസറുകൾ നൽകിയാൽ വീണ്ടും ചെലവ് കുറയ്ക്കാനും പാൽ വിപണനം പരമാവധിയാക്കാനും സാധിക്കും.

പാലിന്റെ/മിൽക്ക് റീപ്ലേസറിന്റെ അളവ് ക്രമേണ കുറയ്ക്കുന്നതിനൊപ്പം സാന്ദ്രീകൃതാഹാരത്തിന്റെയും പുല്ലിന്റെയും അളവ് കൂട്ടി നൽകണം. നാരിന്റെ അളവ് കുറഞ്ഞതും മാംസൃത്തിന്റെ അളവുയർന്നതുമായ സാന്ദീകൃതാഹാരമായ കാഫ് സ്റ്റാർട്ടർ തീറ്റയും, ചെറുതായി അരിഞ്ഞ തീറ്റപുല്ലും കുറഞ്ഞ അളവിൽ രണ്ടാഴ്ച പ്രായമായത് മുതൽ കാളക്കിടാക്കൾക്ക് നൽകണം. നാലാം ആഴ്ച മുതൽ 50-100 ഗ്രാം അളവിൽ കാഫ് സ്റ്റാർട്ടർ നൽകാം. ഓരോ രണ്ടാഴ്ച കൂടും തോറും സാന്ദ്രീകൃതാഹാരത്തിന്റെ അളവ് നൂറു മുതൽ നൂറ്റിയൻപത് ഗ്രാം വരെ വർധിപ്പിച്ച് ആറാം മാസത്തോടു കൂടി ഒന്നരക്കിലോഗ്രാം വരെ കാഫ് സ്റ്റാർട്ടർ നൽകാം. 35 ശതമാനം വില കുറഞ്ഞ പിണ്ണാക്ക് , 45 ശതമാനം ധാന്യപ്പൊടി, 10 ശതമാനം ധാന്യത്തവിട്, 8 ശതമാനം മീൻ പൊടി, 2 ശതമാനം ധാതുമിശ്രിതം എന്നിവ ചേർത്ത് കാളക്കിടാക്കൾക്കുള്ള സ്റ്റാർട്ടർ തീറ്റ ഫാമിൽ തന്നെ തയാറാക്കാവുന്നതാണ്. തീറ്റപ്പുല്ല് നൽകുന്നത് ഘട്ടംഘട്ടമായി വർധിപ്പിച്ച് ആറ് മാസമെത്തുമ്പോൾ 5-6 കിലോഗ്രാം വരെ നൽകാം. കറവപശുക്കളുടെ തീറ്റ കിടാക്കൾക്ക് നൽകരുത്. 

ആറുമാസത്തിന് മുകളിൽ പ്രായമെത്തുമ്പോൾ ശരീരതൂക്കത്തിന്‍റെ പത്തിലൊന്ന് എന്ന അളവില്‍ തീറ്റപ്പുല്ല് പ്രതിദിനം വേണ്ടിവരും. ഫാമിനോട് ചേര്‍ന്ന് തരിശു കിടക്കുന്ന നെല്‍പ്പാടങ്ങൾ, തോട്ടങ്ങള്‍ എന്നിവയുണ്ടെങ്കില്‍ പകല്‍ മുഴുവന്‍ കാളക്കുട്ടികളെ ഇവിടങ്ങളിൽ മേയാന്‍ വിട്ട് വളര്‍ത്താം. മേയാൻ സൗകര്യമുണ്ടങ്കിൽ തീറ്റപ്പുല്ല് പ്രത്യേകം നൽകേണ്ടതില്ല. തീറ്റപ്പുല്ലും വൈക്കോലും അടങ്ങുന്ന പരുഷാഹാരങ്ങള്‍ക്ക് പുറമെ വിലകുറഞ്ഞ പിണ്ണാക്കും തവിടും ധാന്യങ്ങളും സമാസമം ചേര്‍ത്ത് തീറ്റമിശ്രിതം തയാറാക്കി ഒരു കാളക്കിടാവിന് വളർച്ചയുടെ തോതനുസരിച്ച് 2 - 3 കിലോഗ്രാം വരെ സാന്ദ്രീകൃതാഹാരമായി ദിവസവും നല്‍കണം. 

പശുക്കൾക്ക് നൽകുന്ന വില കൂടിയ കാലിത്തീറ്റ കാളക്കിടാങ്ങൾക്ക് വേണ്ട. മതിയായ പോഷകങ്ങള്‍ അടങ്ങിയ ധാതുജീവക മിശ്രിതം പതിവായി തീറ്റയില്‍ നൽകുന്നത് വളർച്ച വേഗത്തിലാക്കും. ആറു മാസം പ്രായമെത്തുന്നത് വരെ മാസത്തിൽ ഒരിക്കലും പിന്നീട് ഒരു വർഷം പ്രായമെത്തുന്നത് വരെ രണ്ടു മാസത്തിൽ ഒരിക്കലും പിന്നീട് മൂന്നു മാസത്തിൽ ഒരിക്കലും കൃത്യമായി വിരമരുന്ന് നല്‍കണം. 

കാളക്കിടാങ്ങളുടെ തീറ്റയിൽ യൂറിയ സംപുഷ്ടീകരിച്ച വൈക്കോൽ, വേവിച്ച പച്ചക്കറി അവശിഷ്ടങ്ങൾ, മറ്റ് പാരമ്പര്യേതര തീറ്റകൾ അടക്കമുള്ള ചെലവ് കുറഞ്ഞ രീതിയിലുള്ള തീറ്റ വസ്തുക്കൾ കൂടുതലായി ഉൾപ്പെടുത്തി ചെലവ് കുറയ്ക്കാം. പശുക്കിടാങ്ങൾക്ക് നൽകുന്ന രീതിയിലുള്ള വിപുലമായ രീതിയിലുള്ള പാർപ്പിടസൗകര്യങ്ങളൊന്നും കാളക്കുട്ടികൾക്ക് വേണ്ടതില്ല. രാപ്പാര്‍ക്കുന്നതിനായി മഴയും, മഞ്ഞുമേല്‍ക്കാത്ത പരിമിതമായ പാര്‍പ്പിട സൗകര്യങ്ങള്‍ മുഖ്യ ഷെഡിനോട് അനുബന്ധിച്ച് ഒരുക്കിയാൽ മതി.

English summary: Male calf fattening unit

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA