sections
MORE

പശുക്കളിലെ കൃത്രിമ ബീജാധാനം; തിരുത്താം ഈ തെറ്റിദ്ധാരണകൾ

HIGHLIGHTS
  • പശുക്കളിൽ മദി ലക്ഷണങ്ങൾ 18 മുതൽ 24 മണിക്കൂർ വരെ നീണ്ടുനിൽക്കാറുണ്ട്
  • ഒരു മദിചക്രം 21 ദിവസം
cow
SHARE

നമ്മുടെ കന്നുകാലിപ്രജനന നയം അനുസരിച്ച് മേന്മയുള്ള വിത്തുകാളകളുടെ ബീജം ഉപയോഗിച്ചുള്ള  കൃത്രിമ  ബീജാധാനമാണ് (Artificial Insemination) സംസ്ഥാനത്ത് സ്വീകരിച്ചിരിക്കുന്ന പ്രജനനമാർഗം. വിത്തുകാളകളുടെ ബീജം ശേഖരിച്ച് സൂക്ഷിച്ച് മദിയിലുള്ള പശുവിന്റെ ഗർഭാശയത്തിൽ കൃത്യമായ സമയത്ത് ആവശ്യമായ അളവിൽ നിക്ഷേപിക്കുന്ന സാങ്കേതികവിദ്യയാണ് കൃത്രിമ ബീജാധാന പ്രക്രിയ എന്നു ചുരുക്കി പറയാം. കുത്തിവയ്പ് എന്ന പേരിലാണ് കൃത്രിമ ബീജാധാനപ്രക്രിയ കർഷകർക്കിടയിൽ പരിചിതം. പ്രജനനാവശ്യത്തിനായി കൃത്രിമ ബീജാധാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് പകരം സങ്കരയിനത്തിൽപ്പെട്ട കാളകളെ വളർത്തുന്നത് ലൈവ് സ്റ്റോക്ക് ആക്ട് -1968 പ്രകാരം ശിക്ഷാർഹമാണ്. എന്നാൽ, തദ്ദേശീയ ജനുസിൽപ്പെട്ട കന്നുകാലികളുടെ വംശസംരക്ഷണത്തിനുവേണ്ടി കാളകളെ വളർത്താൻ ഇപ്പോൾ നിയമത്തിൽ ഇളവുണ്ട്. 

ദേശീയ ക്ഷീര ഗവേഷണ സ്ഥാപനം (നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) ഈയിടെ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് പ്രകാരം കന്നുകാലികൾക്കായുള്ള കൃത്രിമബീജാധാന സൗകര്യങ്ങളുടെ വ്യാപ്തിയിലും കാര്യക്ഷമതയിലും രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം. നമ്മുടെ ക്ഷീരമേഖലയുടെ വളർച്ചയിലും പാലുൽപാദനത്തിൽ സ്വയം പര്യാപ്തതയെന്ന നേട്ടത്തിനടുത്തെത്താൻ സംസ്ഥാനത്തെ പ്രാപ്തമാക്കിയതിലും നഗര - ഗ്രാമ ഭേദമന്യേ വിപുലമായി പ്രവർത്തിക്കുന്ന കന്നുകാലി കൃത്രിമബീജാധാന സംവിധാനങ്ങൾ നിർണായ പങ്ക് വഹിച്ചിട്ടുണ്ട്. മൃഗസംരക്ഷണവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോർഡ് (കെഎൽഡിബി) എന്ന സ്ഥാപനമാണ് കൃത്രിമബീജാധാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഇന്ന് ഒരൊറ്റ ഫോൺ കാളിൽ കർഷകന്റെ വീട്ടുമുറ്റത്ത് കൃത്രിമബീജാധാന സൗകര്യങ്ങൾ ലഭ്യമാവും. എങ്കിലും  കൃത്രിമ ബീജാധാനവുമമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകൾ ക്ഷീര കർഷകരുടെ ഇടയിൽ ഇന്നുമുണ്ട്.

ഒരേ സമയം രണ്ടു സെമൻ സ്ട്രോകൾ ഉപയോഗിച്ച് കുത്തിവച്ചാൽ ഗർഭം ധരിക്കാൻ സാധ്യത കൂടും

കൃത്രിമബീജാധാനത്തിനായി ഉപയോഗിക്കുന്ന 0.25 മില്ലി ശുക്ലം അടങ്ങിയ ഒരു മിനി സെമൻ സ്‌ട്രോയിൽ ഇരുപത് മില്യൺ ബീജമാത്രകൾ (Sperm) ഉണ്ടാവും. എന്നാൽ, അണ്ഡവുമായി (Ovum) സംയോജിച്ച് വിജയകരമായി ഗർഭധാരണം നടക്കാൻ ഈ ഇരുപത് മില്യൻ ബീജ മാത്രകളിൽനിന്ന് ഒരേ ഒരു ബീജമാത്ര മാത്രമേ വേണ്ടതുള്ളു. ബാക്കി വരുന്ന ബീജ മാത്രകൾ എല്ലാം തന്നെ ഗർഭപാത്രത്തിൽ വച്ച് നശിച്ചില്ലാതാകും. ഇക്കാരണം കൊണ്ടുതന്നെ ഒരേ സമയം രണ്ടു സെമൻ സ്ട്രോകൾ ഉപയോഗിച്ച് കൃത്രിമ ബീജാധാനം നടത്തുന്നതിൽ പ്രയോജനമൊന്നുമില്ല. മറിച്ച് കൃത്യമായ സമയത്ത് ശാസ്ത്രീയമായ രീതിയിൽ കൃത്രിമ ബീജാധാനം നടത്തുക എന്നതാണ് പ്രധാനം. അനവസരത്തിലുള്ള ബീജാധാനം ഗർഭാശയ അണുബാധയ്ക്കും വന്ധ്യതയ്ക്കും വരെ കാരണമായേക്കാം. പശുക്കളിൽ മദി ലക്ഷണങ്ങൾ 18 മുതൽ 24 മണിക്കൂർ വരെ നീണ്ടുനിൽക്കാറുണ്ട്. മദിലക്ഷണങ്ങൾ തുടങ്ങിയതിന് 12 മണിക്കൂറിനു ശേഷം ബീജാധാനത്തിന് വിധേയമാക്കുന്നതാണ് അഭികാമ്യം. 

കൃത്രിമ ബീജാധാനത്തിന് ശേഷം യോനിയിൽനിന്നും രക്തസ്രാവം സംഭവിക്കുന്നത് ഗർഭധാരണം നടക്കാത്തത് കൊണ്ടാണ്

പശുവിന്റെ അണ്ഡാശയത്തിൽ ജന്മനാ തന്നെ സംഭരിക്കപ്പെട്ട നൂറുകണക്കിന് അണ്ഡങ്ങളിൽനിന്ന് ഒന്ന് പൂർണ വളർച്ച കൈവരിച്ച് അണ്ഡാശയത്തിൽനിന്ന് പുറത്തുവരുന്ന സങ്കീർണ ശരീരപ്രക്രിയയാണ് മദിചക്രം. പശുക്കളിലെ 21 ദിവസം നീണ്ട് നിൽക്കുന്ന മദിചക്രത്തിൽ മദിയുടെ ലക്ഷണങ്ങൾ തീവ്രമായി പ്രകടമാവുന്നത് ഈസ്ട്രസ് സമയത്താണ്. 18 മുതൽ 24 വരെ മണിക്കൂറുകളാണ് മദിക്കാലം എന്നറിയപ്പെടുന്ന ഈസ്ട്രസിന്റെ ശരാശരി ദൈർഘ്യം. മറ്റു പശുക്കളുടെ പിറകിൽ ചാടിക്കയറാൻ ശ്രമിക്കുക, മറ്റു പശുക്കൾക്ക് ചാടിക്കയറുന്നതിനായി അനങ്ങാതെ നിൽക്കുക, കരച്ചിൽ, വെപ്രാളം, യോനിയിൽനിന്ന് കൊഴുത്ത സുതാര്യമായ സ്രവം ഒലിക്കൽ, യോനി ദളം ചുവന്നു തുടുക്കൽ, ഇരുവശങ്ങളിലേക്കും വാലിട്ടടിക്കൽ എന്നിവയെല്ലാമാണ് മദിക്കോളിൽ പ്രകടമാവുന്ന പ്രധാന ലക്ഷണങ്ങൾ. 

മദിക്കാലം അഥവാ ഈസ്ട്രസ് സമയത്തിന്റെ ഏറ്റവും ഒടുവിലാണ് പശുക്കളിൽ അണ്ഡം പുറത്തുവരിക. അതിനാൽ ഈസ്ട്രസ്/മദിക്കാലം ആരംഭിച്ചതിന്റെ രണ്ടാം പകുതിയിൽ (12 മണിക്കൂറിനു ശേഷം) കൃത്രിമബീജാധാനം നടത്തുന്നതാണ് പശുക്കളിൽ അഭികാമ്യം. മദിക്കാലം തുടങ്ങിയത് എപ്പോഴാണ് എന്ന കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ മദിലക്ഷണം കണ്ട ഉടൻ തന്നെ കൃത്രിമ ബീജാധാനം നടത്തുന്നതാണ് ഉത്തമം. അപൂർവമായി ചില പശുക്കളിൽ മദിക്കാലം ഒരു ദിവസത്തിലധികം നീണ്ട് നിൽക്കാറുണ്ട്. ഇങ്ങനെ നീണ്ട് നിൽക്കുന്ന മദി കാണിക്കുന്ന പശുക്കളിൽ 24 മണിക്കൂർ ഇടവിട്ട് രണ്ട് തവണകളായി കൃതിമ ബീജാധാനം നടത്തുന്നത് ഉചിതമാണ്.

24 മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന ഈസ്ട്രസ് ഘട്ടം അവസാനിച്ചതിനു ശേഷം പശുക്കൾ മദിചക്രത്തിലെ അടുത്ത ഘട്ടമായ മെറ്റീസ്ട്രസിലേക്ക് പ്രവേശിക്കും. ഈ സമയത്ത് യോനിയിൽനിന്നു നേരിയ തോതിൽ രക്തസ്രാവം സംഭവിക്കുന്നത് പശുക്കളിൽ വളരെ സ്വാഭാവികമായ ഒരു കാര്യമാണ്. ഈസ്ട്രസ് ഘട്ടത്തിൽനിന്ന് മെറ്റീസ്ട്രസ് ഘട്ടത്തിലേക്ക് മാറുമ്പോൾ ഈസ്ട്രജൻ എന്ന ഹോർമോണിന് ഉണ്ടാവുന്ന ഏറ്റക്കുറച്ചിലാണ് ഈ നേരിയ രക്തസ്രാവത്തിനു കാരണം. സാധാരണ ഗതിയിൽ  കൃത്രിമബീജാധാനം നടത്തിയതിനു ശേഷം 8 -12 മണിക്കൂറിനുള്ളിൽ രക്തസ്രാവം കാണാം, ഇതിൽ ആശങ്കപ്പെടേണ്ടതില്ല. എന്നാൽ, കൃത്രിമബീജാധാനം നടത്തിയതിനു ശേഷമുണ്ടാവുന്ന അമിത രക്തസ്രാവം, മദികാലം അവസാനിച്ചതിന് രണ്ടോ മൂന്നോ ദിവസങ്ങൾക്കു ശേഷം ഗർഭാശയത്തിൽനിന്നും രക്തസ്രാവമോ മറ്റേതെങ്കിലും തരത്തിലുള്ള സ്രവങ്ങളോ പുറത്തു വരൽ തുടങ്ങിയ സാഹചര്യങ്ങളിൽ വിദഗ്ദ പരിശോധന ആവശ്യമാണ്.

കൃത്രിമ ബീജാധാനം നടത്തിയതിനുശേഷം പശു വീണ്ടും മദിചക്രത്തിലെത്തുകയും മദിലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്താൽ അതിനർഥം ഗർഭധാരണം നടന്നില്ല എന്നാണ്

കൃത്രിമ ബീജാധാനം നടത്തിയതിന് ശേഷം ഗർഭധാരണം നടന്നാൽ പശുക്കൾ പിന്നീട് മദി ലക്ഷണങ്ങൾ സാധാരണഗതിയിൽ പ്രകടിപ്പിക്കില്ല. ഗർഭധാരണം നടന്നില്ലങ്കിൽ 21 ദിവസത്തിനു ശേഷം സ്വാഭാവികമായി വീണ്ടും മദിചക്രത്തിലേക്ക് എത്തുകയും മദി ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യും. എങ്കിലും അപൂർവം ചില സാഹചര്യങ്ങളിൽ വിജയകരമായി ഗർഭധാരണം നടന്ന പശുക്കൾ വീണ്ടും മദിലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. ഗർഭകാല മദിയെന്നാണ് ഇത് അറിയപ്പെടുന്നത്. ആടുകളിലും ഇത് പ്രകടമാകാറുണ്ട്. ചില ഹോർമോൺ വ്യതിയാനങ്ങളാണ് ഈ പ്രക്രിയയുടെ പിന്നിലുള്ള രഹസ്യം. 

പശുക്കളിൽ ഗർഭകാലത്തിന്റെ 2 മുതൽ 5 വരെയുള്ള മാസങ്ങളിലും ആടുകളിൽ ഗർഭ കാലത്തിന്റെ 2 മുതൽ 3 വരെ മാസങ്ങളിലുമാണ് ഗർഭകാല മദി പ്രകടമാവാൻ ഏറ്റവും സാധ്യത. ഗർഭകാല മദിയിലുള്ള പശുക്കൾ മദിലക്ഷണങ്ങൾ പ്രകടിപ്പിക്കുമെങ്കിലും അണ്ഡാശയത്തിൽനിന്ന് അണ്ഡോത്സർജനം നടക്കില്ല. ഗർഭകാല മദികാണിക്കുന്ന പശുക്കളെ ഗർഭപരിശോധന നടത്താതെ കൃത്രിമ ബീജാധാനത്തിന് വിധേയമാക്കിയാൽ ഗർഭം അലസുന്നതിനിടയാക്കും. അതിനാൽ ഒരു തവണ കൃത്രിമ ബീജാധാനം നടത്തിയ പശുക്കളിൽ വീണ്ടും കൃത്രിമബീജാധാനം നടത്തേണ്ടി വരുന്ന സാഹചര്യത്തിൽ ഗർഭാശയപരിശോധന അതീവ പ്രധാന്യമുള്ളതാണ്. 

ഒരു മദിചക്രം 21 ദിവസമാണങ്കിലും ചില പശുക്കൾ കൃത്രിമ ബീജാധാനം നടത്തി 8-10 ദിവസങ്ങൾക്ക് ശേഷം വീണ്ടും മദി ലക്ഷണങ്ങൾ കാണിക്കും. രണ്ട് മദിചക്രങ്ങൾക്കിടയിൽ പ്രകടമാവുന്നതിനാൽ ഇടക്കാല മദിയെന്നാണ് ഇതറിയപ്പെടുന്നത്. ഇടക്കാല മദിയിൽ കൃത്രിമ ബീജാധാനം നടത്തുന്നതും ഒഴിവാക്കണം. 

കൃത്രിമ ബീജാധാനം നടത്തിയതിന് ശേഷം പശു വീണ്ടും മദിചക്രത്തിലെത്തുകയോ മദിലക്ഷണങ്ങൾ പ്രകടിപ്പിക്കുകയോ ചെയ്തില്ലങ്കിൽ അതിനർഥം വിജയകരമായി ഗർഭധാരണം നടന്നു എന്നാണ്

മുൻപ് സൂചിപ്പിച്ചത് പോലെ കൃത്രിമ ബീജാധാനം നടത്തിയതിന് ശേഷം വിജയകരമായി ഗർഭധാരണം നടന്നാൽ പശുക്കൾ പിന്നീട് മദി ലക്ഷണങ്ങൾ സാധാരണഗതിയിൽ പ്രകടിപ്പിക്കില്ല. എന്നാൽ, കൃത്രിമ ബീജാധാനം നടത്തിയതിനു ശേഷം പശു മദിലക്ഷണം കാണിച്ചില്ലങ്കിൽ അത് വിജയകരമായി ഗർഭധാരണം നടന്നത് കൊണ്ടാണെന്ന് പൂർണമായും ഉറപ്പിച്ച് പറയാൻ കഴിയില്ല. അശാസ്ത്രീയമായ രീതിയിൽ നടത്തുന്ന കൃത്രിമ ബീജാധാനം കാരണമുണ്ടാവുന്ന ഗർഭാശയ അണുബാധ (മെട്രൈറ്റിസ്), കൃത്രിമ ബീജാധാനത്തിൽ സംഭവിക്കുന്ന പിഴവുകൾ കാരണം ഗർഭാശയത്തിനും ഗർഭനാളിക്കും എൽക്കുന്ന തകരാറുകൾ, ഹോർമോൺ തകരാറുകൾ, തീറ്റയിലെ ഊർജക്കുറവ്, മറ്റ് പോഷകങ്ങളുടെ കുറവ്, പ്രതികൂല കാലാവസ്ഥ, കീറ്റോസിസ് പോലുള്ള രോഗങ്ങൾ എന്നിവയെല്ലാം തുടർമദികൾ പ്രകടിപ്പിക്കാതിരിക്കാനും മദിചക്രം വൈകുന്നതിനും കാരണമാവും. അതിനാൽ കൃത്രിമ ബീജാധാനത്തിന് ശേഷം പശുക്കൾ മദിയുടെ ലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ലെങ്കിൽ രണ്ടു മാസം കഴിഞ്ഞതിന് ശേഷം ഗർഭപരിശോധന നടത്തിയ ഗർഭധാരണം നടന്നിട്ടുണ്ടോ എന്നത് ഉറപ്പാക്കണം.

ഗർഭപരിശോധന നടത്തിയാൽ പശുക്കളുടെ ഗർഭം അലസാൻ ഇടയുണ്ട്

ഗർഭപരിശോധ നടത്തിയാൽ പശുക്കളുടെ ഗർഭം അലസിപ്പോകും എന്ന് ആശങ്കപ്പെട്ട് ബാഹ്യലക്ഷണങ്ങൾ നോക്കി പശുവിന്റെ ഗർഭം നിർണയിക്കുന്നവർ ചിലരെങ്കിലുമുണ്ട്. ഗുദദ്വാരം വഴി (Per rectum) നടത്തുന്ന ശാസ്ത്രീയ രീതിയിലുള്ള ഗർഭ പരിശോധന പശുക്കളിലെ ഗർഭം നിർണയിക്കാനുള്ള സുരക്ഷിതമായ മാർഗമാണ്. ഈ രീതി ഉപയോഗിച്ച് കൃത്രിമ ബീജാധാനം നടത്തിയതിന് രണ്ടു മാസങ്ങൾക്കു ശേഷം ഗർഭപരിശോധന നടത്തിയ ഗർഭധാരണം നടന്നിട്ടുണ്ടോ എന്നത് കൃത്യമായി മനസിലാക്കാൻ സാധിക്കും.

പശുക്കളിൽ കൃത്രിമ ബീജാധാനം നടത്തിയതിന് 60 - 70 ദിവസങ്ങൾക്കുള്ളിൽ വിദഗ്ധ സഹായത്തോടെ ഗർഭപരിശോധന നടത്തുക എന്നത് ഫാമുകളിൽ സ്വീകരിക്കേണ്ട ഏറ്റവും പ്രധാനമായ ഒരു പ്രത്യുൽപാദന പരിപാലനമാർഗമാണ്. ഇതുവഴി ഗർഭിണി പശുക്കളെ കൃത്യമായി തിരിച്ചറിയാനും മതിയായ പരിപാലനം നൽകാനും ഗർഭധാരണം നടക്കാത്ത പശുക്കളെ മുൻകൂട്ടി കണ്ടെത്തി ആവശ്യമായ ചികിത്സകൾ ഉറപ്പാക്കാനും കഴിയും. പശുക്കളിലെ ഗർഭധാരണം നിർണയിക്കാൻ സഹായിക്കുന്ന ആൾട്രാസൗണ്ട് സ്കാനിംഗ് ഉപകരണങ്ങളും ഇന്ന് ലഭ്യമാണ്. കൃത്രിമ ബീജാധാനം നടത്തി ഒരുമാസത്തിനകം തന്നെ ഇത്തരം നൂതന ഉപകരണങ്ങൾ ഉപയോഗിച്ച് ഗർഭ നിർണയം നടത്താം. സംസ്ഥാനത്ത് മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രികളിലും ജില്ലാ മൃഗാശുപത്രികളിലും വെറ്ററിനറി കോളേജുകളിലും ഈ സംവിധാനങ്ങൾ ഇന്ന് ലഭ്യമാണ്. ഗർഭ നിർണയ പരിശോധന കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിനായി പശുവിനെ സംബന്ധിക്കുന്ന ബീജാധാന തീയതി, പ്രസവത്തിയതി തുടങ്ങിയവ കൃത്യമായി പ്രജനന റജിസ്റ്ററിൽ എഴുതി സൂക്ഷിക്കാൻ സംരംഭകർ ശ്രദ്ധിക്കണം.

വിരമരുന്ന്, പ്രതിരോധ കുത്തിവയ്പ്പ് എന്നിവ നൽകിയാൽ പശുക്കളുടെ ഗർഭം അലസാൻ ഇടയുണ്ട്

വിരമരുന്നും പ്രതിരോധ കുത്തിവയ്പ്പുകളും നൽകിയാൽ പശുക്കളുടെ ഗർഭം അലസുമെന്നതും തെറ്റായ ഒരു ധാരണയാണ്. ലഭ്യമായ വിരമരുന്നുകളിൽ ഭൂരിഭാഗവും ഗർഭിണി പശുക്കൾക്ക് സുരക്ഷിതമായി നൽകാവുന്നവയാണ്. എന്നാൽ, ആൽബെൻഡസോൾ, ഐവർമെക്ടിൻ തുടങ്ങിയ ചുരുക്കം ചില വിരമരുന്നുകൾ ഗർഭസ്ഥ കിടാവിന്റെ വളർച്ചയെ ബാധിക്കും. അതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം സുരക്ഷിതമായ വിരമരുന്നുകൾ ഗർഭകാലത്ത് പശുക്കൾക്ക് നൽകാവുന്നതാണ്. പ്രസവം പ്രതീക്ഷിക്കുന്നതിന് രണ്ട് - മൂന്നാഴ്ചകൾക്ക് മുമ്പും പ്രസവാനന്തരം ഒരാഴ്ചയ്ക്കകവും പശുക്കൾക്ക് വിരമരുന്ന് നൽകുന്നത് അഭികാമ്യമാണ്. ഗർഭിണി പശുക്കൾക്ക് കുളമ്പ് രോഗം, കുരലടപ്പൻ തുടങ്ങിയ സാംക്രമിക രോഗങ്ങൾക്ക് എതിരായ കുത്തിവയ്പുകൾ നൽകുന്നതും സുരക്ഷിതമാണ്. എന്നാൽ, അത്യപൂർവമായെങ്കിലും ചില പാർശ്വഫലങ്ങൾ ഉണ്ടാവാൻ ഇടയുള്ളതിനാൽ ഏഴു മാസത്തിന് മുകളിൽ ഗർഭിണിയായ പശുക്കളെ പ്രതിരോധ കുത്തിവയ്പ് നൽകുന്നതിൽനിന്ന് പൊതുവെ ഒഴിവാക്കാറുണ്ട്. എന്നാൽ പ്രസവം കഴിഞ്ഞതിന് ഒരു മാസത്തിനുള്ളിൽ ഇവയ്ക്ക് പ്രസ്തുത പ്രതിരോധ കുത്തിവയ്പ് നൽകാൻ മറക്കരുത്.

പ്രസവാനന്തരം നേരത്തെ കൃത്രിമ ബീജാധാനം നടത്തിയാൽ പാലുൽപാദനം കുറയും

ഈയൊരു ധാരണ വച്ചുപുലർത്തുന്ന ക്ഷീര സംരംഭകർ ഏറെയുണ്ട്. പശുവിന്റെ പ്രസവം കഴിഞ്ഞ് അഞ്ചും ആറും മാസങ്ങൾ കഴിഞ്ഞ് അടുത്ത കൃത്രിമ ബീജാധാനം നടത്തുന്നവർ പോലുമുണ്ട്. എന്നാൽ, പ്രസവാനന്തരം കൃത്രിമ ബീജാധാനം നടത്താൻ വൈകുന്നത് പശുക്കളിൽ കറവക്കാലം കഴിഞ്ഞുള്ള ഉൽപാദനക്ഷമമല്ലാത്ത ദിവസങ്ങളുടെ എണ്ണം കൂടാനും രണ്ടു പ്രസവങ്ങൾ തമ്മിലുള്ള ഇടയകലം കൂടാനും കാരണമാകുമെന്ന് കർഷകർ തിരിച്ചറിയണം. പാലിൽനിന്നുള്ള വരുമാനമില്ലാത്ത ഈ ദിവസങ്ങളിൽ തീറ്റയ്ക്കുവേണ്ടി മാത്രം പണം ചെലവഴിക്കേണ്ടി വരുന്നതും അടുത്ത പ്രസവം വൈകുന്നതും ക്ഷീരസംരംഭത്തെ ക്രമേണ ആദായകരമല്ലാതാക്കും. 

പ്രസവാനന്തരരോഗങ്ങൾ തടയാനും ശാസ്ത്രീയ പരിപാലനവും മതിയായ പോഷകങ്ങൾ അടങ്ങിയ സമീകൃത തീറ്റയും ഉറപ്പുവരുത്താനും സാധിച്ചാൽ പ്രസവാനന്തരം ഒന്ന് - ഒന്നര മാസത്തിനകം പശുക്കൾ വീണ്ടും മദിചക്രത്തിലെത്തും. എങ്കിലും ഒരു പ്രസവം കഴിഞ്ഞ് അടുത്ത കൃത്രിമ ബീജാധാനം നടത്തുന്നതിനിടയിൽ 60 - 65 ദിവസത്തെ വിശ്രമവേള പശുക്കൾക്ക് നൽകേണ്ടത് ആരോഗ്യകരമായ പ്രത്യുൽപാദനത്തിന് ആവശ്യമാണ്. ഈ ഇടവേളയ്ക്ക് ശേഷമുണ്ടാവുന്ന ആദ്യ മദിയിൽ കൃത്രിമ ബീജസങ്കലനം തീർച്ചയായും നടത്തണം. പ്രസവം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞിട്ടും പശു മദിലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ലങ്കിൽ കർഷകർ ഡോക്ടറുടെ സേവനം തേടാൻ മറക്കരുത്. പ്രസവാനന്തരം മൂന്നു മാസത്തിനുള്ളിൽ പശുക്കളിൽ ഗർഭധാരണം ഉറപ്പാക്കാൻ സംരംഭകർ പ്രത്യേകം ശ്രദ്ധ പുലർത്തണം. പശുവിന്റെ ആദ്യ പ്രസവം 30 മാസം പ്രായത്തിനുള്ളിൽ നടക്കുന്നതും രണ്ടു പ്രസവങ്ങൾ തമ്മിലുള്ള ഇടവേള 15 മാസത്തിൽ താഴെയായി കുറയ്ക്കുന്നതും ലാഭകരമായ ക്ഷീരോൽപാദനത്തിന്റെ അത്യടിസ്ഥാനമാണ്.

കൃത്രിമ ബീജാധാനത്തിന് ശേഷം പശു കിടക്കുകയോ വയറു നിറച്ച് ആഹാരം കഴിക്കുകയോ ചെയ്താൽ ഗർഭധാരണം നടക്കില്ല

ഇതെല്ലാം തീർത്തും തെറ്റായ ധാരണകൾ മാത്രമാണ്. പശു കിടക്കുന്നതോ ആഹാരം കഴിക്കുന്നതോ ഒന്നും കൃത്രിമ ബീജാധാനത്തിനു ശേഷമുള്ള പ്രത്യുൽപാദനപ്രക്രിയയെ ഒരു തരത്തിലും ബാധിക്കുന്നില്ല. 

കൃത്രിമ  ബീജാധാനം നടത്തിയ ഉടനെ പശു മൂത്രമൊഴിച്ചാൽ മൂത്രത്തോടൊപ്പം കുത്തിവച്ച ബീജമാത്രകളും നഷ്ടപ്പെടും

പശുവിന്റെ ഗർഭാശയത്തിന്റെയും ഗർഭനാളിയുടെയും മൂത്രനാളിയുടെയും കിടപ്പിനെ പറ്റിയുള്ള കൃതൃമായ ബോധ്യമില്ലാത്തതാണ് ഇത്തരം സംശയങ്ങൾക്ക് ഇടയാക്കുന്നത്. ഗർഭനാളിയും മൂത്രനാളിയും പുറത്തേക്കു തുറക്കുന്നത് യോനീമുഖം വഴിയാണങ്കിലും ശരീരത്തിനുള്ളിൽ ഇവ രണ്ടും പരസ്പര ബന്ധമില്ലാത്ത വ്യത്യസ്ഥമായ അവയവവ്യൂഹങ്ങളാണ്. മാത്രമല്ല കൃത്രിമ ബീജാധാനം നടത്തുന്നത് ഗർഭാശയത്തിന്റെ അകത്തേക്ക് തുറക്കുന്ന ഭാഗത്തോ ഗർഭാശയത്തിനുള്ളിലോ ബീജമാത്രകൾ നേരിട്ട് നിക്ഷേപിച്ച് കൊണ്ടാണ്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ മൂത്രത്തോടൊപ്പം കുത്തിവച്ച ബീജമാത്രകളും നഷ്ടപ്പെടുമെന്ന വാദത്തിൽ കഴമ്പൊന്നുമില്ല.

കിടാരികൾ ആദ്യ മദിലക്ഷണം കാണിക്കുന്നതിനു വേണ്ടി കൃത്രിമ ബീജാധാനം നടത്താവുന്നതാണ്

മദിലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കിടാരികൾ മദിയിൽ എത്തുന്നതിനായി കൃത്രിമബീജാധാനം നടത്തിയാൽ മതിയെന്ന് കരുതുന്ന ചിലരെങ്കിലുമുണ്ട്. കൃത്രിമമായി ബീജാധാനം നടത്തുന്നതും മദിലക്ഷണങ്ങൾ പ്രകടമാവുന്നതും തമ്മിൽ ഒരു ബന്ധവുമില്ല. ഒരു കിടാരിയിൽ ആദ്യമായി മദി ലക്ഷണങ്ങൾ പ്രകടമാവുന്നത് അതിന്റെ ശരീര വളർച്ചയെയും തൂക്കത്തെയുമാണ് ആശ്രയിച്ചിരിക്കുന്നത്. ഉദാഹരണത്തിന് സുനന്ദിനി ഇനത്തിൽപ്പെട്ട  പശുക്കിടാക്കളെ ശരിയായ രീതിയിൽ തീറ്റ നൽകി പരിപാലിച്ചാൽ 14-16 മാസം പ്രായമെത്തുമ്പോൾ തന്നെ മതിയായ ശരീരവളർച്ചയും 200 കിലോഗ്രാമോളം ശരീരതൂക്കവും കൈവരിക്കും. തുടർന്ന് മദിലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യും. ആദ്യത്തെ ഒന്നോ രണ്ടോ മദിയിൽ പലപ്പോഴും ലക്ഷണങ്ങൾ പുറത്ത് കാണണമെന്നില്ലെങ്കിലും പിന്നീട് പൂർണ ലൈംഗിക വളർച്ച കൈവരിക്കുന്നതോടെ ക്രമമായ ഇടവേളകളിൽ മദി കൃത്യമായി പ്രകടമാകും.

സർക്കാർ സംവിധാനങ്ങൾ വഴി കന്നുകാലികളിൽ കൃത്രിമ ബീജാധാനം നടത്താൻ പ്രത്യേക ഫീസ് നൽകേണ്ടതുണ്ട്

പശുക്കളിൽ ഓരോ തവണയും കൃത്രിമ ബീജാധാനം നടത്തുന്നതിനായി വലിയ തുക ചെലവ് വരുന്നെന്ന പരാതി പലപ്പോഴും ചില കർഷകർ ഉന്നയിക്കുന്നതായി കണ്ടിട്ടുണ്ട്. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോർഡിൽനിന്നുൽപാദിപ്പിച്ച് സംസ്ഥാനത്തെ മൃഗാശുപത്രികൾ/വെറ്ററിനറി സബ് സെന്ററുകൾ വഴി വിതരണം ചെയ്യുന്ന ബീജമാത്രകൾ ഉപയോഗിച്ച് മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥർ തന്റെ പ്രവൃത്തി സമയത്ത് നടത്തുന്ന കൃത്രിമ ബീജസങ്കലന പ്രവർത്തനം പൂർണമായും സൗജന്യമായ ഒരു സർക്കാർ സേവനമാണ്. ശുദ്ധയിനം ഹോൾസ്റ്റീൻ ഫ്രീഷ്യൻ, ജഴ്സി, സങ്കരയിനം ഹോൾസ്റ്റീൻ ഫ്രീഷ്യൻ, ജഴ്സി / സുനന്ദിനി, സഹിവാൾ, ഗിർ, വെച്ചൂർ, കാസർഗോഡ് ഡ്വാർഫ്, മുറ പോത്ത് എന്നീ ഇനങ്ങളുടെ മേൽത്തരം ബീജമാണ് ഇപ്രകാരം കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോർഡിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്നുൽപാദിപ്പിച്ച് സംസ്ഥാനത്ത് കർഷകർക്ക് സൗജന്യ നിരക്കിൽ ലഭ്യമാക്കുന്നത്. കൃത്രിമ ബീജാധാനം നടത്തുന്നതിനായി യാതൊരു തരത്തിലുള്ള ഫീസും കർഷകരിൽനിന്ന് ഈടാക്കരുതെന്നാണ് സർക്കാർ ചട്ടം.  എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഫാമിലെത്തിയാണ് കൃത്രിമ ബീജാധാനം നടത്തുന്നതെങ്കിൽ ആവശ്യമായ യാത്രച്ചെലവ്/ യാത്രാസൗകര്യം പ്രസ്തുത കർഷകൻ വഹിക്കേണ്ടതുണ്ട്.

സർക്കാർ തലത്തിൽ പ്രവർത്തിക്കുന്ന കൃത്രിമ ബീജാധാന സംവിധാനങ്ങൾക്കു പുറമെ ഇന്ന് സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും വഴിയും കന്നുകാലികളിലെ കൃത്രിമ ബീജാധാനത്തിനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. ഈ മേഖലയിലെ സ്വകാര്യ കമ്പനികളിൽനിന്ന് ലഭ്യമാവുന്ന ബീജമാത്രകളാണ് ഇവർ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ കൃത്രിമ ബീജധാനത്തിനായി സ്വകാര്യ സ്ഥാപനങ്ങളെയും വ്യക്തികളെയും ആശ്രയിക്കുന്ന പക്ഷം ഉയർന്ന സേവനനിരക്ക് കർഷകർ നൽകേണ്ടി വരും. മാത്രമല്ല പശുവിന്റെ വർഗ്ഗ മേന്മ, ശരീര വളർച്ച തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കാതെ ഏതെങ്കിലും ബീജമാത്രകൾ ഉപയോഗിച്ച് കൃത്രിമബീജാധാനം നടത്തിയാൽ അത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്ന കാര്യവും ക്ഷീരസംരംഭകർ മറക്കരുത്. 

നിരവധി പ്രാവശ്യം കൃത്രിമബീജാധാനം നടത്തിയിട്ടും ഗർഭധാരണം നടക്കാത്ത പശുക്കളെ വിറ്റൊഴിക്കുന്നതാണ് അഭികാമ്യം

പശുക്കളിൽ നാലും അഞ്ചും തവണ കൃത്രിമ ബീജാധാനം നടത്തിയിട്ടും ഗർഭധാരണം നടക്കാത്ത അനുഭവം പല ക്ഷീര കർഷകർക്കുമുണ്ടാവും. ഒടുവിൽ മനംമടുത്ത് പശുക്കളെ വിറ്റൊഴിവാക്കാറാണ് പതിവ്. പല തവണ കൃത്രിമ ബീജാധാനം നടത്തിയിട്ടും പശുക്കൾ ഗർഭവതിയാകുന്നില്ലങ്കിൽ അതിന്റെ കാരണങ്ങൾ പലതാവാം. പോഷകാഹാര കുറവ്, ഗർഭാശയ രോഗങ്ങൾ, ഹോർമോൺ തകരാറുകൾ, ബീജ മാത്രയുടെ ഗുണനിലവാരക്കുറവ് തുടങ്ങി അശാസ്ത്രീയമായ കൃത്രിമ ബീജാധാനം വരെയുള്ള നിരവധി കാരണങ്ങൾ ഇതിന് പിന്നിലുണ്ടാവും. അത് കണ്ടെത്തി പരിഹരിക്കുക എന്നതാണ് പശുക്കളെ വിറ്റൊഴിവാക്കുന്നതിനേക്കാൾ ഉചിതം. 

പശുവിന് മതിയായ പോഷകാഹാരവും എല്ലാ ശാസ്ത്രീയ ക്രമീകരണങ്ങളും ഉറപ്പാക്കി മൂന്നു തവണ കൃത്രിമ ബീജാധാനം നടത്തിയിട്ടും ഗർഭധാരണം നടന്നില്ലങ്കിൽ വിദഗ്ധ ചികിത്സ നൽകാൻ ക്ഷീരസംരംഭകൻ മടിക്കരുത്. പശുക്കളിലെ വന്ധ്യതയെ മറികടക്കാൻ സഹായിക്കുന്ന ചെലവ് കുറഞ്ഞ ഹോർമോൺ ചികിത്സകൾ ഇന്നുണ്ട്. വന്ധ്യത ബാധിച്ച പശുക്കളെ ആദ്യ ഘട്ടത്തിൽ തന്നെ ഇറച്ചി വിലയ്ക്ക് വിറ്റൊഴിവാക്കുന്നതിനേക്കാൾ ആദായകരം ഇത്തരം നൂതന മാർഗങ്ങൾ തേടുന്നതായിരിക്കും.

ഹോർമോൺ ചികിത്സകൾ നൽകിയിട്ടും പ്രത്യുൽപാദനക്ഷമത വീണ്ടെടുക്കാൻ സാധിച്ചില്ലങ്കിൽ ഡോക്ടറുടെ ഉപദേശ പ്രകാരം ഉരുവിനെ വിറ്റൊഴിവാക്കാം. മാത്രമല്ല ചികിത്സ നടത്തിയിട്ടും വീണ്ടെടുക്കാനാവാത്ത വിധം പ്രത്യുൽപാദനക്ഷമത നഷ്ടമായാൻ ഇൻഷൂറൻസ് പരിരക്ഷയുള്ള പശുക്കൾക്ക് ഇൻഷൂർ ചെയ്ത തുകയുടെ 75 ശതമാനം ലഭ്യമാകും. ഈ തുക ലഭിക്കണമെങ്കിൽ ശാസ്ത്രീയ വന്ധ്യതാ ചികിത്സാ നടത്തേണ്ടത് പ്രധാനമാണ്.

ഗർഭിണി പശുക്കൾക്ക് സമൃദ്ധമായി തീറ്റ നൽകിയാൽ ഗർഭസ്ഥ കിടാവിന്റെ ശരീരവളർച്ച കൂടുകയും പ്രസവതടസത്തിന് കാരണമായി തീരുകയും ചെയ്യും

ഗർഭസ്ഥ കിടാവിന്റെ ശരീരവളർച്ച കൂടി പ്രസവം വിഷമകരമായി തീരും എന്നു കരുതി ഗർഭിണി പശുക്കൾക്ക് മതിയായ അളവിൽ തീറ്റ നൽകാൻ പ്രതേകിച്ച് സാന്ദ്രീകൃതാഹാരം നൽകാൻ പല ക്ഷീര കർഷകരും മടിക്കാറുണ്ട്. എന്നാൽ, ഗർഭസ്ഥ കിടാവിന്റെ ശരീരവളർച്ച എന്നത് പ്രധാനമായും അണ്ഡത്തിന്റെയും കുത്തിവച്ച ബീജത്തിന്റെയും ജനിതക സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. താരതമ്യേന ശരീരവളർച്ചയും ശരീരതൂക്കവും കുറഞ്ഞ പശുക്കളിൽ അത്യുൽപാദനശേഷിയും കൂടിയ ശരീര വളർച്ചയുമുള്ള ഇനത്തിൽപ്പെട്ട കാളകളുടെ ബീജം ഉപയോഗിച്ച് ബീജസങ്കലനം നടത്തിയാൽ സ്വാഭാവികമായും കുഞ്ഞിന്റെ വലുപ്പം കൂടി പ്രസവ തടസമുണ്ടാവാനുള്ള സാധ്യത കൂടും. 

പശുവിന് നൽകുന്ന തീറ്റയും ഗർഭസ്ഥ കിടാവിന്റെ ശരീര വളർച്ചയും തമ്മിൽ പ്രത്യേകിച്ച് ബന്ധങ്ങളൊന്നുമില്ലെങ്കിലും ഗർഭസ്ഥ കിടാവിനാവശ്യമായ പോഷകങ്ങൾ പശുവിന്റെ ശരീരത്തിൽനിന്നാണ് ലഭിക്കുന്നത്. ആകെ ഗര്‍ഭകാലത്തിന്‍റെ അവസാനത്തെ മൂന്നു മാസങ്ങളിലാണ് ഗർഭസ്ഥകിടാക്കളുടെ വളര്‍ച്ചയും വികാസവും ഏറ്റവും കൂടുതല്‍ നടക്കുന്നത്. അതിനാവശ്യമായ കൂടുതൽ പോഷകങ്ങളും ഈ ഘട്ടത്തിൽ വേണ്ടി വരും. മാത്രമല്ല ഗർഭം നിലനിർത്താൻ പശുവിനും ഉയർന്ന പോഷകാവശ്യകതയുണ്ട്. അതിനാൽ പ്രസവം പ്രതീക്ഷിക്കുന്നതിന്‍റെ അവസാനത്തെ മൂന്ന് മാസങ്ങളില്‍ ഗര്‍ഭിണി പശുക്കള്‍ക്ക് സമീകൃതാഹാരവും ശരീരതൂക്കത്തിന്റെ പത്ത് ശതമാനം അളവിൽ തീറ്റപ്പുല്ലും (ഉദാഹരണത്തിന് 300 കിലോഗ്രാം ശരീര തൂക്കം കണക്കാക്കുന്ന പശുവിന് 25-30 കിലോഗ്രാം തീറ്റപ്പുല്ല് ) ഉറപ്പുവരുത്തേണ്ടതുണ്ട്. പത്ത് ലീറ്റര്‍ വരെ പാല്‍ ലഭിക്കുന്ന പശുക്കള്‍ക്ക് ശരീരസംരക്ഷണത്തിനായി നൽകുന്ന തീറ്റയ്ക്ക് പുറമെ ഗര്‍ഭകാലത്തിന്‍റെ ഏഴാം മാസം മുതല്‍ ഒരു കിലോയും അതിന് മുകളില്‍ ഉൽപാദനമുള്ളവയ്ക്ക് ഒന്നരക്കിലോയും സാന്ദ്രീകൃത തീറ്റ പ്രതിദിനം അധികമായി നല്‍കണം. പ്രത്യുൽപാദനറേഷനായി നൽകുന്ന ഈ അധിക തീറ്റയിൽ പകുതി ഊർജ സമ്യദ്ധമായ തീറ്റയും (കപ്പപ്പൊടി, ചോളപ്പൊടി, പുളിങ്കുരുപ്പൊടി തുടങ്ങിയവ) ബാക്കി ഭാഗം പിണ്ണാക്ക് അടക്കമുള്ള മാംസ്യസമ്യദ്ധമായ തീറ്റയും ഉൾപ്പെടുത്തണം.

എന്നാൽ, ഈ പരിധിയിലുമധികം സാന്ദ്രീകൃത തീറ്റകൾ നൽകി പശുക്കളെ അമിതമായി തടിപ്പിക്കുന്നത് തീർച്ചയായും ഒഴിവാക്കണം. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടി അമിതമായി തടിച്ചാൽ പ്രസവാനന്തരം കീറ്റോസിസ് പോലുള്ള ഉപാപചയ രോഗങ്ങൾക്കുള്ള സാധ്യത കൂടും. തൊഴുത്തിൽനിന്ന് പുറത്തിറക്കി നടത്തി മതിയായ വ്യായാമവും ഗർഭിണിപ്പശുക്കൾക്ക് നൽകണം. ഒപ്പം പ്രസവം പ്രതീക്ഷിക്കുന്നതിന് തൊട്ടുമുൻപുള്ള രണ്ടു മാസങ്ങളിൽ കറവയിലുള്ള ഗർഭിണി പശുക്കളുടെ കറവ നിർത്തി വറ്റുകാലം നിർബന്ധമായും നൽകണം. ആരോഗ്യമുള്ള പശുക്കളില്‍നിന്നു മാത്രമേ ആരോഗ്യമുള്ള കിടാക്കള്‍ ജനിക്കുകയുള്ളൂ എന്നത് കർഷകർ തിരിച്ചറിയണം.

English summary: The Myths of Artificial Insemination in Cattle

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA