sections
MORE

നായ്ക്കൾക്കും നല്ല പാഠങ്ങൾ: പഠനം വീട്ടിലും സ്കൂളിലും

HIGHLIGHTS
  • മനുഷ്യന്റെ വിവേചന ശക്തിയോ, ചിന്തിക്കാനുള്ള കഴിവോ ഇവര്‍ക്കില്ല
  • പരിശീലനത്തിന്റെ ഒരു ഘട്ടം പത്തു മിനിറ്റിലധികമാവേണ്ട
dog-with-kid
SHARE

വീടിനും നാടിനും  ചേരുന്ന ഉത്തമ പെരുമാറ്റ രീതികളും അനുസരണവും നായ്ക്കളെ പഠിപ്പിച്ചെടുക്കേണ്ടത് ഉത്തരവാദിത്വമുള്ള ഉടമയുടെ കടമയാണ്. അതിനാല്‍ ശ്വാന പരിശീലനത്തിന്റേയും നായയുടെ മനശാസ്ത്രത്തിന്റേയും പ്രാഥമിക പാഠങ്ങള്‍ ഉടമസ്ഥര്‍ അറിഞ്ഞിരിക്കേണ്ടത് ഏറെ ആവശ്യമാണ്.  

പ്രധാനമായും മൂന്നു തരത്തിലുള്ള അല്ലെങ്കില്‍ ഘട്ടങ്ങളിലുള്ള പരിശീലനമാണ് നായ്ക്കള്‍ക്ക് നല്‍കാന്‍ കഴിയുന്നത്. നായ്ക്കളുടെ പല സഹജ സ്വഭാവങ്ങളും നമ്മുടെ മുമ്പില്‍ ദുശീലങ്ങളായതിനാല്‍ അവ മാറ്റിയെടുത്ത് വീട്ടിലും നാട്ടിലും അനുവര്‍ത്തിക്കേണ്ട പ്രാഥമിക മര്യാദകളുടെ പാഠങ്ങളാണ് ആദ്യമായി പഠിപ്പിക്കേണ്ടത്. രണ്ടാമത്തെ ഘട്ടത്തില്‍  അടിസ്ഥാന അനുസരണാശീല പരിശീലനമാണ് എന്നു പറഞ്ഞാല്‍ വിളിച്ചാല്‍ വരാനും, പറഞ്ഞാല്‍ എഴുന്നേല്‍ക്കാനും, പറയുന്നതുവരെ ക്ഷമയോടെ ഇരിക്കാനുമൊക്കെ  അനുസരണാ പാഠങ്ങള്‍. മൂന്നാമത്തെ ഘട്ടം ഉയര്‍ന്ന രീതിയിലുള്ള  വിദഗ്ധ പരിശീലനമാണ്. ഇത് സാധാരണയായി പോലീസിലും, പട്ടാളത്തിലും, മറ്റു സ്ഥാപനങ്ങളിലുമൊക്കെ സേവനത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന നായ്ക്കള്‍ക്ക്  നല്‍കുന്നതാണ്. മണം പിടിച്ച് തൊണ്ടി സാധനങ്ങള്‍, മയക്കുമരുന്ന്, സ്‌ഫോടക വസ്തുക്കള്‍ എന്നിവ കണ്ടെത്തുക, അന്ധര്‍ക്ക് തുണയാവുന്ന വഴികാട്ടിയാവുക, വിഷാദ രോഗികള്‍ക്കും, ഏകാന്തതയിലകപ്പെട്ട വര്‍ക്കും ആശ്വാസമാകുന്ന പെറ്റ് തെറാപ്പിയുടെ ഭാഗമാകുക തുടങ്ങിയ ജോലികള്‍ ചെയ്യുന്നവയ്ക്കാണ് ഇത്തരം മേല്‍ത്തരം പരിശീലനത്തിന്റെ ആവശ്യം. 

‌വീട്ടില്‍ കൂട്ടിനെത്തുന്ന നായ്ക്കള്‍ക്ക് പറയുന്നവ അനുസരിക്കാനും, ചീത്തശീലങ്ങള്‍ ഒഴിവാക്കാനും, വീട്ടിലെ വസ്തുക്കള്‍ ചീത്തയാക്കാതിരിക്കാനും, കൃത്യസമയങ്ങളില്‍ മലമൂത്ര വിസർജനം ചെയ്യാനും ഒക്കെയുള്ള പരിശീലനമെങ്കിലും നിര്‍ബന്ധമായും ലഭിച്ചിരിക്കണം. ചെറുപ്രായത്തില്‍ ലഭിക്കുന്ന പരിശീലനം അവ എത്ര ചെറുതായാലും നായ്ക്കളെ അനുസരണവും, സൗഹൃദവുമുള്ളവരാക്കും. ശ്വാന പരിശീലനമെന്നാല്‍ സുദീര്‍ഘവും, ചിട്ടയായതുമായ ശിക്ഷണകാലമല്ലായെന്ന് ഓര്‍ക്കുക. 

അടിസ്ഥാന മനശാസ്ത്രം 

നായ്ക്കളുടെ മനസ് നമ്മളും, നമ്മളെ  നായ്ക്കളും മനസിലാക്കുകയാണ് പ്രധാനം. കാട്ടില്‍ സംഘം ചേര്‍ന്ന്  വേട്ടയാടി ജീവിച്ചിരുന്ന പൂർവികരുടെ പിന്‍തലമുറക്കാരാണ് നമ്മുടെ വളര്‍ത്തു നായ്ക്കള്‍. ഇവരുടെ സംഘങ്ങളില്‍ ഓരോ അംഗത്തിനും കൃത്യമായ സ്ഥാനം  നിശ്ചയിച്ചിരിക്കും.  നേതാവു മുതല്‍ ഏറ്റവും താഴെയുള്ള  അംഗംവരെ. ഇവിടെ ആരോഗ്യവും ശക്തിയുമല്ല നേതാവാകാനുള്ള അളവുകോല്‍ പ്രത്യുത ധൈര്യവും, ആജ്ഞാശക്തിയുമാണ്. ഉയര്‍ന്നവനെ കറ തീര്‍ന്ന കൂറോടെ അനുസരിക്കുകയും താഴെയുള്ളവനെ അധീനപ്പെടുത്തുകയുമാണ് സംഘനിയമം. വീട്ടിലെ വളര്‍ത്തുനായയെ സംബന്ധിച്ചിടത്തോളം വീടാണ് അവന്റെ സംഘപരിധി. വീട്ടിലുള്ളവര്‍  കൂട്ടത്തിലെ  അംഗങ്ങളും. ഈ സംഘത്തില്‍ വളര്‍ത്തു നായയുടെ സ്ഥാനം ഏറ്റവും താഴ്ന്ന നിലയിലായിരിക്കണം. ഉടമയായിരിക്കും സംഘത്തലവന്‍. ബാക്കിയുള്ളവരെല്ലാം  തന്നേക്കാള്‍  മുകളിലാണെന്ന ബോധമുണ്ടാകുന്നതോടെ കൃത്യമായ ഘടനയുള്ള ഒരു സംഘത്തിലാണ്  താന്‍ ജീവിക്കുന്നതെന്ന ബോധം നായ്ക്കള്‍ക്കുണ്ടാവുകയും അവയുടെ സഹജമായ പേടിയും, ഭയവും, അരക്ഷിത ബോധവും മാറി ശാന്ത ജീവിതം അരുമയ്ക്കും, ഉടമയ്ക്കും സാധ്യമാവുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് പരിശീലനവും  സാധ്യമാകുന്നത്. 

മുന്നനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് നായ്ക്കള്‍ പലപ്പോഴും  പെരുമാറുന്നത്. മനുഷ്യന്റെ വിവേചന ശക്തിയോ, ചിന്തിക്കാനുള്ള കഴിവോ ഇവര്‍ക്കില്ല.  മുമ്പ് സമാനമായ സന്ദര്‍ഭത്തില്‍  ഉണ്ടായ അനുഭവത്തെ അടിസ്ഥാനമാക്കി അബോധമനസ് പ്രവര്‍ത്തിക്കുന്നു. നല്ല അനുഭവങ്ങള്‍  ഉണ്ടായ സന്ദര്‍ഭങ്ങളില്‍ നായ അതേ പെരുമാറ്റ രീതികള്‍  ആവര്‍ത്തിക്കും. ഉദാഹരണത്തിന് ഇരിക്കാന്‍ പറയുമ്പോള്‍ ഇരുന്നപ്പോള്‍ ലഭിച്ച സമ്മാനമായ ബിസ്‌ക്കറ്റ് അല്ലെങ്കില്‍ സ്‌നാക്ക്‌സ് വീണ്ടും ഇരിക്കാന്‍ പറയുമ്പോള്‍ അനുസരിക്കാനുള്ള പാഠം നല്‍കുന്നു. മനുഷ്യന്റെ ഉള്ളിലെ ഭയം പെട്ടെന്ന് തിരിച്ചറിയാന്‍ നായ്ക്കള്‍ക്ക് കഴിയും. ഭയമെന്നത് നായ്ക്കളുടെ മുന്‍പില്‍ ആക്രമണത്തിന്റെ സൂചനയാണ്. അതിനാല്‍ ഭയത്തോടെ നായയുമായി  ഇടപഴകുകയോ, അവയെ സമീപിക്കുയോ ചെയ്താല്‍ അവ ആക്രമിച്ചേക്കാം. 

'അടിച്ചു പഠിപ്പിക്കുക' എന്ന പ്രമാണം നായയുടെ കാര്യത്തില്‍ നടക്കില്ല. വിവേചനശക്തി  കുറവായതിനാല്‍  തല്ലിന്റെ വേദനയെ  അതു കിട്ടാനുള്ള കാരണവുമായി  ബന്ധപ്പെടുത്താന്‍ അവയ്ക്ക് കഴിയില്ല. തല്ലിയ ആളിനോടുള്ള ഭയം മാത്രമായിരിക്കും മിച്ചം. ഉടമയുടെ ആജ്ഞകളെ  അനുസരിക്കുമ്പോള്‍  ലഭിക്കുന്ന സ്‌നേഹവും സമ്മാനങ്ങളും (ഭക്ഷണം) ആണ് അനുസരണശീലത്തിന് അടിസ്ഥാനം. അനുസരണയ്ക്ക് പ്രതിഫലവും അനുസരണക്കേടിന് ഉടമയുടെ ഇഷ്ടക്കേടും, ചെറുശിക്ഷയും, ശാസനയും നല്‍കിയാവണം പരിശീലനം മുന്നേറേണ്ടത്. നായ്ക്കളെ സ്ഥിരമായി കൂട്ടിലടച്ചിടുന്നതും അവയ്ക്കായി ദിവസവും അല്‍പ സമയംപോലും നീക്കിവയ്ക്കാതിരിക്കുന്നതും, ഒന്നു ശ്രദ്ധിക്കാന്‍പോലും തുനിയാതിരിക്കുകയും ചെയ്യുമ്പോഴാണ് നായ്ക്കളില്‍ പല ചീത്ത ശീലങ്ങളും ഉണ്ടാകാറുള്ളത്. 

പരിശീലനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍

നായ്ക്കുട്ടികള്‍ക്ക് മൂന്നുമാസം പ്രായമാകുമ്പോള്‍ ലഘുവായ രീതിയില്‍ പരിശീലനം തുടങ്ങാം. മൂന്നു മുതല്‍ ആറു മാസം വരെയുള്ള പ്രായമാണ് ഉത്തമം. ഉടമയെ അനുസരിക്കുമ്പോള്‍ ലഭിക്കുന്ന അനുഭവം അത് ഒരു അഭിനന്ദന വാക്കാകാം,  സ്‌നേഹപൂർവമായ തലോടലാകാം അല്ലെങ്കില്‍ ഒരു കഷ്ണം സ്‌നാക്‌സാകാം. ഈ അനുഭവവും അനുസരണവും തമ്മില്‍ ബന്ധിപ്പിച്ചാണ് പരിശീലനത്തിന്റെ വിജയം തീരുമാനിക്കപ്പെടുക. ഒരേ സ്വരത്തില്‍ ഒന്നോ, രണ്ടോ വാക്കുകളിലായിരിക്കണം ആജ്ഞകള്‍ നല്‍കേണ്ടത്. 

പരിശീലനത്തിന്റെ ഒരു ഘട്ടം  പത്തുമിനിറ്റിലധികമാവേണ്ട. പ്രതിദിനം രണ്ടോ മൂന്നോ തവണ പരിശീലനമാകാം. തുടക്കത്തില്‍ നമ്മുടെ ആവശ്യം എന്താണെന്നത് നായ്ക്കുട്ടിയെക്കൊണ്ട് ചെയ്യിച്ച് മനസിലാക്കണം. ഓരോ തവണയും സമ്മാനവും നല്‍കാം. വിവേചനശക്തിയില്ലാത്ത മൃഗത്തിനു  ക്ഷമയാണ് ആയുധം. അടിയും ഉപദ്രവവും തീര്‍ത്തും ഒഴിവാക്കണം. വാക്കുകളിലൂടെയുള്ള ഉടമയുടെ അനിഷ്ടം നായ്ക്കള്‍ക്കുള്ള നല്ല ശിക്ഷ തന്നെയാണ്. കാരണം ഉടമയെ സന്തോഷിപ്പിക്കുകയാണ് നായയുടെ സന്തോഷം. കാരണം ഇവിടെ ഉടമയെന്നാല്‍ സംഘത്തലവന്റെ സ്ഥാനത്താണെന്നോര്‍ക്കുക. 

ആദ്യപാഠങ്ങളിലേക്ക്

വീട്ടിലും പുറത്തും ജീവിക്കുമ്പോള്‍ മനുഷ്യ സമൂഹത്തില്‍ ഉചിതമായി പെരുമാറാന്‍ പഠിപ്പിക്കുകയാണ് ആദ്യപടി. ചെയ്യരുതാത്ത പ്രവൃത്തികള്‍ വിലക്കുന്നതിനായി ആദ്യമായി മനസിലുറപ്പിക്കേണ്ട വാക്ക് ‘No’ എന്നതാണ്. മനുഷ്യനൊപ്പമുള്ള  ജീവിതത്തില്‍ പലപ്പോഴും ഈ ‘No’ എന്ന ആജ്ഞ വളരെ പ്രധാനമായും നായ ഹൃദിസ്ഥമാക്കണം. ചെറിയ ശിക്ഷകള്‍ നല്‍കിയാണ് പലപ്പോഴും തിരിച്ചറിവിന്റെ ഈ പാഠം ഉടമകള്‍ നടപ്പിലാക്കാറുള്ളത്. 

ഉദാഹരണത്തിന് ഉചിതമല്ലാത്ത പ്രവൃത്തി ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു പത്രക്കടലാസ് ചുരുട്ടി നായയുടെ മുഖത്ത് അടിച്ചുകൊണ്ട് ‘No’ എന്ന് കനത്ത സ്വരത്തില്‍ ആജ്ഞാപിക്കണം. കൂടാതെ അനിഷ്ടം പ്രകടമാക്കി മറ്റൊന്നും മിണ്ടാതെ തിരിച്ചു പോരുകയും പത്തു മിനിട്ടുകള്‍ക്കു ശേഷം നായക്കുട്ടി ചെയ്ത പ്രവൃത്തി ശരിയായി ചെയ്ത് കാണിച്ച് അവനെ പഠിപ്പിക്കണം. ശരിയായി ചെയ്യുമ്പോള്‍ അവന്‍ ഹൃദിസ്ഥമാക്കേണ്ട അടുത്ത വാക്ക് ‘Good Boy/Good Girl’ എന്നത് സ്‌നേഹത്തോടെ ഉച്ചരിച്ച് അഭിനന്ദിക്കുകയും, ലാളിക്കുകയും  ചെറിയ സ്‌നാക്‌സുകള്‍ സമ്മാനമായി  നല്‍കുകയും ചെയ്യാം. ഇങ്ങനെ ചെറിയ ശിക്ഷ, തിരുത്തല്‍, അഭിനന്ദനം ഈ വിധത്തിലാണ് പരിശീലനം തുടരേണ്ടത്. ക്രമേണ പത്രം ചുരുട്ടിയുള്ള അടിക്കു പകരം ‘No’ എന്ന വാക്കും  ഉടമയുടെ വലതു കയ്യിലെ ചൂണ്ടുവിരല്‍ നായയുടെ  മുഖത്തിനു നേരെ ചൂണ്ടി ദേഷ്യഭാവം പ്രകടിപ്പിച്ചാല്‍ നായ കാര്യം മനസിലാക്കിത്തുടങ്ങും. ഈ രീതിയില്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് ‘No’ എന്ന ശബ്ദത്തിന് ചെയ്യരുതാത്തത് എന്നാണ് എന്നത് നായ്ക്കുട്ടിയുടെ  മനസില്‍ മായാത്ത പാഠമാകുന്നു. ഒപ്പം നായ ഏറെ കൊതിക്കുന്ന അഭിനന്ദന സ്വരമായ ‘Good Boy’  അല്ലെങ്കില്‍ ‘Good Girl’ എന്ന പദവും. വാക്കിന്റെ അർഥത്തേക്കാള്‍ സാഹചര്യവും വാക്കിന്റെ ഉപയോഗരീതിയുമാണ്  അവര്‍ ബന്ധിപ്പിച്ചെടുക്കുക എന്നതോര്‍ക്കുക. 

കാരണമില്ലാതെ കുരയ്ക്കുന്ന സ്വഭാവമുള്ള നായ വീടിനു ചേര്‍ന്നതല്ല.  ഈ ശീലം മാറ്റിയെടുക്കാന്‍ കുര അനാവശ്യമെന്നു കാണുമ്പോള്‍ നായയുടെ അടുത്ത് ചെന്ന് ഇടതുകൈകൊണ്ട്  അവന്റെ വായ പതുക്കെ അടച്ചു പിടിക്കുകയും  No എന്ന ആജ്ഞ  നല്‍കുകയും, കുര നിര്‍ത്തുമ്പോള്‍ Good Boy എന്ന് സ്‌നേഹം കലര്‍ത്തി പറഞ്ഞ്  പ്രശംസിച്ച്, ലാളിച്ച് വാത്സല്യം  പ്രകടിപ്പിക്കണം. വീട്ടിനു പുറത്ത് വളര്‍ത്തുന്ന നായ്ക്കള്‍ വീട്ടിനുള്ളില്‍ കയറുക, വീടിനകത്തു വളര്‍ത്തുന്ന നായ്ക്കള്‍ അനുവദനീയമല്ലാത്ത മുറികളില്‍ കയറുക, വീട്ടു മുറ്റത്തും മറ്റും കുഴികള്‍ കുഴിക്കുക തുടങ്ങിയ പല ചീത്തശീലങ്ങളും ഈ രീതിയില്‍ മാറ്റിയെടുക്കാവുന്നതാണ്. 

ഉടമയേയും വീട്ടുകാരേയും ഏറെ കുഴയ്ക്കുന്ന നായ്ക്കുട്ടികളുടെ ചില സ്വഭാവങ്ങളുണ്ട്. കാറുകള്‍ ബൈക്കുകള്‍ എന്നിവയുടെ പിറകേ പിന്തുടര്‍ന്നോടുന്നതാണ് ഒന്ന്. ഏറെ അപകടകരമായ ഈ സ്വഭാവം മാറ്റിയെടുക്കാന്‍ ഒരു കപ്പ് വെള്ളമോ, വെള്ളം നിറച്ച ഗാര്‍ഡന്‍ സ്‌പ്രെയറോ എടുത്ത് വാഹനത്തിന്റെ പിന്‍സീറ്റിലിരുന്ന് ഓടി വരുന്ന നായയുടെ മുഖത്തേക്ക് വീശി ഒഴിച്ചോ സ്‌പ്രേ ചെയ്‌തോ  No എന്ന ഓര്‍ഡര്‍ കൊടുക്കണം. ഒന്നു രണ്ടു തവണത്തെ ഈ പ്രവൃത്തി അവര്‍ക്ക്  ഓര്‍മ്മകളില്‍ ഉറച്ച  പാഠമാകും. വീട്ടിലെ ചെരുപ്പുകളും, ഷൂസും മറ്റും  കടിച്ചു നശിപ്പിക്കാത്ത  നായ്ക്കുട്ടികള്‍ അപൂർവമാണ്.  ഇത്തരം  നായ്ക്കുട്ടികളുടെ മുന്നില്‍വച്ച് ഷൂസോ, ചെരിപ്പോ താഴെയിട്ടു നോക്കുക. പതുക്കെ മണം പിടിച്ച് ഷൂസ് കടിച്ചുമുറിക്കാന്‍ ശ്രമിച്ചാല്‍ No എന്ന് കനത്ത സ്വരത്തില്‍ വിലക്കുക. പല ഉടമകളും  ഈ ദുശീലത്തിന് ചെറിയ ശിക്ഷ നല്‍കിയാണ് മാറ്റിയെടുക്കാറുള്ളത്. ഇതിനായി അവര്‍ അല്‍പ്പം കുരുമുളക് പൊടിയോ, പച്ചമുളക് അരച്ചതോ  വിനാഗിരിയില്‍ ചേര്‍ത്ത്  ഒരു നുള്ള് നായയുടെ മൂക്കിലും, അവന്റെ കണ്‍മുമ്പില്‍ വച്ചുതന്നെ ബാക്കി ഷൂസിലും ചെരുപ്പിലും പുരട്ടും. 

വൈദ്യുതി വയറുകളും ടിവി കേബിളുകളും നശിപ്പിക്കുന്നവര്‍ക്കും ദുശീലമകറ്റാന്‍ ഇത്തരം ചെറിയ ശിക്ഷ നല്‍കി പഠിപ്പിക്കുന്നത് ചില ഉടമകള്‍  വിജയിച്ചെടുത്ത പാഠമാണ്.  പക്ഷേ, ഒന്നോര്‍ക്കണം വിറ്റാമിനുകളുടേയും, ചില ധാതുലവണങ്ങളുടേയും കുറവു കൊണ്ട്  വസ്തുക്കള്‍ തിന്നുന്ന  സ്വഭാവമുള്ളവയ്ക്ക് പരിശീലനമല്ല വെറ്ററിനറി സഹായമാണ് വേണ്ടത്. കൂടാതെ പല്ലു മുളച്ചു വരുന്ന സമയത്ത് വായില്‍  കിട്ടുന്നതെന്തും കടിച്ചു കളിച്ചേക്കാം. ഇതൊഴിവാക്കാന്‍  കടിക്കാനുള്ള  കളിപ്പാട്ടങ്ങളോ, വൃത്തിയുള്ള, വലുപ്പമുള്ള എല്ലിന്‍ കഷ്ണങ്ങളോ നല്‍കുക കൂടി വേണം. 

നായ്ക്കുട്ടികളെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ പഠിക്കേണ്ട ഏറ്റവും പ്രധാന പാഠമാണ്  മലമൂത്ര വിസര്‍ജനം സ്ഥിരമായി ഒരു സ്ഥലത്ത്  ചെയ്യുക എന്നത്. നമ്മള്‍ നിശ്ചയിക്കുന്ന സ്ഥലത്താവണം  അവര്‍ ഇത് ചെയ്യേണ്ടത്. വീട്ടിനുള്ളിലും കൂട്ടിലും ചെയ്യാന്‍ നാമിഷ്ടപ്പെടില്ലല്ലോ. ഹൗസ് ബ്രേക്കിങ്ങ് (House breaking) എന്നാണ്  ഈ മുഖ്യ പാഠത്തിന്  നല്‍കുന്ന പേര്. വീടിനു  പുറത്തെ  കൂടുകളില്‍  വളര്‍ത്തുന്ന നായ്ക്കുട്ടികളാണെങ്കില്‍ അവയെ ഓരോ ഭക്ഷണ സമയത്തിനു ശേഷവും നമ്മള്‍ നിശ്ചയിച്ചുറപ്പിച്ച സ്ഥലത്ത് കൊണ്ടുപോയി നിര്‍ത്തുക. 5-10 മിനിറ്റിനുള്ളില്‍ അവന്‍ മലമൂത്ര വിസർജനം ചെയ്യും.  സ്വമേധയാ ചെയ്തില്ലെങ്കില്‍ ആ സ്ഥലത്ത് കുറച്ചു സമയം വട്ടത്തില്‍ നടത്തുക അല്‍പ്പ നേരത്തിനുള്ളില്‍ അവന്‍ അവിടെ കാര്യം സാധിക്കും. ഇത് ആവര്‍ത്തിക്കുകയും കൃത്യമായി ചെയ്യുമ്പോള്‍ Good boy എന്ന് അഭിനന്ദിച്ച്, കീഴ്ത്താടിയില്‍ ചൊറിഞ്ഞ് ലാളിക്കുകയും ചെയ്യുക. തലയുടെ മുകളില്‍ തൊടുന്നതും, പുറത്ത് പിടിക്കുന്നതും, തട്ടുന്നതും നായ്ക്കള്‍ക്ക്  സ്വാഭാവികമായി അധിക ഇഷ്ടമുള്ള കാര്യമല്ല. ഈ ശിക്ഷണം ഹൃദിസ്ഥമായാല്‍ കൃത്യ സമയത്ത് ഭക്ഷണം നല്‍കിയ ശേഷം മലമൂത്ര വിസർജന സ്ഥലത്തേക്ക് അവരെ  അഴിച്ചുകൊണ്ടുപോകുകയോ  അഴിച്ചു വിടുകയോ ചെയ്യണം. ഇനി വീട്ടിനുള്ളില്‍ തന്നെയാണ് വാസമെങ്കില്‍ പേപ്പര്‍ പരിശീലന രീതി (Paper training method) ആയിരിക്കും  ഉചിതം.  ആദ്യമായി വീട്ടിലെത്തുമ്പോള്‍ നായ്ക്കുട്ടിയെ ഒരു ചെറിയ മുറിയില്‍ നിലത്ത് മുഴുവന്‍ പത്രക്കടലാസുകള്‍ രണ്ട് അടുക്കായിവിരിച്ച് അവിടെ താമസിപ്പിക്കുക. ഭക്ഷണശേഷം തീറ്റപ്പാത്രത്തില്‍ നിന്നും, കിടക്കുന്ന സ്ഥലത്തു നിന്നും അകലെ ഒരു മൂലയില്‍  കൊണ്ടുപോയി മലമൂത്ര വിസർജനം ചെയ്യുന്നതുവരെ  അവിടെ നിര്‍ത്തുക.  ഇതിനായി ഉത്തേജനം കിട്ടാന്‍ കുളിപ്പിക്കുന്നത്  നല്ലതാണ്. ദിവസം ചെല്ലുന്തോറും പേപ്പറുകളുടെ എണ്ണം കുറച്ച് കൊണ്ടുവന്ന് അവസാനം ഒരു സ്ഥലത്തുള്ള പേപ്പറില്‍  മാത്രം കാര്യം നടത്തുന്ന  സ്വഭാവം ശീലിപ്പിക്കാം. പാത്രത്തിനു പകരമായി ഒരു പരന്ന പാത്രമോ അല്ലെങ്കില്‍ റെഡിമെയ്ഡ് ടോയ്‌ലറ്റ് ട്രേയോ ഉപയോഗിച്ച് ശീലിപ്പിക്കാം.

പലപ്പോഴും നായ്ക്കുട്ടികള്‍  കാണിക്കുന്ന സ്ഥിരം കുറുമ്പുകളുണ്ട്. ഉടമയുടേയും വീട്ടിലുള്ളവരുടേയും ദേഹത്തേക്ക് ചാടിക്കയറുന്നതും കാരണമില്ലാതെ കടിക്കുന്നതുമാണ് അത്. ഇത്തരം ശീലക്കേടുകള്‍ മാറ്റിയെടുക്കണം ചൊട്ടയില്‍ മാറ്റിയില്ലെങ്കില്‍ പിന്നീടവ ബുദ്ധിമുട്ടാകും. നമ്മുടെ കാലുകളിലേക്ക് ചാടിക്കയറുന്ന നായ്ക്കുട്ടിയെ രണ്ടു മുന്‍കാലുകളില്‍ കൂട്ടിപ്പിടിച്ച് പിറകിലേക്ക് തള്ളിമാറ്റി  No പറയണം. ഇത് പല ദിനങ്ങളില്‍ പല പ്രാവശ്യം ആവര്‍ത്തിക്കുക. കാരണമില്ലാതെ കടിക്കുന്ന നായ്ക്കുഞ്ഞിന്റെ വായില്‍ ഇടതുകൈപ്പത്തി കടത്തിയ ശേഷം വലതുകൈകൊണ്ട് മേല്‍ത്താടിയില്‍ തട്ടിക്കൊണ്ടിരിക്കുക. കടിക്കാന്‍ ശ്രമിക്കുമ്പോള്‍ No എന്ന ആജ്ഞയും, അനുസരിക്കുമ്പോള്‍  സ്‌നേഹലാളനയുടെ ആംഗ്യങ്ങളും അഭിനന്ദനവും അറിയിക്കണം. വലിയ നായ്ക്കളില്‍ സ്‌പ്രേ പ്രയോഗമോ പത്രക്കടലാസ്  ചുരുട്ടിയുള്ള  ചെറുശിക്ഷണമോ നല്‍കേണ്ടി വരും. 

അനുസരണ പാഠങ്ങൾ

നല്ലതും ചീത്തയും തിരിച്ചറിഞ്ഞ് ദുശീലങ്ങളകറ്റി  No, Good Boy/Girl  തുടങ്ങിയ ആജ്ഞകളുടെ  പൊരുളറിഞ്ഞ്  പ്രാഥമിക  മര്യാദയുടെ  പാഠങ്ങള്‍  മനപാഠമാക്കിയ നായ്ക്കള്‍ക്ക് അടിസ്ഥാന അനുസരണ പരിശീലന പാഠങ്ങള്‍  (Basic obedience Training) ഇതിനായുള്ള പഠനവും പരിശീലനവും ഉടമ സ്വയം നേടുകയോ, നായ്ക്കളെ  പരിശീലിപ്പിക്കുന്ന  സ്ഥാപനങ്ങളുടെ സഹായം   തേടുകയോ ചെയ്യാം. 

sit, stay, come, down, heel എന്നീ ആജ്ഞകള്‍ പഠിപ്പിക്കപ്പെടുകയാണ്  ഈ ഘട്ടത്തില്‍ നടത്തുക. കൂടാതെ  ആവശ്യമനുസരിച്ച് കൂടുതല്‍ ആജ്ഞകള്‍  (Commands) പഠിപ്പിക്കുകയും ആവാം.

സ്‌നേഹവും ക്ഷമയും നായയെന്ന  മൃഗത്തേക്കുറിച്ചുള്ള അറിവും പഠനവും ഒത്തു ചേര്‍ന്നയാള്‍ക്കു മാത്രമേ ഉത്തമ പരിശീലനകനാകാനുള്ള അടിസ്ഥാന യോഗ്യതയുള്ളൂ എന്നോര്‍ക്കുക. നായ്ക്കളെ പരിശീലിപ്പിക്കാന്‍ അസാമാന്യ ധൈര്യമോ ചങ്കുറപ്പോ അല്ല സ്‌നേഹവും ക്ഷമയും തുറന്ന മനസും അറിവുമാണ് വേണ്ടത്.

English summary: Importance of Dog Training

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA