കല്ലുനെരന്തയും കാലികൾക്ക് അപകടം

HIGHLIGHTS
  • കല്ലുനെരന്തയിലെ വിഷത്തിനെതിരെ മറുമരുന്നുകൾ ഒന്നും ലഭ്യമല്ല
  • ഇത്തരം സസ്യങ്ങൾ ആഹാരമാക്കാതെ കർഷകർ ശ്രദ്ധിക്കണം
plant
കല്ലുനെരന്തച്ചെടി
SHARE

‘ഹലോ, ഡോക്ടറല്ലേ, എത്രയും പെട്ടന്ന് എന്റെ വീട്ടിലൊന്നെത്താമോ, എന്റെ കറവപശു ഏതാണ്ട് ഒരു മണിക്കൂർ മുമ്പ് പറമ്പിൽനിന്ന് ഒരു വള്ളിച്ചെടി കുറച്ചധികം കഴിച്ചിരുന്നു. അതിനു ശേഷം പശു ആകെ ഒരസ്വസ്ഥതയും വെപ്രാളവും ഒക്കെ കാണിക്കുന്നു. വല്ല വിഷവും ഉള്ളിലെത്തിയിട്ടുണ്ടോ എന്നാണ് എന്റെ പേടി’ - ഒരു ക്ഷീരകർഷക സുഹൃത്തിന്റെ ആശങ്കയോടെയുള്ള ഈ ഫോൺ കാൾ ലഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ‘കഴിച്ച ചെടിയുടെ പേര് എന്താണന്ന് അറിയാമോ?’ എന്ന ചോദ്യത്തിന് ചെടിയെ കുറിച്ചാണ് അദ്ദേഹം വിവരിച്ചത്. ‘ഡോക്ടറെ, ചെടിയുടെ പേര് കൃത്യമായി എന്താണന്ന് അറിയില്ല, കടുംപച്ച നിറത്തിൽ വട്ട ഇലകളുള്ള ഒരു മരവള്ളി ചെടിയാണ്’. ഒപ്പം ആ ചെടിയുടെ ഒരു പടം കൂടി അദ്ദേഹം തന്റെ മൊബൈൽ ഫോണിൽ ഉടനടി അയച്ചു നൽകി. 

കല്ലുനെരന്ത (Anamirta cocculus) എന്ന വിഷസസ്യമായിരുന്നു അദ്ദേഹത്തിന്റെ പശുവിന്റെ ജീവൻ അപകടത്തിലാക്കിയ വട്ട ഇലകളുള്ള ആ മരവള്ളിച്ചെടി. പൊള്ള , കരണ്ടക വള്ളി, നഞ്ചിൻ വള്ളി, വള്ളിനെരന്ത, ആനയമൃത് എന്നെല്ലാമുള്ള വിവിധ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നുണ്ട്. തീറ്റപ്പുല്ലിന് പൊതുവെ ക്ഷാമമുണ്ടാവുന്ന വേനലിൽ പൂക്കളും കായ്ക്കളുമൊക്കെയായി സമ്യദ്ധമായി വളരുന്ന വള്ളിച്ചെടികളിൽ ഒന്നാണ് കല്ലനെരന്ത. കന്നുകാലികൾ മേയുന്നതിനിടെ ഈ ചെടിയും അതിന്റെ കായ്ക്കളും ആഹാരമാക്കാനും വിഷബാധയേൽക്കാനും സാധ്യത വളരെ കൂടുതലാണ്.

കല്ലുനെരന്തയിലെ വിഷം പിക്രോടോക്സിൻ

കല്ലുനെരന്തയുടെ കായ്ക്കളിൽ കൂടുതലായി അടങ്ങിയിട്ടുള്ള പിക്രോടോക്സിൻ എന്ന രാസഘടകമാണ് വിഷബാധയുടെ കാരണം. കന്നുകാലികളുടെ നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷപദാർഥമാണ് പിക്രോടോക്സിൻ. കല്ലുനെരന്ത കഴിച്ചതിന് ഒന്നു രണ്ടു മണിക്കൂറിനുള്ളിൽ പശുക്കൾ വിഷബാധയുടെ ലക്ഷണങ്ങൾ ഒന്നൊന്നായി പ്രകടിപ്പിച്ചു തുടങ്ങും. വായിൽനിന്ന് നുരയും പതയും ഒലിക്കൽ, ഉദരസ്തംഭനം, പേശീ വിറയൽ, മറിഞ്ഞുവീണ് കൈകാലുകളും തലയും തറയിലിട്ടടിക്കൽ എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ. ക്രമേണ ശ്വാസതടസവും പ്രകടമാവും. അടിയന്തിര ചികിത്സ ഉറപ്പുവരുത്തിയില്ലങ്കിൽ ശ്വാസതടസം മൂർച്ഛിച്ച് പശുക്കൾ മരണപ്പെടും. 

കല്ലുനെരന്തയിൽ അടങ്ങിയ വിഷ പദാർഥത്തെ നിർവീര്യമാക്കാൻ സഹായിക്കുന്ന കൃത്യമായ മറുമരുന്നുകൾ ഒന്നും ലഭ്യമല്ല. മറിച്ച് രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനുള്ള ചികിത്സയാണ് കല്ലുനെരന്ത വിഷബാധയിൽ നൽകുന്നത്. കാത്സ്യവും ഗ്ലൂക്കോസും അടങ്ങിയ ലായനികൾ, ആന്റിഹിസ്റ്റമിനുകൾ, ജീവകം ബി അടങ്ങിയ മരുന്നുകൾ, കരൾ ഉത്തേജന മരുന്നുകൾ എന്നിവ വിഷബാധ കണ്ട ഉടനെ വിദഗ്ധ സഹായത്തോടെ ചികിത്സയായി നൽകാവുന്നതാണ്.

കന്നുകാലികളിൽനിന്ന് അകലെ നിർത്താം ഈ സസ്യങ്ങളെയും

കല്ലുനെരന്തയെ പോലെ കന്നുകാലികളുടെ ജീവൻ അപകടത്തിലാക്കുന്ന വിഷസസ്യങ്ങൾ ഏറെയുണ്ട്. ബ്ലൂമിയ, എരുക്ക്, കൊങ്ങിണിച്ചെടി/അരിപ്പൂച്ചെടി, പാര്‍ത്തീനിയം, ആനത്തൊട്ടാവാടി, ചേര്, വയൽപ്പന്നൽ, കാഞ്ഞിരം, മഞ്ഞ അരളി, മരച്ചീനിയില, പച്ചമുളയുടെ ഇളം തളിരിലകൾ, റബർ ഇല, പരാദസസ്യമായ ചേല, കൊഴുപ്പ, ചെടിച്ചേമ്പ്/പുള്ളിച്ചേമ്പ് എന്നിവയെല്ലാം പശുക്കളുടെ ജീവനെടുക്കാൻ പോന്ന വിഷഘടങ്ങൾ അടങ്ങിയ സസ്യങ്ങളാണ്. കന്നുകാലികൾ ഈ സസ്യങ്ങൾ ആഹാരമാക്കാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക എന്നതാണ് കർഷകർ സ്വീകരിക്കേണ്ട പ്രതിരോധ മാർഗം.

English summary: Poisonous plants for Livestock

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA