ADVERTISEMENT

ലോക് ഡൗൺ തുടങ്ങിയതിനുശേഷം എന്നും ഡിസ്പെൻസറിയിൽ നല്ല തിരക്കാണ്. രാവിലെ ഡിസ്പെൻസറിയിലെ കേസുകൾ ഒന്നൊന്നായി തീർത്തതിനു ശേഷം റജിസ്റ്ററുകൾ, ക്യാഷ് ബുക്ക് എന്നിവയിലൂടെ എല്ലാം ഒരു ഓട്ടപ്രദക്ഷിണം കഴിഞ്ഞപ്പോഴേക്കും 15 കിലോമീറ്റർ അപ്പുറത്തുള്ള മടവൂർ ഡിസ്പെൻസറിയിൽനിന്നു ഡോക്ടറുടെ ഫോൺ എത്തി. ജമീല താത്തയുടെ പശുക്കിടാവാണ് താരം. രണ്ടുമാസം മാത്രം പ്രായം. 48 കിലോഗ്രാം തൂക്കവുമുണ്ട്. ഒന്നര ആഴ്ച മുൻപ് കയർ കാലിൽ ചുറ്റി വീണതാണ്. പല പരീക്ഷണങ്ങൾക്കു ശേഷമാണ് കിടാവ് മടവൂർ ഡിസ്പെൻസറിയിൽ എത്തുന്നത്. കൈ കുത്താൻ വയ്യാതെ കിടാവ് അവശയായി തുടങ്ങിയിരുന്നു. പരിശോധനയിൽ ഒടിഞ്ഞിരിക്കുന്നത് ഹ്യൂമറസ് ആണെന്ന് ഡോക്ടർ ജീന കണ്ടെത്തി.

എങ്ങനെ പ്ലാസ്റ്റർ ഇട്ടാലും ഹ്യൂമറസിന് ഇമ്മൊബിലൈസേഷൻ അഥവാ അനക്കം തട്ടാതെ വെക്കാൻ സാധിക്കില്ലെന്ന് ഡോക്ടർ ജീന, ജമീലയെ പറഞ്ഞ് മനസിലാക്കി. ഒടുവിൽ ജമീലയോട് ഡോക്ടർ കാര്യങ്ങൾ വിശദീകരിച്ചു  ‘ഇതൊരു പ്രത്യേക കേസാണ് ജമീലതാത്താ. വൈദഗ്ധ്യം കൂടുതൽ വേണ്ട ഓപ്പറേഷൻ ആണ്. ഒന്നുകിൽ കന്നുകുട്ടിയെ ഒഴിവാക്കണം, അല്ലെങ്കിൽ സർജറി പോസ്റ്റ് ഗ്രാജുവേഷനുള്ള നിതിൻ ഡോക്ടറിന്റെ അടുത്തു വരെ കൊണ്ടുപോകണം.’ ‘എന്ത് ചെലവ് വന്നാലും വേണ്ടില്ല ഡോക്ടറെ, എന്റെ തങ്കക്കുട്ടിയെ എനിക്ക് രക്ഷിക്കണം’. അങ്ങനെ വണ്ടി നേരെ മൈക്കാവ് ഡിസ്പെൻസറിയിലേക്ക് വിടാൻ തീരുമാനമായി. അതിൻറെ ഫലമായിട്ടാണ് ഡോക്ടർ ജീന എന്നെ ഫോണിൽ വിളിച്ചത്.

അങ്ങനെ ജമീല താത്തയും കിടാവും ഓട്ടോറിക്ഷയിൽ രാവിലെ തന്നെ എത്തി. വലിയ സൗകര്യങ്ങൾ ഒന്നും ഇല്ല. നാട്ടിൻപുറത്തെ ചെറിയ ഒരു ഡിസ്പെൻസറി മാത്രമാണ് മൈക്കാവിലേത്. ആകെക്കൂടിയുള്ള തടിമേശ ഓപ്പറേഷൻ ടേബിൾ ആക്കി എടുക്കാൻ തീരുമാനിച്ചു. അണു നശീകരണം നടത്തി ഓപ്പറേഷൻ ടേബിൾ ആക്കിയെടുത്തു.

ഇത്രയും ദിവസം കഴിഞ്ഞതിനാൽ റേഡിയൽ നെർവ്വ് പരാലിസിസ് ആയിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. ഒരു X ray എടുക്കാൻ സാധിച്ചിരുന്നെങ്കിലെന്ന് ആശിച്ചു പോയ നിമിഷങ്ങൾ.

തുറന്ന ഓപ്പറേഷൻ ചെയ്താൽ എന്തെങ്കിലുമൊരു നോട്ടപ്പിശകു വന്നാൽ ചെയ്തതൊക്കെ വെള്ളത്തിലെ വരയായി മാറും. അങ്ങനെ തുറന്ന ശസ്ത്രക്രിയ ഒഴിവാക്കിക്കൊണ്ട് ചെയ്യാൻ ഞാൻ തീരുമാനിച്ചു. ഫീൽഡിൽ ഇന്റേണൽ പിന്നിങ് ചെയ്യുന്നത് അൽപം റിസ്ക്കുള്ള പണിയാണ്. എന്നിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ട് വന്നിരിക്കുന്ന ജമീലതാത്ത എനിക്കും പ്രതീക്ഷ നൽകി. കന്നുകുട്ടിയെ മയക്കണം. അനസ്തേഷ്യയുടെ വിവിധ ഘട്ടങ്ങൾ താത്തയെ പറഞ്ഞ് മനസിലാക്കിച്ചു. പാവം തങ്കക്കുട്ടി വേദന അറിയരുതെന്നു മാത്രമേ താത്തയ്ക്കുള്ളൂ. ചെറിയ മുറിവ് മാത്രമണ്ടാക്കി പിൻ പാസ് ചെയ്തു കടത്തിഎടുത്തു. ദൈവകൃപയാൽ ഇൻറേണൽ പിന്നിങ് കൃത്യമായി.

ഓപ്പറേഷൻ സൗകര്യമുള്ള ആശുപത്രികളിൽ ഒടിഞ്ഞ എല്ല് കണ്ടുകൊണ്ട് മാത്രമാണ് ഈ പ്രൊസീജ്യർ ചെയ്യുക. അനവധി നിരവധി X ray കളുടെ അകമ്പടിയും ഉണ്ടാകും .

മനുഷ്യരിൽ ഉപയോഗിക്കുന്ന സീറ്റൽ പിൻ തന്നെയാണ് കിടാവിനും ഉപയോഗിച്ചിരിക്കുന്നത്. എന്തായാലും ഒമ്പതു ദിവസം കഴിഞ്ഞിരിക്കുന്നു. തങ്കക്കുട്ടി സുഖമായി നടക്കുന്നുണ്ട്.

ചുറ്റുമുള്ളവരും ബന്ധുക്കളുമൊക്കെ ഒഴിവാക്കാൻ ഉപദേശിച്ചെങ്കിലും ഈ കോവിഡ് കാലത്ത് മൈക്കാവ് തപ്പിപ്പിടിച്ച് എത്തിയ ജമീല പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുണ്ട്. ജമീലതാത്തയുടേയും തങ്കക്കുട്ടിയുടേയും സന്തോഷം ഒന്നു കാണണം.

ഈ ലോക്ക് ഡൗണിൽ രണ്ടു പേരുടെ സന്തോഷത്തിന് കാരണമാകാൻ കഴിഞ്ഞതുകൊണ്ട് എനിക്കും വലിയ സന്തോഷം. കോവിഡു കാലത്തെ ചില സ്വകാര്യ സന്തോഷങ്ങൾ കാരണം സ്വന്തം വീട്ടിൽ നിന്ന് 430 കിലോമീറ്റർ ദൂരെ ആണ് ജോലി നോക്കുന്നത്. വിവാഹ വാർഷികം ആയിരുന്നു അതിനും പോകാൻ കഴിഞ്ഞില്ല. ലോക് ഡൗണിനു മുന്നേ ഇഴഞ്ഞു നടന്ന മകൻ നടന്നു തുടങ്ങിയിരിക്കുന്നു. അതും വാട്സാപ്പിലൂടെ കാണാൻ മാത്രമേ ഇതുവരെ കഴിഞ്ഞുള്ളൂ. എല്ലാ ദിവസവും ഫോൺ വിളിക്കുമ്പോൾ ചേട്ടൻ എന്നു വരും എന്ന് ചോദിക്കുന്ന ഭാര്യ. ഇതിനൊക്കെ ഇടയിൽ ഇങ്ങനെ കുറച്ചു സന്തോഷങ്ങൾ മാത്രമാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്.

English summary: Service Story of a Veterinary Surgeon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com