കന്നുക്കുട്ടികൾക്ക് വിരമരുന്ന്: അറിയാം വെറ്ററിനറി സർവകലാശാലയുടെ പുതിയ രീതികൾ

HIGHLIGHTS
  • വിരമരുന്ന് നൽകുക പ്രായവും തൂക്കവും കണക്കിലെടുത്ത്
cow-3
SHARE

കന്നുകുട്ടികൾക്ക് ശരിക്കും എപ്പോഴൊക്കെയാണ്, എത്ര തവണയാണ് വിരമരുന്ന് നൽകേണ്ടത്? ഉത്തരത്തിനു മുൻപായി നമ്മൾ ഇപ്പോൾ എങ്ങനെയാണ് വിരമരുന്ന് നൽകിക്കൊണ്ടിരിക്കുന്നതെന്ന് നോക്കിയാലോ?

ആദ്യ ഡോസ് കന്നുകുട്ടി പിറന്ന അന്നു മുതൽ 10–15 ദിവസത്തിനുള്ളിൽ നൽകിക്കൊണ്ടിരിക്കുന്നു. പിന്നീട് ആറു മാസം വരെ എല്ലാ മാസവും ചിലപ്പോൾ മൃഗാശുപത്രിയിൽനിന്നോ ചിലപ്പോൾ മെഡിക്കൽ സ്റ്റോറിൽനിന്നോ വാങ്ങി നൽകാറുണ്ടല്ലേ? 

രണ്ടോ മൂന്നോ മാസം കൂടുമ്പോൾ വിര മരുന്ന് വീണ്ടും നൽകാറുണ്ടല്ലോ. പിന്നെ ഗർഭധാരണത്തിന് മുമ്പ് വിര മരുന്ന് കൊടുക്കാറില്ലേ? പ്രസവിച്ചു കഴിയുമ്പോൾ പിന്നേം ഒരിക്കൽകൂടി നൽകും. അങ്ങനെ ഒരുപാട് തവണ നമ്മൾ ശരിക്കും വിരമരുന്ന് കൊടുക്കുന്നുണ്ട്. 

ശരിക്കും ഇത്രയും തവണ കൊടുക്കേണ്ടതുണ്ടോ? 

ഈ വിഷയത്തിൽ വെറ്ററിനറി സർവകലാശാലയിൽനിന്നുള്ള ഏറ്റവും പുതിയ രീതികൾ പരിചയപ്പെടുത്താം.

കന്നുകുട്ടികൾ പിറന്നു വീഴുമ്പോൾ മറുപിള്ളയിലൂടെയും പാലിലൂടെയും ഒക്കെ പലതരം വിരകളുടെ കുഞ്ഞുങ്ങൾ ഒരു അമ്മപ്പശുവിൽനിന്നും കന്നു കുട്ടിയുടെ ഉള്ളിൽ കയറിക്കൂടുന്നുണ്ട്. കരൾ, ശ്വാസകോശം പോലെയുള്ള ആന്തരികാവയവങ്ങളിൽക്കൂടി കടന്ന് ക്ഷതമേൽപിച്ചാണ് ഇവ കുടലിൽ എത്തിച്ചേരുന്നത്.

പുതിയ രീതിയിൽ ഈ വിരക്കുഞ്ഞുങ്ങളെ കൊല്ലാൻ പ്രാപ്തിയുള്ള മരുന്നാണ് പത്താം ദിവസം ആദ്യമായിട്ട് നൽകുന്നത്. അടുത്ത ഡോസ് മൂന്നാഴ്ച കഴിഞ്ഞു നൽകണം.

എന്താണ് മൂന്നാഴ്ച യുടെ പ്രത്യേകത?

അത് നമ്മുടെ സുന്ദരിക്കുട്ടി പുല്ലു തിന്ന് തുടങ്ങുന്ന സമയമാണ്. ട്രമറ്റോഡ്, നെമറ്റോഡ്, സിസ്റ്റാഡ് വിഭാഗത്തിൽപ്പെട്ട വിരകൾ എല്ലാംകൂടി പാഞ്ഞെത്തുന്ന സമയമാണിത്. അവയെ പ്രതിരോധിക്കുന്നതിനും ഒരു ബ്രോഡ് സ്പെക്ട്രം വിരമരുന്ന് ശരീരഭാരമനുസരിച്ച് നിങ്ങളുടെ വെറ്റിനറി ഡോക്ടർ നിർദ്ദേശിക്കും. ശരീര ഭാരത്തിന് അനുസരിച്ചാണ് ഡോസ് തീരുമാനിക്കുന്നത് എന്ന കാര്യം ഓർത്തുവയ്ക്കണം.

അപ്പോൾ ഇനി അടുത്ത ഡോസ് എന്നാണ്?

മഴ തുടങ്ങി രണ്ടാഴ്ചയ്ക്കു ശേഷമാണ് അടുത്ത ഡോസ് വിരമരുന്ന് നിർബന്ധമായും നൽകേണ്ടത്. എന്നുവച്ചാൽ കേരളത്തിൽ മുഖ്യമായും രണ്ടു മഴക്കാലം ആണല്ലോ. രണ്ടു മഴക്കാലത്തും മഴ തുടങ്ങി രണ്ടാഴ്ച കഴിയുമ്പോൾ തന്നെ ശരീരഭാരത്തിനനുസരിച്ച് നിങ്ങളുടെ ഡോക്ടറെ കൺസൾട്ട് ചെയ്തതിനുശേഷം മാത്രം വിരമരുന്ന് നൽകണം. അതുപോലെതന്നെ പ്രസവത്തിനു തൊട്ടുമുൻപുള്ള മൂന്നു മാസത്തിലും ഒരു പ്രാവശ്യം വിരമരുന്ന് നൽകണം. ഇത് അമ്മയിൽനിന്നും കുഞ്ഞിലേക്ക് കയറാൻ തയാറായിരിക്കുന്ന വിരകളെ നശിപ്പിക്കും. 

പ്രസവത്തിനു മുമ്പ് കൊടുത്തു കഴിഞ്ഞാൽ പിന്നെ പ്രസവം കഴിഞ്ഞ് വേണ്ടെന്നുവയ്ക്കാം. ഇതിനൊക്കെ ഇടയ്ക്ക് വിരകൾ കൂടുതൽ കയറി നമ്മുടെ കിടാവിനെ ശല്യം ചെയ്യുന്നതിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചാണകം പരിശോധിക്കണം. എന്നിട്ട് ആവശ്യമെങ്കിൽ വിരമരുന്ന് നൽകണം. വിര കൂടിയാലുള്ള ലക്ഷണങ്ങൾ എല്ലാവർക്കും അറിയാമല്ലോ വിളർച്ച, വളർച്ചക്കുറവ്, വിശപ്പില്ലായ്മ എന്നിവയൊക്കെയാണ് വിരശല്യത്തിന്റെ ലക്ഷണങ്ങൾ. പലതരം വിരകളാണ് പശുക്കളിലും കന്നുകുട്ടികളിലും കാണുന്നത്. അതുകൊണ്ടു തന്നെ ഓരോരുത്തർക്കും ഓരോ തരം മരുന്നാണ് നൽകുന്നത്. പ്രായവും ശരീരഭാരവും കണക്കിലെടുത്താണ് ഡോസ് നിർണയിക്കുന്നത്.

English summary: New Deworming Protocol of Veterinary University

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA