sections
MORE

നായകളിലെ വിരയിളക്കൽ: എപ്പോൾ? എങ്ങനെ?

HIGHLIGHTS
  • പപ്പികൾക്ക് 2 ആഴ്ച പ്രായമാകുമ്പോൾ വിരമരുന്നു നൽകണം
  • ശരീര പുഷ്ടിക്ക് വിരകളെ നശിപ്പിക്കേണ്ടത് ആവശ്യം
dog-1
SHARE

വിരയിളക്കൽ നടത്തുന്നതിലെ അശാസ്ത്രീയത അരുമകളിൽ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കൃത്യമായ സമയത്ത്, കൃത്യമായ ഇടവേളകളിൽ, ശരിയായ അളവിൽ മരുന്നു നൽകി വിരകളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.

നിർഭാഗ്യവശാൽ നമ്മുടെ ശ്രദ്ധക്കുറവും വിരമരുന്നിന്റെ അനിയത്രിത ഉപയോഗവും അരുമകളെ ബാധിക്കുകയും സർവോപരി വിരകൾക്കെതിരെ മരുന്നുകൾ നിർവീര്യമായി തീരുന്നതിന് കാരണമാകുകയും ചെയ്യുന്നു. സമൂഹം ഇന്നു നേരിടുന്ന ‘ആന്റിബയോട്ടിക് റെസിസ്റ്റൻസ്’ എന്ന അപകടം പോലെ ഇന്നു പ്രചാരത്തിലുള്ള പല വിരമരുന്നുകളും വിരകൾക്കെതിരെ യുദ്ധം ചെയ്തു തോൽവി ഏറ്റുവാങ്ങുന്നു. ഇവിടെയാണ് ശാസ്ത്രീയമായ വിരയിളക്കലിനു പ്രസക്തി.

ശരീര പുഷ്ടിക്ക് വിരകളെ നശിപ്പിക്കേണ്ടത് ആവശ്യമാണെങ്കിലും വിരമരുന്നുകളുടെ കൂടെക്കൂടെയുള്ള ഉപയോഗം ഒഴിവാക്കപ്പെടേണ്ടതാണ്. മറ്റേതു മരുന്നുകൾ പോലെ തന്നെ അധികമായാൽ വിരമരുന്നുകൾക്കും അതിന്റേതായ പാർശ്വഫലങ്ങളുണ്ട്. അരുമകളുടെ വിരയിളക്കൾ നടത്താൻ ഉദ്ദേശിക്കുമ്പോൾ തന്നെ പ്രായം, കൃത്യമായ ശരീരഭാരം, 'ബ്രീഡിങ് സ്റ്റാറ്റസ്,' എന്നിവ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ അരുമകൾ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ, ശരീരഭാരം എന്നിവ വിലയിരുത്തി വെറ്ററിനറി ഡോക്ടറെ സമീപിച്ചു സാധ്യമാണെങ്കിൽ മലപരിശോധന നടത്തിവേണം വിരയിളക്കൽ സംഘടിപ്പിക്കാൻ. നായകളിലും വിരലിലെണ്ണിയാൽ തീരാത്ത പലവിഭാഗത്തിലുള്ള വിരകൾ കാണപ്പെടുന്നതിനാൽ മലപരിശോധന നടത്തി വിരയറിഞ്ഞു അതിനുള്ള മരുന്ന് ചെയ്യുകയാണ് അത്യുത്തമം. ഇതിനുള്ള സാഹചര്യങ്ങൾ ലഭ്യമല്ലെങ്കിൽ മാത്രം Broad spectrum വിരമരുന്നുകൾ ഉപയോഗിക്കേണ്ടതുള്ളൂ.

മേൽപ്പറഞ്ഞ കാര്യങ്ങൾ പരിഗണിക്കാതെ മെഡിക്കൽ ഷോപ്പിൽനിന്നും മറ്റുള്ളവരിൽനിന്നും ഉപദേശങ്ങൾ സ്വീകരിച്ചു വിരമരുന്നു യഥേഷ്ടം വാങ്ങി നൽകുന്നത് ഗുണത്തേക്കാളുപരി ദോഷമായി തീർന്നേക്കാം. ശ്രദ്ധിക്കുക പലവിരമരുന്നുകളും ഗർഭാവസ്ഥയിൽ ദോഷം ചെയ്യുന്നതിനാൽ ഗർഭിണികളായ അരുമകൾക്കു വിരയിളക്കാൻ ഡോക്ടറുടെ നിർദേശം തേടേണ്ടതുണ്ട്. നായകളിലെ ചില മരുന്നുകൾ പൂച്ചകൾക്കു ഉപോഗിക്കാൻ കഴിയില്ല. ഒരേ മരുന്ന് പലതവണ ഉപയോഗിക്കരുത്. ഇത് മരുന്നുകൾക്കെതിരെ വിരകളിൽ പ്രതിരോധശേഷി ഉടലെടുക്കുന്നതു തടയാൻ സഹായിക്കുന്നു.

പപ്പികൾക്ക് 2 ആഴ്ച പ്രായമാകുമ്പോൾ വിരമരുന്നു നൽകേണ്ടതാണ്. അമ്മയിൽനിന്ന് പപ്പികൾക്കു ലഭിക്കുന്ന വിരകളെ ഒഴിവാക്കാൻ ഇതു സാഹായിക്കുന്നു. ഇത്തരത്തിൽ 3 മാസം പ്രായമാകുന്നതുവരെ ഓരോ രണ്ടാഴ്ചയിലും വിരമരുന്നു കൊടുക്കാം. മൂന്നു മാസം മുതൽ ആറു മാസം വരെ മാസംതോറും വിരയിളക്കൽ അനുവർത്തിക്കാം. 6 മാസം പിന്നിട്ടാൽ ഓരോ മൂന്നു മാസം കൂടുമ്പോഴും ഒരിക്കൽ എന്ന തോതിൽ വിരയിളക്കാം. 1 വയസ് പൂർത്തിയായാൽ വിരബാധയുടെ ലക്ഷണങ്ങൾ (മലത്തിൽ വിര/മുട്ട സാന്നിധ്യം, ക്ഷീണം, വിളർച്ച, ഉന്തിയ വയർ, ഭക്ഷണവിരക്തി, വയറുവേദന, മണ്ണ്/പുല്ല് തീറ്റ) പ്രകടമാക്കുകയോ മലപരിശോധനയിൽ വിരയുടെ മുട്ടകളെ കാണുകയോ ചെയ്യുന്നുണ്ടെങ്കിൽ മാത്രമേ വിരമരുന്നു നൽകേണ്ടതുള്ളൂ.

ശ്രദ്ധിക്കുക അരുമയുടെ പ്രായം, ഭാരം, ബ്രീഡ്, ശാരീരികാവസ്ഥ, എന്നിവയ്ക്കനുസരിച്ചു വിവിധ മരുന്നുകൾ, അവയുടെ ഡോസേജ്, കൊടുക്കേണ്ട കാലയളവ്, ഇടവേള എന്നിവ വത്യാസപ്പെട്ടിരിക്കുന്നു. ആയതിനാൽ ശാസ്ത്രീയമായി തന്നെ വിരയിളക്കാൻ ശ്രദ്ധിക്കുമല്ലോ.

English summary: How to Deworm a Dog

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA