ADVERTISEMENT

തൃശൂര്‍ ജില്ലയിലെ അറിയപ്പെടുന്ന നൃത്താധ്യാപകരില്‍ ഒരാളാണ് മണ്ണുത്തി സ്വദേശിയായ മനോജ്. ഭരതനാട്യവും കുച്ചിപ്പുഡിയും തിരുവാതിരയും മോഹിനിയാട്ടവും ഒപ്പനയുമെല്ലാം അദ്ദേഹത്തിന്‍റെ നൃത്താധ്യാപനത്തിന്‍റെ ഭാഗമാണ്. ഇതെല്ലാം മനോജിന്‍റെ പ്രൊഫഷണല്‍  ജീവിതത്തിന്‍റെ വിശേഷങ്ങളാണെങ്കിൽ മൃഗസംരക്ഷണ മേഖലയിലും കയ്യൊപ്പ് ചാര്‍ത്തിയ ഒരു സംരംഭകന്‍ കൂടിയാണ് അദ്ദേഹം. നൃത്താധ്യാപന രംഗത്ത് ഭരതനാട്യത്തിലാണ് മനോജിന്‍റെ സ്‌പെഷലൈസേഷനെങ്കിൽ  മൃഗസംരക്ഷണ രംഗത്ത് അദ്ദേഹത്തിന്‍റെ മികവ് ആടുവളര്‍ത്തലിലാണ്. വെറും ആടുകളല്ല, അജലോകത്തെ വിസ്മയമായ പഞ്ചാബി ബീറ്റല്‍ ആടുകളാണ് അദ്ദേഹത്തിന്‍റെ ഫാമിലുള്ളതത്രയും. 

ആടുകൃഷി ആദായം, ബീറ്റല്‍ ആടുകള്‍ അത്യാദായം

പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലബാറിയും ബീറ്റലും സിരോഹിയും ജമുനാപാരിയും ഉള്‍പ്പെടെയുള്ള  വിവിധ ജനുസ് ആടുകളെ  ഇടകലര്‍ത്തി വളര്‍ത്തിയിരുന്ന ചെറിയൊരു ആടുഫാമായിരുന്നു മനോജിനുണ്ടായിരുന്നത്. വിവിധയിനം ആടുകളെ ഒരുമിച്ച് വളര്‍ത്തുന്നതിനേക്കാളും വിവിധ ജനുസുകള്‍ തമ്മിലുള്ള സങ്കരപ്രജനന രീതി സ്വീകരിക്കുന്നതിനേക്കാളും ഉചിതവും ഉത്തമവും ആദായകരവും  ഏതെങ്കിലും ഒരു ജനുസില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണെന്ന ചിന്തയില്‍നിന്നാണ് ഈ ഫാമിന്‍റെ തുടക്കം. ഏത് ആട് ജനുസിനെ പ്രത്യേകം തിരഞ്ഞെടുത്തു വളര്‍ത്തുമെന്ന മനോജിന്‍റെ ആലോചന ഒടുവില്‍ ചെന്നെത്തിയത് ബീറ്റല്‍ ആടുകളിലായിരുന്നു, അതിന് ഏറെ കാരണങ്ങളുമുണ്ടായിരുന്നു.

പ്രത്യുൽപാദനക്ഷമതയില്‍ മലബാറി ആടുകളോട്  മത്സരിക്കാന്‍ പോന്നവരാണ് ബീറ്റല്‍ ആടുകള്‍. മലബാറി ആടുകളെപ്പോലെ തന്നെ ഓരോ പ്രസവത്തിലും രണ്ടും മൂന്നും കുഞ്ഞുങ്ങൾ ബീറ്റൽ ആടുകൾക്കുമുണ്ടാവും. രണ്ടു  പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേളയും കുറവ്. പാലുൽപാദനത്തിലും  വളര്‍ച്ച നിരക്കിലും ഇന്ത്യന്‍  ആടുകളുടെ രാജാവായ ജമുനാപാരിക്കൊപ്പം നില്‍ക്കുന്നവരാണ് ബീറ്റല്‍ ആടുകള്‍. പ്രസവം കഴിഞ്ഞ് 6-7 മാസം വരെ കറവ നടത്താം. 2.5 മുതല്‍ പരമാവധി 3 ലിറ്റര്‍ വരെ  പാൽ  ദിവസവും  ലഭിക്കും. ജനിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഏകദേശം മൂന്ന്-മൂന്നര കിലോയോളം ശരീരതൂക്കമുണ്ടാവും. വളര്‍ച്ചാ നിരക്കും മികവാര്‍ന്നതു തന്നെ. ഈ സവിശേഷതകളെല്ലാം ഒത്തിണങ്ങിയ ബീറ്റൽ ആടുകളാണ് താൻ ആരംഭിക്കാൻ പോവുന്ന ഫാമിന് യോജിച്ചതെന്ന് ഉറപ്പിച്ചതോടെ പിന്നെ താമസമുണ്ടായില്ല. ബീറ്റല്‍ ആടുകളുടെ  നല്ലൊരു മാതൃ- പിതൃ ശേഖരത്തെ ഫാമിലേക്കു തിരഞ്ഞെടുത്തിരിക്കുകയായിരുന്നു ആദ്യപടി.  ആടു സംരംഭങ്ങളുടെ വിജയത്തില്‍ മികച്ച മാതൃ- പിതൃശേഖരത്തിലുള്ള  സ്ഥാനം അത്രമാത്രം പ്രധാനമാണ്. നല്ല മേന്മയുള്ള  ബീറ്റല്‍ മുട്ടനാടുകളെയും പെണ്ണാടുകളെയും അന്വേഷിച്ചുള്ള മനോജിന്‍റെ യാത്ര ഒരു വേള സംസ്ഥാനത്തിനു പുറത്ത് വരെയെത്തി. 

മനോജിന്റെ  ബീറ്റല്‍ ജനുസ് ആടുകള്‍ക്ക് മാത്രമുള്ള  സംരംഭം ഇന്ന് ഒരു പതിറ്റാണ്ട്  പിന്നിടുമ്പോള്‍  മുതിര്‍ന്ന പെണ്ണാടുകളും കുട്ടികളും മുട്ടനാടുകളുമായി ശുദ്ധയിനം പഞ്ചാബി ബീറ്റല്‍ ആടുകളുടെ  ചെറുതല്ലാത്ത ഒരു ശേഖരം തന്നെ തൃശൂർ മണ്ണുത്തിയിലെ അദ്ദേഹത്തിന്റെ ഫാമിലുണ്ട്. ഈ നീണ്ട കാലയളവിനിടെസംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നുള്ള കര്‍ഷകരും ആട് സ്നേഹികളും മോഹവില നല്‍കി മനോജിന്‍റെ ഫാമില്‍ നിന്നും വാങ്ങിക്കൊണ്ടുപോയ ബീറ്റല്‍ ആടുകളുടെ  എണ്ണവും ഏറെ.

ആടുലോകത്തെ ബിഗ് ബി - ബീറ്റലിനെ പരിചയപ്പെടാം 

പഞ്ചാബ് സംസ്ഥാനത്തെ ഗുര്‍ദാസ്പൂര്‍, അമൃത്സര്‍ എന്നീ രണ്ടു ജില്ലകളാണ്  ബീറ്റല്‍ ആടുകളുടെ  ജന്മഭൂമിക. ഗുര്‍ദാസ്പൂരിലെ ബട്ടാല എന്ന പട്ടണത്തിന്റെ പേരില്‍ നിന്നാണ്  ഈ ആടുകള്‍ക്ക് ബീറ്റല്‍ എന്ന പേര് ലഭിച്ചത്.  പാക്കിസ്ഥാനിലും പ്രശസ്തമായ  ബീറ്റല്‍ ആടുകള്‍ക്ക് ലാഹോറി ആടുകള്‍ എന്ന പേരുമുണ്ട്. അമൃതസാരി  എന്ന് അറിയപ്പെടുന്നതും ബീറ്റൽ ആടുകൾ തന്നെ. കറുപ്പിന്റെ ഏഴഴകാണ് ബീറ്റൽ ആടുകൾക്ക്. ഏകദേശം മുക്കാൽ അടിയോളം  നീളത്തില്‍ താഴോട്ട് തൂങ്ങുന്ന പിരിവുകളുള്ള ചെവികളും മുന്നോട്ട്  തള്ളിനില്‍ക്കുന്ന നാസികപാലവും റോമന്‍ മൂക്കും പിന്നോട്ട് പിരിഞ്ഞ് വളര്‍ന്ന നീളന്‍ കൊമ്പുകളും ബീറ്റല്‍ ആടുകളുടെ കരിവര്‍ണത്തിന്‍റെ  മാറ്റ് കൂട്ടും. പാലുൽപാദനത്തിനും  മാംസോൽപാദന  മികവിനും പ്രത്യുൽപാദനക്ഷമതയ്ക്കുമെല്ലാം ഒരുപോലെ പേരുകേട്ടവയാണ് ബീറ്റല്‍ ആടുകള്‍. വര്‍ഗമേന്മ  കുറഞ്ഞ തദ്ദേശീയ ആടുകളുടെ വര്‍ഗോദ്ധാരണത്തിനായി ബീറ്റല്‍ ജനുസ് ആടുകളെ  രാജ്യമെങ്ങും പ്രയോജനപ്പെടുത്തിയിട്ടുണ്ട് . പ്രാദേശികമായി കാണപ്പെടുന്ന ആടിനങ്ങളുമായുള്ള പ്രജനനം വഴി ഗുജറാത്തി ബീറ്റല്‍, ഹൈദരബാദി ബീറ്റല്‍ തുടങ്ങിയ നിരവധി ഉപഇനങ്ങള്‍ ഇന്ന് ഉരുത്തിരിഞ്ഞിട്ടുണ്ട് . കറുപ്പിന്‍റെ ഏഴഴകുള്ളതും കറുപ്പില്‍  തിളക്കമുള്ള ചാര നിറം കലര്‍ന്നതുമായ ശുദ്ധയിനം പഞ്ചാബി ബീറ്റലുകളാണ് മനോജിന്‍റെ ഫാമില്‍ ഉള്ളതത്രയും. 

കേരളത്തിനിണങ്ങും ബീറ്റൽ ആടുകൾ 

പഞ്ചാബില്‍ ഉരുത്തിരിഞ്ഞുണ്ടായ ആടുകളാണെങ്കിലും നമ്മുടെ  മലബാറി ആടുകള്‍ക്ക് നല്‍കുന്ന അതേ പരിപാലനവും പരിചരണവും തന്നെ മതി ബീറ്റല്‍ ആടുകള്‍ക്കും എന്നാണ് മനോജിന്‍റെ  അഭിപ്രായം. മികച്ച വളര്‍ച്ചാനിരക്കുള്ള ബീറ്റല്‍ ആടിന്‍റെ ജനിതക ഗുണം പൂര്‍ണമായും പ്രയോജനപ്പെടുത്തണമെങ്കില്‍ അതിനൊത്ത ആഹാരം നല്‍കേണ്ടതും പ്രധാനമാണ്. തീറ്റപ്പുല്ലും പ്ലാവില ഉള്‍പ്പെടെയുള്ള വൃക്ഷയിലകളും   വൈക്കോലുമാണ് പ്രധാന തീറ്റ. 

മുതിര്‍ന്ന ഒരു ബീറ്റല്‍ പെണ്ണാടിന് ദിവസം 4-5  കിലോഗ്രാം വരെ  തീറ്റപ്പുല്ലും  പച്ചിലകളും വൈക്കോലും ഉള്‍പ്പെടുന്ന പരുഷാഹാരം വേണ്ടിവരും. പുളിങ്കുരുപ്പൊടിയും ഗോതമ്പും ചേര്‍ത്ത് വേവിച്ച് അതില്‍  തേങ്ങാപ്പിണ്ണാക്ക്, ചോളത്തവിട്, കടലപ്പിണ്ണാക്ക്, സോയാബീന്‍ തവിട്, പരുത്തിക്കുരു പിണ്ണാക്ക്, ആട് പെല്ലറ്റ് എന്നിവയെല്ലാം തരാതരം പോലെ ചേര്‍ത്തുള്ള സാന്ദ്രീകൃതാഹാരവും നിത്യവും നല്‍കും. ധാതുജീവക മിശ്രിതവും ഫീഡ് അപ്പ് യീസ്റ്റ്  പ്രോബയോട്ടിക് മിത്രാണു മിശ്രിതവും ലിവര്‍ടോണിക്കുകളും സാന്ദ്രീകൃതാഹാര മിശ്രിതത്തില്‍  ചേര്‍ക്കാന്‍ മനോജ് മറക്കാറില്ല.  മുതിര്‍ന്ന ഒരാടിന് പരുഷാഹാരത്തിന് പുറമെ 2-3 കിലോഗ്രാമെങ്കിലും സാന്ദ്രീകൃതാഹാര മിശ്രിതം നിത്യവും വേണ്ടിവരും. ഗർഭിണി ആടുകൾക്കും പ്രജനനത്തിന് ഉപയോഗിക്കുന്ന മുട്ടനാടുകൾക്കും പെണ്ണാടുകൾക്കും സാന്ദ്രീകൃതത്തീറ്റ ഒരൽപം കൂടി അധികം വേണ്ടതുണ്ട് . ഒപ്പം 24 മണിക്കൂറും ഫാമില്‍ ആടുകള്‍ക്ക് ശുദ്ധജലവും ഉറപ്പാക്കും. നാടൻ, മലബാറി ആടുകളെ അപേക്ഷിച്ച് തീറ്റച്ചെലവ് അൽപം അധികമാണെങ്കിലും ബീറ്റല്‍ ആടുകള്‍ക്ക് തീറ്റപരിവർത്തനശേഷിയും വളർച്ചാനിരക്കും കൂടുതലായതിനാലും വിപണിയില്‍  അതിനൊത്ത  വില ലഭിക്കുന്നതിനാലും  നഷ്ടമൊന്നുമില്ലെന്നാണ് മനോജ് പറയുന്നത്. 

beetel

ആടുവളര്‍ത്തല്‍ ഇപ്പോള്‍ പത്താണ്ടുകള്‍ പിന്നിട്ടെങ്കിലും തന്‍റെ ആടുകള്‍ക്ക്  ഫൈബര്‍ സ്ളേറ്റഡ് ഫ്ലോർ അടക്കമുള്ള അടക്കമുള്ള സാമഗ്രികള്‍ ഉപയോഗിച്ചുള്ള ഹൈടെക് കൂടുകൾ പണിയാൻ മനോജ് തയാറായിട്ടില്ല. കമുകിൻ തടിയും തെങ്ങിൻ തടിയും ഒക്കെ ചേർത്തടിച്ചാണ് ബീറ്റൽ ആടുകൾക്കുള്ള കൂടുകളെല്ലാം പണികഴിപ്പിച്ചിരിക്കുന്നത്. ആടുകൾക്കായി  ഹൈടെക്ക് കൂടുകള്‍ ഒരുക്കിയതുകൊണ്ട് ആട് സംരംഭത്തിന് പ്രത്യേകിച്ച് മെച്ചമൊന്നുമില്ലെന്നാണ് മനോജിന്‍റെ പക്ഷം. ആടുകള്‍ക്കു വേണ്ടി  മുടക്കുന്നതിനേക്കാള്‍ പണം മുടക്കി കൂടുകൾ പണിതീർത്താൽ ചെലവേറുമെന്ന് മാത്രമല്ല മുടക്കിയ പണം  തിരിച്ചുപിടിച്ച് ഫാം ലാഭത്തിലെത്താനുള്ള സമയം ഏറുകയും ചെയ്യും എന്ന വസ്തുത മനോജിനറിയാം.

വിജയരഹസ്യം പിഴവില്ലാത്ത പ്രത്യൽപാദന പരിപാലനം 

മനോജിന്‍റെ ആട് സംരംഭത്തിന്‍റെ വിജയരഹസ്യങ്ങളില്‍ പ്രധാനം ആടുകളുടെ  പിഴവില്ലാത്ത പ്രതുൽപാദന പരിപാലനമാണ്. 7-8  മാസം പ്രായമെത്തുമ്പോള്‍ തന്നെ ബീറ്റല്‍ പെണ്ണാടുകള്‍ മദിയുടെ ലക്ഷണങ്ങള്‍ (Heat) പ്രകടിപ്പിച്ചു തുടങ്ങുമെങ്കിലും ഒരു വയസ് പ്രായമെത്താതെ  ഫാമിൽ  ആടുകളെ ഇണ ചേര്‍ക്കാറില്ല.  മതിയായ വളര്‍ച്ചയെത്തുന്നതിനു മുമ്പ് പെണ്ണാടുകളെ ഇണ ചേര്‍ത്താല്‍ പ്രസവതടസമടക്കമുള്ള പ്രശ്നങ്ങള്‍ക്ക്  സാധ്യത ഉയര്‍ന്നതാണ്.  ഒന്നരവര്‍ഷം പ്രായമെത്തുമ്പോള്‍ മാത്രമേ ബീറ്റൽ മുട്ടനാടുകളെ  പ്രജനനാവശ്യങ്ങള്‍ക്ക്  ഉപയോഗിക്കാറുള്ളൂ. മാത്രമല്ല ഓരോ വര്‍ഷം കൂടുമ്പോഴും ഫാമിലെ മുട്ടനാടുകളെ മാറ്റി മേല്‍ത്തരം മുട്ടന്മാരെ  ഫാമിലെത്തിക്കാനും മനോജ് മറക്കാറില്ല. ആട് സംരംഭങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്നായ അന്തര്‍പ്രജനനം അഥവാ  രക്തബന്ധമുള്ള ആടുകള്‍ തമ്മിലുള്ള പ്രജനനം തടയുന്നതിന് വേണ്ടിയാണ്  ഈ മാറ്റല്‍ പ്രക്രിയ. 

സാധാരണഗതിയിൽ എല്ലാ 18-21 ദിവസം കൂടുമ്പോഴും പെണ്ണാടുകള്‍ മദിലക്ഷണങ്ങള്‍ കാണിക്കും. തുടര്‍ച്ചയായ കരച്ചില്‍, മറ്റ് ആടുകളുടെ പുറത്ത് ചാടികയറാൻ ശ്രമിക്കൽ, വാല്‍ തുടരെത്തുടരെ  ഇരു വശങ്ങളിലേക്കും ചലിപ്പിക്കല്‍, ഇടവിട്ട് മൂത്രമൊഴിക്കൽ , യോനിയിൽനിന്ന് കൊഴുത്ത സ്രവമൊഴുകല്‍, യോനീദളങ്ങള്‍ ചുവന്ന് വികസിക്കല്‍ തുടങ്ങിയ മദിലക്ഷണങ്ങള്‍ (estrous) മറ്റ്  ആടിനങ്ങളെ  അപേക്ഷിച്ച് ഏതു കാലാവസ്ഥയിലും തീവ്രമായി പ്രകടിപ്പിക്കുന്നവയാണ് ബീറ്റല്‍ ആടുകള്‍.  മദികാലം ഏകദേശം 28-30 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുമെങ്കിലും ലക്ഷണങ്ങള്‍ കണ്ടതിനു  ശേഷം   10 -16  മണിക്കൂറിനുള്ളില്‍ തന്നെ ആടുകളെ മുട്ടനാടിന് ഒപ്പം ഇണചേരാന്‍ വിടുന്നതാണ് ഇവിടെ പതിവ്. മറ്റ്  ആട് ജനുസുകളെ അപേക്ഷിച്ച് ബീറ്റൽ ആടുകളിൽ മദി കാലത്തിന്റെ ദൈർഘ്യം കുറവാണ് .

പെണ്ണാടുകളെ ഇണചേര്‍ത്ത് ഒന്നരമാസം കഴിയുമ്പോള്‍ തൃശൂരിലെ തന്നെ  വെറ്ററിനറി കോളജിലെത്തിച്ച് സ്കാനിംഗ് വഴി ഗര്‍ഭ പരിശോധന നടത്തുന്നതും മനോജിന്റെ പതിവാണ്. ഗര്‍ഭിണി ആടുകളെ നേരത്തെ തന്നെ തിരിച്ചറിയാന്‍ വേണ്ടിയാണിത്.  നല്ല ഗര്‍ഭകാല പരിചരണം നല്‍കി വളര്‍ത്തിയാല്‍ ഏകദേശം 150 -155  ദിവസം വരെ നീളുന്ന ഗര്‍ഭകാലം കഴിഞ്ഞാല്‍ നല്ല  ഓജസും ആരോഗ്യവുമുള്ള രണ്ടോ മൂന്നോ കുഞ്ഞുങ്ങള്‍ ഉറപ്പാണ്. 

ബീറ്റൽ പെണ്ണാടുകൾക്ക് ഒന്നര വയസ്സ് പ്രായമെത്തുമ്പോള്‍ ആദ്യം പ്രസവം നടക്കും. മൂന്നു മാസം വരെ  പാല്‍ തന്നെയാണ് ആട്ടിന്‍കുട്ടികളുടെ  പ്രധാന ആഹാരം.  ഒപ്പം ഈ കാലയളവിൽ  കുറഞ്ഞ അളവില്‍ തീറ്റപ്പുല്ലരിഞ്ഞും സാന്ദ്രീകൃതാഹാരവും ധാതുജീവക മിശ്രിതവും കുഞ്ഞുങ്ങൾക്ക്  നല്‍കുന്നതും പതിവാണ്. മൂന്നുമാസം പിന്നിടുന്നതോടെ പാല്‍കുടി അവസാനിപ്പിക്കും. അപ്പോള്‍ ഏകദേശം  15 -18  കിലോയെങ്കിലും ശരീരതൂക്കം കുഞ്ഞുങ്ങള്‍ക്കുണ്ടാകും. കുഞ്ഞുങ്ങളുടെ പാല്‍ കുടി നിര്‍ത്തിയാലും തുടര്‍ന്ന് 3-4 മാസംവരെ ആടിനെ കറവ നടത്താം.  പ്രസവം കഴിഞ്ഞ് മൂന്ന് മാസം പിന്നിടുമ്പോള്‍ തന്നെ തള്ളയാടുകള്‍ വീണ്ടും മദിയുടെ ലക്ഷണങ്ങള്‍ കാണിക്കുമെങ്കിലും  അഞ്ചു മാസം പിന്നിടുമ്പോള്‍  മാത്രമേ വീണ്ടും ഇണചേര്‍ക്കാറുള്ളൂ. അതിനാൽ രണ്ടു  പ്രസവങ്ങൾ തമ്മിലുള്ള ഇടയകലം പത്തുമാസം വരെ നീളും.  ഇങ്ങനെ ബീറ്റല്‍ ആടുകളുടെ പരിപാലനത്തില്‍ ചില ചിട്ടവട്ടങ്ങള്‍ ഒക്കെ മനോജിനുണ്ട്. പിഴവില്ലാത്ത ഈ പരിപാലനമുറകളെല്ലാം തന്‍റെ ആടുവളര്‍ത്തല്‍  അനുഭവങ്ങളില്‍നിന്നും മനോജ്  സ്വായത്തമാക്കിയതാണ്.

ബീറ്റൽ ആടിന്റെ ആരോഗ്യപാലനം 

പഞ്ചാബിമൊഞ്ചുള്ള  ആടുകളാണെങ്കിലും ഉയര്‍ന്ന അന്തരീക്ഷ ഈര്‍പ്പമുള്ള  കേരളത്തിലെ കാലാവസ്ഥയില്‍  ബീറ്റല്‍ ആടുകളില്‍ രോഗങ്ങള്‍ ഒരിത്തിരി കൂടുതലാണെന്നാണ് മനോജിന്‍റെ അനുഭവപാഠം.  ബീറ്റൽ അടുകൃഷിയിലെ പ്രധാന വെല്ലുവിളിയും ഉയർന്ന രോഗനിരക്ക് തന്നെ. ശ്വാസകോശരോഗങ്ങളും ശരീരത്തില്‍ കഴലകളോട് ചേര്‍ന്ന് പഴുപ്പ് വന്ന് നിറഞ്ഞ്  പൊട്ടുന്ന  ബാക്ടീരിയല്‍ ( കോർണി ബാക്റ്റീരിയൽ രോഗം   - കാഷ്യസ് ലിംഫ് അഡിനൈറ്റിസ്) രോഗവും വൈറസുകൾ കാരണമുണ്ടാവുന്ന ഓർഫ്  രോഗവുമാണ് ആരോഗ്യപ്രശ്നങ്ങളില്‍ മുഖ്യം.  വിരമരുന്നുകള്‍  നല്‍കുന്നതില്‍ വീഴ്ച വന്നാൽ  നാടവിരകളും ഉരുളന്‍ വിരകളും ആടുഫാമിലെത്തും. വലിയ അകിടും  നീണ്ട മുലക്കമ്പുകളും  നല്ല പാലുൽപാദനവുമുള്ള  ആടുകളായതിനാല്‍ അകിടുവീക്കത്തിനും സാധ്യത ഉയര്‍ന്നതാണ്. പാല്‍ കെട്ടിനില്‍ക്കാന്‍ ഇടവരാതെ പാല്‍ അകിടില്‍നിന്ന് പൂര്‍ണമായും കറന്നെടുക്കൽ, കറന്നതിന് ശേഷം മുലക്കാമ്പുകള്‍ പോവിഡോണ്‍ അയഡിന്‍ ലായനിയില്‍ അല്‍പ്പസമയം മുക്കിവയ്ക്കല്‍ തുടങ്ങിയ  കാര്യങ്ങളെല്ലാം ബീറ്റൽ കറവയാടുകളുടെ  പരിചരണത്തില്‍ പ്രധാനമാണെന്ന്  മനോജ് പറയുന്നു. 

ഫാമിലേക്ക് പുതിയ ആടുകളെ കൊണ്ടുവരുമ്പോള്‍  മുഖ്യഷെഡിലെ ആടുകള്‍ക്കൊപ്പം  ചേര്‍ക്കാതെ രണ്ടാഴ്ചയെങ്കിലും മാറ്റിപ്പാര്‍പ്പിച്ച്  പ്രത്യേകം ക്വാറന്‍റൈന്‍ നല്‍കാനും ആവശ്യമെങ്കില്‍  രക്തപരിശോധന നടത്താനും  മനോജ് മടിക്കാറില്ല. ഫാമിലെ മാതൃ-പിതൃ ശേഖരത്തെയെല്ലാം (പാരന്‍റ് സ്റ്റോക്ക്) ഇന്‍ഷുര്‍ ചെയ്ത് സാമ്പത്തിക സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം ആടുകൾക്കെല്ലാം ആടുവസന്ത / PPR തടയാനുള്ള പ്രതിരോധ കുത്തിവയ്പുകളും നൽകിയിട്ടുണ്ട്.  തന്‍റെ നൃത്താധ്യാപനം കഴിഞ്ഞ് രാവിലെയും വൈകുന്നേരവും ലഭിക്കുന്ന  ഒഴിവുവേളകളിലാണ് മനോജിന്‍റെ ബീറ്റല്‍ ആട് പരിപാലനം.

പോക്കറ്റ് നിറയ്ക്കാൻ ബീറ്റൽ

പൂര്‍ണ വളര്‍ച്ചയെത്തിയ ബീറ്റല്‍ പെണ്ണാടിന് 60-75 കിലോഗ്രാം വരെ ശരീരത്തൂക്കമുണ്ടാവും. പൂര്‍ണ വളര്‍ച്ചയെത്തിയ  മുട്ടനാടിന്‍റെ ശരീരതൂക്കം 80-120 കിലോഗ്രാം വരെയെത്തും. സാധാരണഗതിയിൽ  ആടുകളുടെ വിപണി വില നിർണയിക്കുന്നത്  ശരീരതൂക്കം നോക്കിയാണെങ്കിൽ ബീറ്റല്‍ ആടുകളുടെ  വില നിശ്ചയിക്കുന്നത് ശരീരതൂക്കം നോക്കി മാത്രമല്ല. ജനുസസിന് പ്രത്യേകമായുള്ള ബ്രീഡ്  മൂല്യവും മോഹവിലയും ബീറ്റല്‍ ആടിന്‍റെ വില നിര്‍ണ്ണയത്തില്‍ പ്രധാനമാണന്ന് മനോജ് പറയുന്നു. മൂന്ന് മാസം  പ്രായമെത്തിയ ആട്ടിന്‍ കുഞ്ഞുങ്ങളുടെ വിപണനം തന്നെയാണ് ഫാമിൽ നിന്നുള്ള പ്രധാന വരുമാനമാർഗം. ഇതു കൂടാതെ പാലും ആട്ടിന്‍ കാഷ്ഠവും ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ട് . ചെറുതല്ലാത്ത വരുമാനം ഇതില്‍ നിന്നും മനോജിന്‍റെ കയ്യിലെത്തും. 

മൂന്ന് മാസം  പ്രായമെത്തിയ 15 -20  കിലോഗ്രാമിനിടയിൽ  ശരീരതൂക്കമുള്ള  കുഞ്ഞിന്  15,000 രൂപയോളം  വിപണിയില്‍ ഇന്നു മോഹവിലയുണ്ട്. വിലനിലവാരം കേൾക്കുമ്പോൾ അൽപം അതിശയോക്തി തോന്നാമെങ്കിലും  ഇത്രയും തുക മുടക്കി ശുദ്ധജനുസ് ബീറ്റല്‍ ആടുകളെ സ്വന്തമാക്കാന്‍ ആടുപ്രേമികൾ ഏറെയുണ്ടെന്നാണ് മനോജിന്‍റെ അനുഭവം. ആദ്യ ഗഡു തുക മുന്‍കൂറായി അടച്ച് മനോജിന്‍റെ ഫാമില്‍ നിന്നുള്ള ആട്ടിന്‍കുഞ്ഞുങ്ങളെ  ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരും  ഉണ്ട്.  ആടുവളര്‍ത്തലില്‍ അറിവും  അവഗാഹവും നേടിയ ഏതൊരാള്‍ക്കും മലബാറി ആടുകളെപ്പോലെ തന്നെ കേരളത്തിന്‍റെ സാഹചര്യത്തില്‍ തിരഞ്ഞെടുത്ത് വളര്‍ത്താവുന്നതും വരുമാനം ഉണ്ടാക്കാവുന്നതുമായ ജനുസാണ് കറുപ്പിന്‍റെ അഴകും കരുത്തുമേകിയ ബീറ്റല്‍ ആടുകളെന്ന് തന്റെ ഒരു പതിറ്റാണ്ട് നീണ്ട അനുഭവത്തിന്റെ വെളിച്ചത്തിൽ മനോജ് ഉറപ്പു നല്‍കുന്നു.

ഫോൺ: 9847686471

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com