‘മുയൽ കുഞ്ഞുങ്ങളെ എങ്ങനെ വിപണനം ചെയ്യും?’ ഒരു ലളിത മാർഗം പരിചയപ്പെടാം

HIGHLIGHTS
  • pasteurella മൾട്ടോസിഡാ എന്ന് പറയുന്ന ഒരു ബാക്ടീരിയ ഉണ്ടാകുന്ന ഒരു രോഗം
rabbit
SHARE

സുശീല എന്നെ വിളിച്ചത് ‘മുയൽ കുഞ്ഞുങ്ങളെ എങ്ങനെ വിപണനം ചെയ്യും’ എന്ന് ചോദിച്ചാണ്.

ഒരു ന്യൂസിലാൻഡ് വൈറ്റ് ഇണകളുമായി തുടങ്ങിയതാണ് സുശീല മുയൽവളർത്തൽ, മകന്റെ നിർബന്ധത്തിന്. അവന്റെ ആദ്യത്തെ താൽപര്യവും ആവേശവും ഒക്കെ പോയി മുയൽ സുശീലയുടെ തലയിലായി. മുയൽ പെട്ടെന്ന് പെട്ടെന്ന് പ്രസവിച്ചു. ആദ്യത്തെ കുറെ കുഞ്ഞുങ്ങൾ ഒക്കെ ഓസിനു പോയി. എണ്ണം കൂടി. കൂടു വലുതാക്കി. എങ്ങനെ വിപണനം നടത്തും എന്ന് അറിയാതെ സുശീല വിഷമിക്കുകയാണ്. ‌

ഞാൻ പറഞ്ഞു ‘സുശീല തൽക്കാലം ഒരു കാര്യം ചെയ്യൂ. ഒരു ഒരു ബോർഡ് എഴുതി വീടിന്റെ മുൻപിൽ വയ്ക്കൂ.’

‘വലിയ റോഡ് ഒന്നും അല്ല ഡോക്ടർ പഞ്ചായത്ത് റോഡാ’. ‘അതു കുഴപ്പമില്ല. അതിലെ പോകുന്നവർ എന്തായാലും വായിക്കും. അവർ ആരോടെങ്കിലും ഒക്കെ പറയും ഫെയ്സ്ബുക്കും വാട്സാപ്പും വഴിയും പരസ്യം ചെയ്യാം.’

പിന്നെ സുശീല എന്നെ വിളിച്ചത് ‘വലിയ കുഴപ്പമില്ലാതെ ഓർഡർ ഉണ്ട്’ എന്ന് പറയാൻ ആയിരുന്നു. എനിക്ക് സന്തോഷമായി പോരെങ്കിൽ സുശീല ന്യൂസിലാൻഡ് വൈറ്റിനു പുറമേ സോവിയറ്റ് ചിഞ്ചിലയെയും, ഗ്രേ ജയന്റിനെയും കൂടെ വാങ്ങി ഇത്തിരി സീരിയസ് ആയിട്ട് തന്നെ മുയൽവളർത്തൽ തുടങ്ങി.

അഞ്ചാറു മാസം കഴിഞ്ഞാണു പിന്നീട് സുശീല വിളിക്കുന്നത്. ‘ഒരു പ്രശ്നം ഉണ്ടല്ലോ ഡോക്ടറെ. മുയലിന് ഒരു പ്രശ്നം. ഒരു പനി പിടിച്ച പോലെ നിൽക്കുന്നു. തീറ്റയും തിന്നുന്നില്ല. തുമ്മലും, മുക്കീന്ന് ഒലിപ്പും.’

‘എന്തായാലും ലക്ഷണം കാണിക്കുന്നവരെ പെട്ടെന്നു മാറ്റിയിട്ടോളൂ. ഞാൻ വരാം.’ഞാൻ സുശീലയുടെ വീട്ടിലെത്തുമ്പോൾ വല്ലാത്ത അമോണിയ മണം. കൂടിനടിയിൽ കഷ്ഠവും മൂത്രവും കുന്നുകൂടിയിട്ടുണ്ട്.

‘ഇതെന്താ ഈ മൂത്രവും ചാണകവും ഇങ്ങനെ കുന്നുകൂടിക്കിടക്കുന്ന കിടക്കുന്നത് പല അസുഖങ്ങളും വരില്ലേ?’

‘ഞാൻ പനിപിടിച്ച് ഒരാഴ്ച കി ടന്നുപോയി ഡോക്ടറെ അതാ.’

മുയലുകളെ ഞാൻ പരിശോധിച്ചു.

‘ഇത് പാസ്‌ച്ചറെല്ലോസിസ് ആണല്ലോ സുശീലേ.’

‘ഡോക്ടർ അതെന്താ?’

‘അത് pasteurella മൾട്ടോസിഡാ എന്ന് പറയുന്ന ഒരു ബാക്ടീരിയ ഉണ്ടാകുന്ന ഒരു രോഗമാണ്.’

സുശീലയുടെ മുഖം മങ്ങി. ‘ഇതെങ്ങനെയാ വരുന്നത്?’

‘ജനിക്കുമ്പോൾത്തന്നെ അമ്മയിൽനിന്നും കിട്ടാം. പോരാതെ മൂക്കിലും ശാസനാളത്തിന്റെ മുകൾ ഭാഗത്തും ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ കഴിയാനും ഇവയ്ക്കു കഴിയും പിന്നെ രോഗമുള്ളവയുമായുള്ള സമ്പർക്കത്തിൽനിന്നും തീറ്റപ്പാത്രം  വെള്ളപ്പാത്രം എന്നിവയിൽനിന്നുമൊക്കെ പകരാം.’

‘കുഞ്ഞുങ്ങളെയാണ് സാധാരണ ബാധിക്കുന്നത്. സ്ട്രെസ് രോഗം വരുത്തും.’

‘അതെന്താ?’

‘കൊറോണയുടെ കാര്യം പറയുന്നതുപോലെ ഇമ്മ്യൂണിറ്റി കുറയുമ്പോൾ രോഗം വരാം. ഈ കാഷ്ഠവും മൂത്രവും കൂടി കിടന്നുണ്ടാകുന്ന അമോണിയയുടെ മണം, സിഗരറ്റ് മണം, പെർഫ്യൂം പൊടി, പൂക്കൾ, ബ്ലീച്ച്, ക്ലീനിങ് സൊലൂഷൻ, സോപ്പ് ഇതിനെയൊക്കെ മണം മുയലിന് സ്ട്രെസ് ഉണ്ടാക്കും.’

‘അയ്യോ.’

‘മൂക്കിൽ തുടങ്ങി കണ്ണിലേക്കും ചെവിയിലേക്കും രക്തത്തിലൂടെ എല്ലാ അവയവങ്ങളിലേക്കും, ശ്വാസനാളത്തിന്റെ മുകൾ ഭാഗത്തുനിന്ന് താഴേക്കെത്തി ശ്വാസകോശത്തെയും സന്ധികളെയും എല്ലുകളെയും വരെ ബാധിക്കാം. തൊലിയിലും ശ്വാസകോശത്തിലും കരളിലും പഴുപ്പ് നിറഞ്ഞ പരുകൾ ഉണ്ടാകും. മൂക്കിന്റെ എല്ലും കാർട്ടിലേജും നശിക്കും. ജനനേന്ദ്രിയത്തെ ബാധിച്ചാൽ വൃഷണങ്ങൾക്കു വീക്കം, ഗർഭപാത്രത്തിൽ പഴുപ്പ് നിറഞ്ഞ് pyometraയും ഉണ്ടാകാം. മുഖത്തെ ഒരു വശത്തെ നേർവിനെ ബാധിച്ച് ആ വശത്തിനു തളർച്ചയുണ്ടാകും. ആ വശത്തെ താടി തൂങ്ങിക്കിടക്കും.’ ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.

സുശീലയുടെ കണ്ണിൽനിന്നും കണ്ണീർ ധാരയായി.

‘അയ്യേ കരയുന്നോ?’ ഞാൻ സുശീലയെ ചേർത്തുപിടിച്ചു.

‘ഇതിപ്പോ തുടക്കമല്ലേ ആന്റിബയോട്ടിക് കൊടുത്ത് ഭേദമാക്കാം. കുറച്ചു ദിവസം ചികിത്സ വേണ്ടിവരും. പിന്നെ ഇനി നന്നായിട്ട് സൂക്ഷിച്ചാൽ മതി. കൂടും പരിസരവും എപ്പോഴും വൃത്തിയായിരിക്കണം. കാഷ്ഠവും മൂത്രവും ദിവസവും നീക്കം ചെയ്യണം.’

‘അത് ചെയ്തോളാം’ കണ്ണീരിൽ കുതിർന്ന ഒരു ചിരി സുശീലയുടെ മുഖത്ത് വിരിഞ്ഞു .

‘ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?’

‘ബാധിക്കുന്ന അവയവങ്ങൾ അനുസരിച്ചാണ് ലക്ഷണങ്ങൾ. മൂക്കിലാവും തുടക്കം. കാലിന്റെ അടിയിൽ നനവ്. ഈ മൂക്കൊലിപ്പ് തുടയ്ക്കാൻ ശ്രമിക്കുന്നതാണ്. ആദ്യം മൂക്കൊലിപ്പ് ക്ലിയർ ആവും. പിന്നീട് കൊഴുത്ത ഒട്ടുന്നത് ആകും. രക്തമയം ഉണ്ടാവും. പിന്നീട് രക്തം ആകും വരുന്നത്.

കണ്ണിനു വീക്കം. കണ്ണിൽനിന്നും ഒഴുക്കും ഉണ്ടാവും. പിന്നെ ചെവിയിൽ എത്തിയാൽ ചെവിയുടെ ബാലൻസ് പോകും. മനുഷ്യർക്ക് vertigo വരുന്നത് പോലെയുള്ള അവസ്ഥ ഉണ്ടാകും. മുയലിന് തല കറക്കം, വേപ്പൽ ഒക്കെ വരും. ചെവി കുടയും, ചൊറിയും. ചെവിക്കുള്ളിൽ പഴുപ്പും ഉണ്ടാവാം. നമ്മളെപ്പോലെ വായിലൂടെ ശ്വസിക്കാൻ മുയലിന് പറ്റില്ല. അതിനു മൂക്കിലൂടെ മാത്രമേ ശ്വസിക്കാൻ പറ്റൂ. അപ്പോൾ ഈ മുക്കട്ട അടിഞ്ഞ് മൂക്ക് അടഞ്ഞു പോയാൽ അത് ശ്വാസംമുട്ടി ചാവും.’

‘ഉവ്വോ?’

‘മൂക്ക് ക്ലിയർ ആകാനുള്ള മരുന്നുകൾ കൂടി ചെയ്യേണ്ടിവരും.’

‘ഈ ബാക്ടീരിയ ചില ടോക്സിനുകൾ ഉണ്ടാകും. അതും വളരെ ദോഷം ചെയ്യും.’

ഞാൻ മരുന്നുകൾ കുറിച്ചു.

ആശങ്ക അകലാത്ത മുഖത്തോടെ സുശീല എന്നെ യാത്രയാക്കി.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA