sections
MORE

നല്ല ഡോഗ് ബ്രീഡറാകാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

HIGHLIGHTS
  • ബ്രീഡിങ് വേണ്ടെങ്കിൽ ഗർഭനിരോധനം
  • വിപണിയറിഞ്ഞാവണം ഇനം
dog-and-puppies
SHARE

ഡോഗ് ബ്രീഡിങ് എന്നത് പുതുതലമുറയെ ഏറെ  ആകർഷിക്കുന്ന ഒരു മേഖലയാണ്. തിരഞ്ഞെടുത്ത ആണിനെയും പെണ്ണിനെയും  ഇണചേര്‍ത്ത് അടുത്ത തലമുറയെ ഉല്‍പ്പാദിപ്പിക്കുന്നതിനു  പറയുന്ന പേരാണ് പ്രജനനം അഥവാ ബ്രീഡിങ്. ശുദ്ധജനുസിൽപ്പെട്ട  ഒന്നോ രണ്ടോ പെണ്‍പട്ടികളെ വളര്‍ത്തി, അവയെ വര്‍ഷത്തിലൊരിക്കല്‍ വീതം നാട്ടിലുള്ള നല്ല വര്‍ഗഗുണമുള്ള ഏതെങ്കിലും ആണ്‍ നായയുമായി ഇണ ചേര്‍ത്തു കുട്ടികളെ വില്‍ക്കുന്ന  ഒരു സംരംഭമായിരിക്കും ഒരു ബ്രീഡറുടെ ലക്ഷ്യം.

വേണം ശരിയായ തീരുമാനം

നായ്ക്കളുടെ ബ്രീഡിങ് രംഗത്തേക്കു  കടക്കേണ്ടത് കൃത്യമായ ഗൃഹപാഠങ്ങൾക്കു ശേഷമാവണം. ഈ മേഖല തനിക്കു പറ്റിയതാണോ എന്നതാവണം ആദ്യ തീരുമാനം. നായ്ക്കളുടെ പ്രജനനം ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ട കാര്യമാണ്. നമ്മുടെ നായയുടെ അതേ ഇനത്തില്‍പ്പെട്ട ആരോഗ്യമുള്ള നായയെ കണ്ടുപിടിച്ച്, കൃത്യസമയം കണക്കാക്കി, ചെനപിടിപ്പിക്കുന്നതും, പ്രസവമെടുക്കുന്നതും കുഞ്ഞിനെ പരിപാലിക്കുന്നതു മെല്ലാം ബുദ്ധിമുട്ടുള്ള കാര്യങ്ങളാണെന്നോർക്കുക.

ബ്രീഡിങ് വേണ്ടെങ്കിൽ ഗർഭനിരോധനം

ബ്രീഡിങ്ങിനു സമയമോ സൗകര്യമോ താത്പര്യമോ ഇല്ലെങ്കില്‍ നായയെ വന്ധ്യംകരണത്തിനു വിധേയമാക്കുന്നതാണ് നല്ലത്. ഇന്നു നാം കാണുന്ന ഓരോ ഇനവും നൂറുകണക്കിനു വര്‍ഷങ്ങളിലൂടെ ശ്രദ്ധാപൂര്‍വം നടത്തപ്പെട്ട  പ്രജനനത്തിലൂടെയും തിരഞ്ഞെടുപ്പിലൂടെയും ഉരുത്തിരിയിച്ചെടുത്തതാണ്. പല ജനങ്ങളെ തമ്മിൽ ഇണ ചേർത്ത്  സങ്കരയിനങ്ങളെ ഉല്‍പാദിപ്പിക്കുന്നത് അത്തരം ഇനങ്ങളുടെ തനിമ നഷ്ടപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ. ആണ്‍ നായ്ക്കളുടെ വന്ധ്യംകരണം എല്ലാ മൃഗാശുപത്രികളിലും നടത്തുന്ന ലളിതമായ ശസ്ത്രക്രിയയാണ്. പെണ്‍പട്ടികളുടെ കാര്യത്തില്‍ ഗര്‍ഭപാത്രം എടുത്തുകളയേണ്ടതുണ്ട്.  മൃഗാശുപത്രികളിൽ ഇപ്പോള്‍ ഇത്തരം  ശസ്ത്രക്രിയകള്‍ സാധാരണമാണ്. നാലു മാസം പ്രായം മുതല്‍ എപ്പോള്‍ വേണമെങ്കിലും  ഇതു നടത്താം. വന്ധ്യംകരണംമൂലം നായ്ക്കളുടെ ആരോഗ്യത്തിന് ഒരു തകരാറും സംഭവിക്കുന്നില്ല. കൂടുതല്‍ ഇണക്കത്തോടെ അധികകാലം അവ ജീവിക്കുകയും ചെയ്യും.

വിപണിയറിഞ്ഞാവണം ഇനം

നായക്കുഞ്ഞുങ്ങളുടെ വിപണനത്തെ ഏറ്റവും സ്വാധീനിക്കുന്ന ഘടകം അതിന്റെ ജനുസും ശരീരഗുണങ്ങളുമാണ്. എല്ലാ ജനുസുകള്‍ക്കും എപ്പോഴും ഒരേ തരത്തില്‍  ആവശ്യക്കാരുണ്ടാകണമെന്നില്ല.  പരസ്യങ്ങളിലും സിനിമകളിലും പ്രത്യക്ഷപ്പെടുന്ന ചില ജനുസുകള്‍ക്ക് കുറച്ചു നാളത്തേക്ക് വിപണിയിൽ ഡിമാൻഡ് ഉണ്ടാവാം. എല്ലാ കാലത്തും വിപുലവും സ്ഥിരവുമായ വിപണി വാഗ്ദാനം ചെയ്യുന്നതു ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ലാബ്രഡോര്‍, ഡോബര്‍മാന്‍, റോട്ട് വീലര്‍  തുടങ്ങിയ ഇനങ്ങളാണ്.  പഗ്, ബോക്‌സര്‍, ബാസറ്റ് ഹൗണ്ട്, ഐറിഷ് സെറ്റര്‍ മുതല്‍ അപൂര്‍വങ്ങളായ വെയിര്‍മാര്‍നര്‍, അഫ്ഗാന്‍ ഹൗണ്ട് തുടങ്ങിയ ഇനങ്ങള്‍ക്കു പരിമിതമായ  സമൂഹത്തിലാണ്  ഡിമാന്‍ഡ്.

തയാറെടുപ്പ്  ചെറുപ്പം മുതൽ

ഇണ ചേര്‍ക്കാനും കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കാനുമുള്ള ഉദ്ദേശ്യത്തോടെയാണ് നമ്മള്‍ പെണ്‍പട്ടിയെ വളര്‍ത്തുന്നതെങ്കില്‍, അതിനുള്ള തയാറെടുപ്പുകള്‍ അവയുടെ ചെറുപ്പത്തിലേ തുടങ്ങണം. കുഞ്ഞുനാളിലേ മുതലുള്ള ചിട്ടയായ പരിചരണവും, ലാളനയുംകൊണ്ട് ഉടമയിലുള്ള വിശ്വാസം  വളര്‍ത്തിയെടുക്കണം. അല്ലാത്തപക്ഷം പ്രസവസമയത്തും അതിനുശേഷവും പട്ടിക്കുഞ്ഞുങ്ങളെ വൃത്തിയാക്കാനോ പാല്‍ കുടിപ്പിക്കാനോ കയ്യിലെടുക്കുമ്പോള്‍ തള്ള ആക്രമണത്തിനു തുനിഞ്ഞേക്കാം. 

ഇണചേർക്കുന്ന പ്രായം

ചെറിയ ഇനങ്ങളില്‍പ്പെട്ട പെണ്‍പട്ടികള്‍ 7-9 മാസം  പ്രായത്തിലും വലിയ ഇനത്തില്‍പ്പെട്ടവ 14-16 മാസത്തിനുള്ളിലും ആദ്യ മദിലക്ഷണങ്ങള്‍ കാണിക്കുന്നു. പിന്നീടു വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ഏതാണ്ട് കൃത്യമായ  ഇടവേളകളില്‍ മദി പ്രകടമാക്കും. പെണ്‍പട്ടിയെ ആദ്യമായി ഇണ ചേര്‍ക്കാന്‍ ഏറ്റവും പറ്റിയ സമയം രണ്ടു വയസ് പ്രായത്തോടടുത്താണ്.  ആദ്യ മദിയില്‍ത്തന്നെ ഇണ ചേര്‍ക്കുന്നതു തീര്‍ച്ചയായും ഒഴിവാക്കണം. കൂടാതെ എന്തെങ്കിലും രോഗബാധയ്ക്കു ശേഷം  വരുന്ന മദിയിലോ കൃത്യമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ കാണുന്ന മദിയിലോ ഇണ ചേര്‍ക്കാതിരിക്കുന്ന താണ് നല്ലത്.  

ഇണ ചേർക്കാനുള്ള സമയം

പെണ്‍പട്ടികളുടെ മദിചക്രം ഏറെ പ്രത്യേകതകളുള്ളതാണ്. ഏകദേശം രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കൂന്ന ആരംഭഘട്ടവും പിന്നീട് രണ്ടു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന മദിഘട്ടവുമാണ്  ഇവയില്‍ പ്രധാനം. ആരംഭഘട്ടത്തിലാണ് രക്തസ്രാവം ഉണ്ടാകുന്നത്. ആദ്യ ദിവസങ്ങളില്‍ ഇരുണ്ടു ചുവന്ന നിറത്തോടെ കട്ടിയായി ആരംഭിക്കുന്ന രക്തസ്രാവം ഏതാണ്ട് 7-9 ദിവസമാകുമ്പോള്‍ നേര്‍ത്തു നില്‍ക്കുന്നു. ഇപ്പോഴാണ് യഥാര്‍ത്ഥ  മദിഘട്ടം. ഈ ഘട്ടത്തിലാണ് പെണ്‍പട്ടി ഇണയെ സ്വീകരിക്കാന്‍  തയ്യാറാക്കുക. ഇതിനു മുന്‍പും പിന്‍പും തന്നെ സമീപിക്കുന്ന ആണ്‍പട്ടിയെ ആക്രമിക്കുന്നതും  ഇണചേരാന്‍  അനുവദിക്കാതിരിക്കുന്നതും സ്വാഭാവികമാണ്.

ഉചിതമായ സമയം പരിശോധന വഴി

പെൺപട്ടികളെ ഇണ ചേര്‍ക്കാന്‍ ഏറ്റവും പറ്റിയ  സമയം ലളിതമായ പരിശോധനയിലൂടെ നിര്‍ണയിക്കാം. ഇതിനുള്ള സൗകര്യം മിക്ക മൃഗാശുപത്രി കളിലും ലഭ്യമാണ്. അണ്ഡവിസര്‍ജ്ജനം ഏതാണ്ട് ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. എന്നതുകൊണ്ടും ബീജത്തിനും അണ്ഡത്തിനും ദിവസങ്ങളോളം  പെണ്‍പട്ടിയുടെ  ഗര്‍ഭപാത്രത്തില്‍ നിലനില്‍ക്കാമെന്നതുകൊണ്ടും ഇണചേര്‍ന്ന ദിവസംതന്നെ  ഗര്‍ഭധാരണം നടന്നുകൊള്ളണമെന്നില്ല.  ഇതാണ് ഗര്‍ഭകാലത്തിന്റെ ദൈര്‍ഘ്യത്തില്‍ ഏതാനും ദിവസങ്ങളുടെ വ്യത്യാസം വരുന്നതിനുള്ള കാരണം. സാധാരണ ഗതിയില്‍ അണ്ഡ-ബീജ സംയോജനം കഴിഞ്ഞ് 58-60 ദിവസം കഴിഞ്ഞാണ്  പ്രസവം നടക്കുക. 

ആൺ നായയുടെ തിരഞ്ഞെടുപ്പ് പ്രധാനം

കുഞ്ഞുങ്ങളുടെ ഗുണങ്ങളില്‍ പകുതിയും സംഭാവന ചെയ്യുന്നത് ആണ്‍നായയാണെന്ന കാര്യം ഓർക്കുക. ആണ്‍നായയുടെ  ശരീരാകൃതി, വലുപ്പം, നിറം, രോമത്തിന്റെ നീളം തുടങ്ങിയവ ശുദ്ധജനുസുകള്‍ തമ്മില്‍ ഇണചേരുമ്പോള്‍ ഏകദേശം  അതേപടി കുഞ്ഞുങ്ങളില്‍ പകര്‍ത്തപ്പെടുന്നു.

ശുദ്ധജനുസ്സില്‍പ്പെട്ട 2-3 വയസ് പ്രായമുള്ള ആൺനായയെ  വേണം ഇണചേര്‍ക്കാനായി തിരഞ്ഞെടുക്കാന്‍. ഇണചേരൽ വഴി പകരുന്ന  ഏതാനും രോഗങ്ങളുണ്ട്. ഉദാ: ബ്രൂസല്ലോസിസ്, ഹെര്‍പ്പിസ് തുടങ്ങിയവ. ആണ്‍നായ്ക്കളെ എല്ലാ വര്‍ഷവും ഇത്തരം രോഗങ്ങള്‍ കണ്ടുപിടിക്കാനുള്ള  പരിശോധനകള്‍ക്കു വിധേയമാക്കേണ്ടതുണ്ട്. പല ഉടമസ്ഥരും ഇണചേര്‍ക്കാന്‍ കൊണ്ടുപോകുന്നതിനു രണ്ടു ദിവസം മുന്‍പു മുതല്‍ ഇണചേര്‍ന്ന്  മൂന്നു ദിവസം കഴിയുന്നതുവരെ തുടര്‍ച്ചയായി പെണ്‍പട്ടികള്‍ക്ക് ആന്റിബയോട്ടിക് ഗുളികകള്‍ നല്‍കുന്നതിന് ഒരു കാരണം ഈ രോഗഭയമാണ്

നായ്ക്കളെ ഇണ ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

  • രക്തസ്രാവം തുടങ്ങി ഏതാണ്ട് 7-8 ദിവസം കഴിഞ്ഞാല്‍ പെണ്‍പട്ടിയെ മൃഗാശുപത്രിയില്‍ കൊണ്ടുപോയി വജൈനല്‍ സൈറ്റോളജി പരിശേധനയ്ക്ക് വിധേയമാക്കുക. മിക്കവാറും ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ പരിശോധന ആവശ്യമായി വന്നേക്കാം. ഇണ ചേര്‍ക്കാന്‍ ഏറ്റവും പറ്റിയ സമയം ഡോക്ടർ നിര്‍ദ്ദേശിക്കും. 
  • പരിശോധനയ്ക്ക് സൗകര്യമില്ലാത്ത സ്ഥലമാണെങ്കില്‍ രക്തസ്രാവം നില്‍ക്കുന്ന ദിവസം ആണ്‍നായയുടെ സമീപത്ത് കൊണ്ടുചെല്ലുക. അന്ന് അവ ഇണ ചേര്‍ന്നില്ലെങ്കില്‍ തൊട്ടടുത്ത ദിവസമോ അതിനടുത്ത ദിവസമോ ഇണചേരും. 
  • ഒന്നാമത്തെ മദി കഴിഞ്ഞാലുടന്‍ ഇണ ചേരേണ്ട  ആണ്‍നായയെ കണ്ടുവയ്ക്കണം.  രക്തസ്രാവം കണ്ടുതുടങ്ങിയാലുടനെതന്നെ ആണ്‍നായയുടെ ഉടമസ്ഥനെ പെണ്‍പട്ടി എത്തുന്ന വിവരം അറിയിക്കണം. രക്തസ്രാവം നിന്ന ദിവസംതന്നെ പെണ്‍പട്ടിയെ ആണ്‍നായയുടെ കൂട്ടിലെത്തിക്കണം. അവ തമ്മില്‍ പരിചയപ്പെടാന്‍ ഒരു ദിവസം നല്‍കണം. 
  • ഇണ ചേരാൻ പെണ്‍പട്ടി വിസമ്മതം പ്രകടിപ്പിക്കുകയാണെങ്കില്‍ അതിനെ ബലംപ്രയോഗിച്ചു നിയന്ത്രിച്ചു നിര്‍ത്തിക്കൊടുക്കരുത്. വായടച്ചു കെട്ടുക, തിരിയുവാനിടം കൊടുക്കാത്തതരം കൂട്ടില്‍ നിര്‍ത്തുക തുടങ്ങിയവ പെണ്‍പട്ടിയുടെ മരണത്തില്‍ കലാശിച്ചേക്കാം. മറിച്ച് തൊട്ടടുത്ത ദിവസം വീണ്ടും ആണ്‍നായയുടെ അടുത്തു വിടുന്നതാണ് ഉചിതം.
  • ഒരു തവണ ഇണ ചേര്‍ത്തശേഷം രണ്ടു ദിവസം കഴിഞ്ഞു വീണ്ടുമൊരിക്കല്‍ കൂടെ ഇണ ചേര്‍ക്കാന്‍ വിടണം. അതിനുശേഷം കഴിയുമെങ്കില്‍  രണ്ടുദിവസംകൂടെ കഴിഞ്ഞ് ഒന്നുകൂടെ വിടുക.
  • ശുദ്ധജനുസില്‍പ്പെട്ട പെണ്‍പട്ടിയെ അത്തരത്തിലുള്ള ആണ്‍നായയുമായി വേണം ഇണചേര്‍ക്കാന്‍. ആണ്‍നായയുടെ സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് കയ്യില്‍ വാങ്ങണം. ഇണചേര്‍ന്നു കഴിഞ്ഞാലും പ്രസവം നടന്നു കഴിഞ്ഞാലുടനേയും റജിസ്‌ട്രേഷനുവേണ്ടി കെന്നല്‍ ക്ലബിനെ അറിയിക്കണമെന്നാണു ചട്ടം. 

കപട ഗർഭം

'കപടഗര്‍ഭം' അഥവാ സ്യൂഡോ പ്രോഗ്നന്‍സി എന്ന അവസ്ഥ പെണ്‍പട്ടികളില്‍ സാധാരണയാണ്.  ശരീരത്തിലെ ചില ഹോര്‍മോണുകളുടെ പ്രവര്‍ത്തനമാണ് ഇതിനു കാരണം. ഇതൊരു രോഗമല്ലെങ്കിലും പലപ്പോഴും ഗര്‍ഭപാത്രത്തിലെ പഴുപ്പിന് കാരണമാകാറുണ്ട്.  അത്തരം സന്ദര്‍ഭങ്ങളില്‍ അടുത്ത തവണ ഗര്‍ഭധാരണം നടക്കാറില്ല.  ഇതു കൂടാതെ  ഏതാണ്ടു പത്തു ശതമാനത്തോളം പെണ്‍പട്ടികളില്‍ 30-35 ദിവസത്തിനു ശേഷം ഗര്‍ഭസ്ഥ ശിശുക്കള്‍  തിരികെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാറുണ്ട്. ഇതും പലപ്പോഴും 'കപടഗര്‍ഭം' ആയാണ് കരുതപ്പെടാറുള്ളത്. 

ഗർഭപരിശോധന

ഏറ്റവും കൃത്യതയാര്‍ന്ന  ഗര്‍ഭപരിശോധന അള്‍ട്രാസോണോഗ്രാഫി ഉപയോഗിച്ചുള്ളതാണ്. ഗര്‍ഭധാരണം നടന്ന് 18 ദിവസങ്ങള്‍ക്കുശേഷം എപ്പോള്‍ വേണമെങ്കിലും ഇതു നടത്താം.  പരിചയ സമ്പന്നനായ ഒരു വെറ്ററിനറി ഡോക്ടര്‍ക്ക് 25-30 ദിവസംവരെയുള്ള സമയത്ത് കൈവിരലുകള്‍കൊണ്ട് അമര്‍ത്തി ഏതാണ്ട് കൃത്യതയോടെ ഗര്‍ഭധാരണം കണ്ടുപിടി ക്കാന്‍ കഴിയും. എന്നാല്‍ ഒരു മാസത്തിനു ശേഷം ഈ രീതിയില്‍ തെറ്റുവരാനുള്ള സാധ്യത കൂടുതലാണ്.

English summary: How To Become A Dog Breeder

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA